Saturday, January 14, 2017

മധുര യമനി മലയാളം !!!

"എത്താ വർത്താനം?" "നല്ലർത്താനം"...

കേട്ടാൽ ഒറിജിനൽ മലപ്പുറമാണെങ്കിലും വേഷ വിധാനം കൊണ്ട് യമനി ആണല്ലോ എന്ന അമ്പരപ്പ് മാറും മുമ്പേ അടുത്ത വർത്താനം വരികയായി.
എന്റെ സഹപ്രവർത്തകനാണ് അബ്ദുവെന്ന യമനി യുവാവ്.

പരിചയമില്ലാത്തവനാണെന്ന് കണ്ടാൽ അബ്ദു അവനെ നിലംപരിശാക്കും. അസ്ഥാനത്ത് "ചിലക്കാതെ പോടാ' എന്ന് അബ്ദു പറയുമ്പോൾ അത് കേൾവിക്കാരന്റെ മനസ്സിൽ ദേശ്യമല്ല സൃഷ്ടിക്കുക.

ഈ ഭാഷാ 'പരിജ്ഞാനം' അവൻ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ടാക്സി ഡ്രൈവർ 15 റിയാലിനു തർക്കിച്ചപ്പോൾ മലയാളി ആണെന്ന് മനസ്സിലാക്കിയ അബ്ദു അവനോട് "ചിലക്കാതെ പോടാ" എന്നു കാച്ചി. ചിരിച്ചു മണ്ണ് കപ്പിയ ഡ്രൈവർ അവനെ സന്തോഷപൂർവം 10 റിയാലിന് തന്നെ കമ്പനിയിൽ എത്തിച്ചു കൊടുത്തു. 5 റിയാൽ ലാഭം!

ഇതുപോലെ ബംഗാളി, ഉറുദു പ്രയോഗങ്ങളും അവന് വഴങ്ങും. പക്ഷെ ആ 'സലീമേ, എത്താ വർത്താനം' കേട്ടാൽ ഉള്ള ഒരു സുഖം അതിനൊന്നുമില്ല. അവന്റെ മധുര മൊഴി നുകരാൻ ഞാൻ ഇടക്ക് എന്തേലും ഒക്കെ അവനോട് ചോദിച്ചു കൊണ്ട് മറുപടി "ചെലക്കാതെ പോടാ"ന്ന് ഉറപ്പാക്കും.
പ്രവാസലോകത്തെ വര്ഷങ്ങളോളമുള്ള കൊള്ള ക്കൊടുക്കലുകളിലൂടെ ഭാഷ കൊണ്ട് നമ്മുടെ മനസ്സിനെ കീഴടക്കിയ പലരെയും നമുക്കറിയാം. ഒട്ടുമിക്ക ഭാഷകളും വഴങ്ങുന്ന മലയാളിയെ സ്നേഹിക്കുന്നവർ അവന്റെ ഭാഷയെയും സ്നേഹിക്കുന്നവരാണ്.

ചൊറിയരുതമ്മാവാ

ഏതൊരു മുറിവിനു ചുറ്റും അതിന്റെ ശമനവേളയിൽ ആസ്വാദ്യകരമെന്ന് തോന്നിപ്പിക്കുന്ന ഒരു ചൊറിച്ചിൽ രൂപപ്പെടും...
പ്രതിഷേധമെന്ന പോലെ ചില പൊറ്റകൾ അവഗണയുടെ ഭാരം താങ്ങാനാവാതെ കൂടിച്ചേർന്ന മുറിവിൽ നിന്നടർന്നു വീഴും...
ക്ഷമയുടെ സർവ്വ സീമകളെയും വെല്ലുന്ന നേരമാണിത്. മാന്താൻ നിന്നാൽ മുറിവുണങ്ങില്ല.
അതിനാൽ ശരീരഭാഗങ്ങളുടെ ഐക്യം മുറുകിച്ചേരാൻ ഈ ചൊറിച്ചിൽ നമുക്ക് അവഗണിക്കാം...!Saturday, November 12, 2016

തങ്ങളും തട്ടിപ്പും

തങ്ങൾക്ക് നേരെ വരുന്ന വിപത്തുകളെ പോലും മുൻകൂട്ടി കാണാനോ തടുക്കാനോ സാധിക്കാത്തവരാണ് കേരളത്തിലെ എല്ലാ സിദ്ധന്മാരും ബീവിമാരും തങ്ങന്മാരും പണിക്കന്മാരും ബാബാമാരും അമ്മമാരും.
അതിനുള്ള അവസാനത്തെ ഉദാഹരണമാണ് ഹൈദ്രോസ് സിദ്ധന്റെ തകർച്ചയും അറസ്റ്റും...
ഇനി തന്റെ സിദ്ധിയിൽ തരിമ്പും വിശ്വാസമില്ലാത്ത നല്ലൊരു വക്കീലിനു മാത്രമേ അയാളെ രക്ഷിക്കാൻ സാധിക്കൂ. അതുമല്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരന്.
അപ്പോൾ ആരാണ് ശരിക്കും സിദ്ധന്മാർ ?
എന്താണ് ഇവന്മാർക്കുള്ള സിദ്ധി ?
 
 

Thursday, November 10, 2016

White (Men) House !!!


ഹിലാരി തോറ്റു, പെണ്ണായതിനാൽ തോറ്റു... !

അമേരിക്കയിലെ വെള്ളക്കാരന്റെ മനസ് ഇനിയും ഒരു പെണ്ണിനെ തങ്ങളുടെ രാഷ്ട്രനായികയായി ഉൾക്കൊള്ളാൻ വളർന്നിട്ടില്ല എന്നതിന്റെ പ്രതിഫലനമാണ് എല്ലാ കഴിവു കേടുകൾക്കിടയിലും ട്രംപിന്റെ ട്ട്രുംഫ്.

ഇതുവരെയുണ്ടായ സംവാദങ്ങളിലെയും, സ്ത്രീകളുടെയും, ന്യൂനപക്ഷങ്ങളുടെയും, കറുത്തവരുടെയും, ലാറ്റിൻ അമേരിക്കക്കാരുടെയും പിന്തുണ കൊണ്ടും, പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന ആദ്യ സ്ത്രീ എന്ന നിലക്കും മു൯തൂക്കം ഹിലാരിക്കായിരുന്നു. സ്ത്രീകൾക്കെതിരെയും ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റക്കാർക്കും എതിരെയും അപക്വ നിലപാട് സ്വീകരിച്ചിട്ടും, ലൈംഗിക ആരോപണങ്ങൾ ഉണ്ടായിട്ടും, വരേണ്യ വർഗ്ഗത്തിന്റെ ആളായിട്ടും, ട്രംപ് ജയിച്ചത് ലോകപോലീസ് പട്ടം സ്ത്രീകൾക്ക് കൊടുക്കുന്നതിലുള്ള അവിടത്തെ വെള്ളക്കാരന്റെ അസഹിഷ്ണുത കൊണ്ട് മാത്രമാണ്. സ്ത്രീ-ഡെമോക്രാറ്റ് വിരുദ്ധരായ അമേരിക്കയിലെ വെളുത്ത വർഗക്കാരുടെ വോട്ടാണ് ട്രംപിന്റെ പെട്ടിയിൽ വീണത്.

ഇന്ത്യക്കും പാകിസ്ഥാനും ബംഗ്ളാദേശിനും ശ്രീലങ്കക്കും സാർക്കിനും ഏഷ്യക്കും അഭിമാനിക്കാം. 1960കളിൽ ആദ്യമായി ലോകത്ത് ഒരു വനിത രാജ്യത്തെ നയിച്ചത് ശ്രീലങ്കയിലാണ്. സിരിമാവോ ഭണ്ഡാരനായക. പിന്നീട് നമ്മുടെ ഇന്ദിര ഗാന്ധിയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി മാർഗററ് താച്ചർ പോലും ഒരു ദശാബ്ദത്തിന് ശേഷമാണ് അധികാരമേറിയത്. അവർക്ക് ശേഷം ബ്രിട്ടണിൽ ഈയിടെ മാത്രമാണ് ഒരു വനിതാ പ്രധാനമന്ത്രി വന്നത്. ജർമനിയിലും ഓസ്‌ട്രേലിയയിലും ഒക്കെ ഈയിടെ മാത്രം വനിതാ രാഷ്ട്രത്തലവന്മാർ ആയി. ബേനസീർ ഭൂട്ടോ, ഖാലിദാ സിയ, ശൈഖ് ഹസീന തുടങ്ങിയ മുസ്ലിം രാഷ്ട്രനായികമാർ പോലും ഇവരുടെ എത്രയോ മുമ്പ് കഴിവ് തെളിയിച്ചവരാണ് എന്ന് മുസ്ലിം വിരുദ്ധനായ ട്രമ്പിനെ ട്വീറ്റി അറിയിക്കണം.

അമേരിക്ക ഒരു കറുത്തവനെ പ്രസിഡന്റ് ആക്കിയത് ഈയിടെ മാത്രമാണ്. ഇനിയും അമേരിക്കയിലേക്ക് നോക്കാൻ പറയരുത്. നമുക്ക് നമ്മിലേക്കും അയൽരാജ്യങ്ങളിലേക്കും നോക്കാം. ഇന്ത്യയേക്കാൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യവും അവസരങ്ങളും ഒക്കെ അവിടെയാവാം, എങ്കിലും അതൊക്കെ വൈറ്റ് ഹൗസിന് വെളിയിൽ വരെ മാത്രം.

Thursday, August 25, 2016

ഗുരുദ്വാരയും ജാറവും - യാത്ര

         പത്തുദിവസത്തെ വടക്കെ ഇന്ത്യൻ യാത്രയിലാണ് ഒരു സിഖുകാരനെ അടുത്തു പരിചയപ്പെടുന്നതും ഒരു പഞ്ചാബി ഹൗസ് സന്ദർശിക്കുന്നതും. ഞങ്ങളുടെ ടെമ്പോ ട്രാവലർ ഓടിച്ചിരുന്ന ബൽബീർ സിംഗ് തികഞ്ഞ മത ഭക്തനായിരുന്നു. രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്താൽ പിന്നെ രണ്ട് മണിക്കൂറിലധികം നീളുന്ന പ്രാർത്ഥനാഗീതം, ആദ്യമൊക്കെ അരോചകമായി തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി മാറി. ആ പ്രാർത്ഥനയിൽ 'റഹ്മാനും കരീമും സർവ്വേശ്വരനും ജഗദീശ്വരനും' ഒക്കെ ഉണ്ടായിരുന്നു. ആദ്യ ദിവസം ക്ഷമ കെട്ട് പാട്ട് ഇടാൻ പറഞ്ഞപ്പോൾ അതാ വരുന്നു പഞ്ചാബി ഖവാലി. അതോടെ ആ പറച്ചിൽ ഞങ്ങൾ നിർത്തി പ്രാർത്ഥനയിൽ ലയിച്ചിരുന്നു. 

          പിന്നീടുള്ള ദിവസങ്ങളിൽ ബൽബീർ, ഗുരുനാനാക്കിനെ പറ്റിയും അദ്ദേഹം മക്കയിൽ പോയതടക്കമുള്ള കഥകളും, സുവർണ ക്ഷേത്രത്തിലെ പുണ്യതീർത്ഥം കുടിച്ചു സുഖമായവരുടെ അപസർപ്പ കഥകളും, സിഖുകാർ മുഗളന്മാരുമായി നടത്തിയ വീര പോരാട്ടങ്ങളുടെ കഥകളും സ്മാരകങ്ങളും മുമ്പിൽ നിരത്തി ഞങ്ങളിൽ പ്രബോധനം നടത്തിക്കൊണ്ടിരുന്നു. പിന്നീട് ആനന്ദപൂർ സാഹിബിലെ ഗുരുദ്വാരയിലേക്ക് ഞങ്ങളെയും കൊണ്ട് ഒരു സന്ദർശനം. ഗുരുദ്വാരയിലേക്ക് പോകുന്നവർ നിർബന്ധമായും പ്രാർത്ഥിക്കേണ്ട ഒരു മുസ്ലിം ദർഗ സന്ദശനം (വാവരെ പള്ളി പോലെ). ഇതൊന്നും പോരാഞ്ഞ് സ്വന്തം വീട്ടിലേക്ക് ഞങ്ങളെ അതിഥികളായി കൊണ്ടുപോയിക്കളഞ്ഞു ബൽബീർ .
 
         ദിനേന മാറുന്ന പല വർണ്ണങ്ങളിലുള്ള തലപ്പാവ് കുളിക്കുവാൻ വേണ്ടി അഴിച്ചു വെച്ചത് മക്കൾ കയ്യോടെ പിടികൂടി. സിഖുകാർ ഒരിക്കലും പ്രദർശിപ്പിക്കാത്ത നീണ്ട കാർകൂന്തൽ അടക്കം ഫോട്ടോയെടുക്കാൻ മക്കളെ സമ്മതിച്ചതിലൂടെ സർദാർജി വീണ്ടും ഞങ്ങളെ വിസ്മയിപ്പിച്ചു.
സഹയാത്രികർ : പ്രശസ്ത ബ്ലോഗർ അക്ബർ വാഴക്കാടും കുടുംബവും.