Tuesday, December 28, 2010

സ്പെയിനിലെ ആദ്യ രാത്രി-4

            അനുഭവങ്ങളെ  ഗുരുവാക്കി, ഫ്ലാറ്റില്‍ കയറിയ ഉടനെ തന്നെ   എന്‍റെ  മുറി ഏതെന്നു ഉറപ്പു വരുത്തി സാധനങ്ങള്‍ അവിടെ കൊണ്ട് വെച്ചു അത് എല്ലാ നിലക്കും എന്റേതാക്കി മാറ്റി.  മുതലാളിയുടെയും    അബ്ദുള്ളയുടെയും ഇടയ്ക്കുള്ള  മുറിയാണ് എന്നതിനാല്‍ അറ്റാക്ക് എവിടെ നിന്നും പ്രതീക്ഷിക്കാമല്ലോ. ഫ്ലാറ്റിലേക്ക് കടന്നാല്‍   വിശാലമായ്  ഹാള്‍,പിന്നെ അടുക്കള. ഇടതു ഭാഗത്തേക്ക് ഇടനാഴി; ഇടനാഴിയില്‍ നിന്നും മൂന്നു റൂമുകളും  അത്രയും  ബാത്റൂമുകളും. കടലിലേക്ക്‌ ഉന്തിനില്‍ക്കുന്ന ബാല്‍ക്കണിക്കു തുറക്കാന്‍  സൗകര്യമുള്ള ഗ്ലാസ്‌   ചുവരുകള്‍.  മുകളില്‍ വിശാലമായ ടെറസ്സും.  പെണ്ണും  പെരിച്ചായികളും കൂട്ടിനില്ലാത്ത‍   ഞങ്ങള്‍ ത്രീ  ക്രോണിക്  ബാച്ലെര്സിന്     ഇതൊക്കെ ധാരാളം. പാണ്ടുവിന്റെ  സുഹൃത്ത്‌ ലൂയിസിന്‍റെ ഭാര്യയും  ബില്‍ഡിങ്ങിലെ  അടിച്ചു തളിക്കാരിയുമായ ഫീന എല്ലാം വൃത്തിയാക്കി വെച്ചിരുന്നു. തണുത്ത വെള്ളവും ചുടു വെള്ളവും മിക്സ് ചെയ്ത  നീരാട്ട് കുളി കഴിഞ്ഞപ്പോള്‍    ഞാന്‍ ഒരൊന്നൊന്നര ഫ്രഷ്‌ ആയി.

Monday, December 20, 2010

സ്പെയിനിലെ പാരകള്‍ - 3


            ലഗേജ് എടുത്തു മലഗ  എയര്‍പോര്‍ട്ടിന്റെ  പുറത്തു വന്നിട്ടും, എന്നെ സ്വീകരിക്കാമെന്നേറ്റ ബോസിനെ കാണാതെ,‍ ഞാനൊന്നു പരുങ്ങി. ടെന്‍ഷന്‍ പ്രതികൂല കാലാവസ്ഥകളില്‍ ശരീരോഷ്മാവ് ക്രമീകരിക്കുമെന്നു ഞാന്‍ അറിഞ്ഞു. അപ്പോഴതാ കോട്ടും സ്യൂട്ടും അണിഞ്ഞ ഒരു അപരിചിതന്‍ എന്‍റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട്‌ അടുത്തേക്ക് വന്നു, സ്ഫുടമായ ബ്രിട്ടീഷ്‌ ആക്സന്റ്റില്‍ 'ആര്‍ യു സലീം" എന്ന് ചോദിച്ചു. ഞാന്‍ സൗദി ആക്സന്റ്റില്‍ 'ഐവ' എന്ന് മറുപടി പറഞ്ഞു. അത് അബ്ദുള്ള ആയിരുന്നു; ഞങ്ങള്‍ സന്തോഷാധിക്യത്താല്‍ പരസ്പരം ആശ്ലേഷിച്ചു. മുതലാളി ബാത്‌റൂമില്‍ പോയതാണത്രെ. നിര്‍ണായക സമയങ്ങളില്‍ ബാത്റൂമില്‍ പോകുവാന്‍ ഇയാളാരാ കരുണാകരനോ എന്ന് കേരള രാഷ്ട്രീയം എന്തെന്ന് പഠിക്കാത്ത അബ്ദുള്ളയോട് ചോദിച്ചിട്ട് കാര്യമില്ലല്ലോ. അബ്ദുള്ള ഒരു സംഭവമാണ്. യമനില്‍ ജനിക്കുവാനുള്ള യോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ചെറുപ്പത്തില്‍ തന്നെ  നാട് വിട്ടു,   സൗദി അടക്കമുള്ള  ഗള്‍ഫ് രാജ്യങ്ങളിലും,  തൈലന്ട്, അമേരിക്ക എന്നിവിടങ്ങളിലും   പല ജോലികളും ജോളികളും ആയി ജീവിച്ചു, ഇപ്പോള്‍ ബ്രിട്ടീഷ്‌  പൌരനായി  ലണ്ടനില്‍ താമസം.  ജോര്‍ദാന്‍കാരിയായ   ഭാര്യയും മുതിര്‍ന്ന രണ്ടു കുട്ടികളുമുണ്ട്. എങ്കിലും, ഈ അമ്പത്തിമൂന്നാം വയസ്സിലും ജോളിക്ക് ഇപ്പോഴും കാര്യമായ  യതൊരു കുറവുമില്ല.  പാണ്ടു    ഉലകം  ചുറ്റി റിയല്‍ എസ്റ്റെറ്റുകള്‍  വാങ്ങിക്കൂട്ടുമ്പോള്‍  ചെറുപ്പക്കാരനായ  അബ്ദുള്ളയും  കൂടെയുണ്ടായിരുന്നു. സ്പെയിനിലും ലണ്ടനിലും അമേരിക്കയിലും  ഒഴികെയുള്ള  രാജ്യങ്ങളിലെ സ്വത്തുക്കള്‍ വിറ്റു പോയെങ്കിലും ,  അബ്ദുല്ലയുമായുള്ള ബന്ധം  മക്കളായ പാണ്ഡവന്മാര്‍  ഇന്നും അഭംഗുരം തുടരുന്നു.  സഹൃദയനും സൌമ്യനുമായുള്ള   അബ്ദുള്ള    യാത്രകളില്‍, പാണ്ടുവിനെ പോലെ  നകുലന്റെയും  സന്തത സഹചാരിയാണ്  . അത് പോട്ടെ,  ഇപ്പോഴാണ് കുളിരൊന്നും  കൊള്ളാതെ ലഗേജില്‍ ഇരിക്കുന്ന ജാക്കറ്റിനെ കുറിച്ച് ഓര്‍മ വന്നത്. ജാക്കറ്റെടുത്ത് ധരിച്ചില്ല, അപ്പോഴേക്കും പിന്നില്‍ നിന്നും ഒരു അശരീരി "ഹൈ സലിം, വെല്‍ക്കം ട്ടു മലാഗ". ഞാന്‍ ബോസിനെ സ്വീകരിക്കാന്‍ എണീറ്റു നിന്നു. അറബികളുടെ ഡ്രസ്സില്‍ കണ്ടു ശീലിച്ച മുതലാളി ജീന്‍സും ടീഷര്‍ട്ടും ഓവര്‍ കോട്ടും ധരിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ പുതുമ തോന്നി. ആദ്യത്തെ കവിളില്‍ ഒരു മുത്തവും രണ്ടാമത്തെ കവിളിള്‍ രണ്ടു മുത്തവും അടക്കം മൂന്നു മുത്തങ്ങള്‍ നല്‍കി പരമ്പരാഗത അറേബ്യന്‍ രീതിയില്‍ ഞങ്ങള്‍ പരസ്പരം എതിരേറ്റു.  
 

Saturday, December 11, 2010

എയര്‍പോര്‍ട്ട് വിശേഷങ്ങള്‍ - 2


            CDG എയര്‍പോര്‍ട്ട് (റോയ്സി)നെ കുറിച്ച് രണ്ടു വാക്ക് പറഞ്ഞില്ലെങ്കില്‍ 'അനോനിയായി' എന്‍റെ ബ്ലോഗ്‌  സ്ഥിരമായി  വായിക്കാറുള്ള     ഫ്രഞ്ച് പ്രസിഡണ്ട് നികോളാസ് സര്‍കോസി എന്ത് വിചാരിക്കും?  കരിപ്പൂര്‍, മുംബൈ, കോയമ്പത്തൂര്‍,  ബഹ്‌റൈന്‍, റിയാദ്, ജിദ്ദ, മലഗ, മാഡ്രിട്‌      തുടങ്ങി ഞാന്‍ കണ്ടിട്ടുള്ള എയര്‍പോര്‍ട്ടുകള്‍  എല്ലാം   റോയ്സിയുടെ മുന്നില്‍ 'കല്ലി വല്ലി' മാത്രം. സമാനമായ  ഒരു   എയര്‍പോര്‍ട്ട്  പിന്നെ   കണ്ടത്  റോമിലാണ്,  അത്   പിന്നീട്  വിശദീകരിക്കാം.  യൂറോപ്യന്‍     വ്യാമയാനത്തിന്റെ  കേന്ദ്രബിന്ദു.   ഭാവിയിലേക്ക് കൂടി കണ്ണുവെച്ചു 32KM ചുറ്റളവില്‍  വിശാലമായി, പാരീസില്‍ നിന്നും 25KM വടക്ക് കിഴക്കനായി  നിലകൊള്ളുന്നു.  യാത്രക്കാരുടെയും  വിമാനങ്ങളുടെയും   എണ്ണത്തിലും, കാര്‍ഗോ സേവനത്തിലും യൂറോപ്പിലെ ഒന്നാമനും ലോകത്തെ  ആദ്യ  ഏഴിലും ഉള്‍പെടുന്നു.  കടല്‍ കാക്കകളെ പോലെ യാത്രാ ചരക്കു വിമാനങ്ങള്‍  നിരന്തരം പറന്നിറങ്ങുകയും    ഉയരുകയും ചെയ്യുന്ന ആ കാഴ്ച കാണേണ്ടത് തന്നെ (ഫോട്ടോ കയ്യിലില്ല).     നിലം തൂപ്പുകാരി  പോലും ഫ്രഞ്ച് സംസാരിക്കുന്ന  ഒരു എയര്‍പോര്‍ട്ടില്‍ ഒന്ന് കുരക്കാനുള്ള ഫ്രഞ്ച് പോലും  തിരിയാത്ത ഞാന്‍ എല്ലാം തികഞ്ഞ ഒരു പ്രവാസിയായി മാറി. വിമാനങ്ങളുടെ പോക്ക് വരവ് കാണിക്കുന്ന ഇലക്ട്രോണിക് സ്ക്രീനില്‍ ഒരേ സമയം നൂറുകണക്കിന്  വിമാനങ്ങളുടെ വിവരങ്ങള്‍ കാണിക്കുന്നത് കണ്ടു എന്‍റെ തല കറങ്ങി. ഒരു സ്ക്രീനില്‍ ഉള്‍ക്കൊള്ളാതെ രണ്ടും മൂന്നും തവണയായി വേണം മുഴുവന്‍ പേരുകളും വായിച്ചെടുക്കാന്‍. എന്‍റെ യാത്ര 'എയര്‍ യൂറോപ്പ' എന്ന  ബഡ്ജറ്റ്‌  എയര്‍ലൈന്സില്‍ ആയിരുന്നു. അതിയാനെ കണ്ടുപിടിക്കാന്‍  എന്‍റെ കണ്ണട മൂന്നു പ്രാവശ്യം കണ്ണില്‍ നിന്നും എടുത്തു മന്ത്രിചൂതി   വീണ്ടും   ഫിറ്റു ചെയ്യേണ്ടി വന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല...ഈ ഫോട്ടോ കണ്ടാല്‍ വിശ്വസിക്കാമോ ..?

Tuesday, December 7, 2010

യൂറോപ്പിലേക്ക് -1

തലക്കഷ്ണം: 2008, 2009   വര്‍ഷങ്ങളില്‍ നടത്തിയ യൂറോപ്യന്‍ യാത്രകള്‍  വിസ്മൃതിയിലേക്ക് ആണ്ടുപോവാതെ നോക്കാനും,  "യൂറോപ്യന്‍ കുളിര്" എന്ന എന്‍റെ കിടിലന്‍ (??) പോസ്റ്റു വായിച്ച ചില സുഹൃത്തുക്കള്‍ എന്‍റെ യാത്രാനുഭവങ്ങള്‍ എഴുതാന്‍ പറഞ്ഞതു പരിഗണിക്കാനുമായി ഞാന്‍ റിവേര്‍സ് ഗീറില്‍ വാഹനം മുന്നോട്റെടുക്കുന്ന പോലുള്ള ഒരു സാഹസത്തിനു മുതിരുകയാണ്.  കൃത്യമായ വിവരങ്ങള്‍ പലതും   മറന്നതിനാല്‍  ഓര്‍മയില്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ മാത്രം എഴുതാം. ശോ, അന്ന് തന്നെ എഴുതിയിരുന്നെങ്കില്‍ സഞ്ചാര സാഹിത്യത്തിനുള്ള ഒരു അവാര്‍ഡ് പ്രതീക്ഷിക്കാമായിരുന്നു..കളഞ്ഞു കുളിച്ചില്ലേ .. !

ഒരു പോസ്റ്റില്‍ കൊള്ളാത്തത് കൊണ്ട് അവസാനത്തില്‍ "തുടരണോ" എന്ന് കാണുമ്പോള്‍ എന്തെങ്കിലും പറയാതെ പോവരുത്. തുടരേണ്ടെങ്കില്‍ പറഞ്ഞേക്കണം, ഇവിടെ മനുഷ്യന്നു വേറെ പണിയുണ്ട്..ഹല്ല, പിന്നെ....!
------------------------------------

       ആദ്യമായി, എന്‍റെ അറബികളായ മുതലാളിമാര്‍ക്ക്  പുരാണത്തിലെ ചില പേരുകള്‍ ചാര്‍ത്തി കൊടുക്കുകയാണ്.  ദിവംഗതനായ ബാപ്പ മുതാലാളിയെ  "പാണ്ടു" എന്നും അഞ്ചു മക്കളെ "പാണ്ഡവര്‍" എന്നും വിളിക്കുകയാണ്‌. "പാണ്ടു" മരിച്ചു പോയ ശേഷവും കുന്തി ദേവിയുടെ മിടുക്കില്‍ "പാണ്ഡവന്മാര്‍" കുരുക്ഷേത്രത്തില്‍ ഒരുമിച്ചു തന്നെയാണ് മുന്നേറുന്നത്‌.


പാണ്ടു കുടുംബത്തിനു സ്പെയിനില്‍ സ്വന്തമായി രണ്ടു ഫ്ലാറ്റുകളും, 20,000sqm വിസ്തൃതിയുള്ള ഒരു പ്ലോട്ടും വീടും, ഒരു പള്ളിയും, സഹദേവന്റെതായി വേറൊരു വില്ലയും ഉണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ പിന്നീട് വരും. ഇതിന്‍റെ ഒക്കെ മേലെ  വിഴുപ്പു ഭാണ്ഡം പോലെ കുഴങ്ങു മറിഞ്ഞു കിടക്കുന്ന കേസുകളാണ് നിലവിലുള്ളത്. സ്പെയിന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഒടുക്കത്തെ (സഹദേവന്‍) മുതലാളിയുമായി അവിടെ കാര്യങ്ങള്‍  നോക്കിനടത്താന്‍  വക്കാലത്ത് കൊടുത്തു ഏല്പിച്ചിരുന്ന മറീന എന്ന വെളുപ്പു നിറവും കറുത്ത മനസ്സും സമ്മേളിച്ച സ്പാനിഷ് മദാമ്മ ഉടക്കുകയും, അവള്‍  കമ്പനിയുടെ സ്ഥാവര സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിലപിടിച്ച വീട്ടുപകരണങ്ങള്‍, രണ്ടു കാറുകള്‍ എന്നിവ അവള്‍ അടിച്ചുമാറ്റി എന്ന് മാത്രമല്ല സഹദേവനെതിരെ കള്ളക്കേസ് കൊടുത്ത് യൂറോപ്പില്‍ കയ്യോ കാലോ കുത്താന്‍ പറ്റാത്ത പരുവത്തിലാക്കുകയും ചെയ്തു. ഈ പ്രതിസന്ധിയിലാണ് ജ്യേഷ്ട്ടന്‍ നകുലകുമാരന്‍ മുള്‍കിരീടം ചൂടുന്നതും പ്രഗല്ഭനായ എന്നെ (ഞാനാര്‌ കൃഷ്‌‍ണനോ?) സഹായിയായി നിയമിക്കുന്നതും. അത് ഒത്തു വന്നത് തീരെ ആകസ്മികവും. സ്പെയിന്‍ ഫയല്‍ കൈകാര്യം ചെയ്തിരുന്ന ഹൈദരബാദിയുമായി നകുലന്‍ ഉടക്കുകയും എന്നെ സ്നേഹപൂര്‍വ്വം (അതായതു ഒരു ഓഫര്‍ തന്നു) ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വക്കീല്‍, കൊണ്ട്രാക്ട്ടര്‍, റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍, ബാങ്ക്, ജോലിക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇനി എനിക്ക് സ്വന്തം. അവരുടെ ഗ്രാമ്മര്‍ തെറ്റിയ സ്പാനിഷ്‌ ഇന്ഗ്ലിഷ് അറബികള്‍ക്ക് തിരിയുന്ന ഇന്ഗ്ലിഷാക്കി മനസ്സിലാക്കി കൊടുക്കല്‍ എന്ന കഠിനമായ ജോലിയും ഇതില്‍ പെടും. കേട്ടാല്‍ മനസ്സിലാവാത്തത്ര പ്രശ്നങ്ങളും കണ്ടാല്‍ കൊതി തീരാത്തത്ര മുതലും എടുത്താല്‍ പൊന്താത്തത്ര പണിയുമുള്ളതിനാല്‍ എന്നെ അവിടെയൊക്കെ ഒന്ന് കാണിക്കാന്‍ കൊണ്ടുപോവാമെന്ന് നകുലന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല; പണിയുടെ ഭാഗമായി യൂറോപ്പിലെന്നല്ല അങ്ങ് അമേരിക്കയില്‍ ആയാലും പോയല്ലേ പറ്റൂ എന്നതിനാല്‍ ഞാന്‍ ഉടനെ അങ്ങ് സമ്മതിച്ചു കൊടുത്തു...!

Tuesday, November 30, 2010

യൂറോപ്യന്‍ കുളിര്

             നാട്ടില്‍ മാത്രമല്ല ഗള്‍ഫിലും യൂറോപ്പിലും ചൈനയിലും എല്ലാം കുളിര് കോരിയിടാന്‍ തണുപ്പ് കാലം എത്തിക്കഴിഞ്ഞു. കേട്ടും കണ്ടും  മടുത്ത ഗള്‍ഫും നാടും വിട്ട്   ഈ ശൈത്യ കാലത്ത് നിങ്ങളെ ഞാന്‍  യൂറോപ്പിലേക്ക് കൊണ്ടുപോവുകയാണ്... ഇത് വായിച്ച ശേഷം  എന്നെ യൂറോപ്പിലേക്ക് പറഞ്ഞയച്ചവനെ തല്ലണം എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ എന്‍റെ മുതലാളിയുടെ അഡ്രസ്‌ തരാം കേട്ടോ...! 

             യൂറോപ്പില്‍ തണുപ്പ് കൂനിന്‍മേല്‍ കുരു പോലെയുള്ള ഒരു അധികപ്പറ്റാണ്. പൊതുവേ തണുത്ത  കാലാവസ്ഥയുള്ള അവിടങ്ങളില്‍ പോയവര്‍ക്കറിയാം വിന്‍റെറിന്‍റെ  വില്ലത്തരങ്ങള്‍. കടപ്പുറത്ത് ജെട്ടി മാത്രമിട്ട് സൂര്യസ്നാനം ചെയ്യുന്ന  അതേ  മദാമ്മമാര്‍ ഹിജാബിട്ടു നടക്കുന്ന സൗദി പെണ്ണുങ്ങളെക്കാള്‍ വസ്ത്രം ധരിക്കുന്ന കാലം. സോക്സും ജാക്കറ്റും ഒക്കെ ഇട്ടാലും, വാതിലടച്ചു സാക്ഷയിട്ട ശേഷം  കിടക്കാന്‍ നേരം ഒരു കമ്പിളി കൂടി പുതച്ചു മതി വരാഞ്ഞ്‌ അതിനു മുകളിലേക്ക് കോതടിയുടെ ഇരുതലകളും കൂടി കേറ്റി വെച്ചാലും   തണുപ്പ് മിച്ചം. മൂക്കിലൂടെയും ചുണ്ടിലൂടെയും ചോര പൊടിയുന്ന ഡ്രാക്കുള തണുപ്പ്. ഈ തണുപ്പിനിടയിലാണ് പക്ഷെ നാട്ടില്‍ കാണാത്ത പഴങ്ങളുടെ പൂക്കാലം....

മര്‍ബിയ (സ്പെയിന്‍) അങ്ങാടിയിലെ മധുര കാഴ്ച. ആരും പറിച്ചു തിന്നുന്നില്ല...ഇന്ത്യയിലോ സൗദിയിലോ ആയിരുന്നെങ്കില്‍ കൊമ്പ് പോലും ബാക്കി ഉണ്ടാവില്ല ! (എന്‍റെ ബോസ്സിന്‍റെ കമ്മന്റ്

Saturday, November 13, 2010

ബലി പെരുന്നാള്‍ ആശംസകള്‍ !

            ഒരു 'ബലി പെരുന്നാള്‍' ആശംസിച്ചു ഒരാഴ്ച മുങ്ങി നടക്കാം   എന്ന് കരുതിയാണ് ഈ പോസ്റ്റ്‌ എഴുതാന്‍ ഇരിക്കുന്നത്. കെട്ടിയോളും കുട്ടികളുമല്ലാത്ത വലിയൊരു വൃത്തത്തെ ദുരെ നിര്‍ത്തി, പ്രവാസത്തിന്റെ മറിച്ചാല്‍ തീരാത്ത ഏട്ടിലേക്ക് ഒരു പാട് ഓര്‍മകളും നോവുകളും നൊമ്പരവുമുണര്‍ത്തി  ഒരു പെരുന്നാള്‍ കൂടി നമുക്ക് എഴുതി ചേര്‍ക്കാം; നാട്ടിലുള്ളോര്‍ക്ക് മനസ്സും ഓര്‍മകളും കുളിരണിയിക്കുന്ന ഒരു സമ്പൂര്ണ ബലി പെരുന്നാളും. എനിക്ക് പക്ഷെ വിശേഷമുണ്ട്, രണ്ടു മാസം മുമ്പ് കടന്നു വന്ന പൊന്നുവിന്റെ ആദ്യത്തെ പെരുന്നാള്‍... 

Wednesday, November 3, 2010

ദയവായി ക്യൂ പാലിക്കുക..!


               എങ്ങനെ എഴുതണം, എവിടെ തുടങ്ങണം എന്നൊന്നും തീര്‍ച്ചയില്ല; എഴുതാതിരുന്നാലൊട്ടു  ശരിയാവുകയുമില്ല എന്ന അവസ്ഥയിലാണ് ഞാന്‍. എന്ത് ചെയ്താലും മിനിമം പത്താളോട് ആ കാര്യം പറയാതിരുന്നാല്‍ ഉറക്ക് വരാന്‍ ഇത്തിരി ബുദ്ധിമുട്ടുമാണ്..പക്ഷെ എല്ലാ മാന്യ ഓണ്‍ലൈന്‍ വാസികളോടും വായനക്ക് മുമ്പായി ഒരപേക്ഷയുണ്ട്. ദയവായി ക്യൂ പാലിക്കുക..!

Sunday, October 17, 2010

"അച്ചരം പഠിച്ചേല്‍ വായ്ച്ചാര്‍ന്നു......"

         കുറെ കാലമായി ഒരു കത്തെഴുതിയിട്ട് അല്ലേ.... എന്ത് കൊണ്ട് ? ഇന്നും കത്തെഴുതുന്നോര്‍ നാട്ടിലും ഗള്‍ഫിലും ഒക്കെ ഉണ്ട് എന്നറിയോ ? നമുക്കും എഴുതിയാലോ നാട്ടിലേക്ക് ഒരു കത്ത്..? പെന്നും കടലാസും കവറും ഒക്കെ  റെഡിയാ.....ദാ..ഇവിടെ തന്നെ..!

Wednesday, October 13, 2010

ബ്ലോഗ്‌ സമര പ്രഖ്യാപനം !


                     ആരും ഞെട്ടണ്ട, കാരണം ഇത് ഞെട്ടലിന്റെ ആരംഭം മാത്രമാണ്. ഞാന്‍ ഇവിടെ ഒരു സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കയാണ്. അതിലേക്കു നയിച്ച സാഹചര്യം ഈ പത്ര സമ്മേളനത്തിലൂടെ മുഴുവന്‍ ബൂലോക വാസികളെയും അറിയിക്കാന്‍ ആഗ്രഹിക്കയാണ്. അതിനാല്‍ ആരും മിണ്ടാതെ ഇരുന്നോണം..നിങ്ങള്‍ പത്രക്കാരുടെ ആളെ വടിയാക്കുന്ന ഇങ്ങോട്ടുള്ള ഒരു ചോദ്യവും വേണ്ട..

Monday, October 4, 2010

" കള്ളന്മാരെ പറ്റിക്കരുത്"

'ആയിരം കാതമകലെ' ഈ ജിദ്ദയിലാണെങ്കിലും ശറഫിയ നഗരം കണ്ടാല്‍ 'കൊണ്ടോട്ടി' അങ്ങാടി ആണെന്നേ തോന്നൂ. മലപ്പുറം 'സ്ലാന്ഗില്‍' പച്ച മലയാളം പറയുന്ന അറേബ്യന്‍ നാടാണ് ശറഫിയ. വര്‍ഷങ്ങള്‍ക്കു മുമ്പ് (എത്ര വര്‍ഷമായി എന്നോര്‍മയില്ല!) ജിദ്ദയില്‍ എത്തി ആദ്യമായി ശറഫിയ നഗരം സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഞാന്‍ കൊണ്ടോട്ടി 'ജനതാ ബസാറില്‍' നില്‍ക്കുന്നതായാണ്. കുടുംബാസൂത്രണ സംരംഭങ്ങള്‍ കരുത്തര്‍ജിച്ച്ച ഇക്കാലത്ത് മലയാളികളെ, പ്രത്യേകിച്ചും യുവാക്കളെ, ഇത്രയേറെ നാട്ടില്‍ പോലും കാണുമോന്നു സംശയം. ഗള്‍ഫ്‌ യുദ്ധത്തില്‍ ഇറാക്കിനെ  പിന്തുണച്ചതിന്റെ പേരില്‍ സൌദികളുടെ അപ്രീതിക്ക്  വിധേയരായ  യമനികളുടെ കൈകളില്‍ നിന്നും ഈ നഗരം മലയാളികള്‍ ഏറ്റു വാങ്ങുകയായിരുന്നു എന്നത് ചരിത്രം.   ഈ മലയാളി തെരുവില്‍ സ്ഥിരമായി എല്ലാ അവധി ദിനങ്ങളിലും വരുന്നത് ഒരു ലഹരിയായി (ബാധയായി) മാറിയ എത്രയോ പേരുണ്ട്. ദൂരെ ദിക്കുകളില്‍ നിന്നും അവരെത്തും; സ്വന്തക്കാരെയും കൂട്ടുകാരെയും കാണാനും അല്ലാതെയും. വാരാന്ത്യങ്ങളില്‍  ജനസാഗരം തീര്‍ത്തു അവര്‍ വെള്ളിയാഴ്ച രാത്രി വരെ ശറഫിയയിലുണ്ടാവും. ഈ സാഗര  ലഹരിയുടെ തിക്തഫലം അനുഭവിക്കുന്ന വാഹനക്കാര്‍ വാരാന്ത്യങ്ങളില്‍ റോഡിന്‍റെ ഒത്ത നടുവില്‍ നിന്നുള്ള ഈ നാട്ടു വര്ത്തമാനക്കാരെ  ഒഴിവാക്കി വേണം  വാഹനം ഓടിക്കാന്‍. ഗള്‍ഫുകാര്‍ക്ക് നാട്ടുകാരെയും  കുടുംബങ്ങളെയും  കാണാന്‍  കല്യാണത്തിനോ  മരണവീട്ടിലോ  പോയാല്‍  മതിയെങ്കില്‍  ഇവിടെ  ജിദ്ദക്കാര്‍ക്ക്  അതിനു  ശറഫിയയില്‍  
വരണം. 'ലുങ്കി ന്യൂസ്‌' മൊത്തമായും ചില്ലറയായും കിട്ടാനും വേറെ എവിടെയും പോകേണ്ടതില്ല. ശറഫിയ വിശേഷങ്ങള്‍ ഇങ്ങനെ ഒത്തിരിയുണ്ട്. അത് പിന്നെ പറയാം. കഥയുടെ രംഗ പാശ്ചാത്തലം വിവരിച്ചപ്പോള്‍ അല്പം കാട് കയറിയെന്നു മാത്രം. 

Friday, September 3, 2010

ഓര്‍മയില്‍ ഓമനിക്കാന്‍ ഒരു സുദിനം

പെരുന്നാളിനെ വരവേല്‍ക്കാനുള്ള തിരക്കാണ് ഗള്‍ഫില്‍ എവിടെയും.   ഷോപ്പിംഗ്‌ മാളുകള്‍ മുതല്‍ തെരുവോരങ്ങളിലെ കച്ചവടം വരെ രാത്രി മുതല്‍ പുലരുവോളം സജീവം. പിന്നീട് വിപണി ഉച്ച വരെ ഉറക്കമാണ്. നോമ്പ് പുലര്‍ച്ചെ നോല്‍ക്കുമെങ്കിലും അത് യഥാര്‍ഥത്തില്‍ തുടങ്ങുന്നത് ളുഹര്‍ നമസ്കാരത്തോടെയാണ്‌ എന്നതാണ് നാട്ടിലെയും ഇവിടെത്തെയും നോമ്പിലെ പ്രകടമായ വ്യത്യാസം എന്ന്‌  മലയാളികള്‍ പറയാറുണ്ട്. എന്‍റെ ഫ്ലാറ്റിനു തൊട്ടടുത്ത കടക്കാരന്‍   ഉച്ചതിരിഞ്ഞു  മൂന്നു മണിക്കാണത്രെ  എണീറ്റു കട തുറക്കുന്നത്. ഇങ്ങനെ രാവിനെ പകലും പകലിനെ രാത്രിയുമാക്കിയ ഈ തലതിരിഞ്ഞ ഏര്‍പ്പാടിന്‍റെ    ജീവിക്കുന്ന രക്തസാക്ഷിയായി രാത്രി ഒരു മണി വരെ  പണിയെടുക്കുന്ന  ഞാനും, എപ്പോള്‍ ഉറങ്ങണം എപ്പോള്‍ എഴുന്നേല്‍ക്കണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് മക്കള്‍ പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നത്. നോമ്പിന്റെ ആദ്യദിനങ്ങളില്‍ തന്നെ തുടങ്ങിയ അവരുടെ ആവശ്യം കഴിഞ്ഞ ദിവസം ശക്തമാവുകയും ഞാന്‍ പര്ചൈസിംഗ്  എന്ന സാഹസത്തിനു പുറപ്പെടുകയും ചെയ്തു. നാലഞ്ച് കടകളില്‍ കയറി വീണ്ടും ആദ്യം കയറിയ കടയില്‍ പോയി സാധനം വാങ്ങിക്കുകയാണല്ലോ നമ്മള്‍ മലയാളികളുടെ ഒരു രീതി. ശരീരം ഇളകിയുള്ള  ഒരു നടത്തം കിട്ടുന്ന ഈ പണി കൊല്ലത്തില്‍ പല പ്രാവശ്യം ആവര്‍ത്തിക്കാര്‍ ഉണ്ടെങ്കിലും റമദാനില്‍ അതൊരു മഹാ യജ്ഞമാണ്. കടകളിലെ തിരക്ക് മൂലം ഉണ്ടാവുന്ന  ബുദ്ധിമുട്ടുകള്‍ക്ക്  പുറമേ, ട്രാഫിക്‌ ജാമുകള്‍, പാര്‍ക്കിംഗ് കിട്ടാതിരിക്കുക, തുടങ്ങിയ പ്രയാസങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

Tuesday, August 24, 2010

ഡ്രീം ജോബ്‌

എന്‍റെ ചെറുപ്പത്തിലെ ആഗ്രഹം ഒരു ബേന്റ്  മേളക്കാരന്‍ ആകാനായിരുന്നു. പാന്റ്സ് ധരിച്ചവരെ അപൂര്‍വമായി  കാണപ്പെടുന്ന  ഒരു കാലത്ത്  പാന്റും സൂട്ടും ഒക്കെയായി  ആകര്‍ഷകമായ വസ്ത്രം   ധരിക്കുകയും     കടന്നു  പോകുന്ന വഴികളെയെല്ലാം പ്രകമ്പനം  കൊള്ളിക്കുകയും ചെയ്യുന്ന  വാദ്യ മേളക്കാരുടെ ഫാന്‍ ആയതു  സ്വാഭാവികം.  കല്യാണം, രാഷ്ട്രീയ  വിജയം‍  തുടങ്ങിയ സന്തോഷാവസരങ്ങളില്‍  ആണല്ലോ അവരുടെ  പ്രകടനം എന്നത് എന്‍റെ മനസ്സില്‍ അവരുടെ പ്രതിച്ചായ വര്‍ധിപ്പിച്ചു. അനേകം കിലോമീറ്റര്‍   അകലെ നിന്നു തന്നെ കേള്‍ക്കാവുന്ന ആ വാദ്യമേള പ്രകമ്പനം ഇന്നും നെഞ്ചില്‍ ഇടിമുഴക്കം നടത്തുന്നുണ്ട്. 

Friday, August 20, 2010

നോമ്പ് കത്ത്

പ്രിയത്തില്‍ മോളുട്ടി  അറിയാന്‍,
ആദ്യമായി നിനക്കും കൂട്ടുകാര്‍ക്കും കുടുംബത്തിനും എന്‍റെ റമദാന്‍ ആശംസകള്‍ നേരുന്നു.

കത്തുകള്‍ അന്യമായി കഴിഞ്ഞ  ഈ കാലത്ത് നിന്‍റെ കത്ത് കിട്ടി വളരെ സന്തോഷിക്കുന്നു. എന്‍റെ ചെറുപ്പ കാലത്തെ നോമ്പിനെ കുറിച്ചെഴുതാനാണല്ലോ നീ ആവശ്യപ്പെട്ടത്. എന്‍റെ ചെറുപ്പത്തിലെ നോമ്പില്‍ ഒരു പക്ഷെ നിനക്ക് നല്ലതൊന്നും പകര്‍ത്താന്‍ ഉണ്ടാവില്ലെങ്കിലും അന്നത്തെ സമൂഹത്തിന്‍റെ ഒരു നഖചിത്രം നിനക്ക് അതില്‍ നിന്നും കിട്ടിയേക്കും.   നീയൊക്കെ പിറക്കുന്നതിനു വളരെ മുമ്പ്, ഒരു പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നോമ്പ് കാല സംഭവങ്ങളാണ് ഞാന്‍ ഇവിടെ കുറിക്കുന്നത്... Tuesday, August 17, 2010

നേരമ്പോക്ക്

കുട്ടികള്‍ പലപ്പോഴും പറയുന്ന കാര്യങ്ങള്‍ നമുക്ക് ചിന്തിക്കാനും ചിരിക്കാനും  വേണ്ടതിലും  അധികം  വക നല്‍കുന്നതാണ്...അതിനാല്‍ ഇക്കാലത്തെ കുട്ടികളോട് സൂക്ഷിച്ചു സംസാരിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്.... ഈയിടെ കണ്ടതും കേട്ടതുമായ അത്തരം ചില അനുഭവങ്ങള്‍ പങ്കു വെക്കട്ടെ.....
പിന്നേയ്...നേരമ്പോക്കായി കണ്ടാല്‍ മതി !

Thursday, August 12, 2010

ഒരു ഫോണ്‍ കല്യാണം

ഞാന്‍ അതിരാവിലെ തന്നെ എണീറ്റു കുളിച്ചു 'കുട്ടപ്പനായി' ഉള്ളതിലേറ്റവും നല്ല ഡ്രസ്സ്‌ തന്നെ എടുത്തു  ധരിച്ചു ഒരുങ്ങി നിന്നു...രാവിലെ ഏഴു മണി വരെ ഉറങ്ങാറാണ് പതിവ്...പക്ഷെ ഇന്നത്‌ പറ്റില്ലല്ലോ. ഭാര്യയും കുട്ടികളും ഇതൊക്കെ കണ്ട് ഊറിച്ചിരിച്ചു.

സുര്യരശ്മികള്‍ റൂമിലേക്ക്‌ എത്തിനോക്കിയിട്ടില്ല. ഞാന്‍ ഫോണ്‍ എടുത്തു നമ്പര്‍ കറക്കി.
"ഉമ്മാ...കല്യാണമൊക്കെ എവിടെയെത്തി ... ?"

Tuesday, July 20, 2010

വെള്ളിയാഴ്ച വിരുന്ന്


ഗള്‍ഫിലെ ഒഴിവു ദിനമായ വെള്ളിയാഴ്ച്ചയാണ് ഈ സംഭവം നടക്കുന്നത്. സാധാരണ പോലെ ജുമുഅ പ്രാര്‍ത്ഥന കഴിഞ്ഞു നേരെ വീട്ടിലേക്കു കയറാനായി കോളിംഗ് ബെല്‍ അമര്‍ത്തി. വാതില്‍ ഉടനെ തുറക്കപ്പെട്ടു, അതോ നേരത്തെ തന്നെ തുറന്നു വെച്ചിരുന്നോ. തീര്‍ച്ചയില്ല.തുറന്ന വാതിലിന്നു മുന്നില്‍ കണ്ട കാഴ്ച എന്‍റെ ഗൃഹ പ്രവേശന ത്വര കെടുത്തുന്നതായിരുന്നു!

Tuesday, July 13, 2010

തിരിച്ചു പറക്കാത്ത വിമാനങ്ങള്‍നാട്ടുനടപ്പു തെറ്റിക്കാതെ ഇരുപത്തൊന്നാം വയസ്സില്‍ തന്നെ പാസ്പോര്‍ട്ട് എടുത്ത് കരിപ്പൂരില്‍ നിന്ന് വിമാനം കയറിയതാണ്. ശരീ‍രവും മനസ്സും ഉണക്ക റൊട്ടിയുടെ പരുവത്തിലാക്കിയ പതിനഞ്ച് സംവത്സരങ്ങള്‍ ഗള്‍ഫിലെ അതികഠിനമായ കാലാവസ്ഥകളെയൊക്കെ തലോടി കടന്നുപോയി. നാടിന്റെ സുഖങ്ങളൊന്നും അനുഭവിക്കേണ്ട സമയത്ത് അനുഭവിക്കാന്‍ യോഗമില്ലാത്തവരാണ് പ്രവാസികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിലും ഗള്‍ഫ് മലയാളികള്‍ കണ്ടുപിടിച്ച പുതിയ ഗുരുത്വാകര്‍ഷണ നിയമ പ്രകാരം താഴേക്ക് പറന്നിറങ്ങിയവരാരും തിരിച്ച് പറക്കില്ലെന്ന തത്വത്തില്‍ വിശ്വസിക്കുന്നവനായി ഇതുവരെ പിടിച്ചു നിന്നു.
Tuesday, July 6, 2010

മലയാളിയാണോ ?

ഗള്‍ഫ്‌ മലയാളിയുടെ സംഘഗുണങ്ങളും ജോലിയിലുള്ള മികവും   മാലോകര്‍ വാഴ്ത്തിയത് നേര്.  മുംബയിലെ  ശിവസേനക്കാര്‍  നടത്തിയ സര്‍വേയിലും  മലയാളി അവിടെ  തന്നെ നില്‍ക്കട്ടെ എന്നാണത്രെ      അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്ത്യക്കാരുടെയും മനുഷ്യ കുലത്തിന്റെ തന്നെയും സംഗമ ഭുമിയായ ഗള്‍ഫില്‍ മലയാളിയുടെ ചില ദുസ്വഭാവങ്ങള്‍ അവന്‍റെ റേറ്റിംഗ് കുറക്കുന്നുണ്ട്‌. എനിക്ക് തന്നെ പലപ്പോഴും ദുസ്സഹമായി തോന്നിയിട്ടുണ്ട്. ആയതിനാല്‍ എല്ലാ മല്ലുകളെയും ഒന്ന് ഗുണദോഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കയാണ്..!

Thursday, June 3, 2010

'Discover Youself ' workshop in Jeddah by Eng. Sadatullah Khan : എന്‍റെ അനുഭവ കുറിപ്പ്

            പ്രവാസത്തിലെ ഉറക്കമൊഴിക്കലിന്‍റെ ദിനമായ വ്യാഴായ്ചയുടെയും ഉറക്കത്തിന്‍റെ ദിനമായ വെള്ളിയാഴ്ചയുടെയും പതിവ് രീതികള്‍ തെറ്റിച്ച് സിത്തീന്‍ തെരുവിലെ സീസണ്‍സ് റസ്റ്റോറന്റില്‍ രണ്ടു ദിവസത്തെ വ്യക്തിത്വ വികസന വര്‍ക്ക്‌ ഷോപ്പ് നടക്കുന്നത് നേരത്തെ അറിഞ്ഞു. സംഘടിപ്പിക്കുന്നത് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ അസീസിയ ഏരിയ കമ്മിറ്റി.

Monday, January 11, 2010

ധന്യമീ യാത്ര...

      യാത്രകള്‍ ആനന്ദകരമാവുന്നത് സഹയാത്രികര്‍ ആനന്ദ ദായകരാവുംബോഴാണ്. നല്ല വാഹനം പോലെ തന്നെ  പ്രധാനമാണ് നല്ല സഹയാത്രികര്‍.
       ജിദ്ദയില്‍ നിന്നും റിയാദിലേക്ക് ഉള്ള 900 കി.മീ. വഴി ദൂരം, ബസ്‌ യാത്രയുടെ എല്ലാ ബുദ്ടിമുട്ടുകളും കാറ്റില്‍ പറത്തിക്കൊണ്ടു, അനായാസം താണ്ടാനായത്‌ വിസ്മയമായി തോന്നുന്നു. ഭയപ്പെട്ടിരുന്ന നടുവേദനയെല്ലാം മരുഭുവിലെ ജലകണങ്ങള്‍ പോലെ ആവിയായി എങ്ങോ പോയ്‌ മറഞ്ഞു !
       ഇസ്ലാഹി സെന്റര് സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മാനദാന പരിപാടിയിലേക്ക് 25ജിദ്ദക്കാരും 13 മക്കക്കാരും ആയി 7/1/10 വ്യാഴം നട്ടുച്ചയ്ക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ രണ്ടു മണിക്ക് റിയാദില്‍ എത്തിച്ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ വിവിധ പരിപാടികള്‍ക്ക് ശേഷം തണുത്തു വിറയ്ക്കുന്ന റിയാദിനോട് വിട...വീണ്ടും തിരിച്ചൊരു യാത്ര..ശനിയാഴ്ച പുലര്‍ച്ചെ 5നു തിരിച്ചെത്തി..
        ഇത് പോലൊരു യാത്രയില്‍ മരുഭൂമിയുടെ വിവരണം ആയിരിക്കും മനസ്സിലേക്ക് ഓടി വരിക. എന്നാല്‍ അകക്കാഴ്ച്ചകള്‍ക്ക് നിറവും പകിട്ടും  ഏറുമ്പോള്‍  പുറം കാഴ്ചകള്‍ നിറം മങ്ങുന്നതായി തോന്നിയത് വിസ്മയമാവുന്നത് അവിടെയാണ്....ഓടുന്ന ബസിനുള്ളിലെ കൊച്ചു ഭൂമികയും മലയാളികളുടെ കൂട്ടായ്മക്ക് ധാരാളം..