Tuesday, August 17, 2010

നേരമ്പോക്ക്

കുട്ടികള്‍ പലപ്പോഴും പറയുന്ന കാര്യങ്ങള്‍ നമുക്ക് ചിന്തിക്കാനും ചിരിക്കാനും  വേണ്ടതിലും  അധികം  വക നല്‍കുന്നതാണ്...അതിനാല്‍ ഇക്കാലത്തെ കുട്ടികളോട് സൂക്ഷിച്ചു സംസാരിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്.... ഈയിടെ കണ്ടതും കേട്ടതുമായ അത്തരം ചില അനുഭവങ്ങള്‍ പങ്കു വെക്കട്ടെ.....
പിന്നേയ്...നേരമ്പോക്കായി കണ്ടാല്‍ മതി !


മറവി:  
നാട്ടില്‍ നിന്നും കൊടുത്ത്  വിട്ട  സാധനങ്ങള്‍ പരിശോധിക്കുകയായിരുന്നു ഞാന്‍... എന്റെയടുത്ത് എല്ലാം സകൂതം നോക്കിനില്‍ക്കുന്ന ആറ് വയസ്സുകാരി മകളുടെ കണ്ണില്‍ രണ്ടു പൊതി ഗുളികകള്‍ പെട്ടു.

"ഇപ്പച്ചീ, ഇതെന്തു ഗുളികയാ ?"

"ഇത് ഓര്‍മശക്തിയും ബുദ്ധിയും കൂടാനുള്ള ഗുളികയാ മോളെ, നിനക്കൊന്ന് തരട്ടെയോ ?"

"അതിനു എനിക്ക് ഓര്‍മക്കുറവില്ലല്ലോ ..നല്ല ബുദ്ധിയുമുണ്ട്..പക്ഷെ നമ്മുടെ അടുത്തുള്ള കടയിലെ ആ കാക്കയ്ക്ക് ഒന്ന്  കൊടുക്കണം. അയാള്‍ക്ക് ഭയങ്കര മറതിയാ ഇപ്പച്ചീ.... "

"അതെന്താ മോളെ അങ്ങനെ പറഞ്ഞത്..അയാള്‍ പുതിയ ആളല്ലേ...നിനെക്കെങ്ങനെ അറിയാം.... ?"


"അയാള്‍ മിനിയാന്ന് രാത്രി നമ്മുടെ വീട്ടില്‍ വന്നപ്പം എന്‍റെ പേര് ചോദിച്ചതാ. ഇന്ന് രാവിലെ അയാളുടെ കടയില്‍ നമ്മള്‍ പോയപ്പോഴും അയാള്‍ എന്‍റെ പേര് ചോദിച്ചു. ഒരു ഗുളിക അയാള്‍ക്ക് കൊടുക്കണം. ഇല്ലെങ്കില്‍ അയാളിനിയും എന്‍റെ പേര് ചോദിക്കും..പേര് പറഞ്ഞു ഞാന്‍ ഇപ്പൊ തന്നെ മടുത്തു, അത് കൊണ്ടാ ....പ്ലീസ്"

വികൃതി:

"മോളെ, നീ നല്ല കുട്ടിയാവണം..ഇത്ര വികൃതി പാടില്ല..."

"അപ്പൊ ഇപ്പച്ചി കുട്ടിയായപ്പോള്‍ വികൃതിയൊന്നും കാണിച്ചിട്ടില്ലേ.. ?"


"ഞാന്‍ ഇത്ര വികൃതിയൊന്നും കാണിച്ചിട്ടില്ലല്ലോ..."

"കള്ളം..നിങ്ങള്‍ കുട്ടിയായപ്പോള്‍ മാത്രമല്ല വലുതായപ്പോഴും നല്ല വികൃതി കാണിച്ചിരുന്നു അല്ലെ..?" അവള്‍ വിടാനുള്ള ഭാവമില്ല..


"ഇത്രയൊന്നും കാണിച്ചിരുന്നില്ല.." ഞാന്‍ കുതറി നോക്കി.


"പക്ഷെ, വലിയുമ്മ നാട്ടില്‍ പോയപ്പോള്‍ എന്നോട് സ്വകാര്യം പറഞ്ഞതാ......നിന്‍റെ ബാപ്പാനെ കൊണ്ട് പൊറുതി മുട്ടീട്ടാ അവനെ ഗള്‍ഫീക്ക് കേറ്റി വിട്ടതെന്ന്..അത്ര വികൃതി ഞാന്‍ കാണിക്കുന്നുണ്ടോ ഇപ്പച്ചീ..ഉണ്ടെങ്കില്‍ എന്നെ നാട്ടിലേക്കു കയറ്റി വിടൂ..പ്ലീസ്..?"
(അവള്‍ക്കിഷ്ടം നാടാണ്‌).

ഒരുപകാരം:
മിടുക്കനായ ഒന്നാം  ക്ലാസ്സുകാരന്‍  ടീച്ചറോട്‌.

"ടീച്ചറെ, ടീച്ചറെ ..."
"എന്താണ് മുഹമദ് ..."
"ടീച്ചര്‍ ദയവായി ഒരുപകാരം  ചെയ്തു  തരണം.. "
"നിനക്കെന്ത്  ഉപകാരമാണ്  വേണ്ടത് ...ആദ്യം  അത്  പറയൂ "
"ടീച്ചറിന്‍റെ  കുട്ടിയുണ്ടല്ലോ ...ടീച്ചര്‍  ക്ലാസ്സിലേക്ക്  വരുമ്പോള്‍  കൊണ്ട്  വരുന്നവന്‍..."
"അതല്ല ചോദിച്ചത്...നിനക്കെന്തു  ഉപകാരമാണ്  വേണ്ടതെന്നു  പറയൂ .."
"അതാണ്‌  ഞാന്‍  പറയുന്നത് ...ടീച്ചര്‍  ദയവു  ചെയ്തു  ഒരുപകാരം  ചെയ്യണം ...അവനെ  ക്ലാസ്സിലേക്ക്  കൊണ്ട്  വരരുത്...അവന്‍ എന്നെ  പഠിക്കാന്‍  സമ്മതിക്കുന്നില്ല..."

പഠിപ്പ്:
മടിച്ചിയായ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയായ മകള്‍ ഒന്നാം ദിവസം സ്കൂള്‍ വിട്ട് വീട്ടിലെത്തി..മുഖത്തു സന്തോഷമൊന്നുമില്ല.. അതിനാല്‍ ഉമ്മ അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചോദിച്ചു.
"മോളൂ..നീയെന്തൊക്കെ പഠിച്ചു ഇന്ന് ?"
"ഉമ്മാ..ഇന്ന് തന്നെ എല്ലാം പഠിച്ചു...ഇനിയൊന്നും പഠിക്കാനില്ല... അതിനാല്‍ ഞാന്‍ നാളെ സ്കൂളില്‍ പോവുന്നില്ല...ഇനി സ്കൂള്‍ പൂട്ടുന്നതിന്റെ തലേന്ന് പോയാല്‍ മതി.."

കാരണം:
ഗള്‍ഫിലേക്ക് യാത്ര തിരിക്കാന്‍ നില്‍ക്കുന്ന എട്ട് വയസ്സുകാരിയോടു സങ്കടത്തോടെ വലിയുമ്മ ചോദിച്ചു.
"ചക്കരേ..എന്തിനാ ഗള്‍ഫീ പോകുന്നത്..ഉമ്മക്ക് നിന്നെ എപ്പോഴും കാണാന്‍ പൂതിയാവുലെ..?"
"ഞങ്ങള്‍ എന്തിനാ പോകുന്നതെന്നോ ...നിങ്ങള്‍ അത് വേണം ഇത് വേണം പൈസ വേണം എന്ന് പറയുമ്പോള്‍ അതയക്കണമെങ്കില്‍ കയ്യില്‍ കാശ് വേണം..അതോണ്ടാ ഞങ്ങള്‍ പോവുന്നത്..അതൊന്നും വേണ്ടങ്കില്‍ ഞങ്ങള്‍ പോവുന്നില്ല..."

തമാശ:
കുട്ടികളെ കളിയാക്കാനായി മാത്രം നടക്കുന്ന ഒരിഷ്ടന്‍, എട്ട് വയസ്സുകാരിയോടു പറഞ്ഞു.
"നിന്‍റെ ഇപ്പക്ക് നിന്നെക്കാളിഷ്ടം നിന്‍റെ അനുജത്തിയെയാണ്. എന്നോട് ഇന്നലെ പറഞ്ഞതാ.."
"നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം..നിങ്ങള്‍ ഇപ്പറഞ്ഞ തമാശ വേറൊരാള്‍ നിങ്ങളുടെ ബാപ്പാനെ പറ്റി നിങ്ങളോട് പറഞ്ഞാന്‍ നിങ്ങള്ക്ക് എന്ത് തോന്നും എന്നാലോചിക്കുക.."
(അവന്‍ പിന്നീട് ഒരിക്കലും ഒരു കുട്ടിയോടും ഇത്തരം തമാശ പറഞ്ഞിട്ടില്ല എന്നാണ് അറിവ്.)

6 comments:

 1. "നിന്‍റെ ബാപ്പാനെ കൊണ്ട് പൊറുതി മുട്ടീട്ടാ അവനെ ഗള്‍ഫീക്ക് കേറ്റി വിട്ടതെന്ന്.."

  സത്യം- അപ്പൊ മോള്‍ക്ക്‌ ഉപ്പയെക്കാള്‍ ബുദ്ധിയുണ്ട്.

  ReplyDelete
 2. "ടീച്ചറെ, ടീച്ചറെ ..."
  "എന്താണ് മുഹമദ് ..."


  വേണ്ടായിരുന്നു
  കൈ വെട്ടുവേ!!!

  ReplyDelete
 3. Dear Saleem,

  I enjoyed reading the light words.
  Thank you........

  Waiting for more.

  ReplyDelete
 4. റമദാനില്‍ പ്രതികരണങ്ങള്‍ക്ക് ശക്തി പോരാഞ്ഞിട്ടോ അതോ തമാശ ചീറ്റിപ്പോയോ.....?
  @അക്ബര്‍: അക്ബര്‍ തമാശയാ...പറഞ്ഞു പാരയാക്കി മാറ്റരുത്!
  @jareer : ആദ്യമായി വന്നു കമ്മന്റിയത്തിനു നന്ദി. കമ്മന്റിലെ (ഞാന്‍ കാണാത്ത) തമാശ ഇഷ്ട്ടപെട്ടു. ഞാന്‍ ടീച്ചറോട്‌ കൈ വെട്ടാന്‍ പാകത്തിന് റെഡിയായിരിക്കാന്‍ പറയാം. പക്ഷെ അവന്മാരൊക്കെ അകത്തല്ലയോ...?
  @Abdul Lathief : വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി. ഇനിയുമെഴുതാന്‍ ഈ പ്രോത്സാഹനം ധാരാളം !

  ReplyDelete
 5. "ഇപ്പച്ചീ, ഇതെന്തു ഗുളികയാ ?"
  അല്ല സത്യത്തിൽ എന്ത്..ആയിരുന്നു ആ ഗുളിക???

  ReplyDelete
 6. @ ABDUL RAZAK UDARAMPOYIL: "ഇത് ഓര്‍മശക്തിയും ബുദ്ധിയും കൂടാനുള്ള ഗുളികയാ..." എന്ന ഉത്തരം വായിച്ചില്ലേ?
  അല്ല, ഇനി റസാക്ക് ബായിക്ക് ആ ഗുളിക വേണമോ.....

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!