Friday, September 3, 2010

ഓര്‍മയില്‍ ഓമനിക്കാന്‍ ഒരു സുദിനം

പെരുന്നാളിനെ വരവേല്‍ക്കാനുള്ള തിരക്കാണ് ഗള്‍ഫില്‍ എവിടെയും.   ഷോപ്പിംഗ്‌ മാളുകള്‍ മുതല്‍ തെരുവോരങ്ങളിലെ കച്ചവടം വരെ രാത്രി മുതല്‍ പുലരുവോളം സജീവം. പിന്നീട് വിപണി ഉച്ച വരെ ഉറക്കമാണ്. നോമ്പ് പുലര്‍ച്ചെ നോല്‍ക്കുമെങ്കിലും അത് യഥാര്‍ഥത്തില്‍ തുടങ്ങുന്നത് ളുഹര്‍ നമസ്കാരത്തോടെയാണ്‌ എന്നതാണ് നാട്ടിലെയും ഇവിടെത്തെയും നോമ്പിലെ പ്രകടമായ വ്യത്യാസം എന്ന്‌  മലയാളികള്‍ പറയാറുണ്ട്. എന്‍റെ ഫ്ലാറ്റിനു തൊട്ടടുത്ത കടക്കാരന്‍   ഉച്ചതിരിഞ്ഞു  മൂന്നു മണിക്കാണത്രെ  എണീറ്റു കട തുറക്കുന്നത്. ഇങ്ങനെ രാവിനെ പകലും പകലിനെ രാത്രിയുമാക്കിയ ഈ തലതിരിഞ്ഞ ഏര്‍പ്പാടിന്‍റെ    ജീവിക്കുന്ന രക്തസാക്ഷിയായി രാത്രി ഒരു മണി വരെ  പണിയെടുക്കുന്ന  ഞാനും, എപ്പോള്‍ ഉറങ്ങണം എപ്പോള്‍ എഴുന്നേല്‍ക്കണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് മക്കള്‍ പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നത്. നോമ്പിന്റെ ആദ്യദിനങ്ങളില്‍ തന്നെ തുടങ്ങിയ അവരുടെ ആവശ്യം കഴിഞ്ഞ ദിവസം ശക്തമാവുകയും ഞാന്‍ പര്ചൈസിംഗ്  എന്ന സാഹസത്തിനു പുറപ്പെടുകയും ചെയ്തു. നാലഞ്ച് കടകളില്‍ കയറി വീണ്ടും ആദ്യം കയറിയ കടയില്‍ പോയി സാധനം വാങ്ങിക്കുകയാണല്ലോ നമ്മള്‍ മലയാളികളുടെ ഒരു രീതി. ശരീരം ഇളകിയുള്ള  ഒരു നടത്തം കിട്ടുന്ന ഈ പണി കൊല്ലത്തില്‍ പല പ്രാവശ്യം ആവര്‍ത്തിക്കാര്‍ ഉണ്ടെങ്കിലും റമദാനില്‍ അതൊരു മഹാ യജ്ഞമാണ്. കടകളിലെ തിരക്ക് മൂലം ഉണ്ടാവുന്ന  ബുദ്ധിമുട്ടുകള്‍ക്ക്  പുറമേ, ട്രാഫിക്‌ ജാമുകള്‍, പാര്‍ക്കിംഗ് കിട്ടാതിരിക്കുക, തുടങ്ങിയ പ്രയാസങ്ങള്‍ പറഞ്ഞാല്‍ തീരില്ല.ഏതായാലും നീണ്ട തെരച്ചിലിനൊടുവില്‍ മക്കള്‍ക്കു രണ്ടു പേര്‍ക്കും ഇഷ്ട്ടപെട്ട  വസ്ത്രങ്ങള്‍ കണ്ടെത്തിയ സംതൃപ്തിയില്‍ നില്‍ക്കുമ്പോഴാണ് കുട്ടികള്‍ എന്നെ അടുത്ത കടയിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോവുന്നത്. ഇപ്പോള്‍ വാങ്ങിയ വസ്ത്രത്തിനിണങ്ങിയ  മാലകളും വളകളും മറ്റു സൌന്ദര്യ വാര്‍ധക വസ്തുക്കളും വാങ്ങാതെ പറ്റില്ലത്രേ. ഒടുവില്‍ എല്ലാം കഴിഞ്ഞു എന്ന സമാധാനത്തോടെ വീട്ടിലെത്തിയപ്പോഴാണ് ചെറിയ മകള്‍ ഹാദി 'ലിപ്സ്റ്റിക്' വാങ്ങാന്‍ മറന്നത് ശ്രദ്ധിച്ചത്. എല്ലാം ‘ഇപ്പോള്‍ ഇന്ന്’ എന്ന അവളുടെ ആദര്‍ശത്തിന് മുന്നില്‍ കീഴടങ്ങി വീണ്ടും മറ്റൊരു അര മണിക്കൂര്‍ ട്രാഫിക്‌ ജാമുകള്‍ എന്ന കടമ്പ കടന്നു ശറഫിയ്യയില്‍ രണ്ടാമത്തെ പ്രദക്ഷിണം. എല്ലാം കഴിഞ്ഞു അവശനായി വീട്ടിലെത്തിത്തിയപ്പോള്‍  പുലര്‍ച്ചെ  മൂന്നു മണി. ഇനി ഒരുറക്കത്തിനു ബാല്യമില്ലല്ലോ എന്ന ചിന്തയോടെ ഇരിക്കുമ്പോഴാണ്  പെരുന്നാളിന് വേണ്ടി വാങ്ങിയ മൈലാഞ്ചി ട്യൂബ് മക്കള്‍  ഉപയോഗിക്കുന്നത് കണ്ടത്. ചോദിച്ചപ്പോള്‍ മറുപടി വന്നു, പെരുന്നാളിന് വേറൊന്നു കൂടി വാങ്ങണമെന്ന്. ഇന്നസെന്റ് സ്റ്റൈലില്‍ 'എന്‍റെ  കണ്ട്രോള്‍ പോവുണൂ' എന്ന ഭാവേന ഭാര്യയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവളും കുറുമുന്നണി ഉണ്ടാക്കി മൈലഞ്ചിയിടലില്‍ പങ്കാളിയായി നില്‍ക്കുന്നു. നമ്മുടെ ദേഷ്യമൊക്കെ മക്കളുടെ ആവശ്യങ്ങളുടെ മുന്നില്‍ നീരാവിയായി മേലോട്ടുയരുന്ന സാഹചര്യത്തില്‍ ഒന്നും മിണ്ടാതിരിക്കുകയാണ് ഒരു നോമ്പുകാരന്റെ ബുദ്ധി. ഇനി മൈലാഞ്ചി ട്യുബ്  വാങ്ങാന്‍ പോവുമ്പോള്‍ മിട്ടായിയും പലഹാരങ്ങളും കൂടെ വേണം. പെരുന്ന്നാളിന്  അവര്‍ കൂട്ടുകാരോടൊപ്പം  പല പ്രോഗ്രാമുകളും പ്ലാന്‍ ചെയ്തിട്ടുണ്ട്. അതിന് എന്തൊക്കെ വേണ്ടിവരുമെന്ന് പെരുന്നാള്‍  തലേന്ന് അറിയാം.  ആഞാപിക്കൂ  അനുസരിക്കാം എന്ന രീതിയില്‍ കേന്ദ്രത്തിലെ സര്‍ദാര്ജിയെപ്പോലെ നില്‍ക്കേണ്ട അവസ്ഥയാണ്‌.     
....................................................അകത്തെ മുറിയില്‍ അവര്‍ മൈലാഞ്ചിയിടല്‍ തകൃതിയായി നടത്തുമ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു, എന്‍റെ ചെറുപ്പത്തിലെ പെരുന്നാളുകള്‍. അവയും എന്‍റെ മക്കളുടെ പെരുന്നാളുകളും ഒരിക്കലും തുലനം ചെയ്യനാവാത്തത്ര അജഗജാന്തരം. ഇത് പോലൊരു പര്ച്ചയ്സിംഗ് പോവലോ വാങ്ങലോ അന്നുണ്ടായിരുന്നില്ല. അതിനുള്ള വക ഉണ്ടായിരുന്നില്ല. ശവ്വാല്‍ മാസപ്പിറവിയോ ബലിപെരുന്നാളോ വന്നാല്‍ ആകെയുള്ള പണികള്‍, ഫിത്ര്‍ സാക്കാത്തിന്റെ അരി പാവങ്ങള്‍ക്ക് എത്തിക്കുക,  മൈലാഞ്ചി ഇടുക,  വലിയവര്‍ പെരുന്നാള്‍ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള തെയ്യാറെടുപ്പ് നടത്തുക മാത്രമായിരിക്കും. ഇതിനിടക്ക്‌ ഞങ്ങള്‍ കുട്ടികള്‍ ഒന്നിച്ചിരുന്നു ഈണത്തില്‍ തക്ബീര്‍ ചെല്ലും. വീട്ടിലെ  മൈലാഞ്ചി ചെടിയുടെ മൂത്ത കൊമ്പില്‍  നിന്നും ഇലയൂരി അമ്മിയില്‍ വെച്ചു  അരച്ച ശേഷം കൈകളില്‍ വിളഞ്ഞിയെന്ന ചൂടാക്കിയ ചക്കക്കറ കൊണ്ട് പുള്ളിപുള്ളിയായി നക്ഷത്രവും ചന്ദ്രക്കലയും ഈര്‍ക്കില്‍ കൊണ്ട് കുത്തും. ഓരോ കുത്തും തലച്ചോറില്‍ എത്തുന്നത്ര ചൂടായിരിക്കും സമ്മാനിക്കുക. ശേഷം അതിനു മേല്‍ മൈലാഞ്ചിയിടും. പെണ്‍കുട്ടികള്‍ കാലിലും നഖത്തിലുമൊക്കെ മൈലാഞ്ചിയിടും. ആരുടെ കയ്യാണ് കൂടുതല്‍ ചുവന്നത് എന്ന ഒരു മത്സരബുദ്ധിയോടെ കൂടുതല്‍ സമയം മൈലാഞ്ചി കൈകളില്‍ നിലനിര്ത്തേണ്ടതുണ്ട്. രാവേറെ ചെല്ലുമ്പോള്‍ രണ്ടു കൈകളിലും മൈലാഞ്ചി ഇട്ട കുട്ടികള്‍ അതൂരാതെ  ഉറങ്ങിതുടങ്ങിയിരിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ല കാഴ്ചയായിരിക്കും. കിടക്കുന്ന പായയിലും മുഖത്തും ശരീരത്തിലുമൊക്കെ മൈലാഞ്ചി ചുമപ്പിച്ചിരിക്കും. അത് വലിയവര്‍ക്കു ചിരിക്കാനുള്ള വകയുണ്ടാക്കുമായിരുന്നു.

വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ മാത്രം ലഭിക്കുന്ന കാത്തു കാത്തിരിക്കുന്ന ഒരു മഹാ സംഭവമാണ്  ഒരു പുതിയ കുപ്പായം. പെരുന്നാളിന് മാത്രമേ അത് ലഭിക്കൂ എന്നതിനാല്‍ തന്നെ ഐക്കരപ്പടിയിലെ ഒരേയൊരു ടൈലര്‍ ആയ പത്മനാഭന്‍ ചേട്ടന്‍റെ ടൈലര്‍ കടയില്‍ രാവേറെ ചെല്ലുന്നത് വരെ കുപ്പായം തയ്ച്ചു കിട്ടാനുള്ള കാത്തു നില്‍പ്പ് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കാത്തിരിക്കുന്ന പോലെ അനന്തമായി നീളുമായിരുന്നു. കട അടക്കുന്നത്  പെരുന്നാള്‍ രാവിലെ ആയിരിക്കും. തയ്ച്ചു  കിട്ടാതെ ആരും അവിടെ നിന്ന് എണീറ്റ്‌ പോവാറില്ല. ഇന്ന്   പത്മനാഭേട്ടന്‍ ഇല്ല, പക്ഷെ തയ്യല്‍കടകള്‍ അനവധി, അതിനാല്‍ തന്നെ പഴയ പോലെ തിരക്കൊന്നുമില്ല. ഒരിക്കല്‍ തയ്ച്ച  കുപ്പായവും കൊണ്ട്  ആവേശപൂര്‍വ്വം വീട്ടിലെത്തി കടലാസ്സ്‌ പൊതി തുറന്നു നോക്കിയപ്പോള്‍ കുപ്പായത്തിനു കുടുക്കുണ്ടായിരുന്നില്ല. ആ പെരുന്നാള്‍ 'കുടുക്കില്ലാതെ' കടന്നു പോയത് ഓര്‍ക്കുന്നു. ‍

ചെറിയ പെരുന്നാളിന് ഇറച്ചി കിട്ടാന്‍ വലിയ പ്രയാസമായിരുന്നു. മാസപ്പിറവി കണ്ടതായി ആകാശവാണി കോഴിക്കോട് നിലയം അറിയിക്കുന്നത്  
മുതല്‍   തുടങ്ങുന്ന അറവു കഴിഞ്ഞാല്‍  ഇറച്ചിക്കാരന്‍ കസ്റ്റമറെ       'അറുക്കാന്‍'  തുടങ്ങും. രണ്ടു കിലോ തൂക്കിയാല്‍ ഒരു       കിലോയിലധികം ഇറച്ചി കാണില്ല; ബാക്കി എല്ലും നെയ്യും   കിഡ്നിയും പതിരും ഒക്കെയാവും ഉണ്ടാവുക.  ഇറച്ചിയുടെ വലിയ പൊതിയുമായി വീട്ടിലെത്തുമ്പോള്‍ ഉമ്മ അതും  കാത്തിരിക്കുകയാവും. കരന്റില്ലാത്ത ആ നട്ടപ്പാതിരക്കു  കിണറ്റിന്‍ കരയില്‍ ഇറച്ചി കഴുകാന്‍ ഉമ്മക്ക് പേടിക്ക്‌ നിന്നു  കൊടുക്കണം. പുലര്‍ച്ചെ മുതല്‍ 'ചാലു'വാകുന്ന ഇറച്ചി തീറ്റ മനസ്സില്‍ കണ്ട് സഹകരിച്ചു കൊടുക്കും. ആ സമയം മറ്റുള്ളവര്‍  എല്ലാം   ഉറങ്ങിയിരിക്കും. 

പെരുന്നാള്‍ രാവിലെ എണീറ്റാല്‍ നല്ല  വിശപ്പാണ്. തലേന്ന് വരെ നോമ്പ് നോറ്റ കാരണത്താല്‍ ഒരു മാസത്തിനു ശേഷം ആദ്യമായി ലഭിക്കുന്ന അന്നത്തെ നാസ്തക്ക് പ്രത്യേക രുചിയാണ്. അതില്‍  കൂടി  തലേന്ന്  വാങ്ങിയ  ഇറച്ചിയുടെ  രുചി  അറിയാം.    അത് കഴിഞ്ഞാല്‍ പിന്നെ ഉമ്മ മേലാകെ വെളിച്ചണ്ണ തേച്ചു തരും. എന്നിട്ട് ചെകിരിയില്‍ സോപ്പ് പതപ്പിച്ചു കൊണ്ട് നന്നായി  ഉരച്ചൊരു    കുളിപ്പി
ക്കലാണ്. മേല് നോവുന്ന   ആ കുളി ഒഴിവായി കിട്ടാന്‍ കുട്ടികള്‍  കരഞ്ഞു നോക്കും, പക്ഷെ ഉമ്മമാര്‍ വിടില്ല. ശേഷം പുത്തനുടുപ്പോ അതല്ലെങ്കില്‍ കൂട്ടത്തില്‍ പുതിയതോ ആയ ഉടുപ്പോ ധരിച്ചു,   സെന്റ്‌  പൂശി ആണ്‍കുട്ടികള്‍ വലിയവരുടെ കൂടെ  പെരുന്നാള്‍ പള്ളിക്ക് പോവും.  കോഴിക്കോട്ടു നടക്കുന്ന ഈദ്‌ ഗാഹുകളില്‍ പങ്കെടുക്കാന്‍  ചിലര്‍ നേരെത്തെ പോവും.  അന്ന് സാധാരണ പള്ളിയില്‍   പോകാത്തവരും പള്ളിയിലെത്തുമെന്നതിനാല്‍ അവസാനം വരുന്നവര്‍ പള്ളിക്ക് പുറത്തു നമസ്കരിക്കണം.  പള്ളിയില്‍ പെരുന്നാള്‍ പണം കൊടുത്ത്   വലിയവര്‍   പരസ്പരം  ആലിംഗനം  ചെയ്യുന്നതും നോക്കി നിന്നു, ചിരിച്ചു കളിച്ചു കൂട്ടുകാരോടൊത്ത് സന്തോഷത്തോടെ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ ഭക്ഷണം തെയ്യാറായിട്ടുണ്ടാവും.  പായസം വിളമ്പും.  പിന്നെ ആഘോഷം തുടങ്ങുകയായി.  ശക്തമായ കുടുംബ സ്നേഹം നിലനിന്നിരുന്ന ആ കാലത്ത് കുടുംബത്തിലെ ഓരോ വീട്ടിലും കയറിയിറങ്ങി   ചോറ് തീറ്റ   ആവര്‍ത്തിക്കുന്നു.  കൊളസ്ട്രോളും    പ്രമേഹവും പരിഗണിച്ചുള്ള ഇന്നത്തെ തീറ്റ സംസ്കാരം വറുതിയുടെ ആ ദിനങ്ങളില്‍  പ്രയോഗികമായിരുന്നില്ല. അന്നൊന്നും അത്തരം 'മുന്തിയ' രോഗങ്ങളൊന്നും കേട്ടിരുന്നില്ല.     

ഉച്ചക്ക്  ശേഷമായിരിക്കും  വിരുന്ന്  പോവുക. കൂട്ടത്തില്‍ വിരുതന്മാര്‍ വീട്ടുകാരറിയാതെ പുളിക്കല്‍ അമ്പാടി ടാക്കീസില്‍ സിനിമക്ക് പോവും. മറ്റു ചിലര്‍ കോഴിക്കോട് മാനാഞ്ചിറ  മൈതാനം,  കടപ്പുറം,   ബേപ്പൂര്‍  തുറമുഖം തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ വെച്ചു പിടിക്കും.   സന്ധ്യയോടെ  വീട്ടിലേക്കു വിരുന്ന് വരുന്നവരുടെ കൂടെ പോയി അവരുടെ വീട്ടില്‍ രാത്രി തങ്ങും. ഇതിനിടക്ക്‌ പടക്കം പൊട്ടിക്കല്‍, പൂത്തിരി കത്തിക്കല്‍, സൈക്കിള്‍ സവാരി, പതിവ് കളികള്‍, പെരുന്നാള്‍  പ്രോഗ്രാമുകള്‍  തുടങ്ങിയ കൊച്ചു കൊച്ചു ഗ്രാമീണ സന്തോഷങ്ങള്‍.
....................................................

"എല്ലാ, നിങ്ങളെന്താ  സ്വപ്നം കാണുകയാണോ, അത്താഴം  കഴിക്കാന്‍
 നേരമായി"  ഭാര്യയുടെ സീറോ റേന്ജില്‍   
നിന്നുമുള്ള  വിളി എന്നെ വീണ്ടും ഗള്‍ഫിലേക്ക് കൊണ്ട് വന്നു. മക്കള്‍ അവരുടെ മൈലാഞ്ചിയിട്ട് ചുമപ്പിച്ച   കൈകള്‍  കാട്ടി  തന്നു. മിനിട്ടുകള്‍ക്കകം ചുവക്കുന്ന രാസ പദാര്‍ത്ഥം  കൊണ്ടുള്ള  മൈലാഞ്ചിയിട്ട  അവരുടെ കൈകള്‍  നോക്കി ഞാന്‍ തരിച്ചു നിന്നു. മനോഹരമായ ചിത്രപണികള്‍    അവരുടെ ഇളം കൈകള്‍ നിറഞ്ഞു നില്‍ക്കുന്നു. എങ്കിലും തലച്ചോര്‍ പൊള്ളുന്ന  ചൂടുള്ള വിളഞ്ഞി കുത്തി  ഞങ്ങള്‍  വരച്ചിരുന്ന ചേലില്ലാത്ത  ചന്ദ്രകലയും  നക്ഷത്രങ്ങളും ഓര്‍ത്തു   ഞാന്‍ അഭിമാനം കൊണ്ടു. ആ ചുവപ്പിനു ഒരു നറുമണം ഉണ്ടായിരുന്നു. ഇത് വാസനിക്കാന്‍ കൊള്ളില്ല.
............................................................................
പെരുന്നാള്‍ വീര്‍ വാണം ഇവിടെ അവസാനിപ്പിക്കുകയാണ്. ഭാര്യ    തിരക്ക് കൂട്ടുന്നുണ്ട്.... "പിന്നേയ്, ഇവിടെ ഇതെഴുതിയിരിക്കാന്‍  നേരമില്ല, വീട്ടിലേക്കു പെരുന്നാളിനുള്ള  കുറച്ചു സാധനങ്ങള്‍ കൂടി വാങ്ങിക്കാനുണ്ട്‌.." അതിനാല്‍ പോയി വരട്ടെ.. !

എല്ലാവര്ക്കും മധുരമൂറുന്ന ചെറുപ്പകാലത്തെ ഓര്‍മിപ്പിക്കുന്ന  ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേരുന്നു...


സ്നേഹപൂര്‍വ്വം
സ്വന്തം,
സലീം EP


15 comments:

 1. എല്ലാവര്ക്കും മധുരമൂറുന്ന ചെറുപ്പകാലത്തെ ഓര്‍മിപ്പിക്കുന്ന ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേരുന്നു.

  ReplyDelete
 2. 'നോമ്പ് കത്ത്' പെട്ടെന്ന് തീര്‍ന്നു .എന്നാല്‍ വായനക്കാരുടെ ആവശ്യം പരിഗണിചായിരിക്കാം . പെരുന്നാള്‍ കത്ത് ഹൃദ്യമായി . കാരണം അവിടത്തെ പോലെ തന്നെ ഇപ്പോള്‍ ഇവിടെയും പെരുന്നാള്‍ ആഘോഷം . കാലം പോയ പോക്ക് .....

  >>>മധുരമൂറുന്ന ചെറുപ്പകാലത്തെ ഓര്‍മിപ്പിക്കുന്ന ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേരുന്നു.<<<

  തിരിച്ചും അതേ ആശംസകള്‍.....

  ReplyDelete
 3. ഒത്തിരി ഗൃഹാതുരമായ നിമിഷങ്ങള്‍ സമ്മാനിച്ചു... ഫിത്തര്‍സക്കാത്ത് വിതരണവും ഇറച്ചിക്ക് വരിനില്‍ക്കലും കോഴിക്കോട്ടെ ഈദ് ഗാഹും പെരുന്നളിന് നാട്ടിലായിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചു പോകുന്നു...

  ReplyDelete
 4. @ Noushad Vadakkel: നൌഷാദിന്‍റെ അഭ്യര്‍ത്ഥന മാനിച്ചു നീട്ടിയതാണ്. ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്ന താങ്കള്‍ക്ക് നന്ദി.

  @ Prinsad: ഇറച്ചിക്ക് ക്യു നിന്നതും ഈദ് ഗാഹും ഒക്കെ ദൈര്‍ഘ്യഭയം കൊണ്ട് ചുരുക്കിയതാണ്. വിട്ട ഭാഗം പൂരിപ്പിക്കുക. ഗ്ര്‍ഹാതുരത കെടാതെ സൂക്ഷിക്കുക. നന്ദി.

  ReplyDelete
 5. നന്നായി ഇഷ്ടപ്പെട്ടു. ഇറച്ചി വാങ്ങാന്‍ പോയി വരുമ്പോള്‍ കുറച്ചു പപ്പടവും കൂടി വാങ്ങിയിരുന്നെങ്കില്‍ പെരുന്നാള്‍ ഒന്ന് കൂടി ഉശാരക്കാമായിരുനു. ആശംസകള്

  ReplyDelete
 6. @Rasheed Pengattiri: താങ്കള്‍ക്ക് വേണ്ടി രണ്ടു പപ്പടം എക്സ്ട്രാ തിന്നു ഈ പെരുന്നാള്‍ ഞാന്‍ ഉഷരാക്കാം..എന്താ പോരേ..Eid Mubarak!

  ReplyDelete
 7. നഷ്ടബോധത്തിന്റെ ഓര്‍മ്മകള്‍ എപ്പോഴും നോവുണര്ത്തുന്നതാണ്. സ്നേഹം പെയ്യുന്ന ഇന്നലെകള്‍ സ്നേഹം വിപണിയുടെ മൂല്യത്തില്‍ മാറ്റുരക്കപ്പെടുന്ന കച്ചവടച്ചരക്കായി മാറിക്കഴിഞ്ഞ പുതിയ ലോകത്ത് ഗൃഹാതുരത്വമുണര്ത്തുന്ന സ്മരണയാണ്‌. ആഘോഷങ്ങള്‍ വ്യവസായ വല്‍ക്കരിക്കപ്പെട്ട പുതിയ ചുറ്റുപാടില്‍ ആത്മാവ് നഷ്ടപ്പെട്ട പെരുന്നാളുകള്‍ക്ക് കെമിക്കല്‍ മൈലാഞ്ചിയുടെ മനം മടുപ്പിക്കുന്ന മണമാണുള്ളത്‌!

  കൃത്രിമത്വത്തിന്റെ സമകാല പെരുന്നാളുകളും, വിശുദ്ധി ചോരാത്ത ഗതകാല പെരുന്നാളും ഹൃദ്യമായ ശൈലിയില്‍ താരതമ്യം ചെയ്തു, തന്റെ ഫ്ലാഷ് ബാക്കിലൂടെ, സലിം ഭായ്.

  ആശംസകള്‍; ഹൃദ്യമായ ഈദ് മുബാറക്ക്‌.

  ReplyDelete
 8. @ Noushad Kuniyil: ഗതകാല സ്മരണകള്‍, പ്രത്യേകിച്ചും പ്രവാസത്തിന്റെ അന്യം നില്‍ക്കല്‍ കൂടിയാവുമ്പോള്‍, വല്ലാതെ നോവുണര്‍ത്താന്‍ പോന്നതാണ്. ഓരോ ആഘോഷങ്ങളും ഗതകാല സ്മരണകളുടെ തീരങ്ങളില്‍ നോവായി, നൊമ്പരമായി, പെയ്തിറങ്ങുന്നു. ആധുനികതയുടെ പേരില്‍ നാം അനുധാവനം ചെയ്യുന്ന പലതും ആ പഴയ കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ കൊതിപ്പിക്കുന്നു.
  നൌഷാദ് സാബ്‌, വന്നതിനും മൌലികമായി വിലയിരുത്തിയതിനും നന്ദി. വീണ്ടും വരിക.

  ReplyDelete
 9. “ ഒരിക്കല്‍ തയ്ച്ച കുപ്പായവും കൊണ്ട് ആവേശപൂര്‍വ്വം വീട്ടിലെത്തി കടലാസ്സ്‌ പൊതി തുറന്നു നോക്കിയപ്പോള്‍ കുപ്പായത്തിനു കുടുക്കുണ്ടായിരുന്നില്ല. ആ പെരുന്നാള്‍ 'കുടുക്കില്ലാതെ' കടന്നു പോയത് ഓര്‍ക്കുന്നു.“
  പക്ഷെ, ഇന്നുകളിൽ ‘കുടുക്കിൽ‘ കിടന്ന് ഊർദ്ധശ്വാസം വലിക്കുന്നു. എങ്കിലും ആഘോഷത്തിൻ സ മൃദ്ധിയിൽ നമ്മൾ;
  എന്നെയും എന്റെ കുട്ടിക്കാലത്തിലേക്ക് കൂട്ടികൊണ്ട് പോയി ഓർമയിലെ പെരുന്നാൾ.

  ReplyDelete
 10. ജ്യേഷ്ടന്റെ ടൈലര്‍ ഷോപ്പിലെ പരുന്നാളിന്റെ തിരക്ക് ഓര്‍ത്തുപോയി. കടയില്‍ ഇരുന്നും, വീട്ടില്‍ കൊണ്ടു പോയും ഷര്‍ട്ടുകള്‍ക്ക് കുടുക്ക് തുന്നുന്ന പണി എനിക്കും പെങ്ങന്മാറ്ക്കുമായിരുന്നു. പലരെയും ‘കുടുക്കി’ലാക്കിയ ആ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയ സലീം സാഹിബിനു നന്ദി.

  ReplyDelete
 11. @@ sm sadique: അതെ, അന്ന് കുടുക്കില്ലാത്ത പെരുന്നാള്‍ ആഘോഷിക്കാമായിരുന്നു. ഇന്ന് നാനാതരം കുടുക്കിലകപ്പെട്ടു പെരുന്നാളിന്റെ തനിമയും എളിമയും ചോര്‍ന്നു പോയോന്ന് സംശയം . സാദിക് സാഹിബിനു കുടുക്കില്ലാത്ത പെരുന്നാള്‍ ആശംസകള്‍ നേരുന്നു!

  @ mujeeb rahman: കുടുക്കുകളുടെ ലോകത്ത് ഞാനും മുജീബ് സാഹിബും രണ്ടു തലങ്ങളിലാനെങ്കിലും സമാന ദുഖിതര്‍ . ഇന്ന് കോഴിക്കോട്ടെ 'Top Most'ല്‍ പോയി ഒന്നാന്തരം റെഡിമൈഡു ഷര്‍ട്ടും പാന്റ്സും വാങ്ങി ഇട്ടു വിലസിയാലും ആ കുടുക്കുകളുടെ സുദിനത്തിന് പകരമാവില്ല. അന്നത്തെ 'കുടുക്കും' ഇന്നത്തെ 'ബട്ടന്‍സ്' ഉം തമ്മില്‍ വെച്ച് നോക്കുമ്പോള്‍, ആറ്റുനോറ്റിരുന്നു ലഭിച്ച ആ പോളിസ്റ്റര്‍ കുപ്പായം തന്നെ ഒരു ഗള്‍ഫ്‌ മലയാളിക്ക് ഓര്‍ക്കാന്‍ ഇഷ്ട്ടം. വന്നതിനും അഭിപ്രായത്തിനും നന്ദി. ഇടക്കൊക്കെ വന്നു അഭിപ്രായം പറയണം.

  ReplyDelete
 12. നൌഷാദ് കുനിയില്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. ഓര്‍മ്മയിലെ പെരുന്നാള്‍ വായിച്ചപ്പോള്‍ അതൊരു പഴയ കാലത്തിന്റെ സത്യസന്തമായ വിവരണമായി. ഒട്ടും കൃത്രിമത്വമില്ലാത്ത നാടന്‍ മൈലാഞ്ചി പോലെ ഇന്നലകളുടെ നേര്‍ചിത്രം വായനക്കാരുടെ മനസ്സില്‍ കൊണ്ട് വരാന്‍ സലീമിനു കഴിഞ്ഞു. ആശംസകള്‍

  ReplyDelete
 13. @ Akbar: അതെ അക്ബര്‍, ഓര്‍മയിലെ പെരുന്നാളിന് മൈലാഞ്ചി ചെടിയുടെ നറുമണം. ഇന്നത്തെ ആഘോഷമയമായ പെരുന്നാളുകള്‍ക്ക് മൈലാഞ്ചി ടുബുകളുടെയും മദ്യക്കുപ്പികളുടെയും ബെടക്ക്‌ മനം!
  തിരുരും പൊന്നാനിയും പെരിന്തല്‍മണ്ണയും കളക്ഷന്‍ എത്രയെന്നു ലഭ്യമാവുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവും !

  ReplyDelete
 14. അതേയ്...നിങ്ങളിനിങ്ങനെയൊക്കെ എഴുതി ആളുകളെ ബേജാറക്കല്ലേ...?
  ഇതൊക്കെ വായിച്ചിട്ടു നാട്ടില്‍ പോകാന്‍ തോന്നുന്നു...
  എന്റെ പഴയൊരു പെരുന്നാള്‍ ഓര്‍മ്മ ഇവിടെ
  ദേ...ഇവിടേ ഉണ്ട്

  ReplyDelete
 15. റിയാസ്, താങ്കളുടെ ഓര്‍മകളും വായിച്ചു, പഴയ കാലത്തിന്‍റെ ശേഷിപ്പുകള്‍ ആയി അത്തരം കുറച്ചു ഓര്‍മ്മകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ... ബാക്കിയെല്ലാം കൈമോശം വന്നില്ലേ. അന്ന് കേവലം 'പടക്കം' പൊട്ടിക്കാന്‍ മാത്രമായിരുന്നല്ലോ ആ രാത്രി വൈകിയുള്ള കൂട്ട് കൂടല്‍. ഇന്ന് രാത്രി വൈകി കൂടുന്നത് കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയാണ്....
  (I put this same comment there at your blog also)

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!