Tuesday, November 30, 2010

യൂറോപ്യന്‍ കുളിര്

             നാട്ടില്‍ മാത്രമല്ല ഗള്‍ഫിലും യൂറോപ്പിലും ചൈനയിലും എല്ലാം കുളിര് കോരിയിടാന്‍ തണുപ്പ് കാലം എത്തിക്കഴിഞ്ഞു. കേട്ടും കണ്ടും  മടുത്ത ഗള്‍ഫും നാടും വിട്ട്   ഈ ശൈത്യ കാലത്ത് നിങ്ങളെ ഞാന്‍  യൂറോപ്പിലേക്ക് കൊണ്ടുപോവുകയാണ്... ഇത് വായിച്ച ശേഷം  എന്നെ യൂറോപ്പിലേക്ക് പറഞ്ഞയച്ചവനെ തല്ലണം എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ എന്‍റെ മുതലാളിയുടെ അഡ്രസ്‌ തരാം കേട്ടോ...! 

             യൂറോപ്പില്‍ തണുപ്പ് കൂനിന്‍മേല്‍ കുരു പോലെയുള്ള ഒരു അധികപ്പറ്റാണ്. പൊതുവേ തണുത്ത  കാലാവസ്ഥയുള്ള അവിടങ്ങളില്‍ പോയവര്‍ക്കറിയാം വിന്‍റെറിന്‍റെ  വില്ലത്തരങ്ങള്‍. കടപ്പുറത്ത് ജെട്ടി മാത്രമിട്ട് സൂര്യസ്നാനം ചെയ്യുന്ന  അതേ  മദാമ്മമാര്‍ ഹിജാബിട്ടു നടക്കുന്ന സൗദി പെണ്ണുങ്ങളെക്കാള്‍ വസ്ത്രം ധരിക്കുന്ന കാലം. സോക്സും ജാക്കറ്റും ഒക്കെ ഇട്ടാലും, വാതിലടച്ചു സാക്ഷയിട്ട ശേഷം  കിടക്കാന്‍ നേരം ഒരു കമ്പിളി കൂടി പുതച്ചു മതി വരാഞ്ഞ്‌ അതിനു മുകളിലേക്ക് കോതടിയുടെ ഇരുതലകളും കൂടി കേറ്റി വെച്ചാലും   തണുപ്പ് മിച്ചം. മൂക്കിലൂടെയും ചുണ്ടിലൂടെയും ചോര പൊടിയുന്ന ഡ്രാക്കുള തണുപ്പ്. ഈ തണുപ്പിനിടയിലാണ് പക്ഷെ നാട്ടില്‍ കാണാത്ത പഴങ്ങളുടെ പൂക്കാലം....

മര്‍ബിയ (സ്പെയിന്‍) അങ്ങാടിയിലെ മധുര കാഴ്ച. ആരും പറിച്ചു തിന്നുന്നില്ല...ഇന്ത്യയിലോ സൗദിയിലോ ആയിരുന്നെങ്കില്‍ കൊമ്പ് പോലും ബാക്കി ഉണ്ടാവില്ല ! (എന്‍റെ ബോസ്സിന്‍റെ കമ്മന്റ്


         ഇപ്പോള്‍ യൂറോപ്പില്‍ പല ഭാഗത്തും (യൂകെയില്‍ അതികഠിനം) പൂജ്യത്തെയും കടത്തി വെട്ടി മൈനസ്സിലാണ് ശൈത്യം എത്തി നില്‍ക്കുന്നത്. തണുപ്പും, മൂടലും, മഴയും, പിന്നെ മഴയുടെ ഫലമായുണ്ടാവുന്ന കനത്ത മഞ്ഞും ഒക്കെയായി അവര്‍ക്ക് വേണമെങ്കില്‍ കുളിക്കാതെ ഇനിയുള്ള നാളുകള്‍ സന്തോഷത്തോടെ കഴിച്ചു കൂട്ടാം. അതല്ല ചുടു വെള്ളത്തില്‍ കുളിച്ചു പേരുദോഷം വരുത്തുകയും ആവാം.


      ഇന്ന് രാവിലെ സുഹൃത്ത്‌ സുരേഷ് ഇറ്റലിയിലെ വെരോണയില്‍ നിന്നും 'skype ' വഴി വിളിച്ചപ്പോള്‍, ആളെ കണ്ടു ഞാന്‍ ചെറുതായി ഒന്ന് ഞെട്ടി. അവന്‍ ആകെ തടിച്ചിരിക്കുന്നു. സൌദിയിലെ ബ്രോസ്റ്റ് തോറ്റു പിന്മാറിയ ബോഡിയില്‍ ഇറ്റാലിയന്‍ പിസ്സയും പിസ്ത്തയും നൂടില്‍സ്സും വിജയിച്ചോന്നു തോന്നിച്ചു. പക്ഷെ തടിയുടെ കാരണം അതൊന്നുമായിരുന്നില്ല.  ബനിയനു മുകളിലായി മൂന്ന് ജാക്കറ്റുകള്‍ കൂടിയിട്ടാണ് ഹീറ്റര്‍ വെച്ച റൂമില്‍ അവന്‍ പനി പിടിച്ചവനെ പോലെ ഇരിക്കുന്നതത്രേ. സുരേഷ് ഏഴു വര്‍ഷമായി ഇറ്റലിയില്‍  ജോലി ചെയ്യുന്നു. 2009 മാര്‍ച്ചില്‍ ആണ് ഞാന്‍ ആദ്യമായി ഇറ്റലിയില്‍ പോയത്. സുരേഷിന്റെ മുതലാളി എന്‍റെ കമ്പനിയുടെ ഒരു കണ്സല്‍ട്ടണ്ട് കൂടി ആയതിനാല്‍ അവനെയും കുടുംബത്തെയും   കാണാന്‍ പറ്റി. സുരേഷും ലേഖയും രണ്ടു മിടുക്കി കുട്ടികളും. രണ്ടാഴ്ചയോളം സ്പെയിനില്‍ എന്റെത്ര നീളമുള്ള ഫ്രഞ്ച് ബ്രഡു കഴിച്ചു വന്ന എനിക്ക്, ദോശയും ചട്ടിണിയും ചോറും കറിയും ഉണ്ടാക്കി തന്ന്‌ അവര്‍ നന്നായി സല്കരിച്ചു. അവന്‍റെയും അവന്‍റെ  ബോസ്സിന്റെയും കൂടെ ഒത്തിരി സ്ഥലങ്ങളും കണ്ടു!

സുരേഷും ലേഖയും പിന്നെ മോളും...അവരുടെ വീടിനു മുന്നില്‍. 
 
സമുദ്ര നിരപ്പില്‍ നിന്നും 600അടി ഉയരത്തില്‍ (ഇറ്റലി).
അകലങ്ങളില്‍ ഐസ് സ്കേയ്‌റ്റിംഗ് നടത്തുന്ന മലകള്‍; താഴെ തണുത്തു വിറച്ച തടാകം


        സുരേഷിന്റെ അടുത്ത് പോകുന്നതിന്‍റെ  മുമ്പ് ഇറ്റാലിയന്‍ ബിസിനസ്‌ തലസ്ഥാനമായ  മിലാനില്‍, സ്പൈനിലെ മാഡ്രിഡില്‍ നിന്നുള്ള   വിമാനത്തില്‍  എത്തിച്ചേര്‍ന്നത് ഉച്ചക്ക് രണ്ടു മണിക്ക്. എന്നെ സ്വീകരിക്കാന്‍ എത്തിയ   എന്‍റെ ഇറ്റാലിയന്‍ സുഹൃത്ത്‌ ഫാബിയോ പഗാനോണി, പുരാതനമായ ഒരു പാട് ചര്‍ച്ചുകളും  കൊട്ടാരങ്ങളും  (മുസ്സോളനിയുടെ അടക്കം) അതേ പടി പരിരക്ഷിക്കപ്പെടുന്ന  മിലാനോ നഗരത്തിലൂടെ എനിക്ക് ഒരു സായാഹ്ന മോട്ടോര്‍സൈക്കിള്‍ റൈഡ് ഓഫര്‍ ചെയ്തത് ഞാന്‍ നിരസിച്ചില്ല. എന്നോട് എന്‍റെ ജാക്കറ്റ് കരുതാന്‍ പറഞ്ഞിരുന്നുവെങ്കിലും പുള്ളിക്കാരന്റെ ബൈക്കിനു പിന്നില്‍ എനിക്ക് വേണ്ടി മറ്റൊരു ജാക്കറ്റും ഹെല്‍മെറ്റും കൂടി ഉണ്ടായിരുന്നു. നല്ലൊരു മോട്ടോറിസ്റ്റ്‌ ആയ ഫാബിയോ, എന്നെയും കൊണ്ട് ഹോട്ടല്‍ hermitageല്‍ നിന്നും സിറ്റി സെന്റ്റര്‍ ലക്ഷ്യമാക്കി പറപറന്നു. തണുത്ത  ശീതക്കാറ്റു എന്‍റെ എല്ലിന്‍റെ മജ്ജകളില്‍ ഇഞ്ജി കുത്ത് കുത്തി. ഹെല്‍മെറ്റ്‌ ധരിച്ചതിനാല്‍ എന്‍റെ ശീല്‍ക്കാരങ്ങള്‍ ഫാബിയോ കേള്‍ക്കാത്തത് കൊണ്ട് മാനം കെടാതെ രക്ഷപ്പെട്ടു എന്ന് പറയാം. ബൈക്കില്‍ ഒരു പാട് സവാരി ഗിരിഗിരികള്‍ നടത്തിയ എനിക്ക് ജീവിതത്തില്‍ മറക്കാത്ത ഒരനുഭവം ആയിരുന്നു തണുപ്പിന്‍റെ സര്‍വ്വസീമകളും അതിവര്‍ത്തിച്ച  ആ യാത്ര. അന്ന് രാത്രി തിരിച്ചു വരുമ്പോള്‍ തണുപ്പ് വീണ്ടും കൂപ്പു കുത്തിയിരുന്നു.  വളരെ നാളത്തെ പരിചയമാണ് ഞാനും ഫാബിയോയും തമ്മില്‍ ഉള്ളത്. അതിനാല്‍‍ കക്ഷി എനിക്ക് വേണ്ടി രണ്ടു ദിവസം ചിലവഴിക്കാന്‍ തയ്യാറായി. പിറ്റേന്ന് രാവിലെ തന്നെ എത്തി എന്നെയും കൊണ്ട് ചില്ലറ ബിസിനസ്‌ മീറ്റിങ്ങുകള്‍ ഒക്കെ ധ്രുതിയില്‍ കഴിച്ചു  മിലാനില്‍ നിന്നും ഏകദേശം 250 കി.മി. ദൂരെയുള്ള ലോക പ്രശസ്ത ടൂറിസ്റ്റ് ദ്വീപ്‌ വെനിസിലേക്ക് അദ്ദേഹത്തിന്‍റെ 'സ്വിഫ്റ്റ്' കാറില്‍ ഞങ്ങള്‍ യാത്രയായി. അവിടെ എത്തിയപ്പോള്‍ ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്ന് വിളിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലായി. വെനീസില്‍ എത്തിയപ്പോഴേക്കും തണുപ്പ് കൂടി വന്നു. ഒരു നാട് മുഴുവന്‍ ജല മാര്‍ഗം താണ്ടി കാണാന്‍ കഴിഞ്ഞ നിര്‍വൃതിയില്‍ രാത്രിയോടെ അവിടുന്ന് പോരുമ്പോള്‍ എന്‍റെ സുഹൃത്തിന്റെ കമ്മന്റ്...അടുത്ത തവണ ഭാര്യയെ കൂടി കൊണ്ട് വരണം..ഇവിടെ ബാച്ച്ലര്‍ ആയി വരുന്നതിനേക്കാള്‍ രസം അതാണ്‌. എനിക്കും അത് തോന്നായ്കയില്ല; കാശുണ്ടാകുമ്പോള്‍ പെണ്ണ് കെട്ടി ഹണിമൂണിന് ഒന്ന് കൂടി വരാന്‍ പറ്റിയ ഇടം തന്നെ..!
ഫാബിയോ പഗാനോണി - ഭാര്യയും രണ്ടു പെണ്‍ മക്കളുമുള്ള എന്‍റെ പ്രിയ സുഹൃത്ത് - വെനീസില്‍  
  
       സ്പൈനിലേക്ക്   സൌദിയില്‍ നിന്ന് നേരിട്ട്  വിമാനമില്ല.  അതിനാല്‍  പാരീസിലെ ചാള്‍സ്-ഡി-ഗ്വാല്ലി വിമാനത്താവളത്തിലേക്ക് പോയി പിന്നീട് മലഗയിലേക്ക് തിരിക്കണം. എന്‍റെ ആദ്യ യാത്രയില്‍ (നവംബര്‍ 2008) ജാക്കറ്റു ലഗേജില്‍ വെച്ചായിരുന്നു  യാത്ര.  വിമാനത്തിലേക്ക് എത്തിപ്പെടാന്‍ എയര്‍പോര്‍ട്ട് ബസിലേക്ക് പുറപ്പെട്ട എന്നെ, ശക്തമായ ശൈത്യകാറ്റു കിടുകിടാ വിറപ്പിക്കാന്‍ തുടങ്ങി. ഞാനല്ലാത്തവര്‍ എല്ലാം അന്നാട്ടുകാര്‍; എല്ലാവരും എടുത്താല്‍ പൊന്താത്ത ജാക്കറ്റുകള്‍, തൊപ്പി ഒക്കെ ഇട്ടാണ് നില്‍പ്പ്. വിവസ്ത്രനായതു  പോലെ ഞാനെന്ന വെറും കുപ്പായക്കാരന്‍  അവര്‍ക്കിടയില്‍ നിന്നു കൊടുത്തു. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത് കണ്ടില്ലെന്നു നടിക്കാന്‍ കൂളിംഗ് ഗ്ലാസ്‌ എടുത്ത് ഫിറ്റു ചെയ്തു. നാല് മാസത്തിനു ശേഷം വീണ്ടും പോയപ്പോള്‍ പാരീസില്‍ എല്ലാ തെയ്യാറെടുപ്പോട് കൂടി തന്നെ എത്തി. അന്ന് അവിടെ പൂജ്യം ഡിഗ്രി ആയിരുന്നു ഊഷ്മാവ്. ആളുകള്‍ സംസാരിക്കുമ്പോള്‍ പഴയ വണ്ടിയുടെ സൈലന്‍സര്‍   പോലെ  വലിയ അളവില്‍ പുക വിട്ടു കൊണ്ടിരുന്നു. ജാക്കറ്റും ക്യാപ്പുമിട്ടു കൈകള്‍ ജാക്കറ്റിന്‍റെ പോക്കറ്റില്‍   നിക്ഷേപിച്ചു ബസ്സിലേക്ക് കയറാനായി ഞാന്‍ എയര്‍പോര്‍ട്ടിന്റെ  തുറസ്സിലേക്ക് നടന്നപ്പോള്‍ എന്താണ് സ്കൂളില്‍ പഠിച്ച പൂജ്യം ഡിഗ്രി എന്ന് ശരിക്കും അറിഞ്ഞു. ഞാനൊരു ജലത്തുള്ളിയായിരുന്നെങ്കില്‍ ഐസ് ആകാമായിരുന്നേനെ എന്ന് ചിന്തിച്ച എനിക്ക് ഉറക്കെ കൂക്കി വിളിച്ചു പറയാന്‍ തോന്നി..ഞാന്‍ പൂജ്യം ഡിഗ്രീലൂടെ നടന്നേ...കൂയ്...മഞ്ഞണിഞ്ഞ മലകളില്‍ തട്ടി സൂര്യന്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന ആകാശ കാഴ്ചകള്‍ നവ്യാനുഭവമായി.  എന്‍റെ ബോസ്സും കൂട്ടുകാരന്‍ അബ്ദുള്ളയും മലഗയില്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു. അവരുടെ കൂടെ രാത്രിയുടെ കുളിരില്‍ കാഴ്ചകള്‍ കാണാന്‍  ഇറങ്ങിയതും, സൂര്യനില്ലാത്ത പ്രഭാതങ്ങളിലെ ഔദ്യോഗിക     സവാരികളും  മെഡിറ്ററെനിയന്‍ കടല്‍ കാഴ്ചകള്‍ കണ്ടതും  ഒക്കെ ഇന്നലകളിലെ ഒരു കുളിരായി മനസ്സിലുണ്ട്. ആദ്യ യാത്രക്ക് ശേഷം  തിരിച്ചു സൗദിയില്‍ എത്തിയപ്പോള്‍ ഗമക്ക് കുറവ് വേണ്ട എന്ന് കരുതി കോട്ടും സൂട്ടും ഇട്ടാണ് വണ്ടിയില്‍ കയറിയത് എങ്കിലും വൈകാതെ അത് അഴിച്ചു വെച്ചതിനു പുറമേ കുപ്പായത്തിന്റെ മേലെ ബട്ടണ്‍   തുറന്നിട്ടും ചൂട് താങ്ങാനാവുന്നില്ല. നിങ്ങളൊക്കെ ഈ സൌദിയില്‍ എങ്ങനെയാ ജീവിച്ചു പോകുന്നത് എന്ന എന്‍റെ ചോദ്യം കേട്ടു രണ്ടാഴ്ച മുമ്പ് യാത്ര അയച്ച ഭാര്യയും കുട്ടികളും പരസ്പരം തോണ്ടിയത്  ഞാന്‍ റയര്‍ ഗ്ലാസ്സിലൂടെ വീക്ഷിച്ചു... എന്‍റെ ശരീരത്തിന്  സായ്പ്പിന്‍റെ തണുപ്പ് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു എന്ന നഗ്ന സത്യം ഞാന്‍ പോലും അറിഞ്ഞത് അപ്പോഴാണ്‌.

          യാത്ര വിവരണം അല്ല ഉദ്ദേശം എന്നതിനാല്‍ തണുപ്പിനെ കുറിച്ച് പറയാന്‍ മാത്രമാണ് ഈ കുറിപ്പില്‍ ശ്രദ്ധിച്ചത്. അതിനാല്‍ കൂടുതല്‍ തണുപ്പിക്കാതെ ബാക്കിയുള്ള പറയാതെ വിട്ടുപോയ തണുപ്പിനെ ഞാന്‍ എന്നിലേക്ക്‌ തന്നെ ആവാഹിക്കട്ടെ..!

33 comments:

 1. ചെരുവാദീടെ മഞ്ഞു മൂടിയ ഓര്‍മകള്‍ക്ക് പിന്നാലെ ഇതാ വേറൊരു ഹിമബിന്ദു ജലശൈല താളം കൂടി....
  സലിം ഭായ്,അസ്സലായി എഴുതി ട്ടോ...ഞങ്ങള്‍ക്കും ഒരു പൂജ്യം ഡിഗ്രിയില്‍ എത്തിയ പ്രതീതി ആയി....അപ്പോള്‍ പിന്നെ മറക്കേണ്ട അടുത്ത പ്രാവശ്യം ഭാര്യയേയും മക്കളെയും കൂട്ടാന്‍.......

  ReplyDelete
 2. എഴുത്തിന്റെ ഭംഗിയിലൂടെ ഒരു യൂറോപ്യന്‍ കുളിര് ഇവടെയും കിട്ടി സലിം ഭായ്. ഇടയ്ക്കിത്തിരി നര്‍മ്മവും ചേര്‍ത്ത് അവതരിപ്പിച്ച ഈ യാത്ര വിശേഷങ്ങള്‍ ഇഷ്ടപ്പെട്ടു.
  പിന്നെന്താ ഇടയ്ക്കു പറഞ്ഞത്. കൂടുതല്‍ കാശ് ഉണ്ടായിട്ടു ഒന്നൂടെ കെട്ടി ഹണിമൂണിന് പോകണമെന്നാണോ. ബെസ്റ്റ്.
  ഇനിയും വിശേഷങ്ങള്‍ എഴുതാന്‍ കാണും. ഒന്നൂടെ ഒരു മെമ്മോറി ടൂര്‍ നടത്തിനോക്ക്.
  ആശംസകള്‍
  @ ജാസ്മികുട്ടി.
  എന്റെ മഞ്ഞു ഓര്‍മ്മകളെ ഓര്‍ത്തതിന് നന്ദി ട്ടോ.

  ReplyDelete
 3. മനുഷ്യന്മാരെ കൊതിപ്പിക്കുന്നതിനും ഒരതിരുണ്ട് സലിംക്ക ....കുറെ പൈസ ഒക്കെ ഉണ്ടാക്കിയിട്ട്{അടുത്ത ജന്മത്തില്‍}വേണം നിങ്ങളെ ഒക്കെ പോലെ ലോകം മൊത്തം കറങ്ങാന്‍ ...ഈ ജന്മം ഏതായാലും വേസ്റ്റ്ആയി ....എന്തൊക്കെ പറഞ്ഞാലും ഒരിക്കലെങ്കിലും യൂറോപ്പ് ഒന്ന് സന്ദര്‍ശിക്കണം ..കുറഞ്ഞ പൈസക്ക് അവിടെ ഒക്കെ പോയി വരാന്‍ വല്ല മാര്‍ഗവും ഉണ്ടോ ആവൊ ???

  ReplyDelete
 4. ഫോട്ടോസ് കിടിലന്‍ ....

  ReplyDelete
 5. യാത്ര വിവരണത്തിനുള്ള സ്കോപ്പ് ഉണ്ടായിട്ടും എഴുതാത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു......സസ്നേഹം

  ReplyDelete
 6. ഓഹോ...തണുക്കുന്നു ഞാന്‍ ജാക്കെറ്റ്‌ എടുത്തിട്ട് വരട്ടെ...

  ReplyDelete
 7. ന്ഘൂം....പുളു, പുളു നല്ല ഒന്നാന്തരം പച്ചപ്പുളു..പൂജ്യം ഡിഗ്രീ
  തണുപ്പിലൂടെ യാത്ര ചെയ്തു പോലും
  ഏതോ ഫോട്ടോയില്‍ തല വെട്ടി ഒട്ടിച്ചതല്ലേ ...എന്നിട്ട് യാത്രാ വിവരണം എഴുതുന്നില്ല പോലും ...യാത്ര ചെയ്തിട്ട് വേണ്ടേ വിവരിക്കാന്‍ ....

  തല്‍ക്കാലം കുശുമ്പ് ഇങ്ങനെ എഴുതി തീര്‍ക്കുന്നു ....ഹ ഹ ഹ

  സലിം ഭായ് വിവരണവും ഫോട്ടോകളും ജോറായി ....:)

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. വായിച്ചു തീരും മുമ്പേ ഞാന്‍ ഫാനങ്ങു ഓഫാക്കിട്ടോ..
  തണുപ്പിങ്ങനെ അരിച്ചരിച്ച് വരുമ്പോലെ!!!

  ഇവിടുത്തെ തണുപ്പിനെപ്പറ്റിയാ പറഞ്ഞത്‌.

  വൃശ്ചികം പിറന്നിട്ടും തണുപ്പ് ഡിസംബറിനെ കാത്തു നില്‍ക്കാന്നാ തോന്നണു.

  ഏതായാലും ഇന്നും ഇന്നലെയുമായി പുലര്‍ച്ചെ മഞ്ഞുകണ്ടു തുടങ്ങി.രാത്രീല് തണുപ്പും.
  പറഞ്ഞു വരുന്നത് നാട്ടിലും തണുപ്പ് തുടങ്ങീന്ന്..

  ഏതായാലും സലിം ഭായിയുടെ ഈ തണുപ്പന്‍ പോസ്റ്റ്‌ (ഉഗ്രന്‍ പോസ്റ്റ്‌ എന്നര്‍ത്ഥം)
  ചൂടപ്പം പോലെ വായിച്ച്പോട്ടെ എന്നാശംസിക്കുന്നു..

  ReplyDelete
 10. @ജസ്മിക്കുട്ടി, തണുപ്പ് പേടിച്ചാവും നേരത്തെ ഇങ്ങെത്തിയത് അല്ലെ...ജിദ്ദയിലും എന്റെ പോസ്റ്റു കണ്ടു പേടിച്ചാണോന്നറിയില്ല, ഇന്ന് ചെറുതായി തണുപ്പ് തുടങ്ങി. ഭാര്യയെയും കുട്ടികളെയും ആദ്യം തജ്മഹല്‍ ഒന്ന് കാണിക്കട്ടെ, എന്നിട്ട് ചിന്തിക്കാം വെനീസ്...അത് പോരെ..?

  @ചെറുവാടി, എഴുതിയാല്‍ തീരാത്ത വിശേങ്ങള്‍ ഉണ്ട്, പക്ഷെ നിങ്ങളൊക്കെ എങ്ങനെ പ്രതികരിക്കും എന്ന പേടിയില്‍ ചുരിക്കിയതാ. ഏതായാലും താങ്കളുടെ ചെറുവാടി കുളിരിനോളം വരുമോ എന്‍റെ യൂറോപ്യന്‍ കുളിര് എന്ന് എനിക്കും സംശയമുണ്ട്‌. അഭിപ്രായത്തിന് നന്ദി.

  @faisu madeena : ഫൈസൂ, ഒരു പൈസക്കും ചിലവില്ലാതെയാ ഞാനിതൊക്കെ ഒപ്പിച്ചത്. കമ്പനി ചിലവില്‍. അല്ലെങ്കില്‍ ഈ ജന്മത്തില്‍ നമ്മക്കും കഴിയുമോന്ന് സംശയമാ..കൊതിച്ചതിനു നന്ദി കെട്ടോ..!

  @ ഒരു യാത്രികന്‍ : യാത്രികന്റെ പ്രതിഷേധം കണക്കിലെടുത്ത് ഒരു യാത്രാവിവരണം പിന്നീട് എഴുതാം..യാത്രികനെപ്പോലെ എഴുതാന്‍ കഴിയില്ലെങ്കിലും!

  @ ആചാര്യന്‍ : അല്ല, ആചാര്യന്‍ എപ്പോഴും തണുത്ത ഒരു നോട്ടം എറിഞ്ഞു തൊപ്പിയും ജാക്കറ്റും ഇട്ടു ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നില്പ്പെല്ലേ...അത് പോരെ തണുപ്പിന്..കൂട്ട് കൂടിയതിനു നന്ദി കെട്ടോ..!

  @Noushad വടക്കേല്‍ : അതേയ്, പുളു അടിക്കണമെങ്കിലും യൂറോപ്പ് കണ്ടവനെ എങ്കിലും കാണണ്ടേ..ഖത്തരിന്നു സൌദിയില്‍ എങ്കിലും ഒന്ന് വാന്നെ..തല ഒട്ടിച്ചു ഒത്തിരി കളിച്ചവര്‍ക്ക് അങ്ങനെ ഒക്കെ തോന്നും..ഹും..ഹും...

  @ ~ex-pravasini*: ഒരു സ്വകാര്യം. ഫാന്‍ ഓഫ് ചെയ്തത് കരന്റ്ടു ബില്‍ പേടിച്ചല്ലേ..ഹ ഹ ഹ..ഇത്തന്റെ പോസ്റ്റുകളിലൂടെയും കമ്മന്റുകളിലൂടെയും നാട്ടിലെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നുണ്ട്..ഞങ്ങളെയൊക്കെ കൊതിപ്പിച്ചങ്ങു കൊല്ലു എന്‍റെ ഇത്താ..

  ReplyDelete
 11. ഇപോ എല്ലായിടത്തും മഞ്ഞ് ആണല്ലോ

  ReplyDelete
 12. സലിം ഭായ്,

  എഴുതിയത് വായിച്ചിട്ട് തണുക്കുന്നുട്ടോ.. ബസ്സില്‍ വിവസ്ത്രനായ പോലെ..ഹാ.ഹാ.അസ്സലായി വിവരണം.

  ഇവടെ ഡല്‍ഹിയില്‍ ഒരു 2 ഡിഗ്രി ആയപ്പോഴേക്കും ചിന്തകള്‍ പോലും വിറങ്ങലിച്ച പോലെ തോന്നിയ എനിക്ക് ഭായിയുടെ മൈനസ് ആലോചിക്കുമ്പോ തന്നെ ഒരു തുറന്ന ഫ്രീസറിന്റെ ഉള്ളില്‍ കൈ ഇട്ട പോലെ ഉണ്ട്.

  ഒരു യാത്ര വിവരണം എഴുതാന്‍ ഉള്ള സ്കോപ് ധാരാളം...യുറോപ് കാണാന്‍ ഭാഗ്യം കിട്ടാത്ത ജനത്തിന് വേണ്ടി ...പ്ലീസ് ..ഒരു കിടിലന്‍ യാത്രാ വിവരണം ആയിക്കൂടെ ?

  ReplyDelete
 13. വിശദമായ യാത്രാ വിവരണം തന്നെയാകാമായിരുന്നു, അതെഴുതാത്തത്തില്‍ പ്രതിഷേധിക്കുന്നു.

  തണുപ്പ് ഈ പോസ്ടിനോപ്പം ഇവിടെയും തുടങ്ങിയല്ലേ, രാവിലെ ജോലിക്ക് പോരുമ്പോള്‍ ഇപ്പോള്‍ നല്ല സുഖം!.

  ReplyDelete
 14. എന്‍റെ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു ഞാന്‍ ഒരു യാത്ര വിവരണം എഴുതാന്‍ തീരുമാനിച്ചു കഴിഞ്ഞു..ഡിസംബറില്‍ റിലീസ് ആക്കാം....ഓര്‍മകളും ഫോട്ടോകളും ഒന്ന് പൊടി തട്ടിയെടുക്കട്ടെ...അടുത്ത പോക്ക് ഏതായാലും ലൈവ് ആക്കിയും കാണിക്കാം..!

  @തെച്ചിക്കോടന്‍, കണ്ടില്ലേ നമ്മുടെ പോസ്റ്റ് കൊണ്ട് കാര്യമുണ്ടായല്ലോ..ഇനി ചൂട് ആവശ്യം വരുമ്പോള്‍ പോസ്റ്റിനു ഓര്‍ഡര്‍ പറഞ്ഞാല്‍ മതി..

  @Indiamenon : അത് ശരി നിങ്ങള്‍ കോമ്മണ്‍ വെല്‍ത് ഡല്‍ഹിക്കാര് നമ്മുടെ പൂജ്യത്തിനോട് കളിക്കണ്ട...മേനോന് ഒരു ജാക്കറ്റ് ഓര്‍ഡര്‍ ചെയ്യട്ടെ..?വില 30 യൂറോ.

  @ഒഴാക്കന്‍.: ഞ്ഹെ..അപ്പൊ നമ്മക്ക് പാരയാകുമല്ലോ ...!

  ReplyDelete
 15. നല്ല വിവരണം. കാണാന്‍ കൊതിയുള്ള സ്ഥലങ്ങളാ, യോഗമുണ്ടാകുമോ ആവോ..... പിന്നെ എന്തിനാ പെണ്ണ് ഒന്ന് കൂടി കെട്ടുന്നത്. ഒള്ളത് തന്നെ പോരെ.......

  ReplyDelete
 16. സലീംക്കാ...അങ്ങിനെ അതും സംഭവിച്ചുല്ലേ....?
  അടുത്ത പ്രാവശ്യം എന്നെ കൂടെ കൊണ്ടോവോ...?
  കമ്പനി ചിലവില്‍ മതി...
  ഇതൊക്കെ വായിച്ചപ്പോ കൊതിയാവുന്നു..അതു കൊണ്ടാ...

  ReplyDelete
 17. തണുത്തു തന്ത് ഐസ് കട്ടപോലായി ഇയളിങ്ങനെ നില്‍ക്കനത് കണ്ടിട്ടാ ഞാന്‍ ആ യാത്രക്ക് ഒരുങ്ങിയത്
  കാണാന്‍ കഴിയാത്ത സ്ഥലം വായിക്കാന്‍ കഴിഞ്ഞ സന്തോഷം
  പിന്നെ ഒരുകാര്യം സ്വകാര്യം കോട്ട് എവിടുന്നാ വാങ്ങിയെ തണുത്ത്തിട്ടാ ഒന്ന് വാങ്ങാനന്നേയ്

  യാത്ര പോസ്റ്റ്‌ അസ്സലായി

  ReplyDelete
 18. എല്ലാസ്ഥലങ്ങലും കാണിച്ചതിന് നന്ദി

  ReplyDelete
 19. @ കുസുമം ആര്‍ പുന്നപ്ര: കുസുമം, എല്ലാ സ്ഥലങ്ങളും കാണിക്കാന്‍ പോണേയുള്ളൂ..എന്നെകൊണ്ട്‌ ഒരു യാത്രാവിവരണം എഴുതിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്!

  @സാബിബാവ:സാബീ, ഈ തണുപ്പത്ത് കോട്ട് പോലും ഇടാതെ ഇവിടെ വന്നതിനു നന്ദി !
  പിന്നെ കോട്ടിന്റെ കാര്യം സ്വകാര്യമാക്കാന്‍ വേണ്ടി കടയുടെ പേര്‍ പറയുന്നില്ല. ബ്രാന്‍ഡ്‌ പറഞ്ഞു തരാം..എന്നിട്ട് ഇക്കാനേം കൊണ്ട് പോയി ഇന്ന് തന്നെ വാങ്ങിച്ചോ..

  @റിയാസ്(മിഴിനീര്‍ത്തുള്ളി):റിയാസേ, താങ്കള്‍ ഒരു പുരുഷനായത് കൊണ്ട് എനിക്ക് താല്പര്യമില്ല..ഹ ഹ ഹ..പണം നോക്കാതെ അവിടെയൊക്കെ ഒന്ന് പോകൂ..എന്നെ പോലെ, കമ്പനി ചിലവില്‍ നയാപൈസക്ക് ചിലവില്ലാതെ പോവാന്‍ വരട്ടെ..ഹും....

  @സുജിത് കയ്യൂര്‍:വന്നതിനും വായനക്കും എന്‍റെ തണുത്ത നന്ദി !

  @elayoden.com :@എന്‍റെ ഷാനവാസേ, അതിനി ഒരു ഇഷ്യു ആക്കി എന്‍റെ അടുത്ത യാത്ര കൊളമാക്കല്ലേ, അല്ലെങ്കില്‍ തന്നെ എന്‍റെ ഈ പോക്കിന് അവള്‍ എതിരാ...അവള്‍ക്കെന്നെ വിശ്വാസം ആണെങ്കിലും മദാമ്മമാരെ തീരെ വിശ്വാസമില്ല...:)

  ReplyDelete
 20. സലീം ഭായ്,
  താങ്കള്‍ ഭാഗ്യവാന്‍ ആണ് . ഇഷ്ടത്തീടെ ഇഷ്ടല്ല്യാത്ത ലിസ്റ്റില്‍ മദാമ്മമാരല്ലേ ഉള്ളൂ...ഹ.ഹ. ഹ

  ReplyDelete
 21. ഹൌ ..വല്ലാതെ തണുപ്പ് തോന്നുന്നു

  ReplyDelete
 22. സലിം ഞങ്ങളെയൊന്നാകെ കുറച്ചുനേരത്തേക്ക് freezer ല്‍ വെച്ച് കളഞ്ഞല്ലോ..
  ഭാഗ്യവാന്‍.
  യാത്രാവിവരണം അസ്സലായി.

  ReplyDelete
 23. @Noushad : OK, thanks for the link. It worths read.

  @Ismail chemmad: ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.വീണ്ടും വരിക..

  @mayflowers: ഫ്രീസറില്‍ തലയിട്ടിരിക്കണ പോലെയാ ഇപ്പോള്‍ അവിടെ...അതിനാല്‍ പൂതിയാവുമ്പോള്‍ തല ഫ്രീസറില്‍ ഇട്ടോ..ഹ ഹ ഹ..

  @, Indiamenon: അവിടെ മദാമ്മമാര്‍, നാട്ടില്‍ നാട്ടമ്മമാര്‍, ഗള്‍ഫില്‍ ഗല്ഫമ്മമാര്‍..ലിസ്റ്റ് നീണ്ടതാണ് മോനെ :)

  ReplyDelete
 24. സലീമിക്കാ...നന്നായിട്ടുണ്ട് വിവരണം...കഴിഞ്ഞാഴ്ച ഞാനും അയര്‍ലന്‍ഡൊക്കെ വിസിറ്റി വന്നതേയുള്ളൂ...മഞ്ഞു വീണു കിടക്കുന്ന മരങ്ങളും വീടുകളും ( ഉച്ചസമയത്തു പോലും) നമ്മളെ അതിശയിപ്പിക്കുന്നവ തന്നെ.....സൂര്യന്‍ എത്തി നോക്കാന്‍ മടിക്കുന്ന പകലുകള്‍...മൂക്കില്‍ നിന്നും രക്തം ഒഴുക്കുന്ന തണുപ്പ്...വിവരണം യാഥാര്‍ത്ഥ്യം...

  ReplyDelete
 25. വിവരണവും ചിത്രങ്ങളും കലക്കി. കോട്ടും സൂട്ടുമിട്ട ആ നില്പ് കണ്ടിട്ട് മേക്കപ്പിട്ട രജനീകാന്തിന്റെ മട്ട്. ഞാന്‍ ഒരു സിനിമ പിടിക്കുമെങ്കില്‍ നായകന്‍ നിങ്ങള് തന്നെ. നിര്‍മാതാവും!!!!.

  ReplyDelete
 26. ഈയിടെയായി നല്ല ബൂലോകം മുഴുവന്‍ തണുപ്പാണ്. ഒന്ന് ചൂടാക്കാന്‍ ആരെങ്കിലും പോസ്റ്റിയെ പറ്റൂ. (ചിത്രങ്ങളും വിവരണങ്ങളും നന്നായി കേട്ടോ.)

  ReplyDelete
 27. @ Shukoor: അതെ മൊത്തം തണുപ്പ് മയം...ഭൂലോകത്തും ബൂലോകത്തും!

  @ബഷീര്‍ Vallikkunnu : ഇവിടെ എല്ലാരും പരീണത് ഞാന്‍ മമ്മൂട്ടിന്റെ സ്റ്റയിലാന്നാ..സാരല്യ, രജനീ കാന്തിന്‍റെ ഒരു കട്ടും എനിക്കുണ്ടാവാം...ഇപ്പോഴെങ്കിലും എന്റെ സൌന്ദര്യം അന്ഗീകരിച്ചല്ലോ..(ബ്ലോഗ്‌ സുന്ദരന്‍ 2010 ) ..കുട്ടിയെ എടുത്തു വന്നതിനു നന്ദി ...!

  @sreedevi: തണുപ്പിന്‍റെ കൊടിമുടിയായ അയര്‍ലണ്ടില് പോയിട്ട് മിണ്ടാടിരിക്ക്യ, അതൊക്കെ ബ്ലോഗില്‍ കേറ്റി ബൂലോകരെ അറിയിക്കു ശ്രീ ദേവീ...നട്ടുച്ചയ്ക്ക് പോലും മാഞ്ഞു പോവാത്ത മഞ്ഞ് കണ്ണുകള്‍ക്ക്‌ വിരുന്നൊരുക്കുന്ന കാഴ്ചകള്‍ തന്നെ....വന്നതിനു നന്ദി !

  ReplyDelete
 28. kashu chilavakkathe oru european paryadanam nadathiya pole........

  ReplyDelete
 29. ഒരു നല്ല യാത്രാവിവരണം കൂടി ആയിട്ടുണ്ട്‌,
  ഈ മനോഹരമായ പോസ്റ്റ്‌, സുഹൃത്തുക്കളെ
  ക്കുറിച്ചുള്ള ഓര്‍മകളും ഫോട്ടോകളും കൂടിയായപ്പോള്‍
  വായനക്ക് നല്ല ഒഴുക്കുണ്ട്.
  ഭാവുകങ്ങള്‍
  സ്നേഹപൂര്‍വ്വം
  താബു.

  ReplyDelete
 30. ഇത്രേം തനുപ്പുണ്ടോ അവിടെ? ആകെ ഒരു തരാം കുളിര്. ചെറുതായി ഒരു തനുപ്പടിച്ച്ചാല്‍ ഞാന്‍ കുടയാന്‍ തുടങ്ങും. അപ്പൊ ഇമ്മാതിരി ആയാല്‍ കുടുങ്ങിയത്‌ തന്നെ.
  ഭംഗിയായ ചിത്രങ്ങളും വിവരണവും...

  ReplyDelete
 31. @jayarajmurukkumpuzha:വന്നതിനും അഭിപ്രായത്തിനും നന്ദി, വീണ്ടും വരിക !

  @ പട്ടേപ്പാടം റാംജി: തണുപ്പുണ്ടോന്നോ...റാംജിയെപ്പോലെയുള്ളവര്‍ പേടിക്കെന്ടന്നു കരുതി സെന്‍സര്‍ ചെയ്താ തണുപ്പ് വിട്ടത്...പ്രതികരണത്തിന് നന്ദി.

  @ thabarakrahman: യാത്രാവിവരണം കൂടി ഉദ്ദേശിക്കുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ 'ചൂടുള്ള' വാര്‍ത്തകള്‍ വായിക്കാം..താബുവിനു നന്ദി

  @അഞ്ചു, ഞാനും 'അഞ്ചു' പൈസ ചിലവാക്കാതെ തന്നെയാ ഇതൊക്കെ ഒപ്പിച്ചത്, മാത്രമല്ല കമ്പനിയില്‍ നിന്ന് തന്ന കുറച്ചു യൂറോ ബാക്കി പോക്കറ്റിലും ഇട്ടു..ഹഹ..ഇവിടെ വന്നതിനു നന്ദി കേട്ടോ.!

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!