Friday, August 20, 2010

നോമ്പ് കത്ത്

പ്രിയത്തില്‍ മോളുട്ടി  അറിയാന്‍,
ആദ്യമായി നിനക്കും കൂട്ടുകാര്‍ക്കും കുടുംബത്തിനും എന്‍റെ റമദാന്‍ ആശംസകള്‍ നേരുന്നു.

കത്തുകള്‍ അന്യമായി കഴിഞ്ഞ  ഈ കാലത്ത് നിന്‍റെ കത്ത് കിട്ടി വളരെ സന്തോഷിക്കുന്നു. എന്‍റെ ചെറുപ്പ കാലത്തെ നോമ്പിനെ കുറിച്ചെഴുതാനാണല്ലോ നീ ആവശ്യപ്പെട്ടത്. എന്‍റെ ചെറുപ്പത്തിലെ നോമ്പില്‍ ഒരു പക്ഷെ നിനക്ക് നല്ലതൊന്നും പകര്‍ത്താന്‍ ഉണ്ടാവില്ലെങ്കിലും അന്നത്തെ സമൂഹത്തിന്‍റെ ഒരു നഖചിത്രം നിനക്ക് അതില്‍ നിന്നും കിട്ടിയേക്കും.   നീയൊക്കെ പിറക്കുന്നതിനു വളരെ മുമ്പ്, ഒരു പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നോമ്പ് കാല സംഭവങ്ങളാണ് ഞാന്‍ ഇവിടെ കുറിക്കുന്നത്... ഞാന്‍ നോമ്പ് നോറ്റ്   തുടങ്ങിയത് മദ്രസയില്‍ പഠിക്കുന്ന കാലത്താണ്. അക്കാലത്ത് നോമ്പിലെ ഏറ്റവും പ്രധാന സംഭവം ആയി ഓര്‍മ വരുന്നത് അതിന്‍റെ 'നിയ്യത്ത്‌ വെക്കല്‍' ആണ്. അത് അറബിയിലും മലയാളത്തിലും  ആയി വീട്ടിലെ മുതിര്‍ന്നവര്‍ ചൊല്ലിത്തരികയായിരുന്നു പതിവ്.  ഈ നിയ്യത്ത്‌ വെക്കല്‍ ലവലേശം തെറ്റിയാല്‍ പിന്നെ നോമ്പ് നഷ്ട്ടപെട്ടതായി വിശ്വസിക്കപ്പെട്ടിരുന്നു. രാവിലെ മദ്രസയില്‍ വന്നാല്‍ ഉസ്താദ് ഓരോരുത്തരോടും ചോദിക്കും, ഇന്നലെ എങ്ങെനയാ നിയ്യത്ത്‌ വെച്ചതെന്ന്. കാണാതെ പഠിച്ചു വെച്ച  നിയ്യത്ത്‌ മണി മണിയായി പറയും... 'ഈ കൊല്ലത്തെ ഫര്‍ള് റമളാനിലെ    നാളത്തെ  നോമ്പിനെ അള്ളാഹുവിനു വേണ്ടി നോട്ടു വീട്ടാന്‍ കരുതി"..... അത്   പറഞ്ഞു തീര്‍ന്നാല്‍ ഉടനെ ഉസ്താദ് പറയും; നിയ്യത്ത് വേറൊരാളോട് പറയാന്‍ പാടില്ല, അതിനാല്‍ നിന്‍റെ നോമ്പ് ബാത്വിലായി..ഈ പറഞ്ഞത് തമാശയാണോ കാര്യമാണോ എന്നൊന്നും അറിയാനുള്ള മാര്‍ഗമില്ലാതെ കുഴങ്ങാറാണ്        പതിവ്. തുടര്‍ന്ന് നിയ്യത്തിന്റെയും  തുപ്പലിറക്കുന്നതിന്റെയും തലനാരിഴ കീറിയുള്ള ചോദ്യോത്തര വേളയായിരിക്കും. ഓരോ ചോദ്യത്തിനും കിട്ടുന്ന ഉത്തരവും ഉപചോദ്യങ്ങളായി മാറുകയും അങ്ങിനെ നോമ്പ് ഒരു പ്രഹേളികയായി അവശേഷിക്കുകയുമായിരുന്നു പതിവ്. നോമ്പ് കാലത്തെ വയളുകള്‍ മുഖ്യമായും ദാനധര്‍മങ്ങളെ  പറ്റിയായിരുന്നതിനാല്‍ നിന്‍റെ തലമുറക്കുള്ള പരിജ്ഞാനമൊന്നും നോമ്പിന്‍റെ കാര്യത്തില്‍ ഞങ്ങള്‍ക്കുണ്ടയിരുന്നില്ല.
   
കുഞ്ഞു നാളിലെ നോമ്പിന്‍റെ മറ്റൊരോര്‍മ, കൂടുതല്‍ നോംബെടുത്തു  കൂട്ടുകാര്‍ക്കിടയില്‍ ഒരു ഗമ ഉണ്ടാക്കുക എന്നതായിരുന്നു. എന്നാല്‍ ഉള്ളതിനേക്കാള്‍ അധികം കൂട്ടി പറയുക പ്രയാസമായിരുന്നു. അതിനാല്‍ വുളുവെടുക്കുമ്പോഴും മറ്റും മനപ്പൂര്‍വം വെള്ളം കുടിക്കുക, ഓര്‍മയില്ലാത്ത പോലെ അഭിനയിച്ചു ഭക്ഷണം കഴിക്കുക തുടങ്ങിയ കുറുക്കു വഴികള്‍ നിര്‍ലോഭം പ്രയോഗിച്ചു കൊണ്ട് നോമ്പിന്‍റെ എണ്ണം കൂട്ടാന്‍ ശ്രമിച്ചിരുന്നു എന്നതും ഓര്‍മയിലുണ്ട്.   മറന്നു തിന്നാല്‍ നോമ്പ് മുറിയില്ലാന്നു പഠിച്ചു വെച്ചിരുന്നു. ഈ മറവിയുടെ പിന്നിലുള്ള ബുദ്ധി അറിയാവുന്ന ഉമ്മമാര്‍ ഇതിനെ നന്നായി പിന്താങ്ങിയിരുന്നു. അതൊക്കെ ഇന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഗ്രഹാതുരത വന്നു പൊതിയുന്നു.ഇന്നത്തെ പോലെ നോമ്പ് നോല്‍ക്കല്‍ അന്ന് വ്യപകമായിരുന്നില്ല. നോമ്പ് സ്ഥിരമായി നോല്‍ക്കുന്നവര്‍ കുറവായിരുന്നു. നാട്ടിന്‍   പുറത്തുള്ള മാന്യന്മാരായ നോമ്പ് കള്ളന്മാര്‍ പട്ടണത്തില്‍ പോയി ചായ കുടിച്ചു തിരിച്ചിറങ്ങുന്നത്‌  കണ്ട കഥകള്‍ നാട്ടിലാകെ പാട്ടാകുമായിരുന്നു. എന്നാല്‍ നാട്ടിലെ ചായമക്കാനി ഒരുമാസം അടച്ചു പൂട്ടി രാത്രിയില്‍ പോലും തുറക്കാത്ത വിധം അതിന്‍റെ പരിശുദ്ധി കാത്തിരുന്നു.നോമ്പ് പിറന്നാല്‍ സുഗന്ധ  ബീഡിയായ 'തിരക്കൂട്ടു' വലിക്കുക ഒരു 'സുന്നത്തായി' കരുതപ്പെട്ടിരുന്നു. കുട്ടികളായ ഞങ്ങളും ഇത് വലിയവര്‍ കാണാതെ കട്ട് വലിച്ചിരുന്നു. പലരും പിന്നീട് വലിക്കാരായി മാറിയത് ഇത് വഴിയാണെന്ന് ഓര്‍ക്കുന്നു. ഇന്നതൊക്കെ അപ്രത്യക്ഷമായത് കൊണ്ടാണ് ഇതൊക്കെ എഴുതുന്നത്‌.രാത്രിയിലെ നമസ്കാരം ഇന്നത്തെ പോലെ തന്നെ വളരെ പുണ്യമായി കരുതി എല്ലാവരും പങ്കെടുത്തു വന്നിരുന്നു. തറാവിഹു നിസ്കാരം കഴിഞ്ഞു വരുമ്പോള്‍ സ്വാദിഷ്ടമായ അച്ചാറും പൂവന്‍ പഴവും പീടികയില്‍ നിന്നും വാങ്ങുക പതിവായിരുന്നു. ഇന്ന് ഓര്‍മയായി മാറിയ മയമ്മാല്യാക്കന്റെ പെട്ടിപ്പീടികയില്‍ ഇതിനായി ഒരിക്കല്‍ തിരക്ക് കൂട്ടുമ്പോള്‍  ദേഷ്യത്താല്‍ മൂപ്പര്‍ 'കുട്ടിക്ക് ഇവിടെ അച്ചാര്‍ ഇല്ല' എന്ന് പറഞ്ഞു പോകാന്‍ പറഞ്ഞത് ഓര്‍മ വരികയാണ്‌.കുട്ടികള്‍ക്ക് ആദ്യത്തെ പത്ത്‌, ചെറുപ്പക്കാര്‍ക്ക് രണ്ടാമത്തെ പത്ത്‌, മുതിര്‍ന്നവര്‍ക്ക് മുന്നാമത്തെ പത്ത്‌ എന്നിങ്ങനെ നോമ്പ് മുന്നായി വിഭജിക്കപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവും പ്രയാസകരമായി വയസ്സന്മാരുടെ പത്ത്‌ ഗണിക്കപ്പെട്ടിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ആദ്യത്തെ പത്ത്‌  നോറ്റാല്‍ ‍  മതിയായിരുന്നു. നേരം വെളുത്തു അസര്‍ നമസ്കാരം വരെ വലിയ പ്രയാസമില്ലാതെ കടന്നു പോവും. അസറിന്  ശേഷമാണ് പത്തിരി, കറികള്‍, വിവിധ തരം പലഹാരങ്ങള്‍ ഉണ്ടാക്കുക. ദാരിദ്ര്യം നിലനിന്നിരുന്ന അക്കാലത്ത് അവയുടെ കൊതിയൂറുന്ന രുചിയില്‍ വീണു നോമ്പ് മുറിക്കുന്നവരായിരുന്നു അധികവും. ആ പരീക്ഷണ സമയം പിന്നിട്ടാല്‍ കുട്ടി നോമ്പുകാര്‍ക്ക് നല്ല സ്വീകരണമായിരുന്നു.  വീട്ടുകാരെല്ലാം  അതിഥികള്‍ക്ക്   നല്‍കുന്ന പരിഗണന നല്‍കി ഇതിനെ പ്രോത്സാഹിപ്പിച്ചിരുന്നു.

കൂടുതല്‍ എഴുതുന്നില്ല. നാട്ടില്‍ ഏറ്റവും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നത് ഈ പുണ്യ മാസത്തിലായിരുന്നു. പ്രത്യേകിച്ചും  വെള്ളിയാഴ്ചകളില്‍ ഒരു തല്ലെങ്കിലും കാണാനുള്ള യോഗമുണ്ടായിരുന്നു. ഏറ്റവും അധികം ക്ഷമിക്കേണ്ട ഈ മാസം തന്നെയായിരുന്നു  ഏറ്റവും വലിയ കുഴപ്പങ്ങളുടെയും മാസം. നോമ്പിന്‍റെ അവസാനത്തെ പത്തിലെ മുന്തിയ ദിനമായ ഇരുപെത്തെഴാം രാവ് ഓര്‍ക്കാതെ ഈ കത്ത് പൂര്‍ണമാവില്ല. സകാത്ത് വാങ്ങാന്‍ സമുദായം ഒന്നടങ്കം തെണ്ടാനിറങ്ങുന്ന ഒരു ദുര്‍ദിനമായി അത് മാറിയിരുന്നു. സകാത്ത് സെല്ലുകളും മറ്റും ഇല്ലായിരുന്നതിനാല്‍ പണക്കാര്‍ ചില്ലറ തുട്ടുകളാക്കി അവരുടെ സക്കാത് ഒരു തരം 'ചക്കാത്ത്' ആക്കി പാവങ്ങള്‍ക്ക് കൊടുത്തതും ഓര്‍ക്കുകയാണ്.നിര്‍ത്തുകയാണ്. ഇനിയും ഒരു പാട് എഴുതാന്‍ കഴിയും. പക്ഷെ നിന്‍റെ ഖുര്‍ആന്‍ ഓത്തിനെയും പ്രാര്‍ത്ഥനകളെയും ഞാന്‍ വഴി മുടക്കുന്നില്ല. നോമ്പും അതിനു ശേഷം മാനത്തു ശവ്വാല്‍ അമ്പിളി കീറുമ്പോള്‍  തുടങ്ങുന്ന  പെരുന്നാളിന്‍റെ   സുന്ദര സുദിനവും  മുഴുവന്‍ മധുര്യത്തോടെയും നുണയാന്‍  കഴിയട്ടെ എന്ന് ആശംസിക്കുന്നു.സ്നേഹപൂര്‍വ്വം,
സ്വന്തം ഉപ്പ.

20 comments:

 1. നോമ്പും അതിനു ശേഷം മാനത്തു ശവ്വാല്‍ അമ്പിളി കീറുമ്പോള്‍ തുടങ്ങുന്ന പെരുന്നാളിന്‍റെ സുന്ദര സുദിനവും മുഴുവന്‍ മധുര്യത്തോടെയും നുണയാന്‍ കഴിയട്ടെ ആശംസിക്കുന്നു!

  ReplyDelete
 2. ഓര്‍മ്മകള്‍ സ്പന്ദിക്കുന്നു
  നോമ്പും നോമ്പുകാലവും
  എത്ര പറഞ്ഞാലും
  തീരാത്ത അനുഭൂതി തന്നെ!

  ReplyDelete
 3. നോമ്പ്കത്ത് ആസ്വദിച്ച് വായിച്ചു..!!
  ഓര്‍മ്മകള്‍ ഉണര്‍ത്തിയ വരികള്‍...!
  ആശംസകള്‍ ..!

  ReplyDelete
 4. നല്ല നോമ്പ് കത്ത് റമദാൻ ആശംസകൾ

  ReplyDelete
 5. നന്നായിരിക്കുന്നു കത്ത് ആശംസകൾ

  ReplyDelete
 6. നീണ്ട ഒരു കത്ത് പ്രതീക്ഷിച്ചു .....വായനയുടെ സുഖം പെട്ടെന്ന് തീര്‍ന്നു ....അത്ര പെട്ടെന്ന് തീരുന്നതാണോ ഒരു ഇരുപത്തഞ്ചു കൊല്ലം മുന്‍പുള്ള നോമ്പിന്റെ സ്മരണകള്‍ ....:)

  ReplyDelete
 7. @Noushad Vadakkel: ശരിയാണ് നൌഷാദ്; മുഴുവന്‍ എഴുതിയാല്‍ കൂടിപ്പോകുമോന്നു പേടിച്ചു ചുരുക്കിയതാ...വന്നതിനും വിലയേറിയ കമന്റ് എഴുതിയതിനും നന്ദി. വീണ്ടും വരിക !
  @കെ.പി.സുകുമാരന്‍: സുകുമാരന്‍ സാറിന് നന്ദി, നമസ്കാരം !
  @haina : ഹൈന മോളെ, വിചാരിച്ച പോലെ വിഭവസമൃധമാക്കാന്‍ പറ്റിയില്ലട്ടോ....
  @alavi : എത്ര എഴുതിയാലും തീരാത്ത കത്ത് ..സമയക്കുറവാണ് കാരണം..thanks.
  @A.ഫൈസല്‍ : അന്ന് നോമ്പ് തുറന്നപ്പോള്‍ ഞാനും നന്നായി ആസ്വദിച്ചിരുന്നു! വന്നതിനും അഭിപ്രായത്തിനും നന്ദി.
  MT Manaf : ഓര്‍മ്മകള്‍ സ്പന്ദിക്കുന്നു, നോമ്പും നോമ്പുകാലവും, എത്ര പറഞ്ഞാലും, തീരാത്ത അനുഭൂതി തന്നെ! അപ്പറഞ്ഞത്‌ മുഴുവന്‍ സത്യം !

  ReplyDelete
 8. grihathurathayunarthunna aa pazhaya nombu kalam varachu kaattiya saleem saab abinandhanangal...nannayirikkunnu...ennum manassil thalolikkunna vallatha mathurathara ormakal....
  by Shakeeb Kolakadan
  Riyadh

  ReplyDelete
 9. പഴയ കാല നോമ്പ് സ്മരണകള്‍ അയവിറക്കുമ്പോള്‍ പലതും ഓര്മ വരുന്നു . ദാരിദ്രത്തിന്റെയും വറുതിയുടെയും പഴയ കാലത്തെ നോമ്പും ഇന്നത്തെ വിഭവ സംര്‍ദ്ദമായ നോമ്പും താരതമ്യം ചെയ്യാനെ കഴിയുന്നില്ല. നോമ്പ് തുറക്കാന്‍ പള്ളിയില്‍ പോകും. ഒരു കാരക്കകൊണ്ട് നാലായി ബാഗിചിടു അതിന്റെ ഒരു കഷ്ണമേ ഓരോരുത്തര്കും കിട്ടുകയുള്ളൂ . പിന്നേ ഒരു ഗ്ലാസ്‌ തരിക്കഞ്ഞിയും. അതിനു വേണ്ടി അസര്‍ കഴിഞ്ഞാല്‍ തന്നെ പള്ളിയില്‍ പോയി ഇരിക്കും. റമദാന്‍ പതിനെഴിലെ ബദ്രീങ്ങളുടെ നേര്ച്ച ദിവസമാണ് ഇപ്പോഴും മനസ്സില്‍. തൊട്ടടുത്ത മദ്രസ്സയില്‍ രാവിലെ മുതലേ നൈചോറും ഇറച്ചിയും പാകം ചെയ്യുന്നതിന്റെ മണം പിടിച്ചു നടന്നു മഗ്രിബു സമയത്ത് കുട്ടയെടുത്ത്‌ ഒരു ഓട്ടമാണ് ആദ്യത്തില്‍ തന്നെ ചോറ് കിട്ടാന്‍ . ആ ചോറിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ആ ഒരു ദിവസമാണ് നോമ്പ് തുറന്ന രാഹത്ത് കിട്ടാരുണ്ടായിരുന്നത്. റമദാന്‍ 27 സക്കാത്തിന്റെ കാശിനു ഓടിയിരുന്നതും 25 പൈസക്ക് വേണ്ടി തിരക്ക് കൂട്ടി ഓടിയിരുന്നതും ഒര്കുമ്പോള്‍.....

  ReplyDelete
 10. നോമ്പ് കഴിഞ്ഞ ശേഷം മദ്രസ്സ തുറന്നപ്പോള്‍ രണ്ടു നോമ്പ് നോറ്റു എന്ന് ഗമയില്‍ പറഞ്ഞ അശ്രഫിനെയും കൂട്ടുകാരെയും ഒര്മാപ്പെടുത്തിയ സലീമിനു നന്ദി.

  കത്ത് ഇഷ്ടപ്പെട്ടു

  ReplyDelete
 11. സലീം,
  വളരെ നന്നായിട്ടുണ്ട്, ഇനിയും കുടുതല്‍ നാട്ടിനെക്കുറിച്ചുള്ള (ഐക്കരപ്പടിയെ)വിവരങ്ങള്‍ ചേര്‍ത്ത് ഭംഗിയാക്കുക.പുളിക്കല്‍ മാംഗ്ളാരിക്കുന്നു സ്കുളിനെ പ്രത്യേകം പരികണിക്കണേ.
  സ്നേഹപൂര്‍വം
  സുനീര്‍

  ReplyDelete
 12. നോമ്പ് കത്ത് വായിച്ചപ്പോള്‍ ഞാനും എന്റെ ചെറുപ്പ കാലത്തേ ഓര്‍മ്മിച്ചു പോയി. വളരെയധികം ഗൃഹതുരത്വമുണ്ടാക്കുന്ന കത്ത് തന്നെ.
  സര്‍വശക്തന്‍ നമ്മുടെ നോമ്പും പ്രാര്‍ത്ഥനകളും സ്വീകരിക്കട്ടെ. ആമീന്‍.

  ReplyDelete
 13. ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന പോസ്റ്റ്. കുട്ടിപ്രായത്തിലെ നോമ്പുകാലം സലിം കത്തിലൂടെ അസ്സലായി ഓര്‍മിച്ചെടുത്തു. കുട്ടിക്കാലത്തിലേക്കുള്ള ഓര്‍മകളുടെ തരിച്ചു പോക്ക് വായിച്ചപ്പോള്‍ "തെരക്കൂട്ടി"ന്റെ മണം അടിച്ചു കേട്ടോ.

  ReplyDelete
 14. അല്പം മതി, ബാക്കി അവരവര്‍ ഊഹിച്ചെടുത്തോളും. ‘തിരക്കൂട്ട്’ മറന്നതായിരുന്നു. ഞാന്‍ ഉപ്പയുടെ പെട്ടിക്കടയില്‍ ഒരു രൂപ നിരക്കില്‍ ഐസ് കച്ചവടം നടത്തിയിരുന്നതും, ബത്തക്ക കച്ചവടവുമൊക്കെ ഓര്‍മകളിലേക്ക് തിരിച്ച് കൊണ്ടു വന്ന സലീം സാഹിബിന് നന്ദി. ബത്തക്ക ചുകപ്പില്ലാതായി കച്ചവടം നഷ്ടത്തിലാവുകയും പതിവായിരുന്നു. പാതിരാ ‘ബയളു’കളില്‍ സ്ത്രീ പക്ഷത്തെ ലേലം വിളിയില്‍ സഹായിക്കാന്‍ വലിയ തിരക്കായിരുന്നു എന്റെ നാട്ടില്‍.

  ReplyDelete
 15. വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് എങ്ങും എവിടെയും. കഴിഞ്ഞ ദിവസം പങ്കടുത്ത വീ ഐ പീ നോമ്പ് തുറയില്‍ കണ്ട വിഭവങ്ങള്‍ എണ്ണി പറയുക പ്രയാസം.. അതിലൊക്കെ പങ്കെടുത്തപ്പോള്‍ തോന്നി ഗള്‍ഫ്‌ പണം എത്തിത്തുടങ്ങിയിട്ടില്ലായിരുന്ന ആ വറുതിയുടെ നാളുകളിലെ നോമ്പിനെ കുറിച്ചു എഴുതിയലോന്നു. പക്ഷെ എവിടെ തുടങ്ങും എങ്ങനെ അവസാനിപ്പും എന്നൊരു നിശ്ചയം ഇല്ലായിരുന്നതിനാല്‍ കത്തുകളില്ലാത്ത കാലത്തെ ഒരു കത്താക്കി മാറ്റി തടി സലാമത്താക്കിയതാണ്. മാന്യ വായനക്കാരുടെ പ്രതികരണങ്ങള്‍ ഈ കൊച്ചു പോസ്റ്റിനെ നിഷ്പ്രഭമാക്കുന്നത്ര നിലവാരം പുലര്‍ത്തി. ഈ ഊഷര ഭുമിയില്‍ ഒരു ഇളം തെന്നലാവാന്‍ ഈ കത്തിനു സാധിച്ചതില്‍ സന്തോഷം.

  @mujeeb rahman : അതെ ബാക്കി ഊഹിക്കട്ടെ. പലരും ഊഹിച്ചെടുത്തത് പ്രതികരണങ്ങളില്‍ കാണാം. വന്നതിനും കൂട്ട് കൂടിയത്തിനും നന്ദി.

  @അക്ബര്‍: തെരക്കൂട്ടു കിട്ടിയിരുന്നെങ്കില്‍ നമ്മുക്ക് ഒരുമിച്ചിരുന്നു ഒന്ന് പുകക്കാമായിരുന്നു. പക്ഷെ അതിന്‍റെ ആളുകളെല്ലാം കച്ചോടം നിര്‍ത്തി പള്ളിപ്പറമ്പില്‍ അന്ത്യ വിശ്രമം കൊള്ളുന്നു. തിരക്കിനിടയിലും തെരക്കൂട്ടു ഓര്‍മിച്ചതിനു നന്ദി.

  @ Noushad :ഗ്ര്‍ഹാതുരത ഉണര്‍ത്തുക തന്നെയായിരുന്നു ലക്‌ഷ്യം. പടച്ചവന്‍ തുണക്കട്ടെ ..ആമീന്‍

  @സുനീര്‍ : നോമ്പും സ്കൂളും നാടുമൊക്കെ ഓര്‍മകളില്‍ ഇഴപിരിഞ്ഞു കിടക്കുന്നു. നാടിനെ കുറിച്ചും നമ്മുടെ സ്കൂളിനെ കുറിച്ചും എഴുതാന്‍ ശ്രമിക്കാം. നന്ദി വീണ്ടും വരിക !

  @Abdul Lathief : രണ്ടു നോമ്പ് നോറ്റവന്‍ ഗമ കാണിക്കുന്ന നാട്ടിലെ നോമ്പ് വിശേഷം ആലോചിച്ചു ചിരി വരുന്നു. ഇനിയൊരിക്കലും തിരിച്ചുവരാത്ത ആ നാളുകളെ മറക്കാതെ മനസ്സില്‍ സൂക്ഷിക്കാം.

  @Rasheed പെങ്ങട്ടിരി: റഷീദിന്റെ കമന്‍റ് എന്റെ പോസ്റ്റിലേക്ക് ചേര്‍ത്തു വയിക്കാവുന്നത്ര സംഭവ ബഹുലം. ആ വറുതിയുടെ നാളുകളിലേക്ക് ഊളിയിട്ടു പോയി മുങ്ങിയെടുത്ത മുത്തുകള്‍ക്ക് നന്ദി.

  @vallabhan : ഷകീബ് സാഹിബിനെ പോലുള്ള ഒരു ജേര്‍ണലിസ്റ്റ് ഇവിടെ വന്നു ഈ ബ്ലോഗിലെ വിടുവായത്തങ്ങള്‍ വായിച്ചതിനു വളരെ നന്ദി. ഇനിയും വരുമല്ലോ.

  ReplyDelete
 16. ഹനീഫ് മണ്ടൂര്‍..August 30, 2010 at 10:32 AM

  നന്നായിരിക്കുന്നു....സലീംക്കാ...
  എന്റെ ഓര്‍മയിലൊക്കെ മദ്രസ്സ നൊമ്പിനു ലീവിലാണു...നിങളുദെ ചെറുപ്പകാലത്തൊക്കെ നൊംബിനും മദ്രസയുണ്ടാവാറുണ്ടൊ....എന്നിരുന്നാലും പഴയ ഓറ്മകളിലെക്കു കൂട്ടികൊണ്ടുപൊയതിനു നന്ദി.....

  ReplyDelete
 17. @ഹനീഫ് മണ്ടൂര്‍: മദ്രസ ഉണ്ടായിരുന്നതും ഉസ്താദ്‌ നിയ്യത്തിനെ കുറിച്ചു ചോദിച്ചതും ഓര്‍മയിലുണ്ട്; ഞങ്ങള്‍ കുട്ടികള്‍ ഒരുമിച്ചു നിന്നപ്പോള്‍ ആണ് അത് ചോദിച്ചെതെന്നും. എത്ര ദിവസം ഉണ്ടായിരുന്നു എന്നെന്നും ഓര്‍മയിലില്ല കെട്ടോ. കാലത്തിന്റെ കുത്തൊഴുക്കില്‍ ഒരു പാട് ഓര്‍മകള്‍ക്ക് അവ്യക്തത വന്നു പോയിട്ടുണ്ട്. എന്തായാലും ഓരോ നോമ്പും ചെറുപ്പ കാലത്തേക്ക് തിരിച്ചു പോവാനുള്ള ഒരു റിവേര്‍സ് ഗീര്‍ ആണ്. വന്നതിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 18. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം

  ReplyDelete
 19. @റിയാസ് (മിഴിനീര്‍ത്തുള്ളി): ഇനിയൊരിക്കലും അന്നത്തെ നോമ്പും പെരുന്നാളും തിരിച്ചു വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍......

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!