Tuesday, August 24, 2010

ഡ്രീം ജോബ്‌

എന്‍റെ ചെറുപ്പത്തിലെ ആഗ്രഹം ഒരു ബേന്റ്  മേളക്കാരന്‍ ആകാനായിരുന്നു. പാന്റ്സ് ധരിച്ചവരെ അപൂര്‍വമായി  കാണപ്പെടുന്ന  ഒരു കാലത്ത്  പാന്റും സൂട്ടും ഒക്കെയായി  ആകര്‍ഷകമായ വസ്ത്രം   ധരിക്കുകയും     കടന്നു  പോകുന്ന വഴികളെയെല്ലാം പ്രകമ്പനം  കൊള്ളിക്കുകയും ചെയ്യുന്ന  വാദ്യ മേളക്കാരുടെ ഫാന്‍ ആയതു  സ്വാഭാവികം.  കല്യാണം, രാഷ്ട്രീയ  വിജയം‍  തുടങ്ങിയ സന്തോഷാവസരങ്ങളില്‍  ആണല്ലോ അവരുടെ  പ്രകടനം എന്നത് എന്‍റെ മനസ്സില്‍ അവരുടെ പ്രതിച്ചായ വര്‍ധിപ്പിച്ചു. അനേകം കിലോമീറ്റര്‍   അകലെ നിന്നു തന്നെ കേള്‍ക്കാവുന്ന ആ വാദ്യമേള പ്രകമ്പനം ഇന്നും നെഞ്ചില്‍ ഇടിമുഴക്കം നടത്തുന്നുണ്ട്. 

കുറച്ചു കൂടി  വളര്‍ന്നപ്പോള്‍  ലോറി ഡ്രൈവര്‍ ആകാനായിരുന്നു പൂതി.  അത്ര വലിയൊരു വണ്ടിയെ  കേവലം ഒരു സ്റ്റയറിന്‍ഗ്   കൊണ്ട്  മെരുക്കുന്ന ആ വണ്ടി പാപ്പാന്‍ ആവാന്‍  ആരാണ്  മോഹിക്കാതിരിക്കുക.  ആനക്കാരനും പാപ്പാനും, കലപ്പയില്‍ കയറി  കാളകളെ അതിശ്രീഗ്രം ഓടിക്കുന്ന കാളപ്പൂട്ടുകാരനും ഒക്കെ ആവാന്‍ ഒരു വേള ആഗ്രഹിച്ചിട്ടുണ്ട്. പിന്നീട് സ്കൂളില്‍ വലിയ ക്ലാസ്സുകളില്‍ എത്തിയപ്പോഴാണ് അതൊന്നുമല്ല മോഹിക്കേണ്ടത് എന്നും ആ പറഞ്ഞവരാരും സ്കൂളിന്‍റെ പടി   കാണാത്തവര്‍ ആയതിനാലാണ് അവര്‍ ആ വലിയ ജന്തുക്കളെ മേരുക്കേണ്ടി വന്നതെന്നും മനസ്സിലായത്. അതൊക്കെ പഴയ കഥ.
ഇപ്പോഴത്തെ തലമുറയില്‍ പെട്ട എന്‍റെ രണ്ടു മക്കളോടും  ചോദിച്ചപ്പോള്‍  പറഞ്ഞത്, കൂടുതല്‍ കാശ് കയ്യില്‍ വരുന്നതു ഏത് ജോലിക്കാണോ ആ ജോലി മതിയെന്നാണ്. ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ എന്‍റെ തലമുറയുടെ സ്വപ്നങ്ങളൊന്നും  പുതിയ തലമുറ പഴയ പോലെ പ്രിയം വെക്കുന്നില്ല. കാരണം അവര്‍ പറയുന്നത്, കൂടുതല്‍ ജോലി ചെയ്യാതെ (കൈ നനയാതെ) കാശു കൊയ്താല്‍ മതി എന്നാണ്. എന്‍റെ കുട്ടികള്‍ ചെറിയ ക്ലാസ്സുകളിലാണെങ്കിലും  ഇന്നത്തെ കാലത്ത് ഒരു ഉത്തരവാദിത്വമുള്ള  രക്ഷിതാവ് എന്ന നിലക്ക് അവരുടെ അഭിരുചി ഇപ്പോഴേ അറിഞ്ഞു വെക്കല്‍  നല്ലതായിരിക്കുമല്ലോ.   അതിനാല്‍ തന്നെ കുട്ടികളെ ഏത് കോഴ്സിനു വിടണം എന്ന കാര്യത്തില്‍ രക്ഷിതാവായ ഞാന്‍ മിനിയാന്ന് വരെ ആശയ കുഴപ്പത്തില്‍ ആയിരുന്നു. എന്‍റെ മനസ്സിലുള്ള ഒരു പഠന മേഖലയും   അവര്‍ രണ്ടു പെണ്‍  മക്കള്‍ക്കും ഇഷ്ടമല്ലാത്ത അവസ്ഥ.
അതിനാല്‍ തന്നെ വലിയ സന്തോഷത്തോടെയാണ്  ഞാന്‍  ആ  വാര്‍ത്ത‍   വായിച്ചത്.  അവരുടെ രണ്ടു പേരുടെയും ആഗ്രഹത്തിന്   ഇണങ്ങിയ ഒരു പണി കണ്ട് പിടിച്ച സംതൃപ്തി യോടെയാണ്‌ ഞാന്‍ വീട്ടിലേക്കു കയറി ചെന്നത്.   രണ്ടു പേരെയും അടുത്തു വിളിച്ചു അവരുടെ ആഗ്രഹം എന്താണെന്നു ഒന്ന് കൂടി തിരക്കി. രണ്ടു പേരും പഴയ അതെ ഉത്തരം. ഞാന്‍ എന്‍റെ ഇന്റര്‍വ്യൂ ആരംഭിച്ചു.
"നിങ്ങള്‍ക്ക് എത്ര ശമ്പളം  വേണം?"
"ചുരുങ്ങിയത് ഒരു ലക്ഷം..."
"ഒന്നേ മുക്കാല്‍ ലക്ഷം കിട്ടും...വേറെ എന്തൊക്കെ വേണം.."
"കാര്‍, വീട്, വിനോദ യാത്രകള്‍, വിമാന യാത്രകള്‍, ഫൈവ് സ്റ്റാര്‍ താമസം, ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ വീട്...."
"ഇതൊക്കെ മതിയോ..." ഞാന്‍ ചോദിച്ചു.
അവര്‍ പരസ്പരം നോക്കി. ഞാന്‍ അവരെ 'ആക്കുകയാണോ' എന്നര്‍ത്ഥത്തില്‍. ഇത്രയുമായപ്പോള്‍ ഭാര്യ ഇടപെട്ടു.
"നിങ്ങളീ റമദാന്‍ മാസത്തില്‍ ആ കുട്ടികളെ  കുരങ്ങ് കളിപ്പിക്കുകയാണോ മനുഷ്യാ..."
അവളെ ഞാന്‍ അവഗണിച്ചു. ആ ചോദ്യത്തിനൊന്നും ഇവിടെ പ്രശസ്തിയില്ല.
"നിങ്ങള്‍ക്ക് വിമാന യാത്രക്ക് ഫ്രീ ടിക്കറ്റ്‌ വേണ്ടേ....?"
"വേണം" 
ഉത്തരങ്ങളെല്ലാം ഒരേ സ്വരത്തില്‍, ഒരേ ഈണത്തില്‍ വന്നുകൊണ്ടിരുന്നു.
"നിങ്ങള്‍ക്ക് ഒന്നേ മുക്കാല്‍  ലക്ഷം രൂപ വരെയുള്ള കറന്റ്, നാല്പതിനായിരത്തിന്റെ  വെള്ളം,
 ഫോണ്‍, ദിവസ ബത്ത, മീറ്റിംഗ് ബത്ത, റോഡ്‌ അലവന്‍സ്,   ഒക്കെ സൌജന്യമായി ലഭിക്കുന്നതില്‍ വല്ല വിരോധമുണ്ടോ..."
"ഇല്ലേയില്ല..."  രണ്ടു പേരും ചാടിക്കളിച്ച്ചു ഉത്തരം നല്‍കി.
"ഡ്രൈവര്‍..."
"അതും വേണം...ഇനിയെങ്കിലും പണി എന്താണെന്നു പറ...റിയാലിറ്റി ഷോ ആണോ...അതിനു ഞങ്ങളില്ല......
 " മൂത്തവള്‍ നയം വ്യക്തമാക്കി. ഞാന്‍  എഴമുറിയാതെ  തുടര്‍ന്നു.
"ഇതൊക്കെ ഇപ്പോഴെത്തെ കണക്കാ... നിങ്ങള്‍ വലുതാവുമ്പോള്‍ പൂജ്യം ഒന്ന് കൂടി കൂടും..."
അവര്‍ രണ്ടു പേരും കണ്ണ് മിഴിച്ചിരുന്നു...
"പക്ഷെ, അതിനു നിങ്ങളുടെ ഈ പഠിപ്പു  ഒന്നും പോരാ..."
എന്‍റെ വാക്ക് കേട്ടു രണ്ടുപേരും നിരാശരായി. പഠിത്തം കൂടിയ ഒരു പണിക്കും അവരെ കിട്ടില്ല.
"ഞാന്‍ പറഞ്ഞത് സ്കൂള്‍ പഠിപ്പു മാത്രം പോരാന്നാ.." അവര്‍ വീണ്ടും ഉത്സാഹിതരായി.
"പ്രസംഗം, അഭിനയം, മിമിക്രി, കബഡി, കവാത്ത്, നടത്തം ഒക്കെ നന്നായി അറിയണം..."
"ഓ.കെ....പിന്നെ.."
" ഏതെങ്കിലും ഒരു മുന്തിയ രാഷ്ട്രീയ പാര്‍ട്ടി  മെംബെര്‍ഷിപ്‌ വേണം.."
"അതെങ്ങനെ കിട്ടും.."
"മേല്പറഞ്ഞ കാര്യങ്ങള്‍ പഠിച്ചാല്‍ കിട്ടും.."
"കിട്ടിയിട്ട്..?"
"പതിനെട്ട്   വയസ്സ് ആവുമ്പോഴേക്കും നേതൃത്വത്തില്‍ നല്ല പിടിപാട് വേണം..."
"എന്നിട്ട്..."
ഞാന്‍ എന്‍റെ ഇന്റര്‍വ്യൂ ഒരു ക്ലാസ്സ്‌ രൂപത്തിലേക്ക് പരിവര്‍ത്തിച്ചു.
"വളര്‍ന്നു വരുന്ന മറ്റുള്ളവരെ തോല്പിച്ചു മുന്നേറണം ..എവിടെ എത്തിയാലും പിടുത്തം വിടരരുത്....വനിതാ സംവരണം മൂലം ലഭിക്കുന്ന അധിക സീറ്റിലേക്ക് ഓരോ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ  തേടുമ്പോള്‍ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി സമ്മര്‍ദം ചെലുത്തണം.. അതൊക്കെ നിങ്ങള്‍ വഴിയെ പഠിക്കും...എന്നാല്‍ നിങ്ങള്‍ക്ക് മേല്‍ പറഞ്ഞ ശമ്പളം കിട്ടും..ആനുകൂല്യങ്ങള്‍ അതിലേറെ കിട്ടും...പിരിയുമ്പോള്‍ മുതല്‍ ഇരുപതിനായിരവും കിട്ടും...
 അതിനാല്‍ ഇന്ന് തന്നെ പാഠ  ഭാഗം  വായിക്കുമ്പോള്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക ...പാര്‍ലമെന്‍റ്  മെമ്പര്‍ ആയില്ലേലും പഞ്ചായത്ത്‌ മെമ്പര്‍ ആയാലും (രണ്ടും എം പീ  തന്നെ) സാരമില്ല,  എന്‍റെ കുട്ടികള്‍ മാത്രമല്ല നമ്മുടെ കുടുംബം മുഴുവന്‍ രക്ഷപ്പെടും..." 
തുടര്‍ന്നു ഞാന്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചു ഒരു ചെറിയ വിവരണം നല്‍കി.  ശമ്പള  വര്‍ധനവ്‌ പോലുള്ള പാര്‍ലമെന്‍ടിന്‍റെ  തങ്ങള്‍ക്കനുകൂലമായ എന്ത് നടപടികളും ഉടനെ തന്നെ  കീഴ് നിയമ  നിര്‍മാണ   സഭകളായ  നിയമസഭ, ജില്ല പഞ്ചായത്ത്,   മുനിസിപാലിറ്റി, ബ്ലോക്ക്‌ പഞ്ചായത്ത്, ഗ്രാമ  പഞ്ചായത്തുകള്‍   എന്നിവ   പിന്തുടരും   എന്നത് കട്ടായം !  ജമ്മു കാശ്മീരില്‍ ഇപ്പോള്‍ തന്നെ ജനപ്രതിനിധികള്‍ക്ക് എണ്‍പതിനായിരം കിട്ടുന്നുണ്ട്‌.  

ഇതല്ലാം കേട്ട ആവേശത്താല്‍  മക്കള്‍ ഇരുവരും അപ്പോള്‍ തന്നെ കവാത്ത് തുടങ്ങിയത് ഞാന്‍ സന്തോഷ പൂര്‍വ്വം നോക്കി നിന്നു. ആദ്യമായാണ് ഞാന്‍ അവര്‍ക്ക് ഇത്തരം ഒരവസരം കൊടുക്കുന്നത്.  ഇതെല്ലാം കണ്ട് ഭാര്യ അന്താളിച്ച്ചു  നിന്നു.  അരാഷ്ട്രീയ വാദിയായ അവള്‍ക്കറിയില്ലല്ലോ ലോകത്തിന്റെ പോക്ക്.
ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയത് എന്‍റെ മൂത്ത മകളുടെ ഡല്‍ഹിയിലുള്ള പാര്‍ലിമെന്റ് അംഗങ്ങള്‍‍ക്കുള്ള കോര്‍ട്ടെഴ്സിലെ  ശീതീകരിച്ച്ച മുറിയില്‍ ആയിരുന്നു.  മിനറല്‍  വാട്ടര്‍ കൊണ്ട്  മുഖം  
കഴുകിയാണ്  ഉറക്കം ഉണര്‍ന്നത്.  ഇപ്പോഴേ  എല്ലാം  ശീലിച്ചില്ലെങ്കില്‍ ശരിയാവില്ലല്ലോ.
മേരാ  ഭാരത്  മഹാന്‍  !

9 comments:

 1. "കൂടുതല്‍ കാശ് കയ്യില്‍ വരുന്നത് ഏത് ജോലിക്കാണോ ആ ജോലി മതിയെന്നാണ്" പുതു തലമുറയുടെ അഭിപ്രായം. അതിനു പറ്റിയ പണിയായി ജനസേവനം അധപതിച്ചിരിക്കുന്നു

  ReplyDelete
 2. തങ്ങളുടെ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും നിയമ നിര്‍മാണ രേഖ തങ്ങളാല്‍ തന്നെ പാസാക്കുന്ന ലോകത്തിലെ ഏക ബോഡി ആയിരിക്കും നമ്മുടെ പാരല്മെന്റ്റ് എന്നാണ് എനിക്ക് തോന്നുന്നത്. ഭരണ കര്‍ത്താക്കള്‍ കുടിച്ചും തിന്നും സുഖിച്ചും കഴിയുന്നു. .........കോരന് കഞ്ഞി എന്നും കുമ്പിളില്‍ തന്നെ.
  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ സ്ഥിതിയാണിത്. ഇക്കാര്യത്തില്‍ ഇടതും വലതും എല്ലാം ഒന്നിക്കുന്നു

  ReplyDelete
 3. ഭാരത മാതാ എന്ന, നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന്റെ ഏകദേശം തലേദിവസം വരെ, 465 നാട്ടു രാജാക്കന്മാരും, ഒരു ബ്രിട്ടിഷ് വൈസ്രോയിയും കൂടിയാണ് ഭരണം നടത്തിയിരുന്നത്, എന്നത് ചരിത്രം. ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അഞ്ഞൂറ്റി നാല്‍പ്പതിലധികം വരുന്ന എം പി മാരും, നൂറു കണക്കിന് വരുന്ന ഓരോ സംസ്ഥാനങ്ങളിലെ എം എല്‍ എ മാരും, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും, കോര്‍പ്പരേഷന്‍ ചെയര്‍മാന്‍ മാരും , എല്ലാം കൂടി ഉള്‍പ്പെട്ട ആയിരക്കണക്കിന് രാജാക്കന്മാരെ നമ്മള്‍ പോറ്റുന്നില്ലേ ? നമുക്ക് അഭിമാനിക്കാം. मेरा भारत महान!

  ReplyDelete
 4. ഇത് വായിച്ചപ്പോള്‍ ഒരു ബാന്‍ഡ് വാദ്യത്തിന്‍റെ ഇരമ്പം എന്‍റെ നെഞ്ചിലും ദൂരെ ഓര്‍മയുടെ ആഴത്തില്‍ നിന്ന് ഉയരുന്നുണ്ട്. ശരിയാണ്, ഓരോ പ്രായത്തില്‍ ഓരോ ഹീറോസ് ഉണ്ടാവും. നമ്മള്‍ കൂടുതല്‍ materialistic ആയി വരുന്നതിന്‍റെ പ്രതിഫലനം നമ്മുടെ കുട്ടികളിലും കാണുന്നു. ഒരു സര്‍വ്വനാശത്തിന്‍റെ വാക്കിലേക്ക് നമ്മള്‍ അടി വെച്ച് നീങ്ങുന്നതിന്‍റെ നിദര്‍ശനമായി തന്നെ പാക്കിസ്താനിലെ പ്രളയക്കെടുതിയെ വിലയിരുത്താം. നമ്മളെയും കാത്തിരിക്കുന്നത് ഇതൊക്കെതന്നെയായിരിക്കും. ഭൂമിയെ നാം ഇവ്വിധം ചൂഷണം ചെയ്തു മുന്നോട്ടു പോവുന്നത് തുടരുകയാണെങ്കില്‍.

  ReplyDelete
 5. @ salam pottengal: ഭരണ കര്‍ത്താക്കള്‍ ഭരിച്ചു തുലക്കുന്നു. ഭരണീയര്‍ കുടിച്ചു തുലക്കുന്നു. രണ്ടും സമം തന്നെ. സര്‍വ്വ നാശമല്ലാതെ മറ്റെന്താണ് ഇനി അവശേഷിക്കുന്നത്. വന്നതിനും വിഷയത്തെ മൌലികമായി സമീപിച്ച അഭിപ്രായത്തിനും നന്ദി.

  @ appachanozhakkal: എല്ലാം അറിയാന്‍ കഴിയും, പക്ഷെ ഒന്നും ചെയ്യാനാവുന്നില്ല, ഇതാണ് നമ്മുടെ ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യം നമ്മെ എത്തിച്ച പതിതാവസ്ഥ. ഇതിലും ഭേദം സായിപ്പായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റാവില്ല. അച്ചായന്‍ പറഞ്ഞത് പൊള്ളുന്ന സത്യം. നന്ദി.

  @ Noushad : പ്രതീക്ഷയുടെ ഒരു വിദൂര ഭാവി പോലും കാണാത്ത വിധം ഇന്ത്യന്‍ രാഷ്ട്രീയത്തെ അധികാരം, പണം എന്നീ ദുരകളുടെ കറുത്ത കാര്‍മേഘം മൂടിയിരിക്കുന്നു. പടച്ചവന്‍ രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. നന്ദി.

  ReplyDelete
 6. @ Sabu M H: Thanks for your visit and comment.

  ReplyDelete
 7. നോമ്പായത് കൊണ്ടാവാം ഈ പോസ്റ്റ് കാണാതെ പോയത്. ജനങ്ങള്‍ ജനങ്ങളാല്‍ ഭരിക്കപ്പെടണമെന്ന ജനാതിപത്യത്തിന്റെ ആനുകൂല്യം പറ്റി അണ്ടനും അടകോടനുമൊക്കെ കട്ട് മുടിക്കുന്ന പുതിയ ജാനാതിപത്യ സംഹിത കാശുണ്ടാക്കാനുള്ള എളുപ്പമാര്‍ഗമായി പരിണപ്പിച്ചപ്പോള്‍ പുതിയ തലമുറയുടെ ഭാവി സ്വപ്നങ്ങളിലും മാറ്റം വന്നു. നാടോടുമ്പോ നടുവേ എന്നാണല്ലോ. സ്കൂളിന്റെ പടി കാണാത്തവന്‍ പോലും കൊടിവെച്ച സര്‍ക്കാര്‍ കാറില്‍ പറന്നു തങ്ങളെ ഭരിക്കുമ്പോള്‍ വിധ്യാഭ്യാസത്തെക്കാള്‍ നല്ലത് രാഷ്ട്രീയമാണെന്ന് കുട്ടികള്‍ ധരിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

  ReplyDelete
 8. അക്ബര്‍ പറഞ്ഞ പോലെയുള്ള പുതു തലമുറയുടെ ഇന്നത്തെ പോക്കിന് കാരണം, രാഷ്ട്രീയം ഒരു തൊഴിലും രാഷ്ട്രീയക്കാര്‍ രാഷ്ട്രത്തെ സേവിക്കുകയാണെന്ന ഭാവേന ഇതില്‍ നിന്നും വരുമാനം പറ്റുന്നവരും ആയപ്പോള്‍ ഉണ്ടായിത്തീര്‍ന്ന ഒരു അപച്യുതി മാത്രമാണ്.. രാഷ്ട്ര സേവനം കുലത്തൊഴിലാക്കിയര്‍ പലരും സാമ്പത്തിക ലാഭം മോഹിച്ചാണ് മക്കള്‍ക്ക്‌ അവര്‍ അര്‍ഹിക്കാത്ത സ്ഥാനമാനങ്ങള്‍ വാങ്ങി കൊടുക്കുന്നത്... അതേസമയം നിസ്വാര്‍ത്ഥ മായി രാഷ്ട്ട്രത്തെ സേവിക്കുന്നവര്‍ എന്നും വലിയ സേവനവും ത്യാഗവും തന്നെയാണ് ചെയ്യുന്നത്. അത്തരം രാഷ്ട്രീയക്കാര്‍ ആണ് ഈ രാജ്യത്തിന്‌ സ്വാതന്ത്ര്യം വാങ്ങിത്തന്നത് എന്നത് നാം മറന്നു കൂടാ. രാഷ്ട്രീയക്കാര്‍ മുഴുവന്‍ ചീത്ത അതിനാല്‍ അരാഷ്ട്രീയവാടിയാവുക എന്നത് അഴിമതിക്കാരെ സഹായിക്കാനേ ഉതകൂ. സ്കൂള്‍ കാണാത്തവര്‍ നേതാവായി ഉയരാന്‍ കാരണം സ്കൂളില്‍ പോകുന്ന രാഷ്ട്രീയത്തെ പുച്ഛത്തോടെ കാണുന്ന ഈ അരാഷ്ട്രീയവാദിയാണ്. വിദ്യാഭ്യാസവും സേവന താല്പരതയും ഉറപ്പാകുന്ന ഒരു രാഷ്ട്രീയ സംസ്കാരം വളര്‍ത്തി കൊണ്ട് വരാന്‍ മുഴുവന്‍ വിദ്യാര്‍ഥി രാഷ്ട്രീയക്കാരും മുന്നോട്ടു വരാന്‍ ഞാന്‍ ആഹ്വാനം ചെയ്തു കൊള്ളുന്നു....

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!