Sunday, October 17, 2010

"അച്ചരം പഠിച്ചേല്‍ വായ്ച്ചാര്‍ന്നു......"

         കുറെ കാലമായി ഒരു കത്തെഴുതിയിട്ട് അല്ലേ.... എന്ത് കൊണ്ട് ? ഇന്നും കത്തെഴുതുന്നോര്‍ നാട്ടിലും ഗള്‍ഫിലും ഒക്കെ ഉണ്ട് എന്നറിയോ ? നമുക്കും എഴുതിയാലോ നാട്ടിലേക്ക് ഒരു കത്ത്..? പെന്നും കടലാസും കവറും ഒക്കെ  റെഡിയാ.....ദാ..ഇവിടെ തന്നെ..!


 
              ഒരു കത്ത് കിട്ടുമ്പോഴുള്ള ആ സുഖമുണ്ടല്ലോ,  അതൊരിക്കലും സംസാരിച്ചാല്‍ കിട്ടില്ല. യാതൊരു മുഷിപ്പുമില്ലാതെ അനേകം തവണ വായിക്കുന്നതാണ്  ദമ്പതികള്‍ പരസ്പരം അയക്കുന്ന ഒരു കത്ത്. എന്നിട്ട് ഭദ്രമായി എടുത്തു സൂക്ഷിക്കുകയും ചെയ്യും. തൊണ്ണൂറുകളില്‍ എന്‍റെ സുഹൃത്തുക്കള്‍ എഴുതിയ ചില കത്തുകള്‍ ഞാന്‍ എന്നെന്നേക്കുമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒരു പക്ഷെ കത്തുകള്‍ തികച്ചും അന്യമാകുന്ന ഒരു കാലത്ത് എന്‍റെ മക്കള്‍ക്ക്‌ അതൊരു അമൂല്യ നിധിയായിരിക്കും എന്ന പ്രതീക്ഷയോടെ. മൊബൈല്‍ ഫോണുകളും ലാന്‍ഡ്‌ ഫോണുകളും വ്യാപകമാവുന്നത് രണ്ടായിരം ആണ്ടോടെയാണ്. കത്തുകളുടെ സുവര്‍ണ കാലമായിരുന്നു അത് വരേക്കും. നാട്ടില്‍ പണത്തേക്കാള്‍ അധികം കത്തുകള്‍ അന്ന് എത്തിയിരുന്നു. ആയിരം രൂപയ്ക്കു നൂറ്റിരുപതു റിയാല്‍ വേണ്ടിയിരുന്ന കാലത്തു പണം അയപ്പ് പൂര്‍ണമായും പെട്രോള്‍ പോലെ 'കുഴല്‍' വഴി ആയിരുന്നു നടന്നിരുന്നത്. ബാക്കി കാര്യങ്ങളായ ഫോട്ടോയും സാധനങ്ങളും കൂടെ കത്തുകളും ‍ അയക്കണമെങ്കില്‍ ഏറെ പേരും ആശ്രയിച്ചിരുന്നത് നാട്ടിലേക്കു ലീവിനും തിരിച്ചു ലീവ് കഴിഞ്ഞു ഇങ്ങോട്ടും ഉള്ള നാട്ടുകാരുടെ സൌജന്യ കുറിയര്‍ സര്‍വീസ് ആയിരുന്നു. ഇരു നാടുകളിലെയും പോസ്റ്റ്‌ ആപ്പീസുകള്‍ അറിയാതെയും അറിഞ്ഞും കത്തുകള്‍ സ്ഥിരമായി വന്നു പോയ്‌ കൊണ്ടിരുന്നു. ഫോണ്‍ വിളികള്‍ വളരെ അപൂര്‍വമായിരുന്ന കാലത്ത്, വിളിക്കാനുള്ള സൗകര്യം ഇവിടെയോ അത് കേള്‍ക്കാനുള്ള സൗകര്യം നാട്ടിലോ ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഞാന്‍ ആദ്യമായി ഫോണ്‍ ചെയ്തത് ഗള്‍ഫില്‍ എത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ്. ഓരോ മിനുറ്റിനും വലിയ ചാര്‍ജും ഈടാക്കിയിരുന്നു. ഇന്ന് നെറ്റ് വഴി ദിവസവും വിളിയാണല്ലോ. അതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു പരസ്പരം ബന്ധിപ്പിക്കുന്ന ഏക പാലം. എസ് .എ ജമീലിന്റെ കത്ത് പാട്ട് ആ കാലത്തിന്റെ സ്പന്ദനം നന്നായി ഉള്കൊള്ളുന്നുണ്ട്. കത്തുകള്‍ പല തരത്തിലുണ്ടെങ്കിലും വേറിട്ട ഒരു കത്തനുഭവമാണ്     കത്തെഴുത്തിന്റെ  പരമോച്ചാവസ്ഥയായ തേര്‍ഡ് പാര്‍ട്ടി  ലെറ്റര്‍  റൈറ്റിംഗ്  (മറ്റുള്ളവര്‍ക്ക്  കത്തെഴുതി കൊടുക്കല്‍ തന്നെ). ഇതൊരു തരം തേര്‍ഡ് ക്ലാസ് പരിപാടിയാണപ്പാ...ഈ പോസ്റ്റിനു പ്രചോദനമായ ആദൃശ്യ സംഭവങ്ങള്‍ ഇവിടെ അനാവരണം ചെയ്യട്ടെ. ആദ്യം ഇവരെയൊന്നു പരിചയപ്പെടൂ... 

            മൂന്നു വര്ഷം മുമ്പ് വീട്ടു വേലയ്ക്കു അറബിയുടെ വിസയില്‍ വന്നു. ആറ് മാസത്തെ ജോലിക്ക് ശേഷം നിവൃത്തിയില്ലാതെ കഫീലിന്‍റെ ഇടുങ്ങിയ മതില്‍ ചാടി ജിദ്ദയുടെ വിശാലതയിലേക്ക്‌ രക്ഷപ്പെട്ടു. അത്തരക്കാര്‍ ഒരു പാടുണ്ട്. സമാന മനസ്കരായ നാലഞ്ച് സ്ത്രീകള്‍ കൂടിയിരുന്നു യൂനിയന്‍ ഉണ്ടാക്കി (PBU അല്ല) ഒരു താവളത്തില്‍ പാര്‍ക്കുകയും, മലയാളീ ഫാമിലികളില്‍ പ്രസവ ശുശ്രൂഷ, വൃദ്ധ ശുശ്രൂഷ, കുട്ടികളെ നോക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുകയും ചെയ്യുന്നു..സാധാരണ ഒരു നേര്സിനു ലഭിക്കുന്ന സാലറി അവരും വാങ്ങുന്നുണ്ട്....അത് പിന്നെ പറയാം...ഈ സ്ത്രീ ഇന്നലെ അതിരാവിലെ തന്നെ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും സ്വന്തം റൂമില്‍ പോയി. കാരണം കൂടെയുള്ള മൂന്നു പേര്‍ക്ക് വീട്ടിലേക്കു കത്തെഴുതാനുണ്ട്‌. ദൈവാധീനം കൊണ്ടു മൂന്നു പേര്‍ക്കും നുള്ളിപ്പെറുക്കി വായിക്കാനറിയാമെങ്കിലും എഴുത്തു വിദ്യ വശമില്ല. സ്കൂളിലെ മൂന്നാം ക്ലാസ് വിരുതത്തിയായ ഈ താത്ത അങ്ങനെയാണ് ഇവരുടെ നാട്ടിലേ‍ക്കുള്ള കത്തുകളുടെ ചീഫ് എഡിറ്റരും സ്ഥിരം കോളമിസ്റ്റും ആകുന്നത്. ടാക്സിക്കുള്ള മുപ്പതു റിയാല്‍ അവര്‍ മൂന്നു പേരുടെയും വക. മറ്റു മൂന്നു പേരുടെയും വീട്ടിലെ എല്ലാ കാര്യങ്ങളും ഈ സ്ത്രീക്കറിയാം എന്നത് ഇവളെ മറ്റു മൂന്നു പേര്‍ക്കും പ്രിയപെട്ടവളാക്കി മാറ്റി. വൈകീട്ട് തിരിച്ചു വന്നപ്പോള്‍ കത്തെഴുത്ത് മത്സരം എങ്ങനെ ഉണ്ടായിരുന്നെന്നു ചോദിച്ചു.. ചിരിച്ചു കൊണ്ടുള്ള അവരുടെ മറുപടി. "ഇപ്രാവശ്യം മൂവര്‍ക്കും സ്നേഹം തീരെ കുറവാ..കഴിഞ്ഞ മാസം അയച്ച പൈസയുടെ കണക്കു ചോദിച്ചുള്ള ഉശിരന്‍ കത്തുകളായിരുന്നു മൂന്നും. "         ഏതായാലും അന്യര്‍ക്ക് വേണ്ടി കത്തെഴുതുക നല്ല സ്കോപ്പുള്ള പണിയാണ്. ഈ വിദ്യ വര്‍ഷങ്ങള്‍ക്കു മുമ്പേ സ്വയത്തമാക്കിയവനാണ് ഞാന്‍. ആ കഥ പറയെട്ടെ..ബോറടിക്കൂലല്ലോ....


     എന്‍റെ ഒരു നാട്ടുകാരന്‍ ഗള്‍ഫില്‍ എത്തിപെട്ടതും കത്തുകളുടെ സുവര്‍ണ കാലത്ത് തന്നെ. നാട്ടില്‍ നിന്നും എത്തി ടാക്സി ഓട്ടം തുടങ്ങി. ദിവസങ്ങള്‍ വണ്ടിയുടെ ഗീര്‍ മാറ്റുന്ന വേഗതയില്‍ കടന്നു പോയി. ഒരു ദിവസം ഞാന്‍ റൂമില്‍ നിന്നും ജോലി സ്ഥലത്തേക്ക് നടന്നു പോകുകയായിരുന്നു. പാതി വഴി പിന്നിട്ടുണ്ടാവും,   പെട്ടെന്ന് ഒരു വെള്ള ടാക്സി കാര്‍ എന്‍റെ തൊട്ടടുത്തായി ബ്രൈക്കിട്ടു, ഈ സുഹൃത്ത് അവന്റെ കാറില്‍ കയറാന്‍ പറഞ്ഞു. ഞാന്‍ വേണ്ടാന്നു പറഞ്ഞെങ്കിലും എന്നെ നിര്‍ബന്ധിച്ചു കയറ്റി ഒരു പത്തു മീറ്റര്‍ ഓടി വണ്ടി സൈഡാക്കി. എന്നോടൊന്നും പറയാതെ അവന്‍ ഒരു കത്തെടുത്തു എനിക്ക് വായിക്കാന്‍ തന്നു. ഞാന്‍ വായിക്കാന്‍ തുടങ്ങിയേടത്തു തന്നെ പെട്ടെന്ന് സഡന്‍ ബ്രേക്കിട്ടു. "പ്രിയപ്പെട്ട എന്‍റെ ഇക്ക അറിയാന്‍ സ്വന്തം...". കല്യാണം കഴിക്കാത്ത എട്ടും പൊട്ടും തിരിയാത്ത എനിക്ക് നാണം കൊണ്ട് തുടര്‍ന്നു വായിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞു, അത് ശരിയാവില്ല. നിന്‍റെ ഭാര്യയുടെ കത്താണ്. അവന്‍ പറഞ്ഞു, സാരമില്ല, നീ വായിക്കുന്നതില്‍ എനിക്ക് പ്രശ്നമില്ല, വേറെ ആരോടും പറയാതിരുന്നാല്‍ മതി. അങ്ങനെ അവന്റെ നിര്‍ബന്ധ പ്രകാരം ഞാന്‍ നാലു പുറം നീട്ടിയെഴുതിയ എന്‍റെ ജീവിതത്തിലെ അത്തരത്തിലുള്ള ആദ്യ കത്ത് വായിച്ചു. ഒരു പാവം പെണ്ണു തന്‍റെ 'കുട്ട്യേളെ ബാപ്പക്ക്' എഴുതിയ സ്നേഹവും, തലോടലും, നൊമ്പരവും, നെടു വീര്‍പ്പും ഒക്കെ സമാസമം ചേര്‍ത്ത കത്ത്. ഞാനവന്റെ ആദ്യ കത്ത് നല്ല രസത്തില്‍ ഒരു നിതീഷ്കുമാര്‍ സ്റ്റൈലില്‍ വായിച്ചു കൊടുത്തു. "ഇക്കാന്റെ മാത്രം ....." എത്തിയപ്പോഴേക്കും എനിക്കിറങ്ങേണ്ട സ്ഥലമായി. ഞാന്‍ കത്ത് തിരിച്ചു കൊടുത്തു അവന്റെ മുഖത്തു നോക്കാതെ ഇറങ്ങി. ആകെപ്പാടെ ഒരു അങ്കലാപ്പും ആശയക്കുഴപ്പവും. ഇനി ആ പണിക്കു എന്നെ കിട്ടില്ലാന്നു ഞാന്‍ സ്വയം പറഞ്ഞു. (ഞാനത്ര പുണ്യാളന്‍ ആയിട്ടൊന്നുമല്ല. ഭാര്യയെഴുതിയ കത്ത് അവളുടെ ഭര്‍ത്താവിനു വായിച്ചു കൊടുക്കാന്‍ ഒരു സുഖം പോര. കട്ടെടുത്തു വല്ലവന്റെയും കത്ത് വായിക്കുന്ന രസം ഇല്ല..). ഏതായാലും ആ പൊല്ലാപ്പ് ഒഴിഞ്ഞല്ലോ ഇന്ന് കരുതിയിരുക്കുമ്പോഴാണ് രാത്രി എന്നെ പിക്ക് ചെയ്യാന്‍ അവന്‍ വീണ്ടും വരുന്നത്. കത്ത് വായിച്ചു കൊടുത്ത നന്ദിയാവും എന്ന് കരുതി ഞാന്‍ മുന്‍സീറ്റില്‍ ഗമയില്‍ ഇരുന്നു. അവന്‍ വണ്ടി ഒരൊഴിഞ്ഞ സ്ഥലത്തെക്കാണ് വിടുന്നത്. ഇവനിതെന്തു പറ്റി, ദൈവമേ, വീണ്ടും കത്ത് വന്നോ എന്നൊക്കെ ചിന്തിച്ചിരിക്കുന്നതിനിടയില്‍ അവന്‍ വണ്ടി നിര്‍ത്തി. എന്‍റെ പ്രതീക്ഷക്ക് വിരുദ്ധമായി അവന്‍ എന്‍റെ നേരെ ഒരു ലെറ്റര്‍ പാഡും പെന്നും നീട്ടി. നേരെത്തെ വായിച്ച കത്തിന് മറുപടി എഴുതണം. ഞാന്‍ എഴുതി തുടങ്ങി. ഒഴിയാന്‍ പറ്റില്ലല്ലോ, മറ്റൊരാള്‍ക്കും കൊടുക്കാത്ത ഒരു വിശ്വാസ്യത എനിക്ക് തന്ന സ്ഥിതിക്ക് പ്രത്യേകിച്ചും. എന്റെതായി ഒന്നും കൂട്ടാതെ കുറക്കാതെ പ്രിയതമന്റെ പ്രണയാക്ഷരങ്ങള്‍ എന്‍റെ വിരലിലൂടെ ഞാന്‍ കടലാസിലേക്ക് പകര്‍ത്തി. വീണ്ടും രഹസ്യം സൂക്ഷിക്കാന്‍ അപേക്ഷിച്ചു അവന്‍ പോയി... നാട്ടുകാര്‍ അറിഞ്ഞാലുള്ള നാണക്കേട്‌ ഓര്‍ത്തു ഞാനും പിടിച്ചു നിന്നു...

      പിന്നെ നിരന്തരം ഞാന്‍ അവനു വേണ്ടി കത്തുകളെഴുതി. അവളുടെ കത്ത് ഭാഷ എനിക്കും എന്‍റെ ഭാഷ അവള്‍ക്കും ഹൃദ്യസ്ഥമായി. എവിടെയും പൊട്ടാതെ ഈ ബന്ധം നീണ്ടു നിന്നു. ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്‍റെ കൂടി ഉപദേശം തേടിയും തേടാതെയും കത്തെഴുതി. ക്രമേണ ഞാന്‍ ഒരു പഠിച്ച എഴുത്തുകാരനായി. അവന്‍ കാര്യങ്ങള്‍ മാത്രം പറഞ്ഞു തരും. അഭിസംബോധന, ഉപക്രമം, ഉപസംഹാരം ഒക്കെ ഞാന്‍ എന്‍റെ ഡിഷ്‌നറിയില്‍ നിന്നും എടുത്തു ഉപയോഗിച്ചു പരീക്ഷിച്ചു. പിന്നീട് ഞാന്‍ ജോലിയും റൂമും മാറിയ ശേഷം ആ ബന്ധം ക്രമേണ നിലച്ചു. അവന്‍ വേറെ ആരെയെങ്കിലും  ഉപയോഗിച്ചോ ആവൊ..ഏതായാലും ഇന്ന് വരെ അവള്‍ അതറിഞ്ഞിട്ടുണ്ടാവില്ല എന്നത് മാത്രമാണ് എന്‍റെ സമാധാനം. ഇതുപോലെ വേറൊരു ആള്‍ക്കു വേണ്ടിയും ഞാന്‍ കത്തെഴുതിയിട്ടുണ്ട്. അവനു മലയാളം അറിയും. പക്ഷെ അവള്‍ക്കറിയില്ല. അഞ്ചാന്തരം വരെ മദ്രസ വിദ്യാഭ്യാസം മാത്രം ലഭിച്ച പൊട്ടി പെണ്ണ് 'അറബി മലയാളത്തില്‍' (മംഗ്ലീഷ് പോലെ) ആയിരുന്നു അവനു കത്തെഴുതിയിരുന്നത്. അത് വായിക്കാനും മറുപടി എഴുതാനും ഞാന്‍ തന്നെ വേണം. ഞാനാരാ മോന്‍. റൂമിലെ സ്വല്പം വിദ്യാഭ്യാസം സിദ്ധിച്ചവന്‍ എന്ന നിലക്ക് ഇത്തരം ഉപകാരങ്ങള്‍ പലര്‍ക്കും ചെയ്തു കൊടുത്തു. ഇതെല്ലാം സ്വന്തമായി ഒരു ഭാര്യ ഉണ്ടായപ്പോള്‍ അവള്‍ക്കു കത്തെഴുതുമ്പോള്‍ എനിക്ക് ഉപകാരപ്പെട്ടു എന്ന് പറയാം.

       അക്ഷരാഭ്യാസം ഉണ്ടായിരുന്നവര്‍ (പ്രത്യേകിച്ചും സ്ത്രീകള്‍) തീരെ കുറവായ കാര്‍ഷിക പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന ആ തലമുറയില്‍ കത്തെഴുത്ത് ഒരു മഹാ യജ്ഞം തന്നെയായിരുന്നു. അക്ഷര തെറ്റ് ആ കത്തുകളുടെ മുഖമുദ്രയായിരുന്നുവെങ്കിലും അതിലെ ഓരോ വരികളും സ്നേഹം കൊണ്ട് ഈട് വെക്കാവുന്ന പവിഴ മുത്തുകളായിരുന്നു..... അക്കാലത്ത് കോഴിക്കോട് റേഡിയോ നിലയം ഒരു നാടകം അവതരിപ്പിച്ചത് ഓര്‍ക്കുന്നു. തനിക്കു സ്ഥിരമായി കിട്ടുന്ന കുത്തുകള്‍ (പെണ്ണിന് 'കത്ത്' എന്നെഴുതാന്‍ അറിയില്ല) കിട്ടി സഹികെട്ടു ഭാര്യയെ മൊഴി ചെല്ലുന്ന അവസ്ഥയിലെത്തിയ ഒരു നാടകം. മറ്റൊരു കത്ത് ഓര്‍മ വരുന്നത്, എന്‍റെ അയല്‍വാസിനിയായ ഒരു സ്ത്രീയുടെതാണ്. നാട്ടിലെ ആദ്യകാല ഗള്‍ഫുകാരന്‍റെ ഭാര്യ. മൂപ്പര്‍ പ്രിയതമക്ക് നീണ്ടൊരു കത്തെഴുതി. ബീടരുടെ മറുപടി രണ്ടു വരിയില്‍ ഒതുങ്ങി എന്നാണ് കേട്ടത്. "ഹാജ്യാരേ, ങ്ങളെ കത്ത് കിട്ടി. ബാക്കി മൊഖതാവില്‍ പറയാം..." വിദ്യാഭ്യാസത്തിന്റെ കുറവ്, ഭര്‍ത്താവിനോടുള്ള സ്നേഹാദരവ്, നാണം ഒക്കെ ഈ വരികളില്‍ തെളിയുന്നില്ലേ..മറ്റൊരു കത്ത് തമാശ, ഒരിക്കല്‍ ശരഫിയ്യയിലെ നാട്ടുകാരുടെ റൂമില്‍ നാഥനില്ലാതെ കിടക്കുന്ന ഒരു കത്ത് കണ്ട് എടുത്തി നോക്കി. അഡ്രസ്‌ ഇപ്രകാരമായിരുന്നു. "ഈ കത്ത് കുഞ്ഞാന് കൊടുക്കണം, എന്ന് കുഞ്ഞുട്ടി ". പാവം കുഞ്ഞുട്ടി ഉണ്ടോ അറിയുന്നു  തന്‍റെ പ്രിയപ്പെട്ട കുഞ്ഞാന് കത്ത് കിട്ടിയിട്ടില്ല എന്ന്. വ്യക്തമായ അഡ്രസ്‌ എഴുതാത്ത ഇത്തരം കത്തുകള്‍ എല്ലാ മലയാളീ റൂമുകളിലും അന്ന് സ്ഥിരം കാഴ്ചയായിരുന്നു.
         പ്രിയ ബ്ലോഗര്‍മാരെ, ബ്ലോഗിണികളെ, ബ്ലോഗികളിക്കുന്ന ഭാവി വാഗ്ദാനങ്ങളെ, നമ്മുടെ തലമുറയ്ക്ക് കൈമോശം വന്ന കത്തെഴുത്ത് ശീലം എന്ന മഹത്തായ പാരമ്പര്യം വീണ്ടെടുത്തു നമ്മുടെ മാതൃഭാഷയും സാഹിത്യവും അതിലുപരി കുടുംബ സൌഹൃദ ബന്ധങ്ങളും ആ പഴയ സുവര്‍ണ ദശയിലേക്ക് നയിക്കപ്പെടാന്‍ ബൂലോകത്തെ ഏക അംഗീകൃത സംഘടനയായ PBU‌ ആജീവനാന്ത  പ്രസിഡണ്ട് എന്ന നിലയില്‍ ഞാന്‍ ആഹ്വാനം ചെയ്തു കൊള്ളുന്നു.  ഈ ആഹ്വാനം ബ്ലോഗ്‌  ബ്ലോഗാന്തരം എത്തിച്ചു  അടുത്ത ഒരു മാസക്കാലം കൊണ്ടു മുഴുവന്‍ ബ്ലോഗര്‍മാരും ഒരു കത്തു വീതം എഴുതി ഈ പ്രചാരണ കാമ്പൈന്‍ വിജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.  ഈ ആഹ്വാനം   ശ്രവിച്ചു വല്ലവനും  വല്ലവള്‍ക്കും പ്രേമ ലേഖനം എഴുതിയാല്‍ കാര്യങ്ങള്‍ പിടുത്തം വിട്ടില്ലെങ്കില്‍ അവരുടെ കല്യാണം നടത്തി കൊടുക്കാന്‍ സംഘടന മുന്കയ്യെടുക്കുന്നതായിരിക്കും.


      ഇതോടെ കത്ത് ചുരുക്കുന്നു. മറുപടി ഉടനെ തന്നെ ഇതിനു താഴെ കാണുന്ന പെട്ടിയില്‍ പോസ്റ്റ്‌ ചെയ്യുവാന്‍ അപേക്ഷിച്ച് കൊണ്ട് നിര്‍ത്തുന്നു.....   

48 comments:

 1. നമുക്കും എഴുതിയാലോ നാട്ടിലേക്ക് ഒരു കത്ത്..? പെന്നും കടലാസും കവറും ഒക്കെ റെഡിയാ.....

  ReplyDelete
 2. പണ്ട് ഗള്‍ഫിലുള്ള അമ്മായുടെ ആങ്ങളക്ക് കത്ത് എഴുതുന്നത് ഓര്‍മ്മ വരുന്നു . തറവാട്ടില്‍ ഒരു വിധപ്പെട്ട എല്ലാ ബന്ധുക്കളും ഒരുമിച്ചു കൂടുന്ന സന്ദര്‍ഭങ്ങളില്‍ ആണ് കത്ത് എഴുതാറുള്ളത് . വളരെ രസകരമാണ് ആ ഓര്‍മ്മകള്‍ .

  ഉദാഹരണത്തിന് മുന്‍ കത്തില്‍ അദ്ദേഹത്തിനു ഒരു ചെറിയ മുറിവ് പറ്റിയത് പറഞ്ഞിട്ടുണ്ടാവും .അത് വായിച്ചു ഇവിടെ നിന്നും എഴുത്തും
  " എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം , നീ അതിനൊക്കെ വലിയ മടിയനാണ്. സൂക്ഷിച്ചാല്‍ നല്ലത് "

  ഈ കത്ത് ഗള്‍ഫില്‍ അദ്ദേഹത്തിനു കിട്ടുമ്പോള്‍ ചുരുങ്ങിയത് പതിനഞ്ചു ദിവസമെന്കിലും കഴിയും .മുറിവ് കിടന്നിടത്ത് പൊററ പോലും ബാക്കിയുണ്ടാവില്ല ...

  >>>നമുക്കും എഴുതിയാലോ നാട്ടിലേക്ക് ഒരു കത്ത്..? പെന്നും കടലാസും കവറും ഒക്കെ റെഡിയാ.....<<<

  ഇ മെയിലും ചാറ്റിങ്ങും സാധാരണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അത് വേണോ സലിം ഭായ് ...;)

  ReplyDelete
 3. ഇതൊക്കെയായിരുന്നു കയ്യിലിരുപ്പ് അല്ലെ?
  കത്തിന്റെ കഥ ഭംഗിയായി.
  ആശംസകള്‍ .

  ReplyDelete
 4. അച്ചരാഭ്യാസമില്ലാത്ത ആ കാക്കാക്കും സലീം സാഹിബ് എന്ന ബ്ലോഗറെ സ്യഷ്ടിക്കുന്നതില്‍ ഒരു നിമിത്തമാവാന്‍ സാധിച്ചല്ലോ ? അതു തന്നെയാവും പോസ്റ്റുകള്‍ക്കൊക്കെ ഒരു കത്ത് മയം.

  ReplyDelete
 5. ങ്ങളെ പോസ്റ്റ് ബായിച്ചു. ബാക്കി മൊഖദാവില്‍ പറയാം

  ReplyDelete
 6. കത്ത് വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കേണ്ട.
  ഖല്‍ബില്‍ കഥനത്തിന്‍ മാല്യങ്ങള്‍ കോര്‍ക്കേണ്ടാ
  കഴിഞ്ഞു പോയതിനെ ഒന്നുമേ ഓര്‍ക്കെണ്ടാ
  കഴിവുള്ള കാലം കരഞ്ഞിനി തീര്‍ക്കെണ്ടാ.
  യാത്രാ തിര്‍ക്കുമല്ലോ. (s a ജമീല്‍)
  ഗ്രഹാതുരതയോടെ മലയാളികള്‍ ഇന്നും കേള്‍ക്കുന്ന ഗാനം.

  കത്ത് പുരാണം അസ്സലായി. ഈമെയിലിന്റെയും വോയ്പ് കോളിന്റെയും കാലത്ത് കത്തുകള്‍ തീര്‍ത്തും ഇല്ലാതായി. കത്തുകളുടെ സുവര്‍ണ കാലത്തിലേക്ക് സലിം ഈ പോസ്റ്റിലൂടെ വായനക്കാരെ കൈപിടിച്ചു നടത്തി . കത്തുകള്‍ ജീവിത രേഖയാണ്. ഓരോ പ്രവാസിയും നിരന്തരമായി കത്തുകള്‍ എഴുതുകയും മറുപടികള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആ കത്തുകളില്‍ നിന്നും അവനു തന്റെ ജീവിത വഴിത്താരകളിലെ ജയ പരാജയങ്ങളെ വേര്‍തിരിച്ചു കാണാന്‍ കഴിയും. ‍ (പ്രവാസിയുടെ തുറക്കാത്ത കത്തു പോലെ).

  ReplyDelete
 7. എത്രയും ബഹുമാനപ്പെട്ട സലീം വയിച്ചറിയുവാന്‍
  എക്സ്പ്രവാസിനി എഴുത്ത്.
  എന്തെന്നാല്‍ ഇവിടെ എല്ലാവര്‍കും
  സുഖം തന്നെ..അതിലുപരിയായി...................

  പോസ്റ്റ്‌ വളരെയിഷ്ടപ്പെട്ടു.
  ഞാന്‍ ഗള്‍ഫില്‍ ചെന്ന അന്നുതൊട്ട്,
  കത്തെഴുത്ത് കാലം നിലക്കുന്നത്
  വരെ, ഞാനെഴുതിയ കത്തുകള്‍ എന്‍റെ
  ഉമ്മ ഇപ്പോളും സൂക്ഷിക്കുന്നു.

  യാത്രക്കത്ത്, ഹജ്ജ്‌ കത്ത് എന്നൊക്കെ
  പുറത്തെഴുതി വേര്‍തിരിച്ചു
  വെച്ചിട്ടുണ്ട്.
  ഇനി വീട്ടില്‍ പോകുമ്പോള്‍ അത്
  അടിച്ചു മാറ്റി കൊണ്ട് വരണം.

  കത്തുകാലം ഓര്‍മിപ്പിച്ചതിനു നന്ദി.

  ReplyDelete
 8. @ ~ex-pravasini*: പ്രിയപ്പെട്ട ശ്രീമതി എക്സ്-പ്രവസിനിക്ക് ഇത്താന്റെ കത്ത് ബൂലോക തപാലില്‍ കിട്ടി സന്തോഷിക്കുന്നു... പുസ്തകങ്ങള്‍ ഒക്കെ നന്നായി അടുക്കി വെച്ചു വായന തുടങ്ങി എന്ന് കരുതട്ടെ...പിന്നെ, പോസ്റ്റുംബം പോസ്റ്റുംബം എഴുതാന്‍ മറക്കരുത്. .. ഉമ്മെക്കെഴുതിയ കത്തുകളില്‍ തിരഞ്ഞെടുത്തവ അയച്ചു തന്നാല്‍ ഇവിടെ ഫ്രീ ആയി പ്രസിദ്ധീകരിക്കുന്നതാണ്... നിങ്ങടെ കത്തല്ലേ, മോശമാവാന്‍ വഴിയില്ല...

  @Akbar: എത്ര കേട്ടാലും മതിവരാത്ത ഈ കത്ത് പാട്ട് അനശ്വര ഗാനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. പക്ഷെ പ്രവാസികള്‍ കത്തെഴുത്ത് നിര്‍ത്തി ജമീല്‍ സാഹിബിന്റെ കാല് വാരിക്കളഞ്ഞു. അക്ബര്‍ പറഞ്ഞ പോലെ പ്രധാനപ്പെട്ട കത്തുകളെങ്കിലും എടുത്തു വെക്കുകയും നിരന്തരമായി എഴുതുകയും ചെയ്തിരുന്നെങ്കില്‍, ജീവിതത്തിന്റെ പകുതിയോ അതിലധികമോ വരുന്ന പ്രവാസത്തിന്റെ മാത്രമല്ല, ഒരു ആത്മ കഥയായി അവ മാറുമായിരുന്നെനെ... ഏതോ കാലമാടന്മാര്‍ ഈ മൊബൈല്‍ ഫോണ് കണ്ടു പിടിച്ചു അതെല്ലാം തുലച്ചു കളഞ്ഞില്ലേ...
  മൊബൈലില്‍ ആരോ വിളിക്കുന്നു...ഓ ശരി..എന്നാ പിന്നെ കാണാം..


  @ ബഷീര്‍ Vallikkunnu: ഞമ്മള് കാത്തിരിക്കും..ബക്കം ബരണേ ....

  @മുജീബ് റഹ്‌മാന്‍ ചെങ്ങര: മുജീബെ, ഞമ്മളെ ഒരു കത്തനാര്‍ ആക്കല്ലേ..

  @ ചെറുവാടി : എന്താ ചെയ്കചെറുവാടീ.....നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ മറ്റുള്ളര്‍ക്ക് ചെയ്യാണ്ടിരിക്കാന്‍ പറ്റോ..ഓരോരോ യോഗ ഭാഗ്യങ്ങള്‍ ആണ്...

  @Noushad Vadakkel : നൌഷാദ്, ഇമെയില്‍, ചാറ്റിങ് എന്നിവയുടെ കൂടെ ഒരു കത്ത് കൂടി വിട്ടു നോക്കൂ..ശ്രീമതിക്ക് സ്നേഹം കൂടും..ആന്നേ... ഞാനല്ലേ പറയുന്നത്..

  ReplyDelete
 9. അപ്പോ അങ്ങിനെയാണു ഇക്ക ഒരു എഴുത്തുകാരനായത് ല്ലേ...?
  ഞാനും എഴുതി കൊടുത്തിട്ടുണ്ട്(ലൗവ്‌ ലെറ്റര്‍)കുറെ കത്തുകള്‍..
  സോറി തെറ്റിദ്ധരിക്കണ്ട...കൂട്ടുകാര്‍ക്കു വേണ്ടി എഴുതിയതാ..
  അതു കാരണം കയ്യക്ഷരം നന്നായി...അങ്ങിനെ ഒരു ഗുണം കിട്ടി..

  ഹൃദയത്തെ ഹൃദയം കൊണ്ടറിയുകയും, മനസ്സിന്റെ എല്ലാ വാതിലുകളും തുറന്നു
  സന്തോഷങ്ങളും, ദുഃഖങ്ങളും,സ്വപ്നങ്ങളും കത്തുകളിലൂടെ കൈമാറുമ്പോഴുണ്ടാകുന്ന ആ അനുഭൂതി മറ്റൊന്നു കൊണ്ടും ലഭിക്കില്ല...
  നന്നായിട്ടുണ്ട് ട്ടാ...

  ReplyDelete
 10. @ റിയാസ് (മിഴിനീര്‍ത്തുള്ളി): അമ്പടാ...പ്രേമ ലേഖകന്‍ ആയിരുന്നുല്ലേ...കയ്യക്ഷരം നന്നായെന്നിരിക്കും..പക്ഷെ തടി കേടാവുന്ന പണിയാ...
  ഇവിടെയാകുമ്പോള്‍ ആ പേടിയില്ല, കാരണം നാട്ടിലുള്ളോര്ക്ക് അടി പാര്‍സല്‍ അയക്കാന്‍ പറ്റില്ലല്ലോ..

  ReplyDelete
 11. ബഹുമാനപ്പെട്ട സലിം സാഹിബ്..
  നിങ്ങളുടെ മറുപടിക്കത്ത് കിട്ടി.
  വിവരങ്ങള്‍ അറിഞ്ഞു സന്തോഷിക്കുന്നു..

  നാളെ ഞാന്‍ എന്‍റെ വീട്ടില്‍ പോകുന്നുണ്ട്.
  എന്‍റെയും ഇക്കാക്കാന്‍റെയും കത്തുകള്‍ അടുക്കി വെച്ച്, ചാക്ക് നൂല്‍ കൊണ്ട് കെട്ടിവെച്ച ആ പഴയ ചെരുപ്പ് പെട്ടി ഉമ്മാന്‍റെ അടുത്ത് നിന്നും വാങ്ങണം.മറന്നുപോയ ആ വരികളിലൂടെ ഒരിക്കല്‍ കൂടി യാത്ര പോണം.
  എന്നിട്ട് തീരുമാനിക്കാം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന്.

  ഇനിയും എഴുതി മുഷിപ്പിക്കുന്നില്ല.എല്ലാവരോടും
  എന്‍റെ സലാം പറയുക.

  NB;ആരെങ്കിലും നാട്ടില്‍ വരുന്നുണ്ടെങ്കില്‍
  കുറച്ചു എയര്‍മെയില്‍ കൊടുത്തയക്കണം.

  ReplyDelete
 12. കത്തെഴുത്തിന്റെ
  കൌതുകം
  കാലത്തിന്റെ
  കുത്തൊഴുക്കില്‍
  കത്തിയമര്‍ന്നു

  മനോ വിചാരവും
  മൌനവും
  മുഴുവന്‍ വാര്‍ത്തയും
  മൊബൈല്‍
  മുതലാളി
  മൊത്തക്കച്ചവടമാക്കി

  ReplyDelete
 13. @~ex-pravasini*:പ്രിയ ~ex-pravasini* ഇത്താ, 'മറുപടി കത്ത്' എന്ന് കണ്ടപ്പോള്‍ സത്യത്തില്‍ ഒരു യഥാര്‍ത്ഥ കത്ത് കിട്ടിയ പ്രതീതി. എന്‍റെ ഈ പോസ്റ്റ്‌ സാര്‍ത്ഥകമായി. കത്തുകള്‍ എഴുതിക്കോ, എത്രയും എഴുതിക്കോ,ഒരു മുഷിപ്പുമില്ല, സന്തോഷം മാത്രം. പഴയ കത്തുകള്‍ അയച്ചു തന്നാല്‍ ഈ പോസ്റ്റിന്റെ താഴെയായി പ്രസിദ്ധീകരിക്കും. മുഴുവന്‍ പ്രവാസികളുടെയും ഓര്‍മ്മക്കായി ഒരു മുന്‍ പ്രവസിനിയുടെ എഴുത്തുകള്‍ എന്ന തലക്കെട്ടില്‍..
  NB: എയര്‍ മെയില്‍ കൊടുത്തുവിടാം...എത്ര വേണമെങ്കിലും...ഒരാളെങ്കിലും കത്തെഴുത്ത് തുടങ്ങിയാട്ടെ....!

  @ MT Manaf: അപ്പോള്‍ അങ്ങനെയാണ് കത്തും മൊബൈല്‍ ഫോണും വര്‍ഗ ശത്രുക്കളാവുന്നത്. കത്തിലെ മലയാള ലിപിക്കു പകരം ഇന്ന് ബ്ലോഗുകളടക്കം ഉപയോഗിക്കുന്നത് ലാറ്റിന്‍ അക്ഷരങ്ങളാണ്. ബ്ലോഗിലൂടെ മലയാള ഭാഷ സാങ്കേതികമായി ജീവിക്കുന്നുവെങ്കിലും അക്ഷരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നില്ലേ...? കവിതയ്ക്ക് നന്ദി മനാഫ് സാബ്‌ !

  ReplyDelete
 14. ഞാന്‍ ഒരു കാലത്ത് നല്ല ഒരു കത്തെഴുത്ത് ഭ്രാന്തന്‍ ആയിരുന്നു. ഇപ്പോഴും ഈമെയിലില്‍ ധാരാളം കത്ത് എഴുതാറുണ്ട്. ഈ പോസ്റ്റിന്റെ വികാരം അത് കൊണ്ട് തന്നെ ഹൃദ്യമായി ഉള്‍ക്കൊള്ളാന്‍ പറ്റി. താങ്കള്‍ കത്തെഴുതികൊടുത്തിരുന്ന ആളുടെ ഭാര്യയെ താങ്കള്‍ അടിച്ചു മാറ്റി (ഛെ! ക്ഷമിക്കണം) എന്നാണ് ഞാന്‍ ആദ്യം കരുതിയത്‌. ഏതായാലും ഭംഗിയായി. വായിക്കാന്‍ നല്ല രസം.

  ReplyDelete
 15. @ പ്രവാസിനി :
  "എന്‍റെയും ഇക്കാക്കാന്‍റെയും കത്തുകള്‍ അടുക്കി വെച്ച്, ചാക്ക് നൂല്‍ കൊണ്ട് കെട്ടിവെച്ച ആ പഴയ ചെരുപ്പ് പെട്ടി ഉമ്മാന്‍റെ അടുത്ത് നിന്നും വാങ്ങണം.മറന്നുപോയ ആ വരികളിലൂടെ ഒരിക്കല്‍ കൂടി യാത്ര പോണം.എന്നിട്ട് തീരുമാനിക്കാം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന്."

  ഇന്നാളൊരു വീട്ടില്‍ പോക്ക് നടത്തി കുറെ പുസ്തകങ്ങളും പെറുക്കിക്കൊണ്ട് വന്ന് ഒരു ലൈബ്രറി ഒക്കെയുണ്ടാക്കി അതൊരു പോസ്റ്റാക്കി മാറ്റി.എന്നിട്ടു മനുഷ്യരെയെല്ലാം കൊതിപ്പിച്ചു.
  ഇപ്പൊ ദാ കുറെ കത്തും പെറുക്കിക്കൊണ്ട് വരാന്‍ പോണ്...
  ഇത്താ...ധൈര്യായി പോസ്റ്റിക്കോളൂ..വായിക്കാന്‍ ഞങ്ങള്‍(ഞാന്‍)റെഡി..ഹി..ഹി..

  ReplyDelete
 16. @റിയാസ് (മിഴിനീര്‍ത്തുള്ളി): റിയാസ് സാബ്‌, അതാന്നാ തോന്നണേ, കത്തുമായി ഇങ്ങോട്ട് വരാന്നു പറഞ്ഞ താത്തനെ കാണ്മാനില്ല..പുതിയ പോസ്റ്റിനു മാവ് കുഴക്കുകയാവും. എന്തായാലും ഒരു നാലു കത്ത് ഞാന്‍ ബുക് ചെയ്തിട്ടുണ്ട്, ബാക്കിയേ താത്തയുടെ ബ്ലോഗില് കാണൂ..ഇല്ലെങ്കില്‍ ഞാന്‍ ബ്ലോഗ്‌ പടിക്കല്‍ സമരപ്പന്തല്‍ കെട്ടും...ആ..

  @Shukoor Cheruvadi: ശുകൂര്‍ ഭായ്, താങ്കള്‍ എഴുതിയതും ഇപ്പോള്‍ എഴുതികൊണ്ടിരിക്കുന്നതും ആയ (ഭ്രാന്തന്‍) കത്തുകള്‍ ആര്‍ക്കാണാവോ, ചെറുവാടിയിലെ പരിസര പ്രദേശങ്ങളിലെ വല്ല പെണ്‍പിള്ളേര്‍ക്കുമാണോ .. കയ്യിലിരിപ്പ് വെച്ചു നോക്കുമ്പോള്‍ സാധ്യതയുണ്ട്.......
  പിന്നെ, അന്ന് ആ താത്തയെ അടിച്ചു മാറ്റിയിരുന്നെങ്കില്‍ മൂന്നു കുട്ടികളെ ബംബര്‍ അടിച്ചേനെ...

  ReplyDelete
 17. മറ്റുള്ളവരെ കൊണ്ട് സ്വന്തക്കാര്‍ക്കു, അതും ഭാര്യക്ക് കത്തെഴുതിപ്പിക്കുക എന്നത് എന്തൊരു ഗതികേടാണ്. ഭാഗ്യം കൊണ്ട് പുതുതലമുറയില്‍ അത്തരക്കാര്‍ ഇല്ലാ എന്ന് കരുതുന്നു. ഞാന് അങ്ങിനെ കത്തെഴുതി കൊടുത്തിട്ടുണ്ട്.

  ഫോണ് കൊണ്ട് അത്തെഴുത്ത് നിലച്ചു എന്നതൊരു സത്യം തന്നെ, എഴുത്തിന്റെ ആ ഒഴുക്ക് നഷ്ടപ്പെട്ടിരിക്കുന്നു ഇപ്പോള്‍. എഴുത്ത് തുടരട്ടെ, എല്ലാ ഭാവുകങ്ങളും.

  ReplyDelete
 18. പ്രിയ ഇക്കാ
  അയച്ച കത്തു് കിട്ടി എനിക്കും മറ്റും സുഖം തന്നെ.അത് പോലെ ഇക്കാക്കും മറ്റും എന്നു കരുതുന്ന്.
  ഒരു മിനുറ്റ്. ഫോൺ വരുന്നു.ഇപ്പോൾ വരാം

  ReplyDelete
 19. {{ഇന്നും കത്തെഴുതുന്നോര്‍ നാട്ടിലും ഗള്‍ഫിലും ഒക്കെ ഉണ്ട്
  എന്നറിയോ ?}}

  പ്രിയപ്പെട്ട സലിം ഭായ്‌,

  ആ പറഞ്ഞവരില്‍ പെട്ട ഒരു ഭാഗ്യവാനാണ് ഞാന്‍.എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ (ഭാര്യയെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം) കത്ത് ഇന്നലെ വായിച്ചു മടക്കിയതെയുള്ളൂ.
  കത്തിനു പകരം നില്‍ക്കാന്‍ എന്തിനാണാവുക?
  ഹൃദയത്തില്‍ നിന്ന് ഒപ്പിയെടുക്കുന്ന സന്തോഷവും സന്താപവും
  വിരഹവും വേദനയും പ്രണയവും പ്രതീക്ഷകളും
  ഇത്രയും ആത്മാര്ത്ഥമായി പ്രതിഫലിപ്പിക്കുന്ന,പങ്കുവെക്കാനുതകുന്ന
  ഒരു വിനിമയമാധ്യമം വേറെയെന്തുണ്ട് .

  വിറയ്ക്കുന്ന വിരലുകളാല്‍ അതില്‍ കോറിയിടപ്പെടുന്ന ഓരോ അക്ഷരത്തിനും ഒരായിരം കഥകള്‍ പറയാനുണ്ടാവും.
  വീണ്ടും വീണ്ടും വായിക്കും തോറും അവയ്ക്ക് ജീവന്‍ വെക്കുന്നതായി
  തോന്നും.

  നന്ദി,കത്തുകളെ കുറിച്ച ഓര്‍മ പുതുക്കിയ ഒരു നല്ല കുറിപ്പിനു.
  ഒപ്പം എന്റെ ബ്ലോഗില്‍ വന്നതിനും വിലയേറിയ അഭിപ്രായപ്രകടനത്തിനും.

  സ്നേഹപൂര്‍വ്വം
  ബിന്ഷേഖ്

  ReplyDelete
 20. ഏതായാലും ആ കത്തിന്റെ അത്ര പോര ഈ ഇ മെയിലും മറ്റും എന്തെ?..
  അന്ന് ഒരു പേനയും പേപ്പറും കയ്യിലെടുത്തു മനസ്സിന്റെ മണിയറയില്‍ ഉരുണ്ടു കൂടുന്ന പ്രണയ മണി മൊഴികള്‍ ,ഏകാഗ്രതയോടെ പേന ത്തുംപിലേക്ക് എത്തിക്കുമ്പോള്‍ ഉള്ള ആ സുഖം,പ്രിയപ്പെട്ടവര്‍ക്ക് എഴുതുമ്പോള്‍ ആ എഴുത്തിന്റെ ഉള്ളിലേക്ക് ഊഴ്ന്നു ഇറങ്ങിയുള്ള ആ എഴുത്തിന്റെ സുഖം ,എന്തായാലും അക്ഷരങ്ങള്‍ തേടിപ്പിടിച്ചു ടൈപ്പു ചെയ്യുമ്പോള്‍ കിട്ടില്ല എന്തെ?അത് കൊണ്ടാണ് എസ് ഏ ജമീലിന്റെ ഈ പാട്ട് ഇപ്പോഴും പ്രസക്തിയുള്ളതാകുന്നത്..

  "മധുരാനുഭൂതികള്‍ അയവിറക്കീ...
  മനസ്സില്‍ വീണടിയും പൂ പെറുക്കീ...
  കരളിന്‍ ചുടു രക്ത മഷിയില്‍ മുക്കീ...
  കത്തിന്റെ കതിര്‍മാല കോര്‍ത്തോരുക്കീ.."

  ReplyDelete
 21. @ തെച്ചിക്കോടന്‍ :നാട്ടില്‍ നിന്നും വന്ന പ്രിയതമയുടെ കത്തിന് മറുപടി എഴുതാതിരിക്കുന്നത് അതിനെക്കാള്‍ വലിയ ഗതികേടല്ലേ...മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത് അത്തരക്കാര്‍ക്കു വലിയ അനുഗ്രഹമായെന്ന് പറയാം..ടെക്നോലജി സാധാരണക്കാരന്‍റെ സഹാത്തിനെത്തുന്ന അമുല്യ മുഹൂര്‍ത്തമായ ഇതിനെ കാണാം.
  വന്നതിനും കൂട്ടുകൂടിയത്തിനും നന്ദി.

  @ haina:ഹൈന മോളെ, ആ ഫോണ്‍ കട്ട് ചെയ്യൂ, കത്ത് മുഴുവനാക്കൂ..ഇക്കാക്ക് കൊതി തീരെ വായിക്കാന്‍ നീട്ടി എഴുതിക്കോളൂ..


  @ ബിന്‍ഷേഖ്: കത്തെഴുതുന്ന ഏതോ ഒരു 'മരുപ്പൂച്ച' ബൂലോകത്ത് എവിടെയോ ഉണ്ടെന്നും, അവന്‍ ഇവിടെ വരുമെന്നും കമ്മന്റുമെന്നും എന്റെ മനസ്സ് പറഞ്ഞിരുന്നു. . അത് ബിന്ശൈഖ് തന്നെ ആയതില്‍ പെരുത്തു സന്തോഷം. ഇങ്ങള് ഇരിക്കി, ഞാന്‍ ഒരു ഇന്‍ലാന്ഡ് വാങ്ങി വരാം...എന്‍റെ വകയായി താങ്കളുടെ സ്വന്തം കൂട്ടുകാരിക്ക് (ആ പ്രയോഗം ഇഷ്ട്ടായി) എഴുതാന്‍. താങ്കള്‍ ~ex-pravasini* താത്തയെപ്പോലെ ഈ പോസ്റ്റിനെ സാര്‍ത്ഥകമാക്കിയിരിക്കുന്നു.

  @ ആചാര്യന്‍ ....: ആചാര്യന്‍ പറഞ്ഞത് എത്ര വാസ്തവം!
  മനസ്സിനെ അപ്പാടെ കടലാസ്സിലേക്ക് പകര്‍ത്തിയെഴുതുമ്പോള്‍ കിട്ടുന്ന ആ ഏകാഗ്രത നല്‍കുന്ന അനുഭൂതി ഒരിക്കലും അക്ഷരങ്ങള്‍ തിരഞ്ഞു പിടിച്ചു ടൈപ്പ് ചെയ്യുമ്പോള്‍ കിട്ടില്ല.
  ദുബായ് കത്തും ജമീല്‍ സാഹിബും വീണ്ടും ചര്‍ച്ചയാവണം. കത്തുകളുടെ നല്ല കാലം തിരിച്ചു വരണം...വന്നതിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 22. സലിം ഭായ്..
  ഒരു മൂന്നു കൊല്ലം മുന്പ് വരെ ഞാനും എഴുത്തുകള്‍ എഴുതിയിരുന്നു...
  ഭാര്യ കൂടെ താമസിക്കാന്‍ തുടങ്ങിയതോടെ അതെല്ലാം കഴിഞ്ഞു..മകളൂടെ ആയപ്പോള്‍ ഒന്നും പറയണ്ട
  ഇപ്പോള്‍ എഴുത്ത് അയക്കല്‍ പോയിട്ട് നല്ലൊരു വായനക്ക് പോലും സമയം കിട്ടുന്നില്ല
  ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി.

  ReplyDelete
 23. ഓരോ കത്തിലും
  പ്രത്യാശയുടെ പുതു പുലരിയും,
  നൊമ്പരങ്ങളുടെ
  സുഖമുള്ള എരിവുമുണ്ടായിരുന്നു.
  ഇന്ന്,
  ഓരോ കത്തും,
  വലിയ വ്യാമോഹമാണ്.
  (സംഭവിച്ചതും സംഭവിക്കാത്തതും..)
  എനിക്ക്,
  പഴയ ആ കാലത്തേക്ക്
  തിരിച്ചു പോകണം..
  (കത്തില്‍ ഞാനൊരു കുട്ടിയും,
  കുട്ടിക്ക് ഞാനൊരു കത്തുമായിരുന്നെങ്കില്‍...)

  അഭിനന്ദനങ്ങള്‍...

  ReplyDelete
 24. @Noushad Koodaranhi:നൌഷാദ് ഭായ്, താങ്കളുടെ വരികള്‍ എത്ര പരമാര്‍ത്ഥം...!
  ***************
  ഇന്ന്,
  ഓരോ കത്തും,
  വലിയ വ്യാമോഹമാണ്.
  ***************
  ഇടക്കൊക്കെ വന്നു കവിതകള്‍ കമ്മന്ടടിച്ചു പോണേ..വരവിനു നന്ദി !

  @ junaith: എല്ലാവരുടെ കാര്യവും അതാണ്‌. പഴയ കൂട്ട് കുടുംബ വ്യവസ്ഥ മാറി അണൂ കുടുംബത്തിലേക്ക് ചുരുങ്ങിയതും കത്തുകള്‍ നില്ക്കാന്‍ കാരണമായിട്ടുണ്ട്. ജുനൈദ്, ഒരു കത്ത് വരുന്ന സന്തോഷം എന്നെങ്കിലും ഒരു ഫോണ്‍ വരുമ്പോള്‍ കിട്ടിയുട്ടുണ്ടോ..എനിക്കുണ്ടായിട്ടില്ല...ഫോണ്‍ വരുമ്പോള്‍ ബെജാരാണ്, വല്ലതും സംഭവിച്ചോ, ആര്‍ക്കെങ്കിലും....
  വന്നതിനും കമ്മന്റിനും നന്ദി..!

  ReplyDelete
 25. കത്തുകള്‍ ഇന്ന് അപൂര്‍വ ജീവികളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നു ...!
  വിശ്വസിക്കില്ല ,ഞാനൊരു കത്ത് കണ്ടിട്ട് വര്‍ഷങ്ങള്‍ 8-10
  പിന്നിടിരിക്കുന്നു....!!
  ആശംസകളോടെ
  അസ്രൂസ്‌
  http://asrusworld.blogspot.com/

  ReplyDelete
 26. @asrus..ഇരുമ്പുഴി: പ്രിയ അസ്രൂസ്‌, ഞാന്‍ വിശ്വസിക്കും, കാരണം എനിക്ക് കത്ത് വന്നിട്ട് എത്ര കൊല്ലമായീന്നു ഒരു നിശ്ചയോല്യ..ഒരു കാര്‍ട്ടൂണ്‍ വരട്ടെ..ഇവിടെ വന്നതിനു നന്ദി !

  ReplyDelete
 27. കുറിമാനങ്ങളുടെ അക്ഷരങ്ങളില്‍ കൂടി സംവേദനം ചെയ്യപ്പെടുന്ന പങ്കുവെക്കലുകളില്‍ ഹൃദയത്തിന്‍റെ കയ്യൊപ്പ് പുരണ്ടിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ മായം പുരളാത്ത, അവയുടെ മലിനീകരണമേല്‍ക്കാത്ത ആ വാക്കുകള്‍ക്ക് ആത്മാര്‍ഥതയുടെ സുഗന്ധമുണ്ട്. ഒരു ഇലക്ട്രോണിക് ഉപകരണത്തിനും, ഒരു വിവര സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തത്തിനും pakaram വെക്കാനാവാത്ത കത്തുകള്‍ എന്ന 'സ്നേഹ സാന്നിധ്യം' കുറ്റിയറ്റു പോകുന്ന 'ഭീമന്‍ പാണ്ട' കളാവാതിരിക്കട്ടെ എന്ന് ആശ്വസിക്കുക, നാം.
  തന്‍റെ കിനാവും, കണ്ണുനീരും അസംസ്കൃത വസ്തുക്കളാക്കി രചിക്കപ്പെട്ട പ്രവാസിനികളുടെ കത്തുകള്‍ സമാഹരിച്ചാല്‍ യഥാര്‍ഥ ജീവിതത്തിന്റെ നേര്പകര്‍പ്പായ അനേകസഹസ്രം സാഹിത്യ കൃതികള്‍ പിറക്കുമെന്നുറപ്പ്! കണ്ണുനീരിന്‍റെ ഉപ്പുരസവും, നെടുവീര്‍പ്പിന്റെ തേങ്ങലും, സ്വപ്നങ്ങളുടെ സൗന്ദര്യവുമുള്ള ആ വാക്കുകളില്‍ ഒരു ജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.

  തന്‍റെ എഴുത്തിന്‍റെ നാള്‍വഴികളില്‍ കത്തെഴുത്തുകള്‍ വഹിച്ച സ്വാധീനവും, Third party letter writing ലെ ത്രില്ലും തന്മയത്തോടെ സലിം ഭായി അവതരിപ്പിച്ചു. എഴുതാനറിയാത്ത സുഹൃത്തിന് വേണ്ടി അയാളുടെ ഭാര്യക്ക് കത്തെഴുതിക്കൊടുക്കുകയും, ഒടുവില്‍ അയാളുടെ ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത 'എഴുത്തുകാരനെ' ക്കുറിച്ച് തന്‍റെ 'പ്രവാസികളുടെ കുറിപ്പുകളില്‍' ബാബു ഭരദ്വാജ് എഴുതിയിട്ടുണ്ട്.

  ആശംസകള്‍ സലിം saab. എഴുത്തിലെ അനുഗൃഹീതമായ ക്രാഫ്റ്റില്‍ നിന്നും മനോഹരമായ കൃതികള്‍ ഇനിയും പിറവിയെടുക്കട്ടെ.

  ReplyDelete
 28. *** ബാബു ഭരദ്വാജിന്റെ 'പ്രവാസിയുടെ കുറിപ്പുകള്‍' എന്ന് തിരുത്തി വായിക്കാനപേക്ഷ. ***

  ReplyDelete
 29. "चिट्टी आयीहे आयीहे चिड्डी आयीहे........"

  ഒരു കത്തിന്റെ അനുഭൂതി, കത്ത് ലഭിക്കുമ്പോള്‍ ലഭ്യമാകുന്ന അവാച്യമായ ആഹ്ലാദം മുഴുവന്‍ പ്രതിഫലിക്കുന്ന പങ്കജ് ഉദാസിന്റെ ഈ വരികള്‍ കണ്ണ് നിറയാതെ ഇതുവരെ കേട്ടിട്ടില്ല... നല്ലൊരു ഓര്‍മപ്പെടുത്തലിനു നന്ദി , സലിം സാബ്.

  ReplyDelete
 30. കത്തെഴുത്തിപ്പോള്‍ സര്‍ക്കാര്‍ മാത്രമേ ചെയ്യാറുള്ളൂ എന്ന് തോന്നുന്നു .
  പഞ്ചായത്തില്‍ നിന്നും മറ്റും കരമടയ്ക്കാനുള്ള കണക്കുകളും മറ്റ്
  കാര്യങ്ങള്‍ക്കും വേണ്ടിയുള്ള കത്തുകളേ വീട്ടില്‍ കാണാറുള്ളൂ..
  പക്ഷേ കത്തെഴുത്തിന്റെയും വായനയുടെയും സുഖം ഓര്‍ത്തപ്പോള്‍ ഒന്ന് എഴുതിയാലോ എന്നൊരാലോചന...

  ReplyDelete
 31. കത്തിന്‍റെ സുഖം മറ്റൊന്നിനും ഇല്ല എന്നത് സത്യം തന്നെയാണ്..... ഞാനും എന്‍റെ ചില സഹമുറിയന്മാര്‍ക്ക് കത്തുകള്‍ എഴുതിയും വായിച്ചും കൊടുത്തിരുന്നു അതില്‍ ഒരാളുടെ അനുഭവം ഞാന്‍ ഇവിടെഎഴുതിയിട്ടുണ്ട്

  ReplyDelete
 32. @ ഹംസ: കത്തുകളുടെ ലോകത്തെ എനിക്ക് പ്രസ്കതമെന്നു തോന്നിയ (പ്രത്യേകിച്ചും അക്ഷരാഭ്യാസമില്ലാത്തവരുടെ നിസ്സഹായതകള്‍) കാര്യങ്ങള്‍ മാത്രം സൂചിപ്പിച്ചതാണ്. സഹമുറിയന്മാരുമായുണ്ടായ ചില രസകരമായ കത്തനുഭവങ്ങള്‍ എഴുതാതിരുന്നതാണ്...(തല്ലു കിട്ടുന്ന എര്പടുകള്‍..എന്ന പേരില്‍ പോസ്റ്റാക്കി ഇടാം..ഹ ഹ ).
  ഹംസ സാഹിബിന്റെ അഭിപ്രായത്തിനു നന്ദി..
  (ഹംസ സാഹിബിന്റെ 'പൊള്ളുന്ന' പോസ്റ്റ്‌ വായിച്ചു....ചെറുതായി കമ്മന്റി പോന്നു..എല്ലാവരും അതൊന്നു വായിക്കണം കേട്ടോ..!)


  @അജേഷ് ചന്ദ്രന്‍ ബിസി : കാര്യങ്ങള്‍ കംപ്യുട്ടര്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയില്‍ സര്‍ക്കാരിന്‍റെ കത്തെഴുത്തും എത്ര കാലം തുടരും എന്ന് പറയാന്‍ വയ്യ. വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന ഈ അപൂര്‍വ ജീവിയെ കഴിവുന്നവര്‍ ഏറ്റെടുത്തു പരിപോഷിപ്പിക്കുക. പോസ്റ്റാഫീസുകള്‍ പോയ കാലത്തിന്‍റെ നഷ്ട പ്രതാപത്തിന്റെ മൂക സാക്ഷിയകളായി നിലകൊള്ളുന്നു.
  വന്നത്നും അഭിപ്രായത്തിനും നന്ദി.

  @@നൌഷാദ് സാഹിബ്‌, താങ്കളുടെ വാക്കുകളെ അപ്പാടെ ഞാന്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ്, പ്രത്യേകിച്ചും, ഗള്‍ഫ്കാരെന്റെ ഭാര്യയുടെ കത്തുകള്‍ക്ക് താങ്കള്‍ നല്‍കിയ മനോഹരമായ നിര്‍വചനം :
  "കണ്ണുനീരിന്‍റെ ഉപ്പുരസവും, നെടുവീര്‍പ്പിന്റെ തേങ്ങലും, സ്വപ്നങ്ങളുടെ സൗന്ദര്യവുമുള്ള ആ വാക്കുകളില്‍ ഒരു ജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു".
  ഇന്നത്തെ പ്രൊ മൊബൈല്‍ സൊസൈറ്റിയില്‍ ഓരോ പ്രവാസിയുടെയും കയ്യില്‍ ചുരുങ്ങിയത് (അല്ജവാല്‍, മൊബൈലി, സൈന്‍) മൂന്നു മൊബൈല്‍ ഫോണുകളാണ്. ഓഫറുകള്‍ മാറുന്നതിനനുസരിച്ച് മാറ്റി മാറ്റി ദിവസവും വിളിക്കുന്നുമുണ്ട്. പക്ഷെ രണ്ടാഴ്ച ഇടവേളകളില്‍ വന്നുകൊണ്ടിരുന്ന ആ നാടിന്‍റെ മണമുള്ള കത്തുകള്‍ നല്‍കിയ സുഖം അതിനു നല്‍കാന്‍ കഴിയുന്നുണ്ടോ. ആ കാത്തിരിപ്പിന് പോലും ഒരു രസമുണ്ടായിരുന്നു.
  "चिट्टी आयी हें आयी हें चिड्डी आयी हें ....बड़े दिनों के बाद.."
  വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ! (ഈയിടെ തീരെ കാണുന്നില്ലട്ടോ)

  ReplyDelete
 33. ഈ കത്ത് എങ്ങിനെയോ എന്റെ കയ്യിലും എത്തിപ്പെട്ടു പക്ഷെ കുറച്ചു വൈകിയാണു വായിക്കാൻ പറ്റിയത് .. എന്നും വായിക്കണമെന്നു വിചാരിക്കും പക്ഷെ ഒന്നു സ്വസ്ഥമായി വായിക്കാമെന്നു വിചാരിച്ചു ... വായിച്ചപ്പോൾ സങ്കടമായി... ദാമ്പത്യത്തിലെ സങ്കടങ്ങൾ അവരുടെ സന്തോഷങ്ങൾ അവരുടെ ഓരോ വരികൾക്കിടയിലേയും നെടുവീർപ്പുകൾ അതെല്ലാം മറ്റൊരാൾ മുഖേന അവർക്കിടയിൽ എത്തുക എന്നത് ആലോചിക്കുമ്പോൾ .. ഒരു വല്ലാത്ത വിഷമം. കത്തെഴുതുമ്പോൾ ഉള്ള ഒരു രസം വേറെ തന്നെയാ അത് ആർക്കായാലും. കത്തിലെ വരികൾക്ക് തീവ്രത കൂടുതലായിരിക്കും.. ഇപ്പോൾ കത്തില്ലെങ്കിലും മൊബൈലിൽ നിന്നും മെസേജ് കൈമാറുകയാണു പലരും.. എന്നാലും കത്തോളം വരില്ലല്ലോ അതൊന്നും അല്ലെ . ഈ എഴുത്ത് എഴുതിയ ശൈലിയും വളരെ നന്നായിട്ടുണ്ട് അതിനു കൂട്ടുകാരനു നന്ദി പറയേണ്ടിവരും അല്ലെ... എല്ലാവിധ ഭാവുകങ്ങളും...ഏതായാലും കുറെ എഴുതണമെന്നുണ്ട് തൽക്കാലം കത്ത് ചുരുക്കട്ടെ ... പ്രാർഥനയോടെ... ഒരു വായനക്കാരി..

  ReplyDelete
 34. സലിം ഭായ്,

  വളരെ നനായി,അന്യം നിന്നു പോയ കത്തെഴുത്തിനെ ഇങ്ങനെയൊരു ലേഖനത്തിലൂടെ ഓര്‍മ്മപ്പെടുത്തിയത്‌..കത്തെഴുത്ത് മാഞ്ഞുതുടങ്ങിയ കാലത്തെ തലമുറയാണ് ഞാന്‍..എന്നാല്‍ പ്രവാസിയായ എന്‍റെ ഉപ്പ ഉമ്മയ്ക്കും,കുട്ടിയായ എനിക്കും സ്ഥിരമായി എഴുതാറുണ്ടായിരുന്നു.ഒരു പിതാവ് നല്‍കേണ്ട എല്ലാ വിധ സ്നേഹവും, വാത്സല്യവും,ഉപദേശവും കത്തുകളില്‍ കുടെയാണ് എനിക്ക് ലഭിച്ചിരുന്നത്.എന്‍റെ ഉപ്പയ്ക്കും,മറ്റൊരാള്‍ക്ക് വേണ്ടി സ്ഥിരമായി 'കത്തെഴുതല്‍ ജോലി" ഉണ്ടായിരുന്നു.അതിലൊരു രസമുണ്ട്.എന്താന്നല്ലേ..ഉപ്പ കത്തെഴുതികൊടുക്കുന്ന

  സ്നേഹിതന്റെ ഭാര്യ ഉമ്മയുടെയും സ്നേഹിതയാണ്,അവര്‍ക്ക് കത്ത് വരുമ്പോള്‍ ഉമ്മാക്ക് കത്തില്ലെങ്കില്‍ ഉമ്മ ഉപ്പയുമായി പിണങ്ങും..പക്ഷെ ഇതുവരെ തന്റെ സ്നേഹിതയോട് ഉമ്മ ഈ രഹസ്യം വെളിപ്പെടുത്തിയിട്ടില്ല.ഫോണും നെറ്റും വന്നതോടെ ഉപ്പ ആ ജോലിയില്‍ നിന്നു രക്ഷപ്പെട്ടു..എല്ലാം ഓര്‍മ്മപ്പെടുത്താന്‍ ഉതകി ഈ പോസ്റ്റ്‌.ഈയിടെ വന്നപ്പോള്‍ എന്തോ ബ്ലോഗ്‌ തുറക്കുന്നുണ്ടായിരുന്നില്ല.അതാണ്‌ വൈകിഎതിയത്.

  ReplyDelete
 35. @ jazmikkutty: ജാസ്മികുട്ടി എത്താന്‍ നേരം വൈകിയപ്പം തന്നെ ഞാന്‍ കരുതിയതാ എന്തോ സംതിംഗ് പ്രോബ്ലം ഉണ്ടെന്നു. ജസ്മിയുടെ ഉപ്പയും എന്നെ പോലെ ഒരു തേര്‍ഡ് പാര്‍ട്ടി കത്തെഴുത്തുകാരന്‍ ആയിരുന്നു അല്ലെ, അതും ഉമ്മയുടെ സുഹൃത്തിന്. അവരെങ്ങാനും അതറിഞ്ഞാല്‍ നല്ല കൂത്തായിരിക്കും. ഇരുപതിന്‍റെ തുടക്കത്തില്‍ ഗള്‍ഫില്‍ എത്തി ജോലി ഇല്ലാതെ അലയുമ്പോള്‍ ധൈര്യം തന്നിരുന്നത് നാട്ടില്‍ നിന്നുമുള്ള ഉപ്പയുടെ കത്തുകളായിരുന്നു. തോല്‍ക്കാതെ പിടിച്ചു നിര്‍ത്തിയ കത്തുകള്‍, അത് പോലെ ഒത്തിരി സ്നേഹിതരും..ഇന്ന് ആ സ്നേഹിതരെയൊക്കെ വല്ലപ്പോഴും വിളിക്കല്‍ മാത്രം..ഇമെയില്‍ വന്നാലായി... അഭിപ്രായത്തിനു നന്ദി കെട്ടോ...

  @ഉമ്മുഅമ്മാർ: ഉമ്മു അമ്മാറിനു കത്ത് കിട്ടാന്‍ വൈകിയതില്‍ ക്ഷമിക്കണം..പോസ്റ്റുമാന്‍ പുതിയ ആളായത് കൊണ്ടാ...
  കുട്ടികളെ പോറ്റുന്നതിനടയില്‍, ഭര്‍ത്താവിനെ ഒരുക്കിവിടുന്നതിനിടയില്‍, ഒരു ബ്ലോഗും സര്‍ഗ വാസനയും അണയാതെ നിര്‍ത്തുന്ന ബൂലോകത്തെ മുഴുവന്‍ ശ്രീമതികളെയും ബ്ലോഗിണികളെയും അഭിനന്ദിക്കാതെ വയ്യ. വിദ്യാഭ്യാസം സിദ്ധിച്ചിട്ടിലാത്ത ഒരു തലമുറ ഗള്‍ഫിലെത്തിയപ്പോള്‍, അവരില്‍ പലരും കത്തുകളുടെ മുന്നില്‍ അന്തം വിട്ടു നില്‍ക്കുന്നതു സ്ഥിരം കാഴ്ചകളായിരുന്നു. പുതിയ തലമുറ കത്തെഴുത്ത് തന്നെ നിര്‍ത്തിയതിനാല്‍ ആ ഗതികെടില്ലല്ലോ..എങ്കിലും ഒരു കത്ത് കിട്ടാന്‍, കൊതി തീര്‍ത്തു വായിക്കാന്‍ ഇപ്പോഴും ആശയുണ്ട്........
  വന്നതിനും അഭിപ്രായത്തിനും നന്ദി..

  ReplyDelete
 36. ഇങ്ങള് രണ്ടാളും തരക്കേടില്ലല്ലോ...
  ഇങ്ങളെന്നെ..സലീമും ,,റിയാസും..

  എന്നെ കുറച്ചു ദിവസം കണ്ടില്ലാന്നു വെച്ച്
  എന്നെപ്പറ്റി കമന്‍റിക്കളിക്കാ..രണ്ടാളും ല്ലേ..

  വീട്ടില്‍ പോയി
  കത്തൊക്കെ കൊണ്ടുവന്നു,,
  വായിക്കുന്നത് കുട്ടികളാണെന്നു മാത്രം..
  ഞാന്‍ കരഞ്ഞെഴുതിയ വരികള്‍ അവര്‍ ചിരിച്ചു
  കുത്തിമറിഞ്ഞു വായിക്കുന്നു.സെന്‍റീ,,സെന്‍റീ,,ഭയങ്കര
  സെന്‍റി എന്നൊക്കെ ആര്‍ത്തു ചിരിച്ചു വായിക്കുന്നു..
  ഇത് പോസ്റ്റണോ അതോ കീറണോ..

  ഇപ്പൊ വായിച്ചിട്ട് എനിക്കും ചിരിവരുന്നു,,
  സൂപ്പര്‍ മാര്‍ക്കറ്റിലെ താനേ പൊങ്ങുന്ന കോണിയും,,
  കമ്പിയില്‍ തിരിയുന്ന തവാഫ്കോഴിയുമൊക്കെയാണ്
  കത്തിലെ മുഖ്യവിഷയങ്ങള്‍..
  കത്ത്‌ ഉമ്മാക്ക്തന്നെ തിരിച്ചു വേണമെന്ന് പറഞ്ഞിട്ടുണ്ട്.റിയാസ്‌ പേടിക്കണ്ട,,
  ഇതു ഞാന്‍ പോസ്റ്റുന്നില്ല...

  ReplyDelete
 37. @ വീട്ടില്‍ പോയി
  കത്തൊക്കെ കൊണ്ടുവന്നു,,
  വായിക്കുന്നത് കുട്ടികളാണെന്നു മാത്രം..
  ഞാന്‍ കരഞ്ഞെഴുതിയ വരികള്‍ അവര്‍ ചിരിച്ചു
  കുത്തിമറിഞ്ഞു വായിക്കുന്നു.സെന്‍റീ,,സെന്‍റീ,,ഭയങ്കര
  സെന്‍റി എന്നൊക്കെ ആര്‍ത്തു ചിരിച്ചു വായിക്കുന്നു..
  ഇത് പോസ്റ്റണോ അതോ കീറണോ.."
  = ഇതു വായിച്ചപ്പോ ടിവിയില്‍ റെഡ് ലേബല്‍ റ്റീയുടെ പരസ്യം ഓര്‍മ്മ വന്നു..
  മമ്മി...മമ്മി...മമ്മീടെ ലവ് മാര്യേജ് ആയിരുന്നോ...? എന്ന സീന്‍

  @.റിയാസ്‌ പേടിക്കണ്ട,,
  ഇതു ഞാന്‍ പോസ്റ്റുന്നില്ല...
  = ശൊഹ്!!!! വെറുതെ ആശിപ്പിച്ചു...
  താത്താടെ കത്തുകള്‍ വായിക്കാമെന്നുള്ള മോഹം നടക്കാതെ പോയതില്‍ സങ്കടം തോന്നുന്നു..

  ReplyDelete
 38. @ ~ex-pravasini*: ഇവിടെ ഒരാള്‍ ഇക്ക നാട്ടിലെത്തി ലാപ്ടോപ് ഒക്കെ കിട്ടിയ ആനന്ദത്തില്‍ സമയം തികയാതെ നടക്കാണല്ലോ...കിട്ടിയ അവസരം മുതലാക്കി ഞങ്ങള് അല്പം പരദൂഷണം പറഞ്ഞു കളിക്കായിരുന്നു...ആ...നടക്കട്ടെ...നമുക്കുള്ള ചെലവ് ജിദ്ദയിലേക്ക് കൊടുത്തു വിട്ടാ മതി...പിന്നെ, ആ സെന്റി കത്തുകള്‍ മക്കള്‍ക്ക് കൊടുക്കാമെങ്കില്‍ ഞങ്ങള്‍ക്ക് വേണ്ടിയും പോസ്റ്റൂന്നെ...നാലാള് വായിച്ചു വിശ്വ പ്രസിദ്ധമാവട്ടിത്താ...

  @റിയാസ് : നമുക്ക് ആ പഴയ ഗാനം മൂളിയാലോ "ആശ കൊടുത്താലും കിളിയെ....."

  ReplyDelete
 39. ജാസ്മിക്കുട്ടീ..
  ലാപ്ടോപ്പിന്‍റെ കാര്യം എല്ലാരോടും
  പറഞ്ഞൂല്ലേ...
  ശോ...

  ReplyDelete
 40. നന്നായി.
  ഞാനും സൂക്ഷിച്ച് വ്വെച്ചിട്ടുണ്ട് കുറെ കത്തുകള്‍.
  എന്‍റെ കുടിലില്‍ വാന്നതിനും നന്ദി.

  ReplyDelete
 41. പ്രിയ സുഹൃത്തേ,

  കത്ത് കിട്ടി. സന്തോഷം. അവിടെ എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കട്ടെ. ദൈവത്തിന്റെ കൃപയാല്‍ ഇവിടെയും എല്ലാവര്‍ക്കും സുഖം തന്നെ.
  കാലങ്ങള്‍ക്ക് മുന്‍പ് ഞാനും കത്തുകള്‍ എഴുതിയിരുന്നു. ഇന്റര്‍നെറ്റിന്റെ മായീകവലയത്തില്‍ പെടും മുന്‍പ് തൂലികാസൌഹൃദങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇപ്പോഴും അവയില്‍ ചിലത് നിലനില്‍ക്കുന്നു എങ്കിലും എല്ലാം ഇ- സൌഹൃദത്തിലേക്ക് മാറി എന്ന് മാത്രം..

  ഇപ്പോള്‍ ദേ ഇങ്ങിനെ ഒരു കത്ത് എഴുതാന്‍ പ്രേരിപ്പിച്ചതിനുള്ള നന്ദി അറിയിക്കട്ടെ..

  എന്ന്,
  സ്നേഹത്തോടെ,
  മനോരാജ്

  ReplyDelete
 42. @ Manoraj:ഇ-കത്തിനും, ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിനും ആദ്യമേ നന്ദി!
  കത്ത് സൌഹൃദങ്ങള്‍ അണയാതെ നോക്കുക...വീണ്ടും വരുമല്ലോ..

  @ സൈനുദ്ധീന്‍ ഖുറൈഷി : ആദ്യമായ് വന്നതിനും വായനക്കും നന്ദി. ഞാന്‍ നിങ്ങടെ കുടിലില്‍ ഇന്നും പോയിരുന്നു കേട്ടോ..വീണ്ടും കാണാം !

  ~ex-pravasini*: ശോ...എല്ലാരും അറിഞ്ഞൂ..കൂയ് ഹോയ് പൂയ്...

  ReplyDelete
 43. കൊള്ളം

  ReplyDelete
 44. കത്തു കിട്ടി ഒപ്പം ഞെട്ടി വിറയ്ക്കുന്നു
  എയുതരിയതെ !

  ഷങ്ഹിചു നിന്നു

  പഴമയെ ഒര്‍മപ്പെദുതിയ സലീം സഹിബിനു നന്തി

  ReplyDelete
 45. കുറെ നാളായി നാട്ടിലേക്ക് ഒരു കത്തെഴുതണം എന്ന്‍ വിചാരിക്കുന്നു .
  മൂന്നു വര്ഷം മുന്പ് ഗള്‍ഫിലെത്തിയ ഉടനെ നാട്ടിലേക്ക് അഞ്ച് പേജുള്ള ഒരു കത്ത് എഴുതിയിരുന്നു . അത് സൂക്ഷിച്ചു വെക്കാന്‍ പറഞ്ഞിട്ടുമുണ്ടായിരുന്നു .
  ഇന്ഷാ അല്ലഹ് ഉടനെ നാട്ടിലേക്ക് ഞാന്‍ ഒരു കത്തെഴുതും.

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!