Friday, April 21, 2000

പ്രവാസി ചക്കകള്‍

മലബാര് FLASH ൽ പ്രസിദ്ധീകരിച്ചത് :പ്രവാസി ചക്കകള്‍ | MALABAR FLASH
www.malabarflash.com
പ്രവാസി ചക്കകൾ:
-------------------------------
ഇന്നലെ രാത്രി ജിദ്ദ എയർപോർട്ടിൽ ഒരു ബന്ധുവിനെ സ്വീകരിക്കാൻ പോയിരുന്നു. എയർ ഇന്ത്യ രാത്രി 10.15 ന് തന്നെ എത്തിയെങ്കിലും ആളുകൾ പുറത്തു കടന്നു വരാൻ പന്ത്രണ്ടു മണിയെങ്കിലും ആയി. അതിനാൽ തന്നെ ഇ.ടി. മുഹമദ് ബഷീര് M.P. അടക്കമുള്ള കടന്നുവരുന്ന ഓരോരുത്തരെയും വീക്ഷിക്കാ൯ അവസരം കിട്ടി.

രണ്ടു വലിയ പെട്ടികൾ ട്രോളിയിൽ തള്ളി വരുന്നു ഒരു മലയാളി, അയാളുടെ കൂടെ ഒരു സൗദിയുമുണ്ട്. ഉപചാര സംഭാഷണ മദ്ധ്യേ അറബി അയാളുടെ വലിയ പെട്ടിയിലേക്ക് ചൂണ്ടി എന്താണെന്ന് ചോദിക്കുന്നു.
"ഹാദാ ചക്ക" മലയാളിയുടെ മറുപടി.
"യേഷ്‌ ഫീ ഹാദ ഷക്ക..കബീര് മററ". ചക്കയെ കുറിച്ച് മലയാളി വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. മിക്കവാറും ഇന്നലെ ആദ്യമായി ഒരു അറബിയെ കൊണ്ട് മലയാളി ചക്ക തീറ്റിച്ചിട്ടുണ്ടാവും. സൂക്ഷിച്ചു നോക്കിയപ്പോൾ ചക്കയുടെ ഉരുണ്ട ആകൃതിയിലുള്ള വേറെയും പെട്ടികൾ ഉന്തി തള്ളി ആളുകൾ നീങ്ങുന്നു.

നാട്ടിൽ നിന്നും ചക്ക കൊണ്ട് വരുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ചക്ക സീസണും വേനലവധിയും ഒന്നിച്ചു വരുന്നതിനാൽ ഫാമിലികൾക്കൊപ്പം ചക്കകൾ കൂടി വരുന്നുണ്ട്. സുഹൃത്തുക്കളുടെ ഫാമിലികൾ വന്നപ്പോൾ നമുക്കും നുണയാൻ കിട്ടി ചക്കച്ചുളകൾ. ഇന്നലെ വന്ന ബന്ധുവും ഏതാനും ചക്കച്ചുളകൾ തന്നു. ന്യൂജനറേഷ൯ മക്കൾ ചക്കപ്പശ/വിളഞ്ഞിയെ പോലും തൃണവൽക്കരിച്ച് ഞങ്ങള്ക്ക് ഒരു ചുള പോലും തരാതെ തിന്നാൻ പാകത്തിന് നില്ക്കുന്നു.

ജിദ്ദയിലെ മലയാളി കേന്ദ്രമായ ശറഫിയ്യയിൽ മിക്ക കടകളിലും ചക്ക മൊത്തമായും ചില്ലറയായും ലഭിക്കും. അഞ്ചോ എട്ടോ ചുളകൾക്ക് ഒരു 100ഓ 120ഓ രൂപയെങ്കിലും വില വരും. ഒരു മുഴുവൻ ചക്ക പണക്കാരന് മാത്രമേ വാങ്ങിക്കാൻ കഴിയൂ. നാട്ടിൽ പുല്ലു വിലയാണെന്കിലും ഇവിടെ തീ വില.

നാട്ടിൽ നിന്നും ജനപ്രിയ മാങ്ങകളുടെ വരവ് കുറഞ്ഞിട്ടുണ്ട്. കാര്ബൈഡും മറ്റും വിതറിയ മാങ്ങ തിന്നാൽ ചർദ്ദിയും വയറിളക്കവും പിടിപെടും . ഒരു ചക്ക മുഴുവനായും അകത്താക്കിയാലും കുട്ടികൾക്ക് പോലും യാതൊരു പ്രയാസവുമില്ല. തിന്നു കഴിഞ്ഞാലോ കാത്സ്യവും ജീവകങ്ങളും സ്വന്തം. മൂത്താലും കൊള്ളാം മൂത്തില്ലേലും കൊള്ളാം. കൊളസ്ട്രോൾ പേടിയില്ലാതെ പച്ചയിലും പഴുത്തും തിന്നാം. പഴുത്ത ചക്ക മുറിച്ചാൽ വീടാകെ എയർ ഫ്രഷ്‌നർ അടിച്ചപോലെ പരിമളം പരക്കും. . അതിനാൽ പതിവൃതകളായ പരിശുദ്ധകളായ ചക്കികൾക്ക് നല്ല കാലം.

ഗൾഫിൽ ചക്കകളെ മാന്യമായ രീതിയിലാണ് മല്ലുകളും മല്ലവികളും കൈകാര്യം ചെയ്യുക. മധുരം ഉണ്ടെങ്കിൽ അതിന്റെ തൊലി വരെ ഒന്ന് കടിച്ചേ കളയുകയുള്ളൂ. ചക്കക്കുരു കറിക്കും ഉപയോഗിക്കുന്നു. ചക്ക പൊരിയും പായസവും അച്ചാറും ഒക്കെ ഉണ്ടാക്കാം.

നാട്ടിൽ നിന്നും വരുന്നവർ ആരോഗ്യത്തിനു ഹാനികരമായ പലഹാരങ്ങൾക്ക് പകരം ചക്കയെ തങ്ങളുടെ പെട്ടികളിൽ പരിഗണിക്കുകയും അറബികൾക്ക് ചക്ക ഇഷ്ടപ്പെടുകയും ചെയ്‌താൽ നമ്മുടെ ചക്കകൾക്ക് അണ്ണന്മാരെ വിട്ടു വിമാനം കയറാമായിരുന്നു !
  

Monday, April 17, 2000

വാടക ജീവികൾ...

    17/4/2014
   
  ജീവിതത്തിൽ സ്ഥിരമായി ആവശ്യമില്ലാത്ത ചില കാര്യങ്ങൾ നമ്മൾ വാടകക്ക് എടുക്കാറുണ്ട്. സ്ഥായിയായ ഉപയോഗമില്ലായ്മയോ, സ്വന്തമാക്കാൻ പറ്റാത്തത്ര ചിലവോ ഒക്കെ ഇതിനു കാരണമാവാം. എന്നാൽ മാനുഷിക ബന്ധങ്ങൾ അങ്ങിനെയല്ല, ഒന്നുകിൽ സ്വന്തമാക്കാം, അല്ലെങ്കിൽ നഷ്ടപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യാം.

       നിർഭാഗ്യകരമെന്ന് പറയട്ടെ, ഗൾഫുകാരനും അവന്റെ കുടുംബത്തിനും ഇത്തരം വാടക സമ്പ്രദായം മാനുഷിക ബന്ധങ്ങളിലും നിലനിർത്തേണ്ടി വരുന്നു.

      കടം കൊണ്ട പണം കൊടുത്ത് ആദ്യമായി സ്വന്തം തടവറ വാടകക്കെടുക്കുന്നു. രണ്ടു വർഷത്തേക്കുള്ള വാടകക്കാലത്തെ ഇരുപതും മുപ്പതും വർഷത്തേക്ക് പുതുക്കി ജീവപര്യന്ത തടവറയാക്കി മാറ്റുന്നു.

     കുടുംബ നാഥൻ തടവറ വാടകയ്ക്ക് എടുക്കുന്ന മാത്രയിൽ തന്നെ മക്കൾ താല്ക്കാലിക അനാഥത്വവും, ഭാര്യമാർ താല്ക്കാലിക വൈധവ്യവും വാടകക്കെടുക്കുവാൻ തുടങ്ങുന്നു. വർഷത്തിലോ രണ്ടു മുതൽ അഞ്ചു വർഷത്തിലോ ഒരു ചടങ്ങ് പോലെ നടക്കുന്ന സംഗമങ്ങൾ തടവറയുടെയും അനാഥത്വത്തിന്റെയും വൈധവ്യത്തിന്റെയും ഗാഢത കുറക്കുമെങ്കിലും അതില്ലാതാക്കുന്നില്ല. മാത്രമല്ല ഓരോ വെക്കേഷനും അടുത്ത വർഷത്തേക്കുള്ള വാടക പുതുക്കൽ കർമം കൂടിയായി മാറുന്നു.

       നാട്ടിൽ സ്വന്തമായി മാളിക വീടും സ്ഥലവും ഉള്ളവരും ഗൾഫിലെത്തിയാൽ വാടക റൂമുകളിലെ ഡബിൾ കട്ടിലിലേക്ക് ചേക്കേറുന്നതോടെ ചിത്രം പൂർണമാവുന്നില്ല. ചിലരെന്കിലും ദാംബത്യവും വാടകക്ക് ഏർപ്പാടാക്കുന്നതോടെ പതനം പൂർത്തിയാവുന്നുമുണ്ട്.

       കുടുംബമായി നിൽക്കുന്നവരും ഈ വാടക ജീവിതത്തിൽ നിന്നും മുക്തരല്ല. ഭാര്യയും മക്കളും നാട്ടിലെ വീട് വാടകക്ക് കൊടുത്ത്, പ്രവാസവും ഇടുങ്ങിയ ഫ്ളാറ്റ് ജീവിതവും വാടകക്ക് എടുക്കുന്നു. മക്കൾ വാടക ജീവിതം ശരിക്കും അനുഭവിക്കുന്നു.

      നിതാഖാതും കൊറോന വൈറസും തോറ്റ് പി൯വാങ്ങുകയല്ലാതെ ഈ മാനുഷിക ബന്ധങ്ങളുടെ വാടകയെടുപ്പ് സ്വയം മാറുകയോ നാട്ടുകാർ മാറാ൯ സമ്മതിക്കുകയോ ഇല്ല.

ഞാനും ഒരു വാടകക്കാര൯ !
  

Sunday, April 16, 2000

ശരഫിയ്യയിലെ ഖുസൂസി പെരുമ.

16/4/2014


           ശറഫിയ്യ അങ്ങാടിയിലൂടെയുള്ള ഒരു കറക്കം ഫാമിലി വാലകൾക്കു ഒഴിവാക്കാൻ സാധ്യമാവാത്ത വിധം മലയാളി ആശുപത്രികൾ അവിടെ സമ്മേളിച്ചിരിക്കുന്നു. നഗരത്തിലെ അരഡസ൯ മലയാളി ആശുപത്രികൾക്കൊന്നി൯റെ മുന്നിലെത്തുംബോൾ, വിരലുകൾക്കിടയിൽ കാർ ചാവിയും ചുണ്ടിൽ ചിരിയുമായി ഒരപരിചിത൯ നിങ്ങളെയും ഭാര്യയേയും കടാക്ഷിക്കുന്നു. അതവളുടെ ആരായിരിക്കുമെന്ന ശങ്ക വേണ്ട. അതാണ് നമ്മുടെ സ്വന്തം മല്ലു ' ഖുസൂസി'ക്കാരൻ. ആശുപത്രികൾക്ക് മുന്നിലാണ് ഇവരുടെ വിഹാരകേന്ദ്രം. ഇതറിയാതെ തിരിച്ചു ചിരിക്കുകയും പരിചിത ഭാവത്തിൽ നോക്കുകയോ സംസാരിക്കുകയോ ചെയ്ത് സസി ആയവർ എത്ര ! 

            വണ്ടി ഇല്ലാത്തവർക്ക് നിയമാനുസൃത ടാക്സിക്കാരെ കാത്തിരിക്കാതെ വീട്ടിലെത്താം. എന്ന് വെച്ച് കാശിന് കുറവൊന്നും പ്രതീക്ഷിക്കണ്ട എന്നത് വണ്ടിയില്ലാ കാലത്തെ അനുഭവം. ഒരു കാളരാത്രിയിൽ ആശുപത്രിയിൽ നിന്നിറങ്ങിയ ഉടനെ ഒന്നിലധികം പേരുടെ കടാക്ഷവും ചിരിയും ചോദ്യവും ഏറ്റുവാങ്ങിയപ്പോൾ എ൯റെ സീറോബൾബ് മിന്നി. പോക്കറ്റിൽ കിടന്ന കാറി൯റെ ചാവിയെടുത്ത് ചൂണ്ടുവിരലിലിട്ട് വട്ടം കറക്കി ഞാ൯ ഖുസീസിക്കാരുടെ മുന്നിലൂടെ നടന്നു. സംഗതി ഏറ്റു. ടാസ്കി വേണ്ട എന്ന മൗനമൊഴി കേട്ട് അവർ പിന്മാറി. 
             എന്നാൽ ചിലപ്പോൾ ചാവി കറക്കാൻ മറന്നു പോകും. ഇന്നലെ സാധനങ്ങളുമായി 'അൽറയാൽ' ആശുപത്രി പരിസരത്തിലൂടെ പാർക്കിംഗിലേക്ക് പോവുകയായിരുന്നു. കൊറോന വൈറസും ജോലിദിനവും തീർത്ത വിജനതയിൽ നാലഞ്ചുപേർ കൂട്ടംകൂടി നിന്ന് നാട്ടിൽ നിന്ന് കൊണ്ടുവന്ന പലഹാരം കഴിക്കുന്നു. കൂട്ടത്തിൽ ഒരുമുഖം ഞങ്ങളെ നോക്കി ചിരിക്കുന്നു. പരിചയക്കാരനായിരിക്കും എന്ന് നിനച്ച് ഞങ്ങൾ തിരിച്ച് ചിരിച്ചപ്പോൾ മറ്റൊരാൾ പലഹാരം നീട്ടുന്നു. പെട്ടെന്ന് ചിരിച്ചയാളുടെ കയ്യിലതാ താക്കോൽ പ്രത്യക്ഷപ്പെടുന്നു. ' തോമസ്കുട്ടീ, വിട്ടോടാ' പറഞ്ഞ് ഞാ൯ സപീഡ് കൂട്ടിയപ്പോഴാണ് ഭാര്യയുടെ ബൾബ് കത്തിയത്. 
             സാധാരണ പ്രൈവറ്റ് ടാക്സിക്കാരെ പോലെ ഇവർ ചറപറാ ഓടില്ല. ഒരോട്ടം കഴിഞ്ഞ് തിരിച്ചു വന്ന് വീണ്ടും പാർക്ക് ചെയ്ത് കാത്തിരിക്കുന്നതിനാൽ പോലീസ് ചെക്കിംഗിലും അധികം പെടില്ല. ഇത്തരം മല്ലു ടാക്സിക്കാരുടെ വിഹാരകേന്ദ്രം കൂടിയാണ് മലയാളിയുടെ സ്വന്തം ശറഫിയ്യ എന്നതിനാൽ തന്നെ, നഗരത്തിലെത്തുന്നവർ, പ്രത്യേകിച്ചും ആശുപത്രി കേസുകാർ, പാർക്കിംഗിനായ് ശറഫിയ ശബാബ് വട്ടമിട്ട് പറക്കുംബോൾ മൊത്തം ഫ്രീപാർക്കിംഗും ഇവർക്ക് സ്വന്തം.
            നാട്ടുംബുറത്തൊക്കെ അപസ്മാര രോഗികള്ക്ക് താക്കോലെടുത്ത് കയ്യിൽ കൊടുക്കണം. ഇവിടെ ശറഫിയ്യയിൽ ഹോസ്പിറ്റലിന് മുംബിലൂടെ പോവുംബോൾ കാറി൯റെ ചാവി കയ്യിൽ കരുതിക്കോളൂ. എന്റെ ചില സുഹൃത്തുക്കളും ഈ ഏര്പ്പാട് നടത്തുന്നുണ്ട് എന്നതും അവരെല്ലാം മാന്യമായി ജീവിച്ചു പോവുന്നുണ്ട് എന്നതും കൂടി ഇവിടെ പങ്കുവെക്കുകയാണ്.
ഖുസൂസി= പ്രൈവറ്റ് ടാക്സി.
3