Tuesday, July 13, 2010

തിരിച്ചു പറക്കാത്ത വിമാനങ്ങള്‍നാട്ടുനടപ്പു തെറ്റിക്കാതെ ഇരുപത്തൊന്നാം വയസ്സില്‍ തന്നെ പാസ്പോര്‍ട്ട് എടുത്ത് കരിപ്പൂരില്‍ നിന്ന് വിമാനം കയറിയതാണ്. ശരീ‍രവും മനസ്സും ഉണക്ക റൊട്ടിയുടെ പരുവത്തിലാക്കിയ പതിനഞ്ച് സംവത്സരങ്ങള്‍ ഗള്‍ഫിലെ അതികഠിനമായ കാലാവസ്ഥകളെയൊക്കെ തലോടി കടന്നുപോയി. നാടിന്റെ സുഖങ്ങളൊന്നും അനുഭവിക്കേണ്ട സമയത്ത് അനുഭവിക്കാന്‍ യോഗമില്ലാത്തവരാണ് പ്രവാസികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിലും ഗള്‍ഫ് മലയാളികള്‍ കണ്ടുപിടിച്ച പുതിയ ഗുരുത്വാകര്‍ഷണ നിയമ പ്രകാരം താഴേക്ക് പറന്നിറങ്ങിയവരാരും തിരിച്ച് പറക്കില്ലെന്ന തത്വത്തില്‍ വിശ്വസിക്കുന്നവനായി ഇതുവരെ പിടിച്ചു നിന്നു.
ജോലി കഴിഞ്ഞ് വന്ന് കട്ടിലില്‍ വെറുതെ കിടന്നപ്പോള്‍ പ്രവാസത്തിന്റെ നീണ്ട വര്‍ഷങ്ങള്‍ ഒരു തീവണ്ടിയുടെ ബോഗികള്‍ കണക്കെ മനസ്സിലൂടെ  കടന്നു പോയി. ഏതൊരു യാത്രക്കും അന്ത്യമുണ്ടാവാറുണ്ട്. പക്ഷേ പല ഗള്‍ഫുകാരുടെയും അന്ത്യയാത്ര അവരാഗ്രഹിക്കാത്ത രീതിയില്‍ നേരെ മഖ്ബറയിലേക്കാണ് പോകുന്നത്. അതോര്‍ത്തപ്പോള്‍ മനസ്സിലൊരു ഇടിവാള്‍ വെട്ടി. വളരെ കാലങ്ങള്‍ക്ക് ശേഷം ആദ്യമായി ഞാന്‍ എന്നെക്കുറിച്ച് ചിന്തിച്ചു.


ഗള്‍ഫ് കൊണ്ട് ഞാനാര്‍ജിച്ച ഒരു നേട്ടം സ്വയം തീരുമാനമെടുക്കാനുള്ള കഴിവാണെന്ന് തോന്നിയിട്ടുണ്ട്. വീട്ടിലെയും കുടുബത്തിലെയും പലകാര്യങ്ങളുടെയും ഹൈക്കമാന്റ് ആവാന്‍ നിയോഗമുണ്ടായത് ഓര്‍ത്തു. പക്ഷേ ഈ കാര്യത്തില്‍ ഒരു ചര്‍ച്ച നല്ലതായിരിക്കുമെന്ന തോന്നല്‍. പത്തുവര്‍ഷമായി പ്രവാസത്തിന്റെ ഒറ്റപ്പെടല്‍ പങ്കിടുന്ന സഹധര്‍മ്മിണിയെ തന്നെ വിളിക്കാം. തിരിച്ചു ചെന്നാല്‍ അവളല്ലാത്തവര്‍ ഒക്കെ പ്രതിപക്ഷത്തയിരിക്കുമെന്നത് രണ്ടാം ഗള്‍ഫ് ഗുരുത്വാകര്‍ഷണ നിയമമാണ്. അനുഭവിച്ചു തീര്‍ത്ത സുഖങ്ങള്‍ക്ക് നേരെ എതിരും തത്തുല്യമായ നന്ദികേട് പ്രതീക്ഷിക്കാം.

വാച്ചിലേക്ക് നോക്കി. സമയം 6 മണി. സാധാരണ വിളിക്കാറുള്ള സമയം തന്നെ. കുട്ടികള്‍ ഉറങ്ങുന്നതിന് മുമ്പായി വിളിക്കാനാണ് ഈ സമയം തെരഞ്ഞടുത്തത്. ഇ സീരീസ് മൊബൈല്‍ വാങ്ങിയതിന് ശേഷം ഇന്റ്ര്‍നെറ്റ് വഴി ദീര്‍ഘനേരം വിളിക്കാറുണ്ട്.

‘അസ്സലാമു അലയ്ക്കും”

'വ അലൈക്കുമസ്സലാം വറഹ്മത്തുല്ലാ.... ഇപ്പോഴെങ്കിലും വിളിക്കാന്‍ തോന്നിയല്ലോ...'ഭാര്യയുടെ പരിഭവം.

'ഞാനതിന് രണ്ട് ദിവസം മുന്‍പല്ലേ വിളിച്ചത്....'

'നിങ്ങളുടെ അനുജന്‍ ദിവസവും വിളിക്കാറുണ്ടല്ല്ലോ...' ഓ..അപ്പോള്‍ അതാണ് കാര്യം.  പുതുതായി കല്യാണം കഴിച്ച അവന്റെ പുതുമണവാട്ടിയെപ്പോലെയാണോ നീ എന്ന് ചോദിച്ചില്ല. ഒരാഴ്ച്ചക്കുള്ള വകക്ക് അത് ധാരാളം മതിയാവും. ഏതായാലും ഞാന്‍ അവസരം പാഴാക്കില്ല.

‘എന്നാല്‍ കേട്ടോളൂ... ഞാനിനി നിന്നെ ഫോണ്‍ വിളിക്കുന്നേയില്ല... നിന്‍റെ  തൊട്ടടുത്ത് തന്നെയുണ്ടാവുമ്പോള്‍ വിളിക്കേണ്ടല്ലോ...

‘ഓ..ഈ ഇക്കയുടെ ഒരു തമാശ... ഈയിടെയായി ഭാവന അല്‍പ്പം കൂടിയിട്ടുണ്ട്’ എന്റെ സാഹിത്യാഭിരുചിയെ അവള്‍ ഇടക്കിട്ട് കുടയാറുള്ളതാണ്.

‘തമാശയൊന്നുമല്ല... ഇത് സീരിയസ്സാ.. ഞാന്‍ നാട്ടിലേക്ക് നിര്‍ത്തിപ്പോരുകയാ..’

‘....................................’

'നിന്‍റെ അഭിപ്രായം കൂടി അറിഞ്ഞ് നാളെ തന്നെ കമ്പനിയില്‍ പേപ്പര്‍ കൊടുക്കുവാന്‍ പോവണം... മടുത്തെടീ... ഇനി വയ്യാന്നൊരു തോന്നല്‍...’

‘അതിപ്പോ...’

'ഞാന്‍ മനസ്സാ തീരുമാനിച്ചു കഴിഞ്ഞു. നിന്‍റെയും കുട്ടികളുടെയും കൂടെ സ്വസ്ഥമായി ജീവിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി...’

‘അപ്പോള്‍ സത്യമായും നിര്‍ത്തിപോരാന്‍ തന്നെ തീരുമാനിച്ചോ?’ അവളുടെ ശബ്ദത്തില്‍ നേരിയ വിറയല്‍.

‘അതെ’

‘ഇവിടെ വന്ന് എന്ത് ചെയ്യാനാ പ്ലാന്‍ ? ഇവിടെ ഒരു പരിപാടിയും നടക്കില്ല. നാടന്‍ പണിക്കൊക്കെ നമ്മള്‍ പോവുന്നത് എനിക്കാലോചിക്കാനേ വയ്യ. ഗള്‍ഫിലെ പോലെയാണോ ഇവിടെ..നമ്മുടെ നിലയും വിലയുമൊക്കെ നോക്കണ്ടേ?'  ഗള്‍ഫില്‍ എന്ത് ജോലി ചെയ്താലും പ്രശനമില്ല. പണം കിട്ടിക്കൊണ്ടിരുന്നാല്‍ മതി.

‘എന്നാല്‍ സ്വന്തം ബിസിനസ്സ് വല്ലതും തുടങ്ങാം, എനിക്കിഷ്ടവും അങ്ങനെ വല്ലതുമാണ്’

‘ബിസിനസ്സ് തുടങ്ങാന്‍ നിങ്ങളുടെ അടുത്ത് കാശുണ്ടോ...?' എടുത്തടിച്ച പോലെ അവളുടെ ചോദ്യം. ഇവളെന്നാ ഇങ്ങനെയൊക്കെ സംസാരിക്കാന്‍ പഠിച്ചത്?

‘അതിപ്പോ...’

'ലക്ഷങ്ങളുണ്ടെങ്കിലേ അതൊക്കെ ചിന്തിക്കാനേ പറ്റൂ‍...നിങ്ങളുടെ കാര്യം എനിക്കറിയാലോ...ആതിനാല്‍ ഒന്നുകൂടി ചിന്തിച്ചിട്ടു മതി കമ്പനിയില്‍ പേപ്പര്‍ കൊടുക്കല്‍‘ ഞാന്‍ സ്തംഭിച്ചു നിന്നു പോയി...തന്നോടിതുവരെ മറുത്തൊരക്ഷരം പറയാത്ത എല്ലാ വേദനയും ഉള്ളിലൊതുക്കുന്നവള്‍ എന്ന് താന്‍ അഭിമാനിച്ഛവള്‍...താന്‍ ലീവ് കഴിഞ്ഞ് തിരിച്ചു പോന്നാല്‍ ദിവസങ്ങളോളം ഇരുന്നു കരയാറുള്ള എന്‍റെ  സ്വന്തം... അവളെ വിളിച്ചുരുന്നില്ലെങ്കില്‍ എന്നാഗ്രഹിച്ചു പോയി.


ഞാന്‍ വേഗം മക്കളുടെ അടുത്ത് ഫോണ്‍ കൊടുക്കുവാന്‍ പറഞ്ഞു. മക്കള്‍ രണ്ടുപേരും ഫോണിനും വേണ്ടി ശണ്ഠ കൂടുന്നത് കേള്‍ക്കാം. പതിവുപോലെ ഇളയവള്‍ തന്നെ വിജയിച്ചു.

“ഇപ്പച്ചി എന്നാ വരുന്നത്...' അവള്‍ക്കെപ്പോഴും അതറിഞ്ഞാല്‍ മതി. എന്നെ അത്രക്കിഷ്ടമാണവള്‍ക്ക്. അവളെ കണ്ടിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു.

“ഇപ്പച്ചി വരുന്നില്ല മോളേ..’ എന്ന് പറയാനാണ് തോന്നിയത്, അത് കേട്ട് അവള്‍ കരയാന്‍ തുടങ്ങി. അവസരം മുതലാക്കി അവളുടെ ഇക്കാക്ക ഫോണ്‍ തട്ടിയെടുത്തു...

‘ഇപ്പാ... നിങ്ങള്‍ വരുമ്പോള്‍ എനിക്ക് ഒരു ക്യാമറഫോണ്‍ കൊണ്ടുവരണം..’ മുട്ടയില്‍ നിന്ന് വിരിഞ്ഞില്ല, അപ്പോഴേക്കും ക്യാമറയുള്ള മൊബൈല്‍ തന്നെ വേണം അവന്. പിന്നീട് ആര്‍ക്കും കൈമാറാതെ അവന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു.


റൂമിലെ നിദ്രാനിയമം ലംഘിക്കാതെ നേരത്തെ തന്നെ കിടന്നെങ്കിലും ഉറക്കം തീരെ വന്നില്ല. ഭക്ഷണം കഴിക്കാതെ കിടന്നത് കൊണ്ടാവാം വയറ് കത്തിക്കാളുന്നു. അവളുടെ വാക്കുകള്‍ കാതുകളില്‍ വീണ്ടും വീണ്ടും മുഴങ്ങുന്നു. കൃത്യമായി സുബഹിന് മുമ്പ് എഴുന്നേല്‍ക്കാറുള്ള തന്നെ സുഹൃത്ത് മുനീര്‍ വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. സൌദിയില്‍ നാട്ടിലെ പോലെ  ജോലിക്ക് പോവാതിരിക്കാനാവില്ലല്ലോ.

അതിരാവിലെ പണി തുടങ്ങിയാല്‍ 10മണിയോടെ റൂമിലേക്ക് തിരിച്ച് വരാം. പിന്നീട് വൈകീട്ട് 4 മണിവരെ ഒഴിവുണ്ട്. രാത്രിയിലെ ക്ഷീണം കാരണം വന്ന പാടെ ഉറങ്ങി. സാധാരണ ഫോണ്‍ ഓഫാക്കിയാണ് ഉറങ്ങാറ്. ഇന്ന് അതും മറന്നു. ഫോണില്‍ സംഗീതത്തിന്റെ തേന്‍മഴ പെയ്യുന്നത് അര്‍ധബോധാവസ്ഥയില്‍ അറിഞ്ഞു. വീണ്ടും വീണ്ടും ഫോണടിച്ചു. ഉറക്കച്ചവടോടെ ഫോണെടുത്ത് നോക്കി.

ഓ..അവളാണ്...സാധാ‍രണ ഇങ്ങോട്ട് വിളിക്കാത്തതാണ്...വേഗം ഫോണെടുത്തു...

‘ഹലോ’

'എന്തേവിളിച്ചത്.. ഞാറുറങ്ങുന്ന സമയമാണ്'.

‘എനിക്കറിയാം ... സോറി...പക്ഷേ എനിക്ക് ഭയങ്കര വിഷമമായത് കൊണ്ട് വിളിച്ചതാ..’

‘ങേ..എന്ത് പറ്റി നിനക്ക്’

‘ഒന്നും പറ്റിയില്ല... ഇന്നലെ ഞാന്‍ ഇക്കയോട് പറഞ്ഞത് ഒട്ടും ശരിയായില്ല..ഞാന്‍ എന്‍റെ അവിവേകം കൊണ്ട് പറഞ്ഞതാണ്...മാപ്പക്കണം...’ഫോണിന്‍റെ അങ്ങേ തലക്കല്‍ തേങ്ങല്‍...

ഞാനൊന്നും മിണ്ടാതെ കിടന്നു.

'...അതിനാല്‍ ഇന്നു തന്നെ കമ്പനിയില്‍ പോയി പേപ്പര്‍ കൊടുക്കണം...നമുക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് കഴിയാം.. പാവം മോള് ഇന്നലെ കരഞ്ഞാ ഉറങ്ങിയത്...’

‘ഒ..അതാണോ കാര്യം... നീ ഇന്നലെ പറഞ്ഞതാ ശരി.. നാട്ടില്‍ വന്നാല്‍ നിന്നേയും കുട്ടികളേയും ഇപ്പോഴത്തെ പോലെ പോറ്റാനോ നമ്മുടെ നിലയും വിലയുമനുസരിച്ച് ജീവിക്കാനോ കഴിയില്ല.. നീ ബുദ്ധിമതിയാണ്... അതിനാല്‍ ഞാന്‍ തിരുമാനം മാറ്റി...’

'ഇക്കാ...എന്നെ ഇനിയും വേദനിപ്പിക്കല്ലേ..' അവള്‍ ശരിക്കും കരയാന്‍ തുടങ്ങി.

‘ഇല്ല മോളേ.. മക്കള്‍ വലുതായി വരുന്നു... പഠനത്തിന് ചെലവേറി വരികയാണ്. കുടുംബത്തെ നോക്കുന്നതിനിടയില്‍ സ്വന്തമായി ഒന്നുമുണ്ടാക്കാന്‍ പറ്റിയില്ല. നീ പറഞ്ഞപ്പോഴാ അതൊക്കെയോര്‍ത്തത്. അതിനാല്‍ ഈ യാത്രയുടെ അന്ത്യം ഇവിടെ തന്നെയാവട്ടെ...’

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു രണ്ടാമതൊരു  ഉറക്കത്തിന്നായി തിരിഞ്ഞു കീടന്നു.

24 comments:

 1. yes, this is the real life of all pravasies.

  ReplyDelete
 2. പ്രവാസിയെന്നും
  പ്രശ്നങ്ങളിലാ
  പ്രാന്തു പിടിക്കും
  പ്രാരാബ്ദങ്ങളിലും
  പ്രയാസങ്ങള്‍ തീര്‍ന്നു
  പ്രവാസം നിര്‍ത്തല്‍
  പ്രായോഗികമല്ല
  പ്രഷറും
  പ്രമേഹവും
  പ്രണയിക്കുമ്പോഴും
  പ്രതാപിയെപ്പോലെ
  പ്രത്യുപകാരിയാകുന്നവന്‍.
  പ്രതിസന്ധികള്‍
  പ്രഹേളികയായി
  പ്രഹരിച്ചു കൊണ്ടിരിക്കുമ്പോഴും
  പ്രസന്ന വദനനായി
  പ്രതികരിക്കുന്നവന്‍.
  പ്രതിമാസ വരുമാനത്തില്‍
  പതീക്ഷകള്‍
  പ്രദക്ഷിണം വെക്കുമ്പോള്‍
  പത്യക്ഷപ്പെടാത്ത
  പ്രതിനായകനെ പ്പോലെ
  പ്രതിരോധിക്കാന്‍ കഴിയാത്തവന്‍.
  പ്രിയരേ
  പ്രവാസമൊരു
  പ്രഹസ്ന്മാകാതിരിക്കട്ടെ;
  പ്രക്ഷുബ്ധവും!

  (this is a compliment to Aikarappadi for this 'Resurrection' )

  ReplyDelete
 3. ഉള്ളില്‍ തൊടുന്ന രചന.Congrats Saleem Sab.
  ശക്തമായ ഒരു രചനയിലൂടെ തിരിച്ചു വന്നതില്‍ സന്തോഷം. ഇനി തുടര്‍ച്ചയായി എഴുതുമല്ലോ.

  ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒരു പോസ്റ്റാണ് അക്ബര്‍ വാഴക്കാട് എഴുതിയ ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത് .

  ReplyDelete
 4. വളരെ നല്ല രചന ഗുഡ് ഈ ബ്ലോഗ്‌ ലോകത്തില്‍ വായ്ച്ചിരിക്കാന്‍ ഒരു എഴുത്തുകാരന്‍ കൂടി ഇനിയും പ്രതീക്ഷിക്കുന്നു...

  ReplyDelete
 5. പ്രവാസിക്ക് ഒരു കഥ ഉണ്ടോ ????????

  ReplyDelete
 6. MT Manaf ‘പ്ര’ കൊണ്ട് പ്രേടിപ്പിക്കുകയാണല്ലൊ.

  ഗൾഫ് മണ്ണിന്റെ കാന്തികശക്തിയിൽ നിന്നും ആർക്കും പെട്ടെന്ന് കാലുകൾ പറിച്ചെടുക്കാനാവില്ല.

  നല്ല പോസ്റ്റ്
  ആശംസകൾ!

  ReplyDelete
 7. ഈയടുത്ത് കുറെ കേട്ടതാണ് പ്രവാസ കഥകള്‍. എല്ലാം പറഞ്ഞത് ഒന്ന് തന്നെ.പക്ഷെ ഇത് വേറിട്ട്‌ നില്‍ക്കുന്നു. എന്ത് കൊണ്ടോ...... ഇഷ്ടമായി.

  ReplyDelete
 8. അത് തന്നെ ഇത് വേറിട്ട്‌ നില്‍ക്കുന്നു.നന്നായി.

  ReplyDelete
 9. പ്രവാസികളില്‍ ഒട്ടുമുക്കാല്‍ ആളുകളുടെയും അവസ്ഥ. സ്നേഹം വേണോ കാശ് ഉണ്ടാകണം. എവിടെയും കാശാണ് വില്ലന്‍. സ്വന്തം ഭാര്യമാര്‍ പോലും കാശ് ഇല്ലാത്ത ഭര്‍ത്താവിനെ സ്നേഹിക്കാന്‍ മടിക്കുന്നു എന്നാണല്ലോ ഇതില്‍ നിന്നും മനസ്സിലാകുന്നത്‌. ഇനിയും എഴുതുക. ഭാവുകങ്ങള്‍....

  ReplyDelete
 10. കഥയില്ലാ കഥ അല്ലെ

  ReplyDelete
 11. ആദ്യമായി കമന്റ്‌ എഴുതി ഈ വിനീതന് പ്രോത്സാഹനം തന്ന എല്ലാവര്ക്കും 'ശുക്രിയ'.
  Mohi: A special thanks for the first comment.
  MT Manaf: താങ്കളുടെ കവിത സാധാരണ ഗംഭീരമവാമാരുണ്ട്. പക്ഷെ ഇത് അതി ഗംഭീരം. കഥയോട് ചേര്ന്ന് നില്ക്കു ന്നു.
  ബഷീര്‍ Vallikkunnu: ഈ ഇമ്മിണി വലിയ ബ്ലോഗറുടെ പ്രോത്സാഹനം വളരെ ആവേശം നല്കുnന്നു. ഇനിയും എഴുതാട്ടോ...കമന്റാന്‍ മറക്കരുത്. ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത് വായിച്ചു. സത്യത്തില്‍ എഴുതിയാല്‍ തീരില്ല പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ എന്നതാണ് സത്യം.
  ആചാര്യന്‍: കൊട് കയ്യ്....കമ്മെന്റ് ഇഷ്ട്ടായി..
  Feni: ഫെനി, പ്രവാസിക്ക് പലതുമില്ല, സത്യം, കഥയില്ലാന്നു മാത്രം പറയരുത്.
  അലി: ധൈര്യമായിരിക്കൂ...കാണും പോലെയല്ല, മനാഫ് മാഷ് ക്ഷിപ്ര കവിയാ...വീണ്ടും വരിക..
  ആളവന്താiന്‍: സുഖിപ്പിച്ചു കലഞ്ഞുട്ടോ...thanks
  shajiqatar: shaji, വേറിട്ട അനുഭവം നല്കു.ന്ന സുഖം ഒന്ന് വേറയാ...
  Rasheed Pengattiri: എന്നാ നിങ്ങളുടെ ഒരു ബ്ലോഗ്‌ കാണുക..കാത്തിരിക്കുന്നു..
  ഒഴാക്കന്‍: താങ്കളുടെ പെണ്ണ് കെട്ടല്‍ കാര്യം നാം ഏറ്റിരിക്കുന്നു. കണ്ടിഷന്‍ പറയൂ.

  ReplyDelete
 12. ങ്ങള് തീരുമാനം മാറ്റി, മ്മള് കാഴ്ച്ചപാടും.. നന്നായിട്ടുണ്ട് :)

  ReplyDelete
 13. @ബെഞ്ചാലി, അപ്പൊ ഇങ്ങളും കൂടാന്‍ തന്നെ തീരുമാനിച്ചോ ? സന്തോഷം..!

  ReplyDelete
 14. സലിം. ഒരിക്കല്‍ അകപ്പെട്ടു പോയാല്‍ മോചനമില്ലാത്ത വിധം ഗളിഫിലെ പ്രവാസികള്‍ തുറന്ന ജയിലിലെ തടവുകാരായി ജീവിതം തീര്‍ക്കുന്നു.

  മനുഷ്യസഹജമായ എല്ലാ തൃഷ്ണകളും മാറ്റി വെച്ച് നിത്യച്ചിലവുകള്‍ പോലും പരമാവധി പരിമിതപ്പെടുത്തി മാസങ്ങളും വര്‍ഷങ്ങളും ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ വെട്ടിച്ചുരുങ്ങുന്നതറിയാതെ പ്രതീക്ഷയുടെ വസന്ത കാലത്തിലേക്ക് മിഴി നട്ടു ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നവരാണ്‌ ഗള്‍ഫിലെ ശരാശരി മലയാളികള്‍ . മഞ്ഞും വെയിലും മണല്‍ക്കാറ്റും അവനു തടസ്സങ്ങളാകുന്നില്ല. ഒഴുക്കില്‍ പെട്ടവന്‍റെ നിസ്സഹായതയോടെ പ്രവാസ ജീവിതത്തിന്‍റെ ദുര്ഗ്ഗമപഥം താണ്ടുന്ന മലയാളി ആവര്‍ത്തന വിരസമായ ദിനരാത്രങ്ങളുടെ യാന്ത്രികതയില്‍ അതിജീവനത്തിനുള്ള കരുത്തു തേടുകയാണ്. . പെരുന്നാള്‍, ക്രിസ്തുമസ്, ഓണം, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ പോലുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ജീവിതത്തിന്‍റെ നിറപ്പകിട്ടുകള്‍ അവനു എന്നും അന്യമാണ്. താന്‍ നഗ്നപാതനായി സ്കൂളില്‍ പോയിരുന്ന പഞ്ചായത്ത് റോഡുകള്‍ റബ്ബറൈസ്ട്‌ ഹൈവേകളായതും പുഴയ്ക്കു കുറുകെ പുത്തന്‍ പാലങ്ങള്‍ വന്നു ഗ്രാമം നഗരത്തിലേക്ക് വളര്‍ന്നതുമെല്ലാം . പ്രവാസിക്ക് ഹൃസ്സ്വമായ അവധി ദിനങ്ങളിലെ വിരുന്നു കാഴ്ചകള്‍ മാത്രമാണ്

  നല്ല പോസ്റ്റ്. ഹൃദയ സ്പര്‍ശിയായി എഴുതി.

  ReplyDelete
 15. @Akbar:
  അക്ബര്‍, വാഴക്കാട് നിന്ന് അയിക്കരപ്പടിയിലേക്ക് കുറഞ്ഞ ദൂരമേ ഉള്ളൂ...!
  താങ്കളുടെ ഹൃദയസ്പര്‍ക്കായ കമന്റിനു നന്ദി. ഞാന്‍ ബ്ലോഗ്‌ വല്ലപ്പോഴുമേ അപ്ഡേറ്റ് ചെയ്യാറുള്ളൂ. പക്ഷെ ബ്ലോഗ്‌ സുല്‍ത്താന്മാരായ താങ്കളുടെയും വള്ളിക്കുന്നിന്റെയും എല്ലാം കമന്റ് കണ്ടപ്പോള്‍ വല്ലാത്ത ആവേശം. താങ്കളുടെ ഹാസ്യാത്മക പോസ്റ്റുകള്‍ വായിച്ചാല്‍‍ ചാലിയാറിലെ മീന്‍ കൂട്ടിയ അനുഭവം ഉണ്ടാവാറുണ്ട്. കൂടുതല്‍ എഴുതുക, ആരെയും കാണിക്കാനല്ല, എല്ലാവരും അറിയാന്‍ മാത്രം. ഭാവുകങ്ങള്‍ക്ക് നന്ദി.

  ReplyDelete
 16. വീണ്ടും ഒരു പ്രവാസ കഥ! നന്നായി എഴുതി ,

  ഭാവുകങ്ങള്‍ !!

  ReplyDelete
 17. @ ഇസ്മായില്‍ കുറുമ്പടി ( തണല്‍) : പ്രവാസ കഥ എഴുതാന്‍ പ്രയാസം തോന്നാറില്ല. കാരണം കഥകള്‍ തൊട്ടടുത്തുണ്ട്, നമ്മിലുമുണ്ട്..!
  നന്ദി !

  ReplyDelete
 18. നല്ല കഥ സലിം, ഒരു പ്രവാസിയുടെ ഹൃദയതുടിപ്പാണിത്. ഇനിയും എഴുതണം. ഒരുപാടു പ്രവാസികള്‍ ഈ മരുഭൂമിയില്‍ ഇത് പോലെ തിരിച്ചു പോകാനാവാതെ നരകിക്കുന്നു. എന്നാണിതിനൊരു മോചനം? കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ട് വരുന്നവര്‍ക്ക് ജീവിതമെങ്കിലും കിട്ടുന്നുവേന്നാനെനിക്ക് തോന്നുന്നത്. എന്നാലും നാട്ടില്‍ ബാക്കിയുള്ളവരുടെ പരാതികള്‍ തീരില്ല.
  നല്ല കഥ സലിം, ഒരു പ്രവാസിയുടെ ഹൃദയതുടിപ്പാണിത്. ഇനിയും എഴുതണം. ഒരുപാടു പ്രവാസികള്‍ ഈ മരുഭൂമിയില്‍ ഇത് പോലെ തിരിച്ചു പോകാനാവാതെ നരകിക്കുന്നു. എന്നാണിതിനൊരു മോചനം? കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ട് വരുന്നവര്‍ക്ക് ജീവിതമെങ്കിലും കിട്ടുന്നുവേന്നാനെനിക്ക് തോന്നുന്നത്. എന്നാലും നാട്ടില്‍ ബാക്കിയുള്ളവരുടെ പരാതികള്‍ തീരില്ല.

  കമന്റടിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക.

  All the best.

  ReplyDelete
 19. @Abdurahman : വായിച്ചതിലും അഭിപ്രായത്തിലും സന്തോഷം.


  @നൌഷാദ: നൌഷാദ്, ഞാന്‍ നിന്റെ കമന്റ്‌ കാണാത്തതിനാല്‍ ഒരറ്റാക്കിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇപ്പോഴെങ്കിലും കമ്മന്റിയതില്‍ (അതും രണ്ടു തവണ!) സന്തോഷം. പ്രോത്സാഹനം വലിയൊരു ഊര്‍ജമാണ്. അത് തരാതിരിക്കരുത്. നന്ദി !

  ReplyDelete
 20. ഇക്കാ..താങ്കളെന്നെ വീണ്ടും അതിശയിപ്പിച്ചിരിക്കുന്നു...
  എന്നെ താങ്കള്‍ക്കു വല്ല മുന്‍പരിചയവുമുണ്ടോ...?

  ReplyDelete
 21. @റിയാസ് (മിഴിനീര്‍ത്തുള്ളി):എന്‍റെ ഒരുറ്റ സുഹൃത്തും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. ആ വിഷമത്തില്‍ എഴുതിയതാ..അതാ ഇത്തിരി വൈകാരികമായി പോയത്..കരയണ്ട..ഞങ്ങളൊക്കെ കൂടെ ഇല്ലേ റിയാസേ..

  ReplyDelete
 22. ഹൃദയ സ്പര്‍ശിയായ മറ്റൊരു പ്രവാസ കഥ !
  കൊള്ളാം !!

  ReplyDelete
 23. ഉറഞ്ഞും ഉരുകിയും ഗൾഫുകാരന്റെ ചഞ്ചല മനസ്സ്. ധർമ്മസങ്കടങ്ങളുടെ കടലായ് ഇരമ്പുന്ന അവന്റെ ഉള്ളം. വാടിയും വിടർന്നും നാട്ടിലേയും ഗൾഫ്നാട്ടിലേയും ഋതുഭേദങ്ങളിലൂടെ അവന്റെ ശുഷ്ക്കജീവിതത്തിന്റെ കഥ ഉള്ളിൽ തട്ടുന്ന വിധത്തിൽ താങ്കൾ കുറിച്ചിട്ടിരിക്കുന്നു.

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!