Tuesday, July 20, 2010

വെള്ളിയാഴ്ച വിരുന്ന്


ഗള്‍ഫിലെ ഒഴിവു ദിനമായ വെള്ളിയാഴ്ച്ചയാണ് ഈ സംഭവം നടക്കുന്നത്. സാധാരണ പോലെ ജുമുഅ പ്രാര്‍ത്ഥന കഴിഞ്ഞു നേരെ വീട്ടിലേക്കു കയറാനായി കോളിംഗ് ബെല്‍ അമര്‍ത്തി. വാതില്‍ ഉടനെ തുറക്കപ്പെട്ടു, അതോ നേരത്തെ തന്നെ തുറന്നു വെച്ചിരുന്നോ. തീര്‍ച്ചയില്ല.തുറന്ന വാതിലിന്നു മുന്നില്‍ കണ്ട കാഴ്ച എന്‍റെ ഗൃഹ പ്രവേശന ത്വര കെടുത്തുന്നതായിരുന്നു!അഗ്നി സ്ഫുരിക്കുന്ന കണ്ണുകളും, കോപം കൊണ്ട് ചുവന്ന മുഖവും, കയ്യില്‍ ഒരു തള്ള കൈലുമായി എന്‍റെ സഹധര്‍മിണി മദയാനയെപ്പോലെ ചിന്നം വിളിച്ചു നില്‍ക്കുന്നു. അവളെ ആദ്യമായാണ് ഇത്ര കോപിഷ്ടയായി കാണുന്നത്. മക്കള്‍ വല്ലതും കാര്യമായി ഒപ്പിച്ചോന്നു ന്യായമായും സംശയിച്ചു. വൈകാതെ മനസ്സിലായി പരാക്രമം പാപ്പാന് നേരെ തന്നെയാണെന്ന്. ഏതായാലും ധൈര്യ സമേതം വീട്ടിലേക്കു കയറി വാതിലടച്ചു. നമ്മുടെ രഹസ്യം മറ്റുള്ളവര്‍ കേള്‍ക്കേണ്ടല്ലോ...
വീട്ടില്‍ കയറിയ പാടെ അവള്‍ ഒറ്റ ചോദ്യമാണ്..."ആരാണവള്‍ ?""എവള്‍ ?""സാജിറ"....."ഏത് സാജിറ""എന്താ അവളെ അറിയില്ലാന്നു പറഞ്ഞു രക്ഷപ്പെടാനായിരിക്കും ...അവള്‍ നിങ്ങളെ അന്വേഷിച്ചു രണ്ടു തവണ വിളിച്ചു. നിങ്ങള്‍ ശറഫിയ്യയില്‍ അവളുമായി സന്‍ധിക്കാറുള്ളതും, കുട്ടികളില്ലെന്നും അവിവാഹിതനാണെന്നും  പറഞ്ഞു അവളെ കല്യാണം കഴിക്കാമെന്ന് വാക്ക് കൊടുത്തതും എല്ലാം അവള്‍ പറഞ്ഞു. കഴിഞ്ഞ ഹജ്ജിനാണ് പരിചയപ്പെട്ടതെന്നും പറഞ്ഞു. നിങ്ങള്‍ ഇന്നലെ ചെല്ലാമെന്നു പറഞ്ഞിട്ട് ചെല്ലാതിരുന്നതിനാല്‍ വിളിച്ചതാണ്. ഞാന്‍ ആളു മാറിയതാവുമെന്നു കരുതി തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ അവള്‍ക്കു നിങ്ങളെ കുറിച്ച് എന്നേക്കാള്‍ അറിയാം..ചതിയന്‍..ഒന്നുകില്‍ അവള്‍ അല്ലെങ്കില്‍ ഞാന്‍...ഇപ്പോ തീരുമാനിക്കണം. അത് പറഞ്ഞിട്ട് മതി ബാക്കി കാര്യം..."തമാശ ആയിരിക്കുമെന്ന് കരുതി ഞാന്‍ പറഞ്ഞു..."ഞാനൊന്നു വസ്ത്രം മാറട്ടെ പെണ്ണെ......അതിനു ശേഷം സാജിറ ആരാണെന്നു പറയാം...""അപ്പോള്‍ എന്നെ പറ്റിക്കുകയായിരുന്നില്ലേ നിങ്ങള്‍... മീറ്റിങ്ങിനാണെന്ന് പറഞ്ഞു ഇവിടെ നിന്നും ദിവസവും പോകുന്നത് അവളെ 'മീറ്റ്‌' ചെയ്യാനായിരുന്നില്ലേ. എന്നോടിത് വേണ്ടിയിരുന്നോ. കുട്ടികളെ നിങ്ങളോര്‍ത്തോ ..... ?"എനിക്കും വാശിയായി..."അതേടീ...എനിക്ക് ഇഷ്ടമുള്ളവരെ ഞാന്‍ കാണും....നിനക്കെന്താ നഷ്ടം...""അപ്പൊ സത്യമാണല്ലേ...കല്യാണം കഴിച്ചിട്ടില്ലാന്നു പറഞ്ഞു അവളുമായി സുഖിക്കാനാണല്ലേ ഭാവം..ഹജിനു വളണ്ടിയര്‍ ആയി പോകുന്നത് ഇതിനായിരുന്നില്ലേ...രണ്ടിനെയും ഞാന്‍ കാണിച്ചു തരാം....ഞാന്‍ ആരാണെന്നു കാണിച്ചു തരാം..."കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്ന് മനസ്സിലായി. പക്ഷെ ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ പരിചയമുള്ള ഓരോ സ്ത്രീ മുഖങ്ങളും മനസ്സിലൂടെ ഓടിച്ചു നോക്കി. നിര്‍ഭാഗ്യവശാല്‍ സാജിറയെ എത്ര ഓര്‍ത്തിട്ടും പിടികിട്ടുന്നില്ല...എന്താ ചെയ്ക?ഞാന്‍ പറഞ്ഞു.."നീ ഭക്ഷണം എടുക്ക് ..സാജിറയുടെ മാത്രമല്ല,  വേറെയും കുറേ പെണ്ണ്ങ്ങളുണ്ട്‌, അവരുടെയൊക്കെ കാര്യം അതിനു ശേഷം പറയാം..""ഭക്ഷണം അവളോട്‌ ഉണ്ടാക്കി തരാന്‍ പറ.." എന്ന് പറഞ്ഞു അവള്‍ ഒറ്റ പോക്ക്. സപ്ത നാഡികളും തളര്‍ന്നു ഞാന്‍ വിഷണ്ണനായി അതിലേറെ വിശപ്പനായി കട്ടിലില്‍ ഇരുന്നു .ആദ്യമായാണ് ഒരു പെണ്ണ് കേസില്‍ ആരോപണ വിധേയനാവുന്നത്..അതും സ്വന്തം ഭാര്യയില്‍ നിന്ന്.....ച്ചെ..!അടുക്കളയില്‍ പോയി പാത്രങ്ങള്‍ തുറന്നു നോക്കി..ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല..അവള്‍ സാജിറയെയും ചുമന്നു നടക്കുകയാണ്. വെള്ളത്തിലിട്ട തല്ലാജ് കോഴി ഐസ് പോയി പിറന്ന പടി കിടക്കുന്നു..പച്ച വെള്ളം ഇത് വരെ കുടിച്ചിട്ടില്ല. ഈ അവസ്ഥയില്‍ എന്തെക്കിലും കഴിക്കുന്നത്‌ ആരോഗ്യത്തിനു ഗുണകരമാവില്ല എന്നറിയാവുന്നതിനാല്‍ എന്‍റെ നിസ്സഹായതയെ ഞാന്‍ ഒട്ടക പക്ഷിയെപ്പോലെ കട്ടിലില്‍ ഒളിപ്പിച്ചു.സത്യം കണ്ടു പിടിക്കണം..വെറുതെ ചൂടാവുന്നവളല്ല എന്‍റെ ഭാര്യ..എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ഞാന്‍ ഫോണെടുത്തു അവസാനം വിളിച്ച കോളുകള്‍ പരതി..രക്ഷയില്ല..ആ പഹച്ചി വിളിച്ചത് കോളര്‍ ഐഡീ അറിയാത്ത വീട്ടിലെ ലാന്‍ഡ്‌ ലൈനില്‍ ആണ്.അപ്പോഴതാ എന്‍റെ ഫോണിലേക്ക് ഒരു കാള്‍ വരുന്നു. ഭാര്യയുടെ അമ്മാവന്‍റെ മകന്‍ സുല്‍ഫിക്കര്‍ ആണ്. ഞാന്‍ ഉന്മേഷമില്ലാതെ ഫോണെടുത്തു. അത്ഭുതം അങ്ങേ തലക്കല്‍ ഒരു സ്ത്രൈണ ശബ്ദം. സാജിറ ! ഞാന്‍ വാതില്‍ക്കലേക്ക് നോക്കി ഭാര്യ അടുത്തില്ലെന്ന് ഉറപ്പു വരുത്തി.


" നീ ആരാണ്...എന്ത് വേണം..."


"സലീംക, ഞാന്‍ സാജിറയാണ് ...എന്താ വരാതിരുന്നത്...ഇത്ര പെട്ടെന്ന് മറന്നോ.." അവള്‍ വശ്യമായി ചിരിച്ചു..ഭാര്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..ഇവളുടെ ഒരു ഒടുക്കത്തെ 'സലീംക' വിളി കേട്ടാല്‍ ആരും വീഴും. എനിക്കത് കേട്ടപ്പോള്‍ കലികയറി..സ്വബോധം നഷ്ട്ടപെട്ടു.. എന്‍റെ ഭാഷ മാറി. റിംഗ് ടോണ്‍ മാറ്റി ഞാന്‍ ഏറ്റവും ലേറ്റസ്റ്റ് ആയി അറിയാവുന്ന നാലെണ്ണം കാച്ചി.#@#@#@**@*


നാലഞ്ച് തെറിയങ്ങു കിട്ടിയപ്പോള്‍ 'അവള്‍' സത്യം പറഞ്ഞു.

അതവളല്ല..ഫോണിന്റെ ഉടമയായ സുല്‍ഫിക്കര്‍ തന്നെയായിരുന്നു......അവന്‍ ഫോണിന്‍റെ മേല്‍ ഘടിപ്പിച്ച  'സൌണ്ട് ചേയ്ചര്‍' വെച്ചു വിളിച്ചതാണ്. അതില്‍ കൂടി ആണിന്റെയും പെന്നിന്റെയും  ശബ്ദത്തില്‍ വിളിക്കാം. ഞാന്‍ വീട്ടിലെ കാര്യങ്ങളുടെ അവസ്ഥ വിശദീകരിച്ചു. അവനും അതൂഹിച്ചിരുന്നു..അത്രയും സമര്‍ഥമായാണ്  അവന്‍ സംസാരിച്ചത്. കൂടുതല്‍ പ്രശ്നമാകുന്നതിന്റെ മുമ്പേ വിളിച്ചതാണ്...ഞാന്‍ വാതില്‍ക്കലേക്ക് നോക്കിയപ്പോള്‍ ഭാര്യ ഒളിഞ്ഞു നോക്കുന്നു. അവള്‍ക്കും ഏകദേശം സംഭവം പിടി കിട്ടിയ മട്ടുണ്ട്...ദേഷ്യം ചമ്മലിന് വഴിമാറി അവള്‍ എന്‍റെ അടുത്ത് വന്നു ചിരിച്ചു. എന്നെ സംശയിച്ഛതിനു മാപ്പ് ചോദിച്ചു. നേരത്തെ ദേഷ്യപ്പെട്ട അവള്‍ തന്നെയാണോ ഇവള്‍ എന്ന് തോന്നിപ്പിക്കുന്ന ഫൈവ് സ്റ്റാര്‍ പെരുമാറ്റം ..അതു കണ്ടപ്പോള്‍ എനിക്കും ചിരി നിയന്ത്രിക്കാനായില്ല...അങ്ങനെ ലോകത്ത് ആദ്യമായി ഒരു പെണ്ണ് കേസ് തെളിവില്ലാത്തത് മൂലം തള്ളിപ്പോയി. എനിക്ക് ഒരു മണിക്കൂര്‍ നേരത്തെ തര്‍ഹീലില്‍ നിന്നും മുഖാലഫ ഇല്ലാതെ മോചനം. ഞാന്‍ എന്‍റെ അവളോടുള്ള കൂറ് ഉറക്കെ പ്രഖ്യാപിച്ചു. എല്ലാം ശുഭം...തന്നെ വഷളാക്കിയ സുല്ഫിക്കറിനിട്ടു ഒരു പാര പണിയാന്‍ അന്ന് മുതല്‍ അവള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ചില്ലറയൊന്നും അവനു ഏശുന്നില്ല..ആര്‍ക്കെങ്കിലും വല്ല ഐഡിയയും ഉണ്ടെങ്കില്‍ അറിയിക്കണം.

23 comments:

 1. Disclaimer :
  ഈ പോസ്റ്റില്‍ പ്രചോദിതനായി വല്ലവരും Sound Changer വാങ്ങി നിങ്ങളുടെ ഭാര്യക്ക്‌ കാമുകിയായി വിളിച്ചു ശേഷം ഉണ്ടാകുന്ന കലഹത്തില്‍ ഫ്രൈ പാന്‍ കൊണ്ടുള്ള അടിയേറ്റു ആശുപത്രിയില്‍ ആവാന്‍ സാധ്യത ഉള്ളതിനാല്‍ നിങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നിങ്ങള്‍ തന്നെ ഉറപ്പു വരുത്തുക !

  ReplyDelete
 2. സൌണ്ട് ചേയ്ചര്‍'ആദ്യമായി കേള്‍ക്കുകയാണ്. എങ്ങനേലും ഒന്ന് സംഘടിപ്പിക്കണം. ഒന്ന് രണ്ടു ആളുകളെ വിളിക്കാനുണ്ട്. ഒരു detective നോവല്‍ പോലെ അവസാനം വരെ suspense നിലനിര്‍ത്തി. ഭാഷയും ശൈലിയും ഏറെ ഇഷ്ടപ്പെട്ടു

  ReplyDelete
 3. @ബഷീര്‍ Vallikkunnu : basheerka, ഞാനൂഹിച്ചു, താങ്കള്‍ക്ക് ഈ കുന്ത്രാണ്ടം അവശ്യം വരുമെന്ന്. ആരെയും വിളിക്കുന്നതില്‍ എനിക്ക് വിരോധമില്ല. പാര കുരിക്കളുടെ നേരെ ആവരുതെന്ന് മാത്രം. മൊത്തം എത്ര പേര്‍ക്ക് സാധനം വേണ്ടിവരും എന്ന് നോക്കി ഞാന്‍ ജിദ്ദയില്‍ ഇതിന്‍റെ വില്പന തുടങ്ങാന്‍ പോവുകയാണ്. നമുക്ക് പ്രോഫിറ്റും നിങ്ങള്‍ക്ക് അടിയും ഉറപ്പ് !
  കമന്റിയതിന് നന്ദി!

  ReplyDelete
 4. @mohi : പ്രിയ മോഹി, അടി കൊള്ളാതെ രക്ഷപ്പെട്ടതിനാണോ ഭാവുകങ്ങള്‍ ?

  ReplyDelete
 5. ജോലിയുടെ ഭാഗമായി പല പെണ്ണുംപിള്ളേര്‍കും വിളിക്കുന്നത് കാണാറുണ്ടെങ്കിലും അത്തരക്കാരനല്ല സലീം ബായ് എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു . പിന്നേ ഭാര്യയെ അറിയുന്നത് കൊണ്ട് അവളും ഒരു സാജിറ വിളിച്ചു എന്ന് കേള്‍കുംബോഴേകും ഇത്രക് ചൂടാകില്ല. മുമ്പും പല സാജിരമാരും വിളിചിടുണ്ടായിരിക്കും. കൂടെ കിടക്കുന്നവര്‍കല്ലേ രാപനി അറിയൂ എന്ന് പറഞ്ഞ പോലെ സഹി കേട്ടപ്പോളായിരിക്കും അവളും ഇത്രയ്ക്കു ചൂടാകാന്‍ കാരണം എന്ന് കരുതി. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കുടുംബം കലക്കാന്‍ കയറിവന്ന സാജിറയെ മനസ്സാ ശപിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ഇത് സൌണ്ട് ചെയ്ന്ചെര്‍ എന്ന ആതുനിക ടെക്നോലോജി ആണ് ഇതിലെ വില്ലന്‍ എന്ന് മനസ്സിലായത്‌. ഏതായാലും പുതിയ ടെക്നോലോജി എത്ര കുടുംബങ്ങളാണ് കലക്കുക എന്ന് നമുക്ക് കാത്തിരുന്നു കാണാം. ഭാര്യയും ഭര്‍ത്താവും അടുത്താണെങ്കില്‍ പ്രശ്നം വേഗത്തില്‍ പരിഹരിക്കാം . ഭര്‍ത്താവ് ഗള്‍ഫിലും ഭാര്യ നാട്ടിലും ആണെങ്കില്‍ ഇങ്ങിനെ ഒരു സാജിറ വിളിക്കുകയും ചെയ്താല്‍ എന്റമ്മോ ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.

  ReplyDelete
 6. @Rasheed Pengattiri: റഷീദ് ഭായ്, പോലീസുകാര്‍ തമ്മില്‍ മല്‍പിടുത്തം വേണോ..ഭാര്യ നാട്ടിലും നിങ്ങള്‍ ഇവിടെയും ആണെന്ന് ഓര്‍ക്കുന്നത് നന്ന്. എന്നൊക്കൊണ്ട് കടുംകൈ ചെയ്യിക്കരുത്!

  ReplyDelete
 7. ഭാര്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആദ്യം ഞാനും വിശ്വസിച്ചു. കാലം വല്ലാത്തതാണേ...ഇനിയിപ്പോ ആര് വിളിച്ചാലും സംശയിക്കുന്ന പ്രശ്നം ഇല്ലല്ലോ.
  സലീം- കാര്യം എന്തുമാവട്ടെ. അവതരണം ഗംഭീരം.

  ReplyDelete
 8. ഇന്ന് രാവിലെ നേരത്തെ എണീറ്റ് നാടിലുള്ള ഭാര്യയെ വിളിച്ചു പറഞ്ഞു സൌണ്ട് ചന്ജേര്‍ എന്ന ഒരു യന്ത്രം ആരോ കണ്ടു പിടിച്ചിട്ടുണ്ടെന്നും ആണിന് പെണ്ണിന്റെയും പെണ്ണിന് ആണിന്റെയും ശബ്ദത്തില്‍ അതിലൂടെ സംസാരിക്കാന്‍ കഴിയുമെന്നും ആരെങ്കിലും പെണ്ണിന്റെ ശബ്ദത്തില്‍ നിനക്ക് വിളിച്ചു എന്നെ ബന്ദപ്പെടുത്തി വല്ലതും പറഞ്ഞാല്‍ നീ അത് ഗൌരവത്തില്‍ എടുക്കരുതെന്നും ഉപദേശിച്ചു. അത് ആണുങ്ങളുടെ അടവാനെന്നും തീ ഇല്ലാതെ പുക ഉണ്ടാകില്ലല്ലോ അങ്ങിനെ വല്ല പെണ്ണുങ്ങളും വിളിച്ചാല്‍ .........കൂടുതല്‍ ഒന്നും പറയാതെ അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. പിന്നേ എത്ര ശ്രമിച്ചിട്ടും ലൈന്‍ കിട്ടുന്നില്ല. ലൈന്‍ തകരാറോ അവള്‍ മനപ്പൂര്‍വം ഓഫ്‌ ആകിയതാണോ എന്നൊന്നും അറിയുന്നില്ല . ഞാന്‍ ആകെ ടെന്ഷനിലും. അവളെ അറിയിക്കെണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോനുന്നു .

  ReplyDelete
 9. മായം വാങ്ങിയാലും മായമുള്ള കാലമാ
  ഏതായാലും 'സുല്ജിറ' പണി പറ്റിച്ചു

  ReplyDelete
 10. ഇനിയിപ്പോ ഏതു പെണ്ണിനും വിളിക്കാം, കൊഞ്ചി കുഴയാം, ഭാര്യ കേട്ടാലും കുഴപ്പമില്ല. എല്ലാം ഈ കുന്ത്രാണ്ടത്തിന്റെ കണക്കില്‍ പെടുത്താം. ഈ കുന്ത്രന്ടത്തിനെ പറ്റി എന്റെ ഭാര്യക്കും ഒരു ക്ലാസ്സ്‌ എടുക്കണം, എന്നാല്‍ പിന്നെ ഏതു പെണ്ണ് വിളിച്ചാലും കുഴപ്പമില്ലലോ. എന്തായാലും നന്നായി, ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു, All the best.

  ReplyDelete
 11. ഫ്രീക്വൊൻസി മാറ്റിയും ആമ്പ്ലിറ്റ്യൂട് മാറ്റിയും സൌണ്ടിൽ മാറ്റം വരുത്താം. ഇത് കുറേ വർഷങ്ങളായി സൌണ്ട് എഡിറ്റിങ് സോഫ്റ്റ്വെയറുകളിലുണ്ട്. കുടുംബ സുഹൃത്തിന്റെ മകൻ പാടിയ ഒരു പാട്ട് ഹൈപിച്ചിലേകിട്ടപ്പോൾ പെങ്ങളുടെ സൌണ്ടും ലോ പിച്ചിലേക്കിട്ടപ്പോൾ ബാപ്പയുടെ സൌണ്ടും വളരെ കൃത്ത്യമായി ലഭിച്ചത് ഇപ്പോ ഓർത്ത് പോകുന്നു. എന്നാൽ ഇത്തരത്തിൽ ഫോൺ വിളി ആദ്യത്തെ കേൾവി! ഐഡിവെച്ചുള്ള പല കളികളും കണ്ടിട്ടും കേട്ടിട്ടുമുണ്ട്, എന്നാൽ ഇത്തരത്തിലുള്ളത് ആദ്യമാണ്. നന്നായി അവതരിപ്പിച്ചു.

  ReplyDelete
 12. @അക്ബര്‍: താങ്കളുടെ കമ്മന്റിനു നന്ദി. അത് കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ! ആ പഹനന്നു വിളിച്ചിരിന്നില്ലെങ്കില്‍ ഈ ബ്ലോഗ് തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ? എല്ലാ...ഒന്ന് ങ്ങക്കും വേണ്ടേ..വള്ളിക്കുന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്..വില തുച്ഛം ഗുണം മെച്ചം..!

  @Rasheed പേങ്ങാട്ടിരി: ഞാനാദ്യമേ പറഞ്ഞതാ...ഇമ്മാതിരി പുകിലിനൊന്നും പോണ്ടാന്നു...ഇപ്പൊ എന്തായീ..ഈ വര്‍ഷത്തെ വെക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നത് നന്നായിരിക്കും!

  @MT മനാഫ്: മനാഫ് മാഷേ, ബേജാറായിട്ടായിരിക്കും ..കവിത വരുന്നില്ലല്ലേ..!

  @നൌഷാദ : നൌഷാദെ, നീയും എന്നെ പോലെ ദിവിസവും മീറ്റിങ്ങിനു പോകുന്നതാ, അവള്‍ക്കിപ്പോ തന്നെ ചെറിയ സംശയമുണ്ടാവും..സാരമില്ല..തൊട്ടടുത്തു തന്നെയാണല്ലോ 'അല്‍ റയ്യാന്‍ പോളിക്ലിനിക്'.. !

  @മൈപ്:യുസുഫ് സാബ്‌..സാങ്കേതിക വിദ്യയുടെ ഓരോ കളികളേ..ഇനിയുമെന്തൊക്കെ കാണേണ്ടി വരും...താങ്കളുടെ വായനക്കും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 13. അടിപൊളി!!!!!! അടിപൊളി!!!!!! ഹോ……എന്തൊരു ശമാശ……
  നല്ല അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നു.
  ആധുനികത, അത്യന്താധുനികസാങ്കേതിക വിദ്യ കൊണ്ടുവരുന്ന അടികൊള്ളി പ്രശ്നങ്ങളെ കൊണ്ട് തോറ്റു മാഷെ………

  ReplyDelete
 14. ഇഷ്ടപ്പെട്ടു

  ReplyDelete
 15. @sm sadique:താങ്കളെപ്പോലെയുള്ള എഴുത്തുകാരായ ബ്ലോഗര്‍മാരുടെ പ്രോത്സാഹനം സന്തോഷം നല്‍കുന്നു. വന്നതിലും കമന്റിയതിലും നന്ദി.
  @തൊമ്മി: തൊമ്മി സര്‍, വലിയൊരു കാര്ട്ടൂണിസ്റ്റ് ആയ താങ്കളുടെ സന്ദര്‍ശനം സന്തോഷം നല്‍കുന്നു.

  ReplyDelete
 16. നാട്ടിലുല്ലപോള്‍ ഇത്കൊണ്ട് ഒന്നുരണ്ടു പേരെ പറ്റിച്ചിട്ടുണ്ട്...

  ReplyDelete
 17. @Jishad: അമ്പട വീരാ..ജിഷാദ് ആണോ സുല്ഫിക്കരിനു ഇത് കൊടുത്തു ഈ കടുംകൈ ചെയ്യിച്ചത്?

  ReplyDelete
 18. അടുക്കളയിലെ സിങ്കില്‍ സാദിയ ചിക്കന്‍ വിറങ്ങലിച്ചു കിടന്നപ്പോള്‍ ഞാന്‍ കരുതി സാജിറ അന്നത്തെ അത്തായം മുടക്കി എന്ന്. ഫാഗ്യം സുല്‍ഫിക്കറിന് അന്ന് തന്നെ വീണ്ടും വിളിക്കാന്‍ തോന്നിയത്. :)

  ReplyDelete
 19. @ Prinsad: പ്രിന്സാദ്, പാരകള്‍ എപ്പോള്‍ എങ്ങനെ വരുമെന്നും പോകുമെന്നും പ്രവചിക്കുക പ്രയാസം. അന്നത്തെ ഭക്ഷണം ക്രത്യം നാലു മണിക്കാണ് കഴിച്ചത്. വന്നതിനു നന്ദി.

  ReplyDelete
 20. അപ്പൊ അങ്ങനെ സൌണ്ട് ചെയിന്ജെറിനെ കൂട്ട് പിടിച്ചു രക്ഷപെട്ടല്ലേ കൊച്ചു കള്ളാ ... എന്നാലും ..

  ReplyDelete
 21. ആ സൌണ്ട് ചെയിഞ്ചർ എവിടെന്ന് കിട്ടുമെന്ന് പറയാമോ? അതൊന്ന് വാങ്ങിയിട്ട് വേണം എന്റെ സൌമ്മ്റ്റ് ഒന്ന് നേരെയാക്കാൻ,,,

  ReplyDelete
 22. @ Indiamenon:എടാ കൊച്ചു കള്ളാ...എന്നാലും...

  @mini//മിനി :ടീച്ചറെ, അതിവിടെ കിട്ടും, ഒന്ന് കൊടുത്ത് വിടട്ടെ...ആര്‍ക്കാണാവോ പാര പണിയാന്‍ ആലോചന...?

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!