Thursday, August 12, 2010

ഒരു ഫോണ്‍ കല്യാണം

ഞാന്‍ അതിരാവിലെ തന്നെ എണീറ്റു കുളിച്ചു 'കുട്ടപ്പനായി' ഉള്ളതിലേറ്റവും നല്ല ഡ്രസ്സ്‌ തന്നെ എടുത്തു  ധരിച്ചു ഒരുങ്ങി നിന്നു...രാവിലെ ഏഴു മണി വരെ ഉറങ്ങാറാണ് പതിവ്...പക്ഷെ ഇന്നത്‌ പറ്റില്ലല്ലോ. ഭാര്യയും കുട്ടികളും ഇതൊക്കെ കണ്ട് ഊറിച്ചിരിച്ചു.

സുര്യരശ്മികള്‍ റൂമിലേക്ക്‌ എത്തിനോക്കിയിട്ടില്ല. ഞാന്‍ ഫോണ്‍ എടുത്തു നമ്പര്‍ കറക്കി.
"ഉമ്മാ...കല്യാണമൊക്കെ എവിടെയെത്തി ... ?"

"എന്‍റെ മോനെ, നീയാണോ... പടച്ചോന്‍റെ കൃപ കൊണ്ട് എല്ലാം കുഴപ്പമില്ലാതെ പോവുന്നു. ഇന്നലെ രാത്രിയില്‍ തന്നെ ഒരു കല്യാണത്തിനുള്ള ആളുണ്ടായിരുന്നു...നിന്‍റെ ഭാര്യവീട്ടുകാരും കൂട്ടും കുടുംബവും ഓന്‍റെ സ്നേഹിതന്മാരും ഒക്കെ ആയി പത്തിരുനൂറു പേര്‍. നമ്മളും മോശാക്കീലട്ടോ.. മീന്‍ ബിര്യാണി ബെച്ച് സല്‍ക്കരിച്ചു.. ഇപ്പോ കൂടുതല്‍ ആരും ഇല്ല. നീ ഇല്ലാത്ത സങ്കടം മാത്രം ഉമ്മക്ക്.... " ഉമ്മ നിര്‍ത്താന്‍ ഭാവമില്ല.

"ഓക്കേ ഉമ്മാ, ഞാന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു വിളിക്കാം".

ഓഫീസില്‍ എട്ടു മണിക്ക് എത്തി സീറ്റില്‍ ഇരുന്നു വീണ്ടും ഫോണ്‍ ചെയ്തു. ഫോണ്‍ എടുത്തയാള്‍ മറ്റൊരാള്‍ക്ക് കൈമാറി. അയാള്‍ വേറൊരാള്‍ക്ക്. ആര്‍ക്കു വിളിച്ചാലും കല്യാണ വീട്ടിലേക്ക് വിളിക്കരുതെന്നു ഒരു ചൊല്ല് കണ്ടുപിടിച്ചാലോന്നു ചിന്തിച്ചു പോയി....സ്വന്തം വീടാണെങ്കിലും കല്യാണ വീട്ടില്‍ ഭരണം നാട്ടുകാര്‍ക്കായിരിക്കും. കല്യാണം കഴിയുമ്പോഴേക്കും ഏത് പുതിയ വീടും കഴിയുന്നത്ര നശിപ്പിച്ചു കയ്യില്‍ തരും.  ഇതിനു പ്രതിവിധിയായാണ് പലരും കല്യാണമണ്ഡപം തേടി പോവുന്നത്. കുട്ടിപ്പടയുടെയും കാക്കകളുടെയും പാത്രങ്ങള്‍ തട്ടി മുട്ടുന്നതിന്റെയും ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാന്‍ നല്ല രസം..ഞാന്‍ കഴിയാവുന്നത്ര ഉച്ചത്തില്‍ സംസാരിച്ചു..

"ഹലോ....ഇത് ഞാന്‍ ഗള്‍ഫീന്നാ.."
"ഇക്കാക്കയാണോ...ഇത് ഞാനാ....എന്തെ വിളിച്ചത്?" പ്രതിശുത വരനാണ് ഫോണില്‍.
"ഒന്നുമില്ല, കല്യാണം എവിടെ വരെ എത്തി എന്നറിയാന്‍ വിളിച്ചതാ.."
"കല്യാണം തുടങ്ങിയിട്ടില്ല..സ്വന്തക്കാര്‍ എത്തിത്തുടങ്ങി...കോഴി ബിരിയാണി റെഡിയായി വരുന്നു..സ്ത്രീകളുടെ ഭാഗത്തെ നിയന്ത്രണം വല്യമ്മായി ഏറ്റെടുത്തു കഴിഞ്ഞു...കാരണവന്മാര്‍ എല്ലാവരും നേരെത്തെ എത്തി പത്രം വായിച്ചു വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുന്നു. ഞാന്‍ കുളിച്ചു റെഡിയായി അതിഥികളെ സ്വീകരിക്കാന്‍ തയ്യാര്‍ ആയി നില്‍ക്കുന്നു...ബാപ്പ വീടിന്‍റെ ഗേറ്റില്‍ തന്നെ അതിഥികളെ കാത്തു നില്‍ക്കുന്നു....അങ്ങനെയങ്ങനെ എല്ലാം ഭംഗിയായി നടക്കുന്നു.... പക്ഷെ നീയും താത്തയും കുട്ടികളും ഇല്ലാഞ്ഞിട്ടു ഒരു രസവുമില്ല..ഉമ്മ ഭയങ്കര സങ്കടത്തിലാ.. എല്ലാവരോടും നീയില്ലാത്ത കാര്യം പറയുന്നുണ്ട്..നീ ഇവിടെ ഉള്ളതിലേറെ വിലയും നിലയും നീ ഇവിടെ ഇല്ലാത്തപ്പോളുണ്ട്..വരുന്നോരോക്കെ നിന്നെ ചോദിക്കുന്നു..നീയാണ് ഞാന്‍ കഴിഞ്ഞാന്‍ ഇവിടെ  ഇന്നത്തെ ഹീറോ...ഹാ ഹാ ഹാ.."

അവന്‍ എന്നെ സുഖിപ്പിക്കുകയാണെന്നു മനസ്സിലായി... നടക്കട്ടെ...

"നിന്‍റെ വിവരണം കേട്ടിട്ട് വല്ലാത്തൊരിത് ..കുട്ടികള്‍ എല്ലാം വലിയ വിഷമത്തിലാ..നീ അവരെ കൂടാതെ കല്യാണം കഴിച്ചെതെന്തിനാന്നാ മോള്‍ ചോദിക്കുന്നത്..അവര്‍ സ്കൂളിലായിരിക്കും ഇപ്പോള്‍...വൈകീട്ട് പുതിയ മേമ്മയെ വിളിക്കാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു നിര്‍ത്തിയിരിക്കയാണ്....പിന്നെ, എന്ത് പ്രയാസത്തിനും വിളിക്കാന്‍ മടിക്കേണ്ട.."
"അതെനിക്കറിയാലോ..മഹര്‍ മുതല്‍ കല്യാണ ചെലവിനു  വരെ നീയല്ലേ അയച്ചു തന്നത്..നീ കല്യാണത്തിനു  പോരാത്തതിന്റെ ഒരു കാരണം അത് തന്നെയെല്ലേ.."
"അതൊക്കെ പോട്ടെ, മറ്റു വല്ലതിനും കുറവുണ്ടോ..ഒന്നുമുണ്ടാവരുത്..വീട്ടിലെ അവസാനത്തെ കല്യാണമാ..മറക്കണ്ട"
"നീയും കുട്ടികളും ഇല്ലാത്ത ഒരു കുറവ് മാത്രം..ബാക്കി കുറവുള്ളതെല്ലാം നീ തീര്‍ത്തല്ലോ..."
അതിനിടയില്‍ അവനെ ആരോ വിളിക്കുന്നു. ബാപ്പയായിരിക്കും; അവന്‍ ഫോണ്‍ കട്ടാക്കി അങ്ങോട്ടോടി....
നാട്ടിലെ പതിനൊന്നിനു മണി.
ഇപ്രാവശ്യം ഫോണ്‍ എടുത്തത് കെട്ടിച്ചു വിട്ട പെങ്ങളാണ്. സ്ത്രീകള്‍ കാക്കകള്‍ കരയുന്ന പോലെ ശബ്ദ മലിനീകരണം തുടങ്ങിയത് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നുണ്ട്. പെണ്‍പടയുടെ നിയന്ത്രണത്തിലാണിപ്പോള്‍ ഫോണ്‍ സ്ഥാപിച്ച സ്ഥലം. അവള്‍ പറയുന്നതൊന്നും ശരിക്ക് കേള്‍ക്കുന്നില്ല. ഇക്കാക്കയില്ലാത്ത നൊമ്പരം അവളും സന്തോഷത്തോടെ പങ്കുവെച്ചു. ഒന്നു രണ്ടു മിനിറ്റ് വിശേഷങ്ങള്‍ തിരക്കി അവള്‍ നേരെ അവളുടെ അമ്മായിമ്മക്ക് കൊടുത്തു...അമ്മായി അനുശോചനം രേഖപ്പെടുത്തി ആള്‍ക്കൂട്ടത്തില്‍ നിന്നും സമര്‍ത്ഥമായി എന്‍റെ അമ്മായിയമ്മക്ക് പാസ് ചെയ്തു... ശേഷം മൂത്തമ്മ, എളാമ്മ തുടങ്ങി അയല്‍വാസികള്‍ വരെ ഫോണില്‍ സംസാരിച്ചു. എന്‍റെ ചെവിട് വേദനിച്ചിട്ടും അവര്‍ നിര്‍ത്താതെ ഞാന്‍ കുഴങ്ങി. സഹതാപ തരംഗത്തിന്‍റെ മഹാ പ്രവാഹത്തില്‍ പെട്ട് ഞാന്‍ ശ്വാസം മുട്ടി. ഞാനിപ്പോള്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഈ സഹതാപ തരംഗത്തില്‍ രക്ഷപ്പെട്ടേക്കും എന്ന് തോന്നിപ്പോയി....ആണുങ്ങളെ ആരെയും കിട്ടാത്തതിനാല്‍ ഒരു സമഗ്ര വിവരണം ലഭിക്കാതെ ഞാന്‍ ഫോണ്‍ വെച്ചു.


വീണ്ടും‍ ജോലിയില്‍ മുഴുകിയെങ്കിലും മനസ്സ് നിറയെ വീടും കല്യാണവും അതിന്‍റെ ആരവങ്ങളും ഒക്കെ ആയിരുന്നു.

നാട്ടില്‍ ഒരു മണി.
കല്യാണം അതിന്‍റെ മൂര്ധന്യാവസ്ഥയും രൌദ്രഭാവവും  പ്രാപിക്കുന്ന സമയം. എല്ലാ വഴികളും വീട്ടിലേക്ക്. കല്യാണത്തിന്‍റെ തിക്കും തിരക്കും ഈ സമയം താനും അനുഭവിച്ചതാണല്ലോ.. ഒന്ന് വിളിച്ചു നോക്കാം...നല്ല രസമായിരിക്കും.... ഇതൊന്നും അനുഭവിക്കാനുള്ള യോഗമില്ലാതെ പോയല്ലോ..കേട്ടെങ്കിലും ആനന്ദം കൊള്ളാലോ..


ട്രീം.. ട്രീം.. ട്രീം..
ഫോണ്‍ ആരും എടുക്കുന്നില്ല...അല്ലെങ്കിലും മനസ്സിന് സുഖം നല്‍കുന്ന കാര്യങ്ങളൊന്നും ഗള്‍ഫുകാര്‍ സമയത്തിനു അറിയാറില്ലല്ലോ. എന്‍റെ മനസ്സില്‍ പ്രവാസ വര്‍ഗബോധം തലപൊക്കി. പണം മാത്രമാണോ ഗള്‍ഫുകാരെ പിറന്ന നാടുമായി കൂട്ടിയിണക്കുന്ന ഘടകം?...ഇങ്ങോട്ടുള്ള ബന്‍ധം   സ്നേഹമോ ആര്‍ത്തിയോ അതോ രണ്ടും കൂടിയ സ്നേഹാര്‍ത്തിയോ .... ആര്‍ക്കറിയാം.. ഒരു പക്ഷെ ഇപ്പോള്‍ അവിടെ പുതിയാപ്പിള   ഇറങ്ങുന്ന മുഹൂര്‍ത്തമായിരിക്കും. പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്ന് ചിന്തിച്ചു വീണ്ടും ശ്രമിക്കാതെ ഫോണ്‍ താഴെ വെച്ചു ഞാന്‍  എന്‍റെ മനോരാജ്യത്തില്‍ മുഴുകി.....ഞാന്‍ അവനെയും വീടിനെയും ഭാവനയില്‍ കാണാന്‍ ശ്രമിച്ചു. വിലപിടിച്ച എല്ലാം ലഭിക്കുന്ന ഒരു റോബോട്ട് യന്ത്രമാണോ താന്‍...
ച്ചേ! . താന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത്...ഞാന്‍ മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു..

ഓഫീസ് വിട്ടു ഉച്ച ഭക്ഷണത്തിനു ചെന്നപ്പോള്‍ ഭാര്യ കല്യാണ വിവരങ്ങള്‍ അന്വേഷിച്ചു. കുട്ടികള്‍ സ്കൂള്‍ കഴിഞ്ഞു എത്തിയിട്ടില്ല. അവര്‍ കല്യാണം പ്രമാണിച്ച് സ്കൂളില്‍ പോകാതിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഭാര്യ നിര്‍ബന്‍ധിച്ചു പറഞ്ഞു വിട്ടതാണ്. അതൊന്നുമല്ല  സങ്കടം ..നാട്ടില്‍ ഞാനയച്ച പണം കൊണ്ട് ഒന്നാന്തരം സദ്യയും ആഘോഷവും പൊടിപൊടിക്കുമ്പോള്‍ ഇവിടെ എനിക്ക് നാടന്‍ ചോറും ഉരുളക്കിഴങ്ങ് കറിയും....ഇവള്‍ക്ക് ഒരു വിശേഷ ദിവസമായിട്ടു വല്ല സ്പഷലും ഉണ്ടാക്കി കൂടായിരുന്നോ... മനസ്സിലെ വിഷമം ഭാര്യയോടു പറഞ്ഞില്ല..വെറുതെ നല്ലൊരു ദിവസം ഞാനായിട്ട് കൊളമാക്കണ്ടല്ലോ ..

പിന്നെ വീട്ടിലേക്കു വിളിച്ചത് രാത്രി ഒന്‍പതു മണിക്ക്..

എല്ലാവരും ഭക്ഷണം കഴിച്ചു എന്‍റെ ഫോണ്‍ വിളി കാത്തിരിക്കുകയാണ്. ബാപ്പ കല്യാണത്തിന്‍റെ പൊലിമയും ഭക്ഷണത്തിന്റെ രുചിയും പറഞ്ഞു അഭിമാന പുളകിതനായി. ഉമ്മയുടെ അഭിപ്രായത്തില്‍ ഒരു ആയിരം പെണ്ണുങ്ങളെങ്കിലും വന്നിരിക്കും. തെറ്റി നിന്നിരുന്നവര് പോലും എത്തിയത്രേ.. പെങ്ങളും കുട്ടികളും അവിടെയുണ്ട്. പുതുമണവാട്ടിയും  ഞങ്ങളുടെ വിളി കാത്തിരിക്കുന്നു. എന്നെയും കുടുംബത്തെയും കുറിച്ചു നല്ലൊരു പരിജ്ഞാനം ഇതിനകം അവളും നേടിയിട്ടുണ്ട്. ഭാര്യ പുതിയ ഇളയച്ചിയോടും മക്കള്‍ അവരുടെ പുതിയ മേമ്മയോടും സംസാരിച്ചു. എല്ലാവരും സന്തോഷം പങ്കു വെച്ചു വീണ്ടും നാളെ വിളിക്കാം എന്ന കണ്ടീഷനില്‍ പിരിഞ്ഞു. ഫോട്ടോകള്‍ കമ്പ്യൂട്ടറിലൂടെ അയക്കാമെന്ന് പെങ്ങളുടെ മകനും ഏറ്റു.

ഞാന്‍ വാച്ചിലേക്ക് നോക്കി..സമയം രാത്രി പതിനൊന്നു മണി.
ഉറക്കം വരുന്നു..രാവിലെ മുതല്‍ ഫോണ്‍ വിളിയും കല്യാണത്തിന്‍റെ ടെന്‍ഷനും ജോലിയും ഒക്കെയായി ഓടി നടന്നത് കൊണ്ടാവാം വല്ലാത്ത ക്ഷീണം...ഉച്ചക്ക് വെച്ച ബാക്കി കറിയും കൂട്ടി ഒരു കുബ്ബൂസ് അടിച്ച്  അന്നത്തെ ദിവസത്തെ  നേരത്തെ പിരിച്ചു വിട്ട്   ഞാന്‍  കിടന്നുറങ്ങി.

ഉറക്കത്തില്‍ ഞാന്‍ നാട്ടില്‍ പോയി അനിയന്‍റെ കല്യാണം നടത്തി ടിക്കറ്റ്‌ ഇല്ലാതെ തിരിച്ചു പോന്നു. ആ സ്വപ്നാനുഭുതിയില്‍ രാത്രിയുടെ ബാക്കി ഭാഗം കഴിച്ചു കൂട്ടി. ഞാന്‍ സമാധാനിച്ചു..ഇതിലപ്പുറം  ഒരു പ്രവാസിക്ക് എന്താണ് പ്രതീക്ഷിക്കാന്‍ അവകാശം..?

16 comments:

 1. "നീ ഇവിടെ ഉള്ളതിലേറെ വിലയും നിലയും നീ ഇവിടെ ഇല്ലാത്തപ്പോളുണ്ട്.." ഇതാണ് ഗള്‍ഫുകാരന്റെ വില !

  ReplyDelete
 2. അതോണ്ടാണോ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞത്?? ന്നാലും ഓരൊ കൂടലും കുറയലുമെല്ലാം ഗൾഫ് കാരന് കിനാവാണ്. ദുഖത്തിലും സന്തോഷത്തിലും ഒറ്റപെടുന്നവർ…!

  ReplyDelete
 3. ഗള്‍ഫുകാരന്റെ ഒരു നഖചിത്രം. ഗള്‍ഫുകാരന്‍ അയക്കുന്ന പണത്തിന്റെ മൂല്യം കണക്കാക്കാന്‍ നാട്ടിലുള്ളവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. അതുകൊണ്ട് തന്നെ നാം അയക്കുന്ന പണം എങ്ങിനെ എത്രകണ്ട് ഏതു രീതിയിലെല്ലാം ചിലവഴിക്കണം എന്ന് കൂടി നാം അവരെ ഉപധേഷിക്കെണ്ടാതുന്ദ്. എങ്കില്‍ നാം നിരാശപ്പെടേണ്ടി വരില്ല. നമ്മുടെ കാശ് ആര് ദുരുപയോഗം ചെയ്താലും നാം അതിനു റബ്ബിനോട് സമാദാനം പറയേണ്ടതുണ്ട്.

  ReplyDelete
 4. ഫോണ്‍ കല്യാണം ഉഗ്രന്‍. അവിടെ കോഴിബിരിയാണി ഇവിടെ ഉരുളക്കിഴങ്ങ് കറി, അവിടെ ആഘോഷം ഇവിടെ ഫോണ്‍ വിളി. ഹ ഹ ഹ
  ഓരോരുത്തര്‍ക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്. അതനുഭവിക്കുക. ഗള്‍ഫുകാരന് ഇത്രേ പറഞ്ഞിട്ടുള്ളൂ. ഉള്ള കാശ് അങ്ങോട്ട്‌ അയക്കുക എന്നിട്ട് മാനം നോക്കി ഇരിക്കുക. പല കാരണങ്ങള്‍ കൊണ്ടും പല പ്രധാന ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ പറ്റാറില്ല.

  സ്വന്തം മകളുടെ കല്യാണത്തിനു പങ്കെടുക്കാനാവാതെ ഒരാള്‍ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. പോകാമായിരുന്നില്ലേ ?. അപ്പോള്‍ അദ്ദേഹം പറഞ്ഞത് "ടിക്കറ്റ് എടുക്കാനും യാത്രക്കുമുള്ള കാശുംകൂടെ കൂട്ടിയാണ് ഞാന്‍ കല്യാണത്തിനുള്ള ചെലവ് ഒപ്പിച്ചത്" എന്ന്. ഇങ്ങിനെ എത്ര എത്ര കഥകള്‍.

  ReplyDelete
 5. @ Akbar
  അവിടെ കോഴിബിരിയാണി ഇവിടെ ഉരുളക്കിഴങ്ങ് കറി
  കോഴിബിരിയാണി, ഉരുളക്കിഴങ്ങ് കറി
  (പാല് കാച്ചല്‍, ആശുപത്രി..)
  ഇത് വെച്ച് ഒരു തിരക്കഥ തട്ടിക്കൂട്ടിയാലോ..

  @ Saleem EP ജോറായിട്ടുണ്ട്. ഇനിയും ഇതുപോലെ നിരവധി കല്യാണങ്ങള്‍ നടത്തിക്കൊടുക്കാന്‍ ആവതുണ്ടാകട്ടെ.

  ReplyDelete
 6. എന്റെ അനുജന്‍റെ കല്യാണത്തിനു വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
  @ Akbar :".... ഗള്‍ഫുകാരന് ഇത്രേ പറഞ്ഞിട്ടുള്ളൂ...." അതാണ്‌ ശരി. അതില്‍ വിശ്വസിച്ചു ആശ്വസിക്കാം.. നന്ദി..
  @Rasheed പെങ്ങട്ടിരി : നല്ല കഥ..!
  നമ്മളയക്കുന്ന പൈസ എങ്ങനെ ഉപയോഗിക്കണം എന്ന് കൂടി ഉപദേശിച്ചാല്‍ തീര്‍ന്നു കോയാ.....വെറുതെ ഉള്ള 'വില' കൂടി കളയണ്ട..
  @ബെഞ്ചാലി : "ദുഖത്തിലും സന്തോഷത്തിലും ഒറ്റപെടുന്നവന്‍ …! ".....മനസ്സില്‍ കൊണ്ടു...സത്യം!
  @ബഷീര്‍ Vallikkunnu : ബഷീര്‍ സാബ്‌, ഇനിയും ഒരുപാടു ഉരുളന്‍ കിഴങ്ങ് കറി കൂട്ടാന്‍ നമുക്കെല്ലാം ആവതുണ്ടാവട്ടെ എന്ന് പറ !
  പിന്നേയ് പുതിയ തിരക്കഥ ഒക്കെ കൊള്ളാം...ഉരുളന്‍ കിഴങ്ങിന്റെ പേറ്റന്‍റ്റ് എനിക്കാണെന്നു രണ്ടാളും ഓര്‍ക്കുന്നത് നന്ന്.. !

  ReplyDelete
 7. Kollam.. kollam. vayichiriakkanum.. allenkil theerunnathu vare vayikkanum oru puthumayundu.. ishatappettu.

  ReplyDelete
 8. പ്രതീക്ഷിക്കാന്‍ അവകാശം..?

  ReplyDelete
 9. ഇക്കാക്കയില്ലാത്ത നൊമ്പരം അവളും സന്തോഷത്തോടെ പങ്കുവെച്ചു.........
  നന്നായിരിക്കുന്നു.

  ReplyDelete
 10. kollam feel kitti .nanayirikkunnu

  ReplyDelete
 11. @Anonymous : പേരില്ലാത്തവര്‍ക്കു പേരിനല്ലാത്തൊരു നന്ദി !
  @MyDreams/@hainal/@pournami : മൂന്നു ബ്ലോഗര്‍മാര്‍ക്കും നന്ദി; വന്നതിനും കമന്റിയതിനും !

  ReplyDelete
 12. Saleem, very nice . keep it up.

  Anvar Khasim

  ReplyDelete
 13. @Anwar Khassim : Thanks for your comments. Pls visit again !

  ReplyDelete
 14. ഞാനും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്...
  പല ഭാഗങ്ങളിലും ഞാനാണോ ഈ കഥയിലെ കഥാപാത്രം എന്നു
  തോന്നിപ്പോയി...നല്ല അവതരണം

  ReplyDelete
 15. @ റിയാസ് (മിഴിനീര്‍ത്തുള്ളി): റിയാസിനും കല്യാണത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലല്ലേ..അടുത്തതിനു നോക്കാം...

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!