Tuesday, December 28, 2010

സ്പെയിനിലെ ആദ്യ രാത്രി-4

            അനുഭവങ്ങളെ  ഗുരുവാക്കി, ഫ്ലാറ്റില്‍ കയറിയ ഉടനെ തന്നെ   എന്‍റെ  മുറി ഏതെന്നു ഉറപ്പു വരുത്തി സാധനങ്ങള്‍ അവിടെ കൊണ്ട് വെച്ചു അത് എല്ലാ നിലക്കും എന്റേതാക്കി മാറ്റി.  മുതലാളിയുടെയും    അബ്ദുള്ളയുടെയും ഇടയ്ക്കുള്ള  മുറിയാണ് എന്നതിനാല്‍ അറ്റാക്ക് എവിടെ നിന്നും പ്രതീക്ഷിക്കാമല്ലോ. ഫ്ലാറ്റിലേക്ക് കടന്നാല്‍   വിശാലമായ്  ഹാള്‍,പിന്നെ അടുക്കള. ഇടതു ഭാഗത്തേക്ക് ഇടനാഴി; ഇടനാഴിയില്‍ നിന്നും മൂന്നു റൂമുകളും  അത്രയും  ബാത്റൂമുകളും. കടലിലേക്ക്‌ ഉന്തിനില്‍ക്കുന്ന ബാല്‍ക്കണിക്കു തുറക്കാന്‍  സൗകര്യമുള്ള ഗ്ലാസ്‌   ചുവരുകള്‍.  മുകളില്‍ വിശാലമായ ടെറസ്സും.  പെണ്ണും  പെരിച്ചായികളും കൂട്ടിനില്ലാത്ത‍   ഞങ്ങള്‍ ത്രീ  ക്രോണിക്  ബാച്ലെര്സിന്     ഇതൊക്കെ ധാരാളം. പാണ്ടുവിന്റെ  സുഹൃത്ത്‌ ലൂയിസിന്‍റെ ഭാര്യയും  ബില്‍ഡിങ്ങിലെ  അടിച്ചു തളിക്കാരിയുമായ ഫീന എല്ലാം വൃത്തിയാക്കി വെച്ചിരുന്നു. തണുത്ത വെള്ളവും ചുടു വെള്ളവും മിക്സ് ചെയ്ത  നീരാട്ട് കുളി കഴിഞ്ഞപ്പോള്‍    ഞാന്‍ ഒരൊന്നൊന്നര ഫ്രഷ്‌ ആയി.

Monday, December 20, 2010

സ്പെയിനിലെ പാരകള്‍ - 3


            ലഗേജ് എടുത്തു മലഗ  എയര്‍പോര്‍ട്ടിന്റെ  പുറത്തു വന്നിട്ടും, എന്നെ സ്വീകരിക്കാമെന്നേറ്റ ബോസിനെ കാണാതെ,‍ ഞാനൊന്നു പരുങ്ങി. ടെന്‍ഷന്‍ പ്രതികൂല കാലാവസ്ഥകളില്‍ ശരീരോഷ്മാവ് ക്രമീകരിക്കുമെന്നു ഞാന്‍ അറിഞ്ഞു. അപ്പോഴതാ കോട്ടും സ്യൂട്ടും അണിഞ്ഞ ഒരു അപരിചിതന്‍ എന്‍റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട്‌ അടുത്തേക്ക് വന്നു, സ്ഫുടമായ ബ്രിട്ടീഷ്‌ ആക്സന്റ്റില്‍ 'ആര്‍ യു സലീം" എന്ന് ചോദിച്ചു. ഞാന്‍ സൗദി ആക്സന്റ്റില്‍ 'ഐവ' എന്ന് മറുപടി പറഞ്ഞു. അത് അബ്ദുള്ള ആയിരുന്നു; ഞങ്ങള്‍ സന്തോഷാധിക്യത്താല്‍ പരസ്പരം ആശ്ലേഷിച്ചു. മുതലാളി ബാത്‌റൂമില്‍ പോയതാണത്രെ. നിര്‍ണായക സമയങ്ങളില്‍ ബാത്റൂമില്‍ പോകുവാന്‍ ഇയാളാരാ കരുണാകരനോ എന്ന് കേരള രാഷ്ട്രീയം എന്തെന്ന് പഠിക്കാത്ത അബ്ദുള്ളയോട് ചോദിച്ചിട്ട് കാര്യമില്ലല്ലോ. അബ്ദുള്ള ഒരു സംഭവമാണ്. യമനില്‍ ജനിക്കുവാനുള്ള യോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ചെറുപ്പത്തില്‍ തന്നെ  നാട് വിട്ടു,   സൗദി അടക്കമുള്ള  ഗള്‍ഫ് രാജ്യങ്ങളിലും,  തൈലന്ട്, അമേരിക്ക എന്നിവിടങ്ങളിലും   പല ജോലികളും ജോളികളും ആയി ജീവിച്ചു, ഇപ്പോള്‍ ബ്രിട്ടീഷ്‌  പൌരനായി  ലണ്ടനില്‍ താമസം.  ജോര്‍ദാന്‍കാരിയായ   ഭാര്യയും മുതിര്‍ന്ന രണ്ടു കുട്ടികളുമുണ്ട്. എങ്കിലും, ഈ അമ്പത്തിമൂന്നാം വയസ്സിലും ജോളിക്ക് ഇപ്പോഴും കാര്യമായ  യതൊരു കുറവുമില്ല.  പാണ്ടു    ഉലകം  ചുറ്റി റിയല്‍ എസ്റ്റെറ്റുകള്‍  വാങ്ങിക്കൂട്ടുമ്പോള്‍  ചെറുപ്പക്കാരനായ  അബ്ദുള്ളയും  കൂടെയുണ്ടായിരുന്നു. സ്പെയിനിലും ലണ്ടനിലും അമേരിക്കയിലും  ഒഴികെയുള്ള  രാജ്യങ്ങളിലെ സ്വത്തുക്കള്‍ വിറ്റു പോയെങ്കിലും ,  അബ്ദുല്ലയുമായുള്ള ബന്ധം  മക്കളായ പാണ്ഡവന്മാര്‍  ഇന്നും അഭംഗുരം തുടരുന്നു.  സഹൃദയനും സൌമ്യനുമായുള്ള   അബ്ദുള്ള    യാത്രകളില്‍, പാണ്ടുവിനെ പോലെ  നകുലന്റെയും  സന്തത സഹചാരിയാണ്  . അത് പോട്ടെ,  ഇപ്പോഴാണ് കുളിരൊന്നും  കൊള്ളാതെ ലഗേജില്‍ ഇരിക്കുന്ന ജാക്കറ്റിനെ കുറിച്ച് ഓര്‍മ വന്നത്. ജാക്കറ്റെടുത്ത് ധരിച്ചില്ല, അപ്പോഴേക്കും പിന്നില്‍ നിന്നും ഒരു അശരീരി "ഹൈ സലിം, വെല്‍ക്കം ട്ടു മലാഗ". ഞാന്‍ ബോസിനെ സ്വീകരിക്കാന്‍ എണീറ്റു നിന്നു. അറബികളുടെ ഡ്രസ്സില്‍ കണ്ടു ശീലിച്ച മുതലാളി ജീന്‍സും ടീഷര്‍ട്ടും ഓവര്‍ കോട്ടും ധരിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ പുതുമ തോന്നി. ആദ്യത്തെ കവിളില്‍ ഒരു മുത്തവും രണ്ടാമത്തെ കവിളിള്‍ രണ്ടു മുത്തവും അടക്കം മൂന്നു മുത്തങ്ങള്‍ നല്‍കി പരമ്പരാഗത അറേബ്യന്‍ രീതിയില്‍ ഞങ്ങള്‍ പരസ്പരം എതിരേറ്റു.  
 

Saturday, December 11, 2010

എയര്‍പോര്‍ട്ട് വിശേഷങ്ങള്‍ - 2


            CDG എയര്‍പോര്‍ട്ട് (റോയ്സി)നെ കുറിച്ച് രണ്ടു വാക്ക് പറഞ്ഞില്ലെങ്കില്‍ 'അനോനിയായി' എന്‍റെ ബ്ലോഗ്‌  സ്ഥിരമായി  വായിക്കാറുള്ള     ഫ്രഞ്ച് പ്രസിഡണ്ട് നികോളാസ് സര്‍കോസി എന്ത് വിചാരിക്കും?  കരിപ്പൂര്‍, മുംബൈ, കോയമ്പത്തൂര്‍,  ബഹ്‌റൈന്‍, റിയാദ്, ജിദ്ദ, മലഗ, മാഡ്രിട്‌      തുടങ്ങി ഞാന്‍ കണ്ടിട്ടുള്ള എയര്‍പോര്‍ട്ടുകള്‍  എല്ലാം   റോയ്സിയുടെ മുന്നില്‍ 'കല്ലി വല്ലി' മാത്രം. സമാനമായ  ഒരു   എയര്‍പോര്‍ട്ട്  പിന്നെ   കണ്ടത്  റോമിലാണ്,  അത്   പിന്നീട്  വിശദീകരിക്കാം.  യൂറോപ്യന്‍     വ്യാമയാനത്തിന്റെ  കേന്ദ്രബിന്ദു.   ഭാവിയിലേക്ക് കൂടി കണ്ണുവെച്ചു 32KM ചുറ്റളവില്‍  വിശാലമായി, പാരീസില്‍ നിന്നും 25KM വടക്ക് കിഴക്കനായി  നിലകൊള്ളുന്നു.  യാത്രക്കാരുടെയും  വിമാനങ്ങളുടെയും   എണ്ണത്തിലും, കാര്‍ഗോ സേവനത്തിലും യൂറോപ്പിലെ ഒന്നാമനും ലോകത്തെ  ആദ്യ  ഏഴിലും ഉള്‍പെടുന്നു.  കടല്‍ കാക്കകളെ പോലെ യാത്രാ ചരക്കു വിമാനങ്ങള്‍  നിരന്തരം പറന്നിറങ്ങുകയും    ഉയരുകയും ചെയ്യുന്ന ആ കാഴ്ച കാണേണ്ടത് തന്നെ (ഫോട്ടോ കയ്യിലില്ല).     നിലം തൂപ്പുകാരി  പോലും ഫ്രഞ്ച് സംസാരിക്കുന്ന  ഒരു എയര്‍പോര്‍ട്ടില്‍ ഒന്ന് കുരക്കാനുള്ള ഫ്രഞ്ച് പോലും  തിരിയാത്ത ഞാന്‍ എല്ലാം തികഞ്ഞ ഒരു പ്രവാസിയായി മാറി. വിമാനങ്ങളുടെ പോക്ക് വരവ് കാണിക്കുന്ന ഇലക്ട്രോണിക് സ്ക്രീനില്‍ ഒരേ സമയം നൂറുകണക്കിന്  വിമാനങ്ങളുടെ വിവരങ്ങള്‍ കാണിക്കുന്നത് കണ്ടു എന്‍റെ തല കറങ്ങി. ഒരു സ്ക്രീനില്‍ ഉള്‍ക്കൊള്ളാതെ രണ്ടും മൂന്നും തവണയായി വേണം മുഴുവന്‍ പേരുകളും വായിച്ചെടുക്കാന്‍. എന്‍റെ യാത്ര 'എയര്‍ യൂറോപ്പ' എന്ന  ബഡ്ജറ്റ്‌  എയര്‍ലൈന്സില്‍ ആയിരുന്നു. അതിയാനെ കണ്ടുപിടിക്കാന്‍  എന്‍റെ കണ്ണട മൂന്നു പ്രാവശ്യം കണ്ണില്‍ നിന്നും എടുത്തു മന്ത്രിചൂതി   വീണ്ടും   ഫിറ്റു ചെയ്യേണ്ടി വന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല...ഈ ഫോട്ടോ കണ്ടാല്‍ വിശ്വസിക്കാമോ ..?

Tuesday, December 7, 2010

യൂറോപ്പിലേക്ക് -1

തലക്കഷ്ണം: 2008, 2009   വര്‍ഷങ്ങളില്‍ നടത്തിയ യൂറോപ്യന്‍ യാത്രകള്‍  വിസ്മൃതിയിലേക്ക് ആണ്ടുപോവാതെ നോക്കാനും,  "യൂറോപ്യന്‍ കുളിര്" എന്ന എന്‍റെ കിടിലന്‍ (??) പോസ്റ്റു വായിച്ച ചില സുഹൃത്തുക്കള്‍ എന്‍റെ യാത്രാനുഭവങ്ങള്‍ എഴുതാന്‍ പറഞ്ഞതു പരിഗണിക്കാനുമായി ഞാന്‍ റിവേര്‍സ് ഗീറില്‍ വാഹനം മുന്നോട്റെടുക്കുന്ന പോലുള്ള ഒരു സാഹസത്തിനു മുതിരുകയാണ്.  കൃത്യമായ വിവരങ്ങള്‍ പലതും   മറന്നതിനാല്‍  ഓര്‍മയില്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ മാത്രം എഴുതാം. ശോ, അന്ന് തന്നെ എഴുതിയിരുന്നെങ്കില്‍ സഞ്ചാര സാഹിത്യത്തിനുള്ള ഒരു അവാര്‍ഡ് പ്രതീക്ഷിക്കാമായിരുന്നു..കളഞ്ഞു കുളിച്ചില്ലേ .. !

ഒരു പോസ്റ്റില്‍ കൊള്ളാത്തത് കൊണ്ട് അവസാനത്തില്‍ "തുടരണോ" എന്ന് കാണുമ്പോള്‍ എന്തെങ്കിലും പറയാതെ പോവരുത്. തുടരേണ്ടെങ്കില്‍ പറഞ്ഞേക്കണം, ഇവിടെ മനുഷ്യന്നു വേറെ പണിയുണ്ട്..ഹല്ല, പിന്നെ....!
------------------------------------

       ആദ്യമായി, എന്‍റെ അറബികളായ മുതലാളിമാര്‍ക്ക്  പുരാണത്തിലെ ചില പേരുകള്‍ ചാര്‍ത്തി കൊടുക്കുകയാണ്.  ദിവംഗതനായ ബാപ്പ മുതാലാളിയെ  "പാണ്ടു" എന്നും അഞ്ചു മക്കളെ "പാണ്ഡവര്‍" എന്നും വിളിക്കുകയാണ്‌. "പാണ്ടു" മരിച്ചു പോയ ശേഷവും കുന്തി ദേവിയുടെ മിടുക്കില്‍ "പാണ്ഡവന്മാര്‍" കുരുക്ഷേത്രത്തില്‍ ഒരുമിച്ചു തന്നെയാണ് മുന്നേറുന്നത്‌.


പാണ്ടു കുടുംബത്തിനു സ്പെയിനില്‍ സ്വന്തമായി രണ്ടു ഫ്ലാറ്റുകളും, 20,000sqm വിസ്തൃതിയുള്ള ഒരു പ്ലോട്ടും വീടും, ഒരു പള്ളിയും, സഹദേവന്റെതായി വേറൊരു വില്ലയും ഉണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ പിന്നീട് വരും. ഇതിന്‍റെ ഒക്കെ മേലെ  വിഴുപ്പു ഭാണ്ഡം പോലെ കുഴങ്ങു മറിഞ്ഞു കിടക്കുന്ന കേസുകളാണ് നിലവിലുള്ളത്. സ്പെയിന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഒടുക്കത്തെ (സഹദേവന്‍) മുതലാളിയുമായി അവിടെ കാര്യങ്ങള്‍  നോക്കിനടത്താന്‍  വക്കാലത്ത് കൊടുത്തു ഏല്പിച്ചിരുന്ന മറീന എന്ന വെളുപ്പു നിറവും കറുത്ത മനസ്സും സമ്മേളിച്ച സ്പാനിഷ് മദാമ്മ ഉടക്കുകയും, അവള്‍  കമ്പനിയുടെ സ്ഥാവര സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിലപിടിച്ച വീട്ടുപകരണങ്ങള്‍, രണ്ടു കാറുകള്‍ എന്നിവ അവള്‍ അടിച്ചുമാറ്റി എന്ന് മാത്രമല്ല സഹദേവനെതിരെ കള്ളക്കേസ് കൊടുത്ത് യൂറോപ്പില്‍ കയ്യോ കാലോ കുത്താന്‍ പറ്റാത്ത പരുവത്തിലാക്കുകയും ചെയ്തു. ഈ പ്രതിസന്ധിയിലാണ് ജ്യേഷ്ട്ടന്‍ നകുലകുമാരന്‍ മുള്‍കിരീടം ചൂടുന്നതും പ്രഗല്ഭനായ എന്നെ (ഞാനാര്‌ കൃഷ്‌‍ണനോ?) സഹായിയായി നിയമിക്കുന്നതും. അത് ഒത്തു വന്നത് തീരെ ആകസ്മികവും. സ്പെയിന്‍ ഫയല്‍ കൈകാര്യം ചെയ്തിരുന്ന ഹൈദരബാദിയുമായി നകുലന്‍ ഉടക്കുകയും എന്നെ സ്നേഹപൂര്‍വ്വം (അതായതു ഒരു ഓഫര്‍ തന്നു) ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വക്കീല്‍, കൊണ്ട്രാക്ട്ടര്‍, റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍, ബാങ്ക്, ജോലിക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇനി എനിക്ക് സ്വന്തം. അവരുടെ ഗ്രാമ്മര്‍ തെറ്റിയ സ്പാനിഷ്‌ ഇന്ഗ്ലിഷ് അറബികള്‍ക്ക് തിരിയുന്ന ഇന്ഗ്ലിഷാക്കി മനസ്സിലാക്കി കൊടുക്കല്‍ എന്ന കഠിനമായ ജോലിയും ഇതില്‍ പെടും. കേട്ടാല്‍ മനസ്സിലാവാത്തത്ര പ്രശ്നങ്ങളും കണ്ടാല്‍ കൊതി തീരാത്തത്ര മുതലും എടുത്താല്‍ പൊന്താത്തത്ര പണിയുമുള്ളതിനാല്‍ എന്നെ അവിടെയൊക്കെ ഒന്ന് കാണിക്കാന്‍ കൊണ്ടുപോവാമെന്ന് നകുലന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല; പണിയുടെ ഭാഗമായി യൂറോപ്പിലെന്നല്ല അങ്ങ് അമേരിക്കയില്‍ ആയാലും പോയല്ലേ പറ്റൂ എന്നതിനാല്‍ ഞാന്‍ ഉടനെ അങ്ങ് സമ്മതിച്ചു കൊടുത്തു...!