Wednesday, November 3, 2010

ദയവായി ക്യൂ പാലിക്കുക..!


               എങ്ങനെ എഴുതണം, എവിടെ തുടങ്ങണം എന്നൊന്നും തീര്‍ച്ചയില്ല; എഴുതാതിരുന്നാലൊട്ടു  ശരിയാവുകയുമില്ല എന്ന അവസ്ഥയിലാണ് ഞാന്‍. എന്ത് ചെയ്താലും മിനിമം പത്താളോട് ആ കാര്യം പറയാതിരുന്നാല്‍ ഉറക്ക് വരാന്‍ ഇത്തിരി ബുദ്ധിമുട്ടുമാണ്..പക്ഷെ എല്ലാ മാന്യ ഓണ്‍ലൈന്‍ വാസികളോടും വായനക്ക് മുമ്പായി ഒരപേക്ഷയുണ്ട്. ദയവായി ക്യൂ പാലിക്കുക..!


             ഇന്ന് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ഉച്ച വരെ ഗള്‍ഫ്‌ കുടുംബ ജീവികള്‍ക്ക് അനിവാര്യമായ കുറെ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ക്യൂ ഗുലുമാലുകളില്‍ പെട്ട് ക്ഷീണിതനായാണ്‌ ഞാന്‍ തിരിച്ചു വന്നത്. ആദ്യമായി രാവിലെ മൂന്നു മണിക്കൂര്‍ ഇരുന്നു നീങ്ങുന്ന  ജിദ്ദയിലെ കന്തറയില്‍ കിടക്കുന്ന ജവാസാത്ത് (പാസ്പോര്‍ട്ട്) ഓഫീസിലെ  ക്യൂ എടുത്തു നെഞ്ചെത്തിട്ടു. രണ്ടാമതായി, മാസാമാസം പച്ചരി വാങ്ങിക്കുന്ന ATM കാര്‍ഡ്‌ സ്റ്റോപ്പ്‌ ചെയ്യാതെ നോക്കാന്‍ സൗദി ഹോളണ്ടി ബാങ്കിന്റെ  SMS വാറന്റില്‍ ഭയപുളകിതനായി മറ്റൊരു രണ്ടു രണ്ടര മണിക്കൂര്‍ ക്യൂ എടുത്തു തോളിലും ഇട്ടു. ഒരേ  ദിവസം രണ്ടു ക്യൂകള്‍ നല്‍കിയ പീഡന പര്‍വ്വത്തിനു  തിലകക്കുറി ചാര്‍ത്തി  തലയില്‍ വട്ടുള്ള (ശിരോവസ്ത്രം) അറബികളുടെ മിന്നുന്നപ്രകടനം. നിര്‍ത്താതെയുള്ള ഫോണ്‍ വിളിയും, നിര്‍ത്തി നിര്‍ത്തിയുള്ള  ചായ മോന്തലും, എണീറ്റും ഇരുന്നുമുള്ള ഉമ്മ വെക്കലും ഒക്കെക്കൂടി അവരുടെ വക മറ്റൊരു മണിക്കൂര്‍  കൂടി ക്യൂ നീട്ടിക്കിട്ടി. ഇതെല്ലാം കഴിഞ്ഞു തട്ടവും വട്ടും ശരിയാക്കി മിച്ചം വരുന്ന സമയത്തില്‍ ചെയ്തു തീര്‍ക്കാവുന്ന ജോലിക്കും ഒരതിരില്ലേ...സൗദിവല്കരണം നീണാള്‍ വാഴട്ടെ..ഏതായാലും ഒരു വിധം കാര്യങ്ങള്‍ ഒപ്പിച്ചു കമ്പനിയില്‍ എത്തിയപ്പോള്‍ ദാ കിടക്കുന്നു അവിടെയും എന്നെക്കാത്ത് വലിയ ക്യൂ; തലേ ദിവസത്തെ ഫയലുകള്‍, കടലാസുകള്‍ എല്ലാം അവരുടെ ബോസിനെ കാത്ത് മേശയുടെ പലഭാഗങ്ങളിലായി അക്ഷമരായി കാത്തിരിക്കുന്നു. ഞാനില്ലെങ്കില്‍ ഇവറ്റകളുടെ ഒക്കെ സ്ഥിതിയെന്താവും എന്നാലോചിച്ചു ഒരു നിമിഷം സങ്കടപ്പെട്ടു പോയി. വന്ന പാടെ മേശമേല്‍ ഇരിക്കുന്ന പണിയെടുത്തു മടിയില്‍ കൂടി  ഇരുത്താതെ, അടുക്കളയില്‍ നിന്നും ഓടി വന്നു കരയുന്ന  കുട്ടിക്ക് അമ്മിഞ്ഞ കൊടുക്കാന്‍ മാതാവ്‌ കാട്ടുന്ന വ്യഗ്രതയില്‍ (ഈ ഉദാഹരണം പറയാനുണ്ടായ കാരണം താഴെയുണ്ട്) ഇന്റര്‍നെറ്റ്‌  തുറന്നു ബ്ലോഗില്‍ എനിക്ക് വേണ്ടി  കാത്തിരിക്കുന്ന  ആരാധകരുടെ   നീണ്ട ക്യൂ കണ്ടു നിര്‍വൃതിയടയാന്‍ 
എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു. പക്ഷെ നട്ടുച്ചയ്ക്ക് വെയിലത്ത്‌ നിന്നും വന്നത് കാരണം എന്‍റെ കണ്ണുകള്‍ക്ക്‌ ആ കാഴ്ച ഗോചരമായില്ല.... നിങ്ങള്ക്ക് കാണാമോ..?


 
                 ഈയിടെ പുതിയൊരു കുട്ടി കൂടി പിറന്നപ്പോള്‍ (എന്തിനും ഏതിനും പാര്‍ട്ടി ചോദിക്കുന്ന ചില അലവലാതികള്‍ ബൂലോകത്തുണ്ട്..നിങ്ങള്‍ അത്തരക്കാര്‍ അല്ലാന്നു  അറിയാവുന്നത്  കൊണ്ട്  പറയുകയാ !) ഗള്‍ഫ്‌ നടപ്പനുസരിച്ച് ജനനം രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോള്‍ നിന്ന ക്യൂവിനെ പറ്റി മാത്രം ചോദിക്കരുത്. അത് പറയുന്നതിനേക്കാള്‍ ഭേദം 'സാഹിര്‍‍' ക്യാമറ ഘടിപ്പിച്ച സൗദി പോലീസ് വണ്ടിയുടെ മുന്നില്‍ കൂടി 200K.m/h. സ്പീഡില്‍ വണ്ടിയോടിക്കുന്നതാണ്. സൌദിയില്‍  കുടുംബാസൂത്രണം നടത്താന്‍ ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നവരെ പോലീസ്   തിരയുന്നുവെങ്കില്‍ അത് ജിദ്ദയിലെ ഒരേയൊരു ജനന മരണ രേഖപ്പെടുത്തല്‍ കേന്ദ്രമായ 'അഹ് വാലുല്‍ മദനി' ആണെന്ന് ഏതു കൂതറ കോടതിയിലും സാക്ഷി പറയാന്‍ ഞാന്‍ തയ്യാറാണ്. ആ സംഭവം വളരെ ചുരുക്കി പറയാം.  'പൊന്നു' ജനിച്ചു വൈകാതെ തന്നെ ഒരു പുലര്‍കാല പുലരിയില്‍ (അഞ്ചു മണിക്ക്) ഞാന്‍ സുലൈമാനിയയിലുള്ള ജ.മ.റെ. ആസ്ഥാനത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ സമാധാനമായി, സുഹൃത്തുക്കള്‍ പറഞ്ഞു പേടിപ്പിച്ച പോലെ കൂടുതല്‍ പേരൊന്നും ഇല്ല.....കുറച്ചു കൂടി ഉറങ്ങി വന്നാല്‍ മതിയായിരുന്നു എന്ന് മനസ്സില്‍ പിരാകി പേര് രജിസ്റ്റര്‍ ചെയ്യുന്ന  ആളുടെ അടുത്തേക്ക്‌ ചെന്നപ്പോള്‍ ഞെട്ടിപ്പോയി. എന്‍റെ നമ്പര്‍ 135 only. അപ്പോഴേക്കും പള്ളിയില്‍ സുബഹി നമസ്കാരം തുടങ്ങിയിരുന്നു. ഞാന്‍ നമസ്കരിച്ചു എത്തിയപ്പോഴേക്കും മഴക്കാലത്ത്‌ പാറ്റകള്‍ പൊടിയുന്ന പോലെ പരിസരം പുതുതായി പ്രസവമെടുത്ത ആണുങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. നമസ്കാര സമയത്ത് എത്തിയത് കൊണ്ടാണ് നേരത്തെ ആളുകളെ കാണാതിരുന്നത്. പടച്ചൊന്റെ കൃപകൊണ്ട് അന്ന് കാര്യം നടക്കില്ലാന്ന് ക്യൂ വല്ലാതെ മുന്നോട്ടു പോവുന്നതിനു മുമ്പേ അറിഞ്ഞു. നൂറു പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് അകത്തോട്ടു പ്രവേശനം നഹീ മിലേഗ. അങ്ങനെ ഉദ്ദിഷ്ട്ടകാര്യം സാധിക്കാതെ വിജയ ശ്രീലാളിതനായി   ഞാന്‍ കൃത്യ സമയത്ത് തന്നെ ഓഫീസില്‍ എത്തിയെങ്കിലും ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. രാത്രിയൊന്നു ആയിക്കിട്ടാന്‍ എന്‍റെ സകലമാന ബോഡി പാര്‍ട്സ്കളും തരിച്ചു. എന്നോട് ചെയ്ത ഈ കൊലച്ചതിക്ക് ഇന്ന് രാത്രി തന്നെ പകരം വീട്ടണം. ഞാനാരാ മോനെന്നു നാളെ പുലരുമ്പോള്‍ ലോകം അറിയണം.

                            അഹ്-വാലുല്‍ മദനിയിലെ തിരക്ക്


             ഞാന്‍ അര്‍ദ്ധ രാത്രി വണ്ടിയെടുത്തു ഒഴിഞ്ഞു കിടക്കുന്ന റോഡുകളെ കൊഞ്ഞനം കാട്ടി അതിവേഗം ബഹുദൂരം പാറി പറന്നു അഹ് വാലുല്‍ മദനി ഓഫീസില്‍ എത്തി. മൂന്നോ നാലോ പേര്‍ മാത്രം അവിടെയുണ്ട്. ഒരാളുടെ കയ്യില്‍ പേര്‍ എഴുതുന്ന പേപ്പര്‍. അപ്പോള്‍ എന്നേക്കാള്‍ സ്മാര്‍ട്ട്‌ ആയി ലോകത്ത് നാലഞ്ച്  അലവലാതികള്‍ കൂടി  ഉണ്ട്. ആളുകളുടെ പേര്‍ എഴുതി വെക്കുന്നതു ആദ്യം എത്തിച്ചേരുന്നവര്‍ ആയിരിക്കും. അടുത്ത ദിവസത്തേക്കുള്ള ആ ലിസ്റ്റിലെ എന്റെ നമ്പര്‍ കണ്ടു 'കത്ത് പാട്ട്' കേട്ട ഗള്‍ഫ്‌ ഭാര്യയെ പോലെയായി ഞാന്‍. നമ്പര്‍ 56. അമ്പത്തഞ്ചു വരെയുള്ള ഈ അലവലാതികള്‍‍ക്കൊന്നും ഉറക്കമില്ലേ...അവര്‍ക്കൊക്കെ ഞാനിന്നലെ വന്ന പോലെ രാവിലെ വന്നാല്‍ പോരായിരുന്നോ...എന്റെ മനസ്സില്‍ വീണ്ടും പ്രതികാര ചിന്ത അണ പൊട്ടിയെങ്കിലും സീറ്റ് ഉറപ്പാണ്‌ എന്ന സമാധാനത്തില്‍ വീട്ടിലെത്തി, രാവിലെ നാലു മണിക്ക് എണീക്കാന്‍ പാകത്തില്‍ അലാറം വെച്ച് കിടന്നു. ഉറക്കത്തില്‍ മകളുടെ ജനന സര്‍ട്ടിഫിക്കറ്റുമായി  നൂറു വാഹനങ്ങളുടെ അകമ്പടിയോടെ ഞാന്‍ കടന്നു വരുന്നത് സ്വപ്നം കണ്ടതിനാല്‍ നിദ്രാ ദേവി വല്ലാതെയൊന്നും കടാക്ഷിച്ചില്ല. രാവിലെ മുതല്‍  മണിക്കൂറുകള്‍ നീണ്ട ക്യൂവിന്‍റെ ബൈ  പ്രോഡക്റ്റ് ആയ വെയിലും വിയര്‍പ്പും കൊണ്ട് എന്‍റെ സുന്ദര മേനി കറുത്ത് കരുവാളിച്ചു കരുമാടിക്കുട്ടന്‍ പരുവത്തിലായി. അങ്ങനെ മകള്‍ക്ക് ഒരു ജനന സര്‍ട്ടിഫിക്കറ്റു കിട്ടുക എന്ന ഒരു പിതാവിന്‍റെ അന്ത്യാഭിലാഷം പൂര്‍ത്തിയായപ്പോഴേക്കും  മൊല്ലാക്ക ളുഹര്‍ ബാങ്ക് വിളിക്ക് മൈക്ക് കയ്യിലെടുത്തിരുന്നു. "queue" എന്ന ചെറിയ വാക്കിനു (Q) ആവശ്യത്തില്‍  കൂടുതല്‍ അക്ഷരങ്ങള്‍  സംഭാവന  ചെയ്തവര്‍  പോലും  അതിന്റെ നീളം ഇത്തിരി  കൂട്ടിയിട്ടത്  എന്തിനാണെന്ന് എനിക്ക്   ഇപ്പോഴാണ്   മനസ്സിലായത്‌.   


            ഇങ്ങനെ വേണ്ടതും വേണ്ടാത്തതുമായ ക്യൂ ഹംബുകളില്‍ കയറിയിറങ്ങിയാണ് നമ്മുടെ ജീവിതരഥം മുന്നോട്ടു പോവുന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്കു പിടിക്കാനും കാശ് തീരുമ്പോള്‍ തിരിച്ചു  ഓടി രക്ഷപ്പെടാനും എയര്‍ലൈന്‍സ്‌ ക്യൂ, എമിഗ്രേഷന്‍ ക്യൂ എന്നീ കടമ്പകള്‍  കടക്കണം.  സ്കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ ക്യൂ , പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന  ഡോക്ടറുടെ വീട്ടിലെ വരാന്തയില്‍  ക്യൂ,  സുഖമില്ലാത്ത രോഗിയെ താങ്ങി ഹെല്‍ത്ത്‌ സെന്ററിലെ ക്യൂ, വോട്ടു ചെയ്യാനുള്ള ക്യൂ, പബ്ലിക്‌ ടോയ്ലറ്റ്   ക്യൂ,  പട്ടാളത്തില്‍ ചേരാന്‍ ക്യൂ, റയില്‍വേ ടിക്കറ്റ്‌ ക്യൂ, ബാങ്കിലും   ക്യൂ ടെല്ലര്‍ മെഷീനിലും    ക്യൂ,  റിലീസ് ആയ ദിവസം തന്നെ പടം കാണാനുള്ള ക്യൂ... ക്യൂമയമായ ഈ ജീവിത സരണി നാം അനുഭവിച്ചു തീര്‍ത്തേ പറ്റൂ. അത് ഗള്‍ഫില്‍ ആണെങ്കിലും വിടാതെ പിന്തുടരും...ആഘോഷ ദിവസങ്ങളില്‍ ബീവരേജു ഷോപ്പില്‍   കുടിവെള്ളത്തിനായുള്ള ക്യൂ കണ്ടാല്‍ ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങള്‍ UN ക്യാമ്പില്‍ കുടിനീരിനായി ക്യൂ നില്‍ക്കുന്നതോര്‍ത്തു   സങ്കടം തോന്നി പോവും. എത്ര കഷ്ട്ടപെട്ടാണ് പാവങ്ങള്‍ രുചിയില്ലാത്ത ആ കള്ള് മേടിച്ചു ഗവര്‍മെന്റിനെ സഹായിക്കുന്നത്. 


            ജിദ്ദയിലെ പ്രശസ്തമായ   മറ്റൊരു ക്യൂ ആണ് 'അല്ബൈക്' ബ്രോസ്റ്റ് തിന്നാന്‍ വേണ്ടിയും പാര്‍സല്‍ കൊണ്ട് പോവാന്‍ വേണ്ടിയും ഉള്ള ക്യൂ. മറ്റു  ലോകോത്തര കോഴി പൊരിക്കാരായ kentucky Fried Chicken (KFC), McDonalds, Hamburger King ഒക്കെ ഇങ്ങേരുടെ മുമ്പില്‍ തോറ്റു തുന്നം പാടിയിട്ടേയുള്ളൂ. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സൌദികളെ പോലും എത്ര നേരവും ക്ഷമയോടെ ഇരുത്താന്‍  സൌദിയില്‍ ഈ ബ്രോസ്റ്റിനു മാത്രമേ കഴിയൂ..വേറൊരു ഭക്ഷണത്തിനും ഇത്ര നേരം ക്യൂ നില്‍ക്കേണ്ടത് ലോകത്ത് എവിടെയും കണ്ടിട്ടില്ല. അത്ര രുചികരമായ ഈ കൊഴിപൊരിയുടെ പോരിശ പറഞ്ഞാല്‍ നിങ്ങള്ക്ക് മനസ്സിലാവില്ല. നാട്ടില്‍ മുളച്ചു പൊങ്ങുന്ന ബ്രോസ്റ്റിനു ഇതിന്‍റെ നാലയലത്ത് പോലും എത്താന്‍ പറ്റില്ല. അതിനാല്‍ ജിദ്ദയില്‍ വരുമ്പോള്‍ എല്ലാവരും ഓരോ ബ്രോസ്റ്റ് തിന്നു പോണം....പക്ഷെ ക്യൂ പാലിക്കാന്‍ മറക്കരുതേ...മണിക്കൂറുകളോളം ക്യൂ നിന്നാലും ബ്രോസ്റ്റ് കിട്ടുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം കാണേണ്ടത് തന്നെ.

          ജീവിതം തന്നെ, അഥവാ ദിനേന,  ക്യൂവില്‍  നിന്നും ഊരാനാവാത്ത  എത്രയോ ജന്മങ്ങള്‍   നമുക്കിടയില്‍ ഉണ്ടല്ലോ. ക്യൂ കൊണ്ട് ജീവിതം കഴിയുന്നോരും ഉണ്ട് (ബ്ലാക്ക്‌ ടിക്കറ്റ്‌ വില്പന). എത്ര വലിയ ക്യൂ ഉണ്ടായാലും അതിലൊന്നും നില്ക്കാന്‍ മെനക്കെടാതെ ചുളുവില്‍ കാര്യം സാധിപ്പിക്കുന്ന ക്യൂ വിരോധികള്‍‍ പലപ്പോഴും ക്യൂ നിന്ന് കുഴങ്ങിയ ക്യൂ പാലകരുമായി  സംഘര്‍ഷങ്ങള്‍ക്ക് മുതിരാറുണ്ട്‌. അത് പോലെ സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ മിക്ക സ്ഥലത്തും ഉള്ളത് ചൂഷണം ചെയ്യുന്നോരും ഉണ്ടല്ലോ..എനിക്കും നിങ്ങളെ പോലെ ഒരു പാട് ക്യൂ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു..ഞാന്‍ ചെല്ലുമ്പോള്‍ ഒരാള്‍ പോലും ഇല്ലാതെ, ചെന്നയുടനെ കാര്യം സാധിക്കുന്നതോടെ എന്‍റെ പിന്നില്‍ ധാരാളം പേര്‍ നില്‍ക്കുന്നതുമായ ഒരു ക്യൂ സ്വപ്നം..എന്‍റെതു കഴിയുന്നതോടെ അടച്ചു പോകുന്ന കൌണ്ടര്‍ ഒക്കെ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.....എന്നാല്‍ പലപ്പോഴും  അഭിമുഖീകരിക്കേണ്ടി വരാറുള്ളത്,  മണിക്കൂറുകള്‍ ക്യൂ നിന്ന്  കൌണ്ടറില്‍ എത്താന്‍ രണ്ടാള്‍ മാത്രം അവശേഷിക്കുമ്പോള്‍  ടിക്കറ്റ് തീര്‍ന്നു പോയി എന്ന് പറയുന്ന സിനിമാ ടാക്കീസ്  മേന്റ്റാലിട്ടിക്കാരായ @#@$ ണ്....  

         ഇതൊക്കെ എഴുതിതീര്‍ന്നപ്പോള്‍, പറയാനുള്ള   വിഷമങ്ങള്‍ നാലാളോട്  പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു സമാധാനം... വീണ്ടും എവിടെയെങ്കിലും വല്ല ക്യൂവിലും, ട്രാഫിക്‌ കുരുക്കിലും അല്ലെങ്കില്‍ ഇവിടെ ഈ ബൂലോഗത്തോ കാണാം എന്ന പ്രതീക്ഷയോടെ, പ്രാര്‍ത്ഥനാപൂര്‍വ്വം, ഈ ട്രാഫിക്‌ ബ്ലോക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടു നിര്‍ത്താം.....എല്ലാവര്ക്കും മണിക്കൂറുകള്‍ നീണ്ട ക്യൂ ആശംസകള്‍ !                                   


25 comments:

 1. മുമ്പ് അവിടെ വന്നപ്പോള്‍ കഴിച്ച ബ്രോസ്റ്റിന്റെ രുചി ഇപ്പോഴുമുണ്ട്. വീണ്ടും അത് പറഞ്ഞെന്നെ ഇളക്കി. പോട്ടെ.
  പിന്നെ ക്യൂ കുറയ്ക്കണമെങ്കില്‍ ഇങ്ങു ബഹ്രിനിലേക്ക്‌ പോര്. പാലത്തിന്റെ അടുത്ത് ഒരു വല്യ ക്യൂ മാത്രമേ ഉള്ളൂ.
  പിന്നെ ക്യൂ പട്ടശാപ്പിലെ കാണൂ. ബാക്കിയെല്ലാം ഈ ഹലാക്ക് ഇല്ലാത്തതാണ്.

  ReplyDelete
 2. ക്യൂ എവിടെയും നമ്മെ മടുപ്പിക്കും.
  ഇവിടെ ഡോക്ടറുടെ അടുത്ത് നമ്മള്‍ മണിക്കൂറുകള്‍ മാന്യന്മാരായി കാത്തു നില്‍ക്കുമ്പോഴായിരിക്കും "ഒരു മിനുട്ട്,വിവരം പറയാന്‍ ഒന്ന് കയറിക്കോട്ടേ" എന്നും പറഞ്ഞ് ആരെങ്കിലും ഓവര്‍ ടേക്ക് ചെയ്യുക.അപ്പോള്‍ അതുവരെ കാണിച്ച എല്ലാ ക്ഷമയും ഒന്നിച്ചു പൊട്ടിപ്പോകും.
  ക്യൂ വിശേഷം കേമമായി.ഉപമകളും ഉഗ്രന്‍..

  ReplyDelete
 3. ഇക്കാ..ഒരു "ക്യൂ"വിന്റെ കാര്യം ഇക്ക മറന്നു....
  എന്താണെന്നു പറയാമോ....?


  ----------------------------
  ദേ...ഇനി മുതല്‍ പുതിയ പോസ്റ്റുകളിടുമ്പോള്‍
  mizhineerthully@gmail.com
  എന്ന അഡ്രസ്സില്‍ ഒരു മെയില്‍ അയക്കണേ...

  ReplyDelete
 4. അല്‍ ബൈക്കിന്റെ പാട്ട്ണരും പ്രോമോട്ടരും ആണ് അല്ലെ?....ഏതായാലും ഇവിടെ que നില്‍കാന്‍ സമയം ഇല്ലാത്തത് കൊണ്ട് ഞാന്‍ വേറൊരു ക്യു വിലേക്ക് പോകുന്നു ഒക്കെ

  ReplyDelete
 5. കോര്‍ണിഷിലെ അല്‍ ബേക്കിന്നാണ്
  ബ്രോസ്റ്റ്‌ വാങ്ങിയത്‌ അല്ലെ..
  ഞങ്ങളും കഴിഞ്ഞാഴ്ച്ച ബ്രോസ്റ്റ്‌ തിന്നു.

  എന്ത് കൊണ്ടുവരണം എന്ന ചോദ്യത്തിന്
  കുട്ടികള്‍ക്ക് ഒരു മറുപടിയെ ഉള്ളു.
  ഉപ്പ വരുമ്പോള്‍ ബ്രോസ്റ്റ്‌ കൊണ്ടുവരണം.

  രണ്ടു ഫുള്‍.ബ്രോസ്റ്റ്‌ ഒവനില്‍ ചൂടാക്കി ..
  തോമും..രണ്ടു കെച്ചപ്പിന്‍റെ പാക്കെറ്റും ബാക്കി
  ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്.

  എന്തായാലും ക്യു പുരാണം അസ്സലായി.
  ഒന്നുകൂടി വായിച്ചിട്ട് വീണ്ടും കമന്‍റാം.

  ReplyDelete
 6. ~ex-pravasini* : അത് ശരി, ഗള്‍ഫ്‌ വിട്ടെങ്കിലും അല്ബൈക് വിടാനുള്ള ഭാവമില്ലല്ലേ..പക്ഷെ ചൂടോടെ തിന്നുന്ന ആ രസം ഒന്ന് വേറെ തന്നെയാട്ടോ...സോറി, ഞാന്‍ താത്തയെ നുണപ്പിക്കുന്നില്ല...പണ്ട് അല്ബൈകിനു ക്യൂ നിന്നത് ഓര്‍മ്മയുണ്ടോ..?

  @ആചാര്യാ, അല്‍ബൈകിന്റെ പാര്‍ട്ട്‌നറും പ്രോമോട്ടരും നമ്മുടെ ~ex-pravasini* താത്തയാ. ഞാന്‍ അതിന്‍റെ ഒരു ഫാന്‍സ്‌ മാത്രം. അവര്‍ക്ക് ഒരു പ്രൊമോഷനും വേണ്ട, അമ്മാതിരി ബിസിനെസ്സാ..

  @റിയാസ് (മിഴിനീര്‍ത്തുള്ളി):അയ്യേ, ഞാനത്തരക്കാരനല്ല, റിയാസ് എന്നെ പറ്റി അങ്ങനാണോ ചിന്തിച്ചത്? (Enter your email address ല്‍ ഇമെയില്‍ അടിക്കൂ, സംഗതി അപ്പൊ അവിടെത്തും.. )

  @mayflowersന് ഇവിടേക്ക് സ്വാഗതം...ക്യൂ വിശേഷം കേള്‍ക്കാന് നല്ല രസമാ..പക്ഷെ അനുഭവിക്കാന്‍ തീരെ രസം പോരാട്ടോ...

  @ചെറുവാടി, ക്യൂ പട്ട ഷാപ്പില് മാത്രമല്ല, ഓണത്തിനും ക്രിസ്മസ്സിനും ഈദിനുമൊക്കെ വിദേശ മദ്യത്തിന്റെ ക്യൂ നടുറോഡില്‍ എത്തും... ബഹ്‌റൈന്‍ പാലം ഇത് വരെ കണ്ടിട്ടില്ല, കാണാന്‍ ആഗ്രഹമുണ്ട്...പക്ഷെ ദൂരം ഇത്തിരിയുണ്ടല്ലോ...

  ReplyDelete
 7. വെറുമൊരു 'q' വിനെ രസകരമായൊരു പോസ്ടാക്കിയ സലിം സാഹിബിനു ഭാവുകങ്ങള്‍ ....

  ReplyDelete
 8. സലിം ഭായ്,അവിടെ ഓട്ടോമാറ്റിക് സിസ്റ്റെം ഇല്ലേ? ക്യു നില്‍ക്കുന്ന കാര്യം കുറച്ചു കഷ്ട്ടം ആണേലും ക്യു ഇല്ലാതിരുന്നാലുള്ള പൊല്ലാപ്പും ഓര്‍ക്കേണ്ടതല്ലേ...പോസ്റ്റ്‌ എഴുതിയത് ഉഗ്രനായി.ഈ തിരക്കുകള്‍ക്കിടയില്‍ എഴുതാന്‍ ശ്രമിക്കുന്നത് വല്യ കാര്യമാണ്.കുഞ്ഞുങ്ങളുടെ ഫോട്ടോ ഒക്കെ ഞങ്ങളെയും ഒന്ന് കാണിക്കുന്നേ...

  @പ്രവാസിനി

  ReplyDelete
 9. അല്‍ ബൈക്കും അടിച്ചു ഇവിടെയൊക്കെ കറങ്ങി നടക്കുകയായിരുന്നോ? ഞാന്‍ കരുതി ഭര്‍ത്താവിനെ ട്രീറ്റ് ചെയ്യുന്ന തിരക്കിലാവും എന്ന്..

  ReplyDelete
 10. വെറും ‘Q'വിനെ വെറുതെയാവില്ല സായിപ്പ് queue എന്നാക്കിയത് അത് സാഹചര്യത്തിനനുരരിച്ച് queueueue... അങ്ങനെ നീളും. റേഷന്‍ കടയില്‍ അരി, പഞ്ചസാര, മണ്ണെണ്ണ യൊക്കെ വൈകി വന്നാലുണ്ടായിരുന്ന ക്യൂ, 5 കിലോ അരിക്ക് മവേലി സ്റ്റോറിനു മുന്നില്‍ നിന്നിരുന്ന ക്യൂ എല്ലാം ഓര്‍മ്മയില്‍ തിരിച്ച് വന്നു. എന്നാലും ‘മണ്ണെണ്ണ ലോട്ടറി’യില്‍ പങ്കെടുക്കാന്‍ പണ്ട് സപ്ലൈ ആപ്പീസുകളുടെ മുമ്പില്‍ നിന്ന കിലോമീറ്ററുകളുടെ ക്യൂവിനെ (അറിയാത്തവര്‍ ‘ഗിന്നസ്’ ലോ അവിടെയില്ലെങ്കില്‍ ‘ലിംക’ യിലോ പരതുക) കവച്ച് വെക്കാനൊന്നും അഹ്‌വാലുല്‍ മദനിക്ക് ആവില്ല. (ജിദ്ദയിലെ ‘എക്സ്പ്രസ്‘ ഹൈവേകളിലേക്ക് ആരും നോക്കരുത്). ഏതായാലും ക്യൂ പാലിക്കുക

  ReplyDelete
 11. @മുജീബ് റഹ്‌മാന്‍ ചെങ്ങര: ക്യൂവിനെ goooogle പോലെ എത്രയും നീട്ടാമെന്നെല്ലേ...? .പിന്നെ നാട്ടിലെ റേഷന്‍ ഷോപ്പിലെ ക്യൂ ഒക്കെ പണ്ടത്തെ കഥ, ഇപ്പൊ നാട്ടിലൊന്നും ക്യൂ നില്ക്കാന്‍ ആളെ കിട്ടില്ല കോയാ..മുജീബ് ഇടക്കൊക്കെ നാട്ടീല് ഒന്ന് പോവണം...!

  @jazmikkutty:ക്യൂ നില്‍ക്കുന്നതിലല്ല സങ്കടം ജാസ്മിക്കുട്ടീ; ഇവന്മാരുടെ കോപ്പിരാട്ടികളാണ് പ്രയാസം സൃഷ്ടിക്കുന്നത്...ജവാസ്സാത്തിലെ ക്യൂ നിന്ന ദിവസം എന്റെ കൂടെ ക്യൂ നില്‍ക്കുന്ന അറബികള്‍ പോലും ബഹളമുണ്ടാക്കാന്‍ മാത്രം കോപ്പിരാട്ടികള്‍ അവര്‍ കാട്ടികൂട്ടി...അവരുകൂടി കൂടെ ഉണ്ടായിരുന്നില്ലെങ്കില്‍...

  @പ്രവാസിനി താത്തയുടെ പോക്ക് കണ്ടിട്ട് തിരിച്ചു ജിദ്ദയില്‍ എത്താനുള്ള എല്ലാ ലക്ഷണവുമുണ്ട്...
  ബ്രോസ്റ്റ് ഒരു നൊസ്റ്റാള്‍ജിയ ആയിരിക്കും കുട്ടികള്‍ക്കും....

  @Noushad Vadakkel: Queueueue ന്‍റെ നീളം gooooogle പോലെ നീട്ടാനും കുറയ്ക്കാനും പറ്റും..തല്ക്കാലം ഇത്ര മതീന്ന് വെച്ചതാ നൌഷാദു ഭായ്.....

  ReplyDelete
 12. വല്ലഭനു പുല്ലും (അതോ പുലിയോ) ആയുധം എന്ന് പറയുന്നത് ഇതിനാണ്. "എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു. പക്ഷെ നട്ടുച്ചയ്ക്ക് വെയിലത്ത്‌ നിന്നും വന്നത് കാരണം എന്‍റെ കണ്ണുകള്‍ക്ക്‌ ആ കാഴ്ച ഗോചരമായില്ല.... നിങ്ങള്ക്ക് കാണാമോ..?" ഈ വാചകവും അതിനു താഴെ കൊടുത്ത ചിത്രവും ഏറെ ഇഷ്ടപ്പെട്ടു. മൊത്തത്തില്‍ സരസമായി അവതരിപ്പിച്ചു. ഇന്നസെന്റിന്റെ അളിയനാണ് അല്ലേ.

  ReplyDelete
 13. ആയുസ്സിന്റെ നല്ലൊരു ഭാഗം ക്യൂവില്‍ നിന്ന് തീര്‍ക്കേണ്ടി വരുമോ. നാട്ടില്‍ ഏറ്റവും ഇപ്പോള്‍ വലിയ ക്യൂ ബിവറേജ്ന്‍റെ മുമ്പിലാണത്രെ. ഈ ക്യൂ ചരിതം നന്നായി അവതരിപ്പിച്ചു. താങ്കള്‍ ക്യൂവില്‍ നിന്ന് വിയര്‍ക്കുന്ന ആ കാഴ്ച ഞാന്‍ നന്നായി ആസ്വദിച്ചു.

  ഒരിക്കല്‍ ഞാന്‍ ബേങ്കില്‍ (ടെലിമണിയില്‍) നീണ്ട ക്യൂവില്‍ ഒരു മണിക്കൂര്‍ നിന്ന ശേഷം ഒരു വിധത്തില്‍ മുമ്പില്‍ എത്തി. കൌണ്ടറിലേക്ക് അടുത്തപ്പോഴേക്കും എന്തോ സാങ്കേതിക തകരാര് മൂലം ആ കൌണ്ടര്‍ ക്ലോസ് ചെയ്തു. ഉടനെ സെക്യൂരിറ്റികാരന്‍ എന്നെ പിടിച്ചു അടുത്ത സമാന്തര ലൈനിന്റെ ഏറ്റവും പിന്നില്‍ കൊണ്ട് പോയി നിര്‍ത്തി. ആ നീതി ബോധത്തെ മനസ്സില്‍ ശപിച്ചു ഞാന്‍ തിരിച്ചു പോന്നു. അത് താന്‍ ക്യൂ

  ReplyDelete
 14. @ബഷീര്‍ Vallikkunnu:അതെ ഞാന്‍ ആളൊരു ഇന്നസന്‍റ് ആയതോണ്ടാ ഉള്ളത് ഉള്ളത് പോലെ പറഞ്ഞത്...നാട്ടുച്ചത് വെയിലത്ത് വന്നാ ആര്‍ക്കും ഒന്നും കാണൂലാ കോയാ...വേറെ എന്തൊക്കെ തമാശ ഞാനെഴുതി...നമുക്കിട്ടു പാര വെച്ചാലേ ഒബാമ വരുമ്പോള്‍ പരാതി
  കൊടുക്കും..ആ..

  @ Akbar: താങ്കളും ക്യൂ നിന്ന് പ്രയാസപ്പെട്ടല്ലേ...ആവൂ...സന്തോഷായി..

  ReplyDelete
 15. നാട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ തുടങ്ങുന്ന ക്യു ആണ്. എല്ലായിടത്തും തുടരും. കക്കൂസിന് മുന്നില്‍ പോലും.

  ReplyDelete
 16. @ Shukoor Cheruvadi: അതെ, ക്യൂ തുടരും...

  @ കുമാരന്‍ | kumaran: ക്യൂ വെച്ചും ഫലിതം കളിക്കും അല്ലെ ...കുഞ്ഞുണ്ണി മാഷ് ആവാനാണോ ഭാവം..?

  ReplyDelete
 17. ഈ പറഞ്ഞ ക്യൂകളില്‍ എല്ലാം ഞാനും നിന്നിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, അതില്‍ അല്‍ ബൈക്ക്‌ ക്യു മാത്രം കുറച്ചു സുഖകരമായി തോന്നുന്നു, വീണ്ടും വീണ്ടും നില്‍ക്കുന്നു, ഇല്ലെകില്‍ കുട്ടികള്‍ റൂമില്‍ നിര്‍ത്തില്ല!.

  ReplyDelete
 18. കണ്മുന്നില്‍ കാണുന്ന പച്ചയായ യാഥാര്‍ത്യങ്ങളെ അക്ഷരങ്ങളാക്കി മാറ്റാനുള്ള ഈ കഴിവിനെ അനുമോദിക്കുന്നു . ഉള്ളില്‍ പ്രസരിക്കുന്ന സര്‍ഗ്ഗ വാസനയുടെ അഗ്നിസ്ഫുലിംഗങ്ങളെ ഉതിയൂതി ജ്വലിപ്പിച്ചു മുന്നേറുക .ഭാഷയില്‍ നാളെയുടെ നല്ലൊരു വാഗ്ദാനമായി താങ്കളെ ഞാന്‍ കാണുന്നു . ഭാവുകങ്ങള്‍

  ReplyDelete
 19. Abdulkader kodungallur: താങ്കളുടെ അനുമോദനം എന്നെ പുളകം കൊള്ളിക്കുന്നുവെങ്കിലും യാഥാര്‍ത്യ ബോധം വലിച്ചു താഴേക്കിടുന്നുമുണ്ട്..എങ്കിലും ഒരു അനുഗ്രഹീത എഴുത്തുകാരന്‍റെ വാക്കുകള്‍ ഉള്‍ക്കൊണ്ട്‌ കൂടുതല്‍ നന്നായി എഴുതാന്‍ ശ്രമിക്കാം..ഇവിടെ വന്നു ക്യൂ നിന്നതിനും അഭിപ്രായത്തിനും നന്ദി.

  @ Shukoor Cheruvadi: അതെ, ക്യൂ തുടരും...

  @ കുമാരന്‍ | kumaran: ക്യൂ വെച്ചും ഫലിതം കളിക്കും അല്ലെ ...കുഞ്ഞുണ്ണി മാഷ് ആവാനാണോ ഭാവം..?

  @തെച്ചിക്കോടന്: അതെ, അല്ബൈക്ക് ക്യൂ മാസത്തിലൊരിക്കലെങ്കിലും ഞാനും നിന്ന് കൊടുക്കാറുണ്ട്. എന്താണപ്പാ അവരതില്‍ ഇടുന്നത്..?

  ReplyDelete
 20. ഇന്നലെ Supermarketല്‍ ബില്‍ അടക്കാന്‍ കണ്ട Q പൊല്ലാപ്പ് കാരണം Trolly ഉപേക്ഷിച്ചു മുങ്ങേണ്ടി വന്നു. ..Q നില്‍ക്കല്‍ മനം മടുപ്പിക്കുമെങ്കിലും Q കഥകള്‍ കേള്‍ക്കാന്‍ ബഹുരസം... ഭാവുകങ്ങള്‍..

  ReplyDelete
 21. ക്യൂ പിന്നേം സഹിയ്ക്കാമല്ലോ സലീം ഭായി ..
  നമ്മുടെ നാട്ടില്‍ പലപ്പോഴും നേരത്തെ എത്തിയാല്‍ പോലും ആദ്യം ആവശ്യമുള്ള സാധനം കിട്ടില്ലല്ലോ ..
  ഒരു സിനിമ ടിക്കറ്റ് എടുക്കാന്‍ തന്നെ നേരത്തെ കമ്പി വേലിയ്ക്കകത്ത് കേറിപ്പോയാല്‍ വല്ല മനസ്സമാധാനവുമുണ്ടോ ..
  തലയ്ക്ക് മുകളില്‍ കൂടെ വരെ ഓരോരുത്തന്മാര്‍ ഇഴഞ്ഞ് പോകില്ലേ..?
  ഈക്കാര്യങ്ങളൊക്കെ അറബികള്‍ക്കും അറിയാം .. അതുകൊണ്ടല്ലേ ബസ്സില്‍ കയറാന്‍ നേരത്ത് ഉന്തും തള്ളുമുണ്ടാക്കിയാല്‍ അറബി സാറന്മാര്‍ വന്ന് "ദിസ് ഈസ് നോത്ത് ഇന്തിയാ.." എന്ന് പറഞ്ഞ് ചീത്ത വിളിയ്ക്കുന്നത്..
  അപ്പോ നമ്മളെ കുറെ നേരം നിര്‍ത്തി കഷ്ടപ്പെടുത്തിയാലും വലിയ കാര്യമൊന്നുമില്ല എന്നവന്മാര്‍ക്കറിയാം..
  ..............
  നല്ല പോസ്റ്റ് .. ഇനിയും കാണാം.......

  ReplyDelete
 22. @ അജയനും ലോകവും: ഇക്കാലത്തും ടിക്കെറ്റെടുത്ത് സിനിമക്ക് പോവാറുണ്ടോ...നല്ല കാര്യം..നമ്മളൊക്കെ സിനമ ഹാള്‍ കണ്ട കാലം മറന്നു എന്റെ അജയന്‍ ചേട്ടാ.....
  ഈ ക്യൂവിന്‍റെ അവസാനം വരെ ക്ഷമയോടെ നിന്നതിനും 'എന്റെ വെട്ടില്‍ വീണതിനും' ശുക്രിയാ..വീണ്ടും കാണാം..!

  elayoden.com:സൂപ്പര്‍ മാര്‍ക്കറ്റില്‍ പോവാന്‍ നല്ലത് മാസത്തിന്റെ നടുക്കുള്ള ദിവസങ്ങളിലാണെന്ന് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അറബികളുടെ കാശൊക്കെ ആദ്യത്തെ ആഴ്ച തന്നെ തീരും..ഒന്ന് പരീക്ഷിച്ചു നോക്കൂ..
  ..ആദ്യമായി വന്നതിനും കൂട്ട് കൂടിയത്തിനും നന്ദി.

  ReplyDelete
 23. നല്ല മാറ്റര്‍.... കലക്കി....

  ReplyDelete
 24. @വിരല്‍ത്തുമ്പ്, ഏതു ക്യൂ വില്‍ ആയിരുന്നു ഇത് വരെ, കണ്ടില്ലല്ലോ..?

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!