Monday, December 20, 2010

സ്പെയിനിലെ പാരകള്‍ - 3


            ലഗേജ് എടുത്തു മലഗ  എയര്‍പോര്‍ട്ടിന്റെ  പുറത്തു വന്നിട്ടും, എന്നെ സ്വീകരിക്കാമെന്നേറ്റ ബോസിനെ കാണാതെ,‍ ഞാനൊന്നു പരുങ്ങി. ടെന്‍ഷന്‍ പ്രതികൂല കാലാവസ്ഥകളില്‍ ശരീരോഷ്മാവ് ക്രമീകരിക്കുമെന്നു ഞാന്‍ അറിഞ്ഞു. അപ്പോഴതാ കോട്ടും സ്യൂട്ടും അണിഞ്ഞ ഒരു അപരിചിതന്‍ എന്‍റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട്‌ അടുത്തേക്ക് വന്നു, സ്ഫുടമായ ബ്രിട്ടീഷ്‌ ആക്സന്റ്റില്‍ 'ആര്‍ യു സലീം" എന്ന് ചോദിച്ചു. ഞാന്‍ സൗദി ആക്സന്റ്റില്‍ 'ഐവ' എന്ന് മറുപടി പറഞ്ഞു. അത് അബ്ദുള്ള ആയിരുന്നു; ഞങ്ങള്‍ സന്തോഷാധിക്യത്താല്‍ പരസ്പരം ആശ്ലേഷിച്ചു. മുതലാളി ബാത്‌റൂമില്‍ പോയതാണത്രെ. നിര്‍ണായക സമയങ്ങളില്‍ ബാത്റൂമില്‍ പോകുവാന്‍ ഇയാളാരാ കരുണാകരനോ എന്ന് കേരള രാഷ്ട്രീയം എന്തെന്ന് പഠിക്കാത്ത അബ്ദുള്ളയോട് ചോദിച്ചിട്ട് കാര്യമില്ലല്ലോ. അബ്ദുള്ള ഒരു സംഭവമാണ്. യമനില്‍ ജനിക്കുവാനുള്ള യോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ചെറുപ്പത്തില്‍ തന്നെ  നാട് വിട്ടു,   സൗദി അടക്കമുള്ള  ഗള്‍ഫ് രാജ്യങ്ങളിലും,  തൈലന്ട്, അമേരിക്ക എന്നിവിടങ്ങളിലും   പല ജോലികളും ജോളികളും ആയി ജീവിച്ചു, ഇപ്പോള്‍ ബ്രിട്ടീഷ്‌  പൌരനായി  ലണ്ടനില്‍ താമസം.  ജോര്‍ദാന്‍കാരിയായ   ഭാര്യയും മുതിര്‍ന്ന രണ്ടു കുട്ടികളുമുണ്ട്. എങ്കിലും, ഈ അമ്പത്തിമൂന്നാം വയസ്സിലും ജോളിക്ക് ഇപ്പോഴും കാര്യമായ  യതൊരു കുറവുമില്ല.  പാണ്ടു    ഉലകം  ചുറ്റി റിയല്‍ എസ്റ്റെറ്റുകള്‍  വാങ്ങിക്കൂട്ടുമ്പോള്‍  ചെറുപ്പക്കാരനായ  അബ്ദുള്ളയും  കൂടെയുണ്ടായിരുന്നു. സ്പെയിനിലും ലണ്ടനിലും അമേരിക്കയിലും  ഒഴികെയുള്ള  രാജ്യങ്ങളിലെ സ്വത്തുക്കള്‍ വിറ്റു പോയെങ്കിലും ,  അബ്ദുല്ലയുമായുള്ള ബന്ധം  മക്കളായ പാണ്ഡവന്മാര്‍  ഇന്നും അഭംഗുരം തുടരുന്നു.  സഹൃദയനും സൌമ്യനുമായുള്ള   അബ്ദുള്ള    യാത്രകളില്‍, പാണ്ടുവിനെ പോലെ  നകുലന്റെയും  സന്തത സഹചാരിയാണ്  . അത് പോട്ടെ,  ഇപ്പോഴാണ് കുളിരൊന്നും  കൊള്ളാതെ ലഗേജില്‍ ഇരിക്കുന്ന ജാക്കറ്റിനെ കുറിച്ച് ഓര്‍മ വന്നത്. ജാക്കറ്റെടുത്ത് ധരിച്ചില്ല, അപ്പോഴേക്കും പിന്നില്‍ നിന്നും ഒരു അശരീരി "ഹൈ സലിം, വെല്‍ക്കം ട്ടു മലാഗ". ഞാന്‍ ബോസിനെ സ്വീകരിക്കാന്‍ എണീറ്റു നിന്നു. അറബികളുടെ ഡ്രസ്സില്‍ കണ്ടു ശീലിച്ച മുതലാളി ജീന്‍സും ടീഷര്‍ട്ടും ഓവര്‍ കോട്ടും ധരിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ പുതുമ തോന്നി. ആദ്യത്തെ കവിളില്‍ ഒരു മുത്തവും രണ്ടാമത്തെ കവിളിള്‍ രണ്ടു മുത്തവും അടക്കം മൂന്നു മുത്തങ്ങള്‍ നല്‍കി പരമ്പരാഗത അറേബ്യന്‍ രീതിയില്‍ ഞങ്ങള്‍ പരസ്പരം എതിരേറ്റു.  
 
അബ്ദുള്ളയും എന്‍റെ ബോസും (മാര്ബിയ പാര്‍ക്)


             അതിനു ശേഷം അബ്ദുല്ലയെ (എന്നെയും) പറ്റിച്ച  ആ കഥ മുതലാളി തന്നെ പറഞ്ഞു. ഈദി  അമീനെ പോലെ കറുത്ത  ആജാനബാഹുവായ    ഒരു സുഡാനിയായിട്ടാണ് എന്നെകുറിച്ച്  അബ്ദുള്ളക്കു പറഞ്ഞ് കൊടുത്തതത്രേ.  എന്നെ സ്വീകരിക്കാന്‍ അബ്ദുല്ലയെ  ഏല്പിച്ചു കക്ഷി  സൂത്രത്തില്‍ അവിടെ നിന്നു മാറുകയായിരുന്നു. മുതലാളിയെ വര്‍ഷങ്ങളായി അറിയാവുന്ന അബ്ദുള്ള ഞാന്‍ എങ്ങനെയോ ഇന്ത്യക്കാരനാണെന്ന്  മനസ്സിലാക്കിയോ, അതെല്ല, എന്നെ കണ്ടാല്‍ മുന്‍ ഉഗാണ്ടന്‍ പ്രസിഡണ്ട്    ഈദി അമീനിന്റെ ഒരു കട്ടുണ്ടോ...? ഒരു കാര്യം എനിക്ക് മനസ്സിലായി, പാരകള്‍ തുടങ്ങിയിട്ടേയുള്ളൂ.  സൗദിയിലെ മുതലാളിയല്ല അദ്ദേഹം ഇപ്പോള്‍. അദ്ദേഹത്തിന്റെ തന്നെ ഭാഷ കടമെടുത്താല്‍ "നമ്മള്‍  മൂന്നു  ബാച്ച്ലേര്സ്  മാത്രം". ഞാന്‍ വരുന്നതിനും ഒരു മണിക്കൂര്‍ മുമ്പ്   'ഈസി ജെറ്റ്' വഴി ലണ്ടനില്‍ നിന്നും എത്തിയ അവര്‍, എയര്‍പോര്‍ട്ടില്‍  തന്നെയുള്ള  "yellow  car" ല്‍ നിന്നും 'റേന്‍ജ്      റോവര്‍ഓട്ടോമാറ്റിക്  ജീപ്പ് എടുത്തു എന്നെ കാത്തു നില്‍ക്കുകയായിരുന്നു. യൂറോപ്പില്‍ വിദേശികള്‍ക്ക് കാര്‍ ഡ്രൈവ് ചെയ്യാന്‍ ഇന്‍റര്‍നാഷണല്‍  ഡ്രൈവിംഗ് ലൈസന്സ് മതി. സ്വന്തം നാട്ടില്‍ ലൈസന്സ് ഉളവര്‍ക്ക് ട്രാവല്‍ ഏജന്‍സി വഴി അത് ലഭിക്കും. ഇപ്രകാരം എനിക്കും മുതലാളിക്കും ഡ്രൈവിംഗ് ലൈസന്സ് ഞാന്‍ കൊണ്ട് വന്നിരുന്നു.
ഞങ്ങളുടെ വാഹനം

 
           3000 വര്‍ഷം  മുമ്പ്   സിറിയക്കാര്‍  കണ്ടുപിടിച്ച നാട് എന്ന നിലയില്‍ മലഗക്ക്  അതിപുരാതനമായൊരു അറേബ്യന്‍    പൈതൃകം   ഉണ്ടത്രേ.  ഉമയ്യത് ഖിലാഫത്തിന്‍റെ  കീഴില്‍ 800   വര്‍ഷക്കാലം (7-14നൂറ്റാണ്ട്)  പിന്നീട്   മുസ്ലിംകളും സ്പെയിന്‍   ഭരിച്ചു.  ഇസ്ലാമിക  ഭരണത്തെയും മുസ്ലിംകളെ തന്നെയും ഉന്മൂലനം ചെയ്യാനായെങ്കിലും ഇപ്പോഴും അവയുടെ ചരിത്രാവശിഷ്ടങ്ങള്‍  അറേബ്യന്‍ നാമങ്ങള്‍ പേറുന്ന  സ്ഥലങ്ങള്‍  വഴി അവിടെ നിലനില്‍ക്കുന്നു.  മലഗ പ്രവിശ്യയിലാണ് ഞങ്ങളുടെ കെട്ടിടങ്ങളും  സ്വത്തുക്കളുമെങ്കിലും, മലഗ    സിറ്റിയുമായി ഞങ്ങള്‍ക്കുള്ള  ബന്ധം നാമമാത്രം.    എയര്‍പോര്‍ട്ടു, സീപോര്‍ട്ട്,  ഹൈകോര്‍ട്ട് തുടങ്ങിയവയാണ്  നാമമാത്ര ബന്ധങ്ങള്‍.   ഞങ്ങളുടെ  യാത്രകള്‍   തുടങ്ങുന്നതും  അവസാനിക്കുന്നതും  മലഗയിലാണ്.       

"വിശ്വവിഖ്യാതമായ" ജാക്കറ്റുമിട്ട്  ..

      അങ്ങനെ ഞങ്ങള്‍ പോവാന്‍ റെഡിയായി. എയര്‍പോര്ട്ട്  ലിഫ്റ്റിലൂടെ അണ്ടര്‍  ഗ്രൗണ്ടില്‍ പ്രവേശിച്ചു   പാര്‍ക്കിങ്ങില്‍ നിന്നും  വണ്ടിയെടുത്തു.   ഇരുവരുടെയും  ലഗേജുകള്‍ വണ്ടിയില്‍ ആദ്യമേ കൊണ്ട് വെച്ചിരുന്നു. എന്‍റെ ലഗേജു എടുക്കാന്‍ അബ്ദുള്ള ഒരു ശ്രമം നടത്തിയെങ്കിലും ഞാന്‍ അതിനു  സമ്മതിച്ചില്ല.   എന്നാല്‍ ബോസ് ഡ്രൈവര്‍ ആയ വണ്ടിയില്‍ മുന്‍സീറ്റില്‍ തന്നെ ഇരുത്തി അവര്‍ എന്നെ ബഹുമാനിച്ചു കളഞ്ഞു.  പഹയന്മാര്‍ക്ക്  സൌദിയിലും ഇത് പോലെ പെരുമാറിക്കൂടെ എന്ന്  ആഗ്രഹിച്ചു പോയ നിമിഷങ്ങള്‍. മലഗയില്‍ നിന്നും 55KM  അകലെയുള്ള മാര്ബിയ - എഴുതുന്നത്‌  Marbella എന്നാണെങ്കിലും സ്പാനിഷ്‌  ഭാഷക്ക് 'എല്ലില്ലാത്തത്' നിമിത്തം  മാര്ബിയ എന്നേ പറയൂ -   ലക്ഷ്യമാക്കി ഞങ്ങള്‍ റോഡിലേക്ക്  കടന്നു. സുന്ദരമായ തിരയും തീരവും അലങ്കാരമായി ലഭിച്ച  മെഡിട്ടറെനിയന്‍  സമുദ്ര ദൃശ്യങ്ങള്‍ എനിക്ക് കാണിച്ചു തരാന്‍ വേണ്ടി  പ്രധാന ഹൈവേ ഒഴിവാക്കി കോര്നീസു റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര തിരിച്ചത്  എന്‍റെ ജീവിതത്തിലെ ആദ്യത്തെ യൂറോപ്യന്‍ യാത്രയാണെന്ന ബോധം മുതലാളിക്കുണ്ട്. ജാക്കറ്റിന്റെ ഊഷ്മളതയില്‍ തണുപ്പിനു നല്ല സുഖം. വൃത്തിയും വീതിയുമേറിയ റോഡിലൂടെമധുര നാരങ്ങയും ചെറു നാരങ്ങയും ഒലീവും കായ്ക്കുന്ന  ഭൂപ്രകൃതിയെ കീറിമുറിച്ചു, മുതലാളിയുടെ അടിപൊളിയന്‍   വിവരണങ്ങളും,  അബ്ദുല്ലയെ കുറിച്ചുള്ള  മുനവെച്ച സംസാരങ്ങളും  ഒക്കെയായി കടന്നു പോയ ആ സായംസന്ധ്യ, ഇന്നും മനസ്സിലൊരു കണ്ണാടി കൂട്ടില്‍ ഫ്രൈം   ചെയ്തു വെച്ചിരിക്കുകയാണ് ഞാന്‍. 


മെഡിട്ടറെനിയന്‍ കടല്‍  വിവിധ വര്‍ണങ്ങളില്‍

        ഒരു മണിക്കൂറിനകം തന്നെ ഞങ്ങള്‍  "എഡിഫിസിയോ മയോറാല്‍"  എത്തിച്ചേര്‍ന്നു.  എഡിഫിസിയോ എന്നാല്‍ ബില്‍ഡിന്‍ഗ്   എന്നര്‍ത്ഥം. ഈ സ്ഥലമാണ് മാര്ബിയ.  രണ്ടു ഭാഗങ്ങളായി ഏഴു നിലകളും നടുമുറ്റത്ത് സ്വിമ്മിംഗ് പൂളും, താഴെ  നിലയില്‍ ഒരു ക്ലിനിക്കും, ഇടതു ഭാഗത്ത്‌  വൃത്തിയുള്ള കടല്‍ തീരവും, സൗജന്യ വ്യായാമത്തിനുള്ള  സജ്ജീകരണങ്ങളും, തൊട്ടടുത്തു "എല്‍-ഫോര്ട്ടെ പഞ്ച നക്ഷത്ര ഹോട്ടലും.  ഞങ്ങളുടെ ഫ്ലാറ്റിനെ കുറിച്ച് പറയുകയാണെങ്കില്‍, മെഡിട്ടറെനിയന്‍ കടലിനോടു അഭിമുഖമായി, തിരകളും തീരവും പരസ്പരം സ്വകാര്യം പറയുന്നത് പോലും കേള്‍ക്കാവുന്നത്ര   അരികെ.   അകലങ്ങളില്‍  ജിബ്രാല്ട്ടന്‍   കടലിടുക്കിലൂടെ നിരങ്ങി നീങ്ങുന്ന  കപ്പലുകളെ വരെ ഇവിടെ ഇരുന്നാല്‍ കാണാം.
സൗജന്യ വ്യായാമത്തിനുള്ള സജ്ജീകരണങ്ങള്
 

               സ്പെയിനിലെ കെട്ടിടങ്ങള്‍‍ക്കെല്ലാം അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗ് സൗകര്യം നിര്‍ബന്ധമാണ്‌. നമ്മുടെ നാട്ടിലെ പോലെ ചെറിയ വണ്ടികള്‍ (സ്വിഫ്റ്റ്, ആല്ടോ പോലുള്ളവ) ആണ് പൊതുവേ കാണപ്പെടുന്നത്. പെട്രോള്‍ വിലയും വാഹന വിലയും  (സ്വിഫ്റ്റിനു ഏകദേശം ഏഴര ലക്ഷം രൂപ)    മാത്രമല്ല ഇതിനു കാരണം, ഇവിടങ്ങളില്‍  റോഡിലുള്ള പാര്‍ക്കിംഗ് സൗകര്യം പരിമിതമാണ്. വണ്ടികള്‍ പാര്ക് ചെയ്ത രീതി കണ്ടാല്‍ അറിയാം,  മുമ്പിലുള്ള  ആള്‍ എടുക്കാതെ പിറകിലുള്ളവന് പോവാന്‍ പറ്റില്ലെന്ന്.   ഞങ്ങള്‍ വണ്ടി  അണ്ടര്‍ ഗ്രൗണ്ടില്‍ ഒന്നാം നിലയിലെ ഞങ്ങളുടെ ഗാരേജില്‍ നിര്‍ത്തി. ഗരാജിന്റെ പാര്‍ശ്വത്തിലായി  ആവാസയോഗ്യമല്ലാത്ത    ഒഴിഞ്ഞൊരു  റൂമുണ്ട്.  മുതലാളി  അവിടെ കയറി ലൈറ്റിട്ടു. തണുപ്പ് ആ മുറിയിലാണോ സ്റ്റോക്ക്‌ ചെയ്തത് എന്ന് തോന്നിപ്പോയി.  എന്നിട്ട് 'ഇതാണ് നിന്‍റെ റൂം' എന്ന് പറഞ്ഞു. കട്ടിലും കസരയും ഒന്നുമില്ലാത്ത റൂമില്‍ എന്‍റെ സാധനങ്ങള്‍ വെക്കാന്‍ പറഞ്ഞു. അവര്‍ രണ്ടു പേര്ക്കും മാത്രമേ മുകളിലേക്ക് പോകാന്‍ പറ്റൂ എന്നും ഞാന്‍ അവിടെ തന്നെ  അട്ജസ്റ്റ് ചെയ്തേ ഒക്കൂ എന്നും പറഞ്ഞു. സൗദിയിലെ മുതലാളിയുടെ  സ്വരം. ഇങ്ങനെ അപമാനിക്കാനാണോ ഇത്രയും ദൂരം എന്നെ ബഹുമാനിച്ചു  കൊണ്ട് വന്നത് എന്ന് ചോദിക്കാന്‍ പോലും കഴിയാതെ  ഞാന്‍ മൂകനായി. അബ്ദുള്ള 'ഞാനീ നാട്ടുകാരനേ   അല്ല' എന്ന മട്ടില്‍ നില്‍ക്കുന്നു. അവര്‍ അവരുടെ സാധനങ്ങള്‍ എടുത്തു പോവാന്‍ റെഡിയായപ്പോള്‍ എന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു. ചമ്മലിന്റെ ഉപോല്പന്നമായ ഇളിഞ്ഞ ചിരിയുമായി ഞാനും ഒപ്പം കൂടി. ഇതവരുടെ റാഗിങ്ങ് നമ്പര്‍ ടു ആയിരുന്നു.  അങ്ങനെ എന്നെയും കൂട്ടി മുകളിലെ നിലയിലേക്ക് പോവുമ്പോള്‍ അവിടെ സ്വീകരിക്കേണ്ട പെരുമാറ്റ മര്യാദകളും, താഴെ ഗരാജില്‍ എത്തുന്നതും, പുറത്തേക്ക് പോവുന്നതും    ഒക്കെ വിശദീകരിക്കുന്നതിനിടയില്‍ ഞങ്ങള്‍ ഫ്ലാറ്റിന്റെ മുമ്പിലെത്തി. നല്ല വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാടുകള്‍. പക്ഷെ  ഇത്രയും ആളുകള്‍ താമസിച്ചിട്ടും ഒരു ഇലപോലും അനങ്ങാത്ത ഒരു ഭാര്‍ഗവി നിലയം. ഒരു പക്ഷെ എല്ലാ ഫ്ലാറ്റിലെയും ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോയതായിരിക്കും.  ബില്‍ഡിങ്ങിലെക്കും ഗരേജിലെക്കും ഉള്ള ഗെയ്റ്റ്, ഞങ്ങളുടെ ഫ്ലാറ്റ് എന്നിവയുടെ അലാറം,  റിമോട്ട് കണ്ട്രോള്‍ വഴി കാവല്‍ക്കാരന്‍, പോലീസ് സ്റ്റേഷന്‍ എന്നിവയുമായി ബന്ധപ്പെടുത്തുന്നതാണ്. വികസിത രാജ്യങ്ങളുടെ പ്രത്യേകതകള്‍ ആവാം ഇതൊക്കെ. ഇത്തരം അലാറം സിസ്റ്റം ഉണ്ടെങ്കില്‍ നാട്ടിലുള്ള ഒരു സ്ഥാപനത്തിലും കള്ളന്‍ കയറില്ലാന്നു തോന്നി. മുതലാളി വാതില്‍ തുറന്നു ഞങ്ങളോട് പുറത്തു തന്നെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു, ശേഷം  കോഡടിച്ചു  അലാറം   നിശബ്ദമാക്കിയ ശേഷം  ഞാന്‍ പ്രവേശിച്ച ഉടനെ അബ്ദുല്ലക്കു സ്വന്തമായുള്ള പാരയുടെ ഉത്ഘാടന കര്‍മം നിര്‍വഹിച്ചു കൊണ്ട്, വാതില്‍ ഉടനെ അടച്ചു കളഞ്ഞു. അബ്ദുള്ള ഒച്ചയുണ്ടാക്കിയെങ്കിലും ഇത് തുറന്നിട്ട്‌ കിട്ടുന്നില്ല എന്ന മട്ടില്‍ അഞ്ചു മിനിറ്റ് കളിപ്പിച്ചു.  എനിക്കിട്ടു ഇനിയും  പാര  വീഴാതിരിക്കാന്‍,   ഇനിയുള്ള  എല്ലാ പാരകളിലും ഞാന്‍ മുതലാളിയോടൊപ്പം പാറ പോലെ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചു.
   
 "എഡിഫിസിയോ മയോറാല്‍ " നു മുന്നില്‍
    ഞങ്ങളുടെ ഫ്ലാറ്റില്‍ നിന്നും പിന്നിലെക്കുള്ള ദൃശ്യം...

കൂടുതല്‍ സ്പെയിന്‍ വിശേഷങ്ങളുമായി   അടുത്ത ഭാഗത്ത് കാണാം...... 
 (തുടരും)             

44 comments:

 1. തിരക്ക് മൂലം ഇത്തിരി വൈകിയതില്‍ ക്ഷമിക്കുമല്ലോ. ദൈര്‍ഘ്യം കുറക്കാന്‍ ശ്രമിച്ചുണ്ട്. മറ്റു ഭാഗങ്ങളെ പോലെ സരസമാക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തതില്‍ നോക്കാം..ഹല്ല, പിന്നെ.

  ReplyDelete
 2. രസകരമായി എഴുത്ത് പുരോഗമിക്കുന്നുണ്ട്.വിശേഷങ്ങളും..
  ഇങ്ങളെ ഇവിടെ പാര വെക്കാനുള്ള യോഗമില്ല..എന്നാല്‍ അവിടെ വെച്ചെങ്കിലും ആവട്ടെയെന്ന് ബോസ് കരുതിക്കാണും..

  ശൂന്യമായ മുറി നോക്കി ബാഗും തൂക്കിയുള്ള ആ നില്പ്പും ഭാവവും സങ്കല്പ്പിക്കുമ്പോള്‍ തന്നെ ചിരി വരുന്നു..ആ സീനില്‍ ഒരു ഒന്നൊന്നര കാര്‍ട്ടൂണിനു വകുപ്പ് കാണുന്നുണ്ട്!!

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. സലിം ഭായ്‌ ,,യാത്രാവിവരണത്തിലെ കോമഡിയല്പം
  കുറഞ്ഞെങ്കിലും വായനാസുഖത്തില്‍ ഒരു കുറവുമുണ്ടായില്ല കെട്ടോ..

  (ആ ഗസ്റ്റ്‌ഓഫ് ദ മന്തില്‍ നിങ്ങളായിരുന്നോ..(വീപി.മുഹമ്മദലിയുടെ) ?)

  ReplyDelete
 5. അപ്പോള്‍ ഗഫീലും അബ്ദുള്ളയും എല്ലാം അവിടെ കൂട്ടുകാരെ പോലെ കളിയും ചിരിയുമാ അല്ലെ.... ഈ ഗഫീലന്മാര്‍ എല്ലാം ഇങ്ങനെ ആണൊ ... ഒരിക്കല്‍ ബോസുമായി ജിദ്ദക്ക് പുറത്ത് പോയപ്പോള്‍ തന്നെ മൂപ്പരുടെ സ്വഭാവത്തിനു എന്തോ വലിയ മാറ്റം .. ഞാന്‍ തിന്നോ കുടിച്ചോ ഉറങ്ങിയോ എന്നതില്‍ എല്ലാം വലിയ ശ്രദ്ധ... അതുപോലെ ഓരോ കാര്യങ്ങളും പറയുന്നതിലും അങ്ങനെ തന്നെ ജിദ്ദയില്‍ കാണുന്ന ബോസേ അല്ല ബോസ് എന്നു തോന്നി പോവും ....

  ബാക്കി ഭാഗങ്ങള്‍ കൂടി പോരട്ടെ... ( കാണാത്ത നാട് ഇങ്ങനെ എങ്കിലും കാണാലോ...)

  ഇനി ഒരു വളിച്ച തമാശ : അവിടെയും കടലില്‍ വെള്ളം തന്നെ ആണു അല്ലെ ?

  ReplyDelete
 6. കള്ളൻ കയറിയാൽ പോലീസ് സ്റ്റേഷനിൽ അലാറം അടിക്കുന്ന വീടുകൾ ഇവിടെ കേരളത്തിലും ഉണ്ട്. പക്ഷെ കള്ളന്മാർ ഒരിക്കലും അവിടെ കയറാറില്ല. കയറിയാൽ പെട്രോളിന്റെ പൈസപോലും കിട്ടില്ല.

  ReplyDelete
 7. സരസം ആയിത്തന്നെ എഴുതി ..ഓ ഇങ്ങനൊരു പുണ്യപ്പെട്ട
  ബോസ്സ് എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ബ്ലോഗില്‍ കുറെ
  പോസ്റ്റ്‌ ഇട്ടേനെ..ഹ..ഹ..ആശംസകള്‍.സലിം..ഇനിയും എഴുതൂ..

  ReplyDelete
 8. കമന്റ് ആദ്യം എഴുതുകയാണ്.. വായന പിന്നീട് നടത്തും.. ഇത് ഒരു ഒന്നൊന്നരെ ഉറപ്പാണ്..!

  ReplyDelete
 9. നല്ല വിവരണം ഭായി


  ക്രിസ്തുമസ് പുതുവത്സരാശംസകള്‍

  ReplyDelete
 10. ഇതിലൊന്നും കുറവില്ല. നല്ല രസകരമായ അനുഭവങ്ങളുണ്ട് , തമാശയുണ്ട് നല്ല ചിത്രങ്ങളും ഉണ്ട്. മൊത്തത്തില്‍ ഒരു ഐക്കരപടി ടച്ച് ഉണ്ട്.
  അതുകൊണ്ട് തന്നെ യാത്രയും തുടരട്ടെ.

  ReplyDelete
 11. നല്ല വിവരണം. ആശംസകള്‍!!!

  ReplyDelete
 12. പാരകളും തൊന്തരവുകളും ഉഷാര്‍ ആകുന്നുണ്ട്..ബോസ്സും അബ്ദുള്ളയും കുടവയറും കാട്ടി നിക്കുന്ന ഫോട്ടോ അടിപൊളിയായിട്ടുണ്ട്.

  ReplyDelete
 13. ഇദി അമീനെന്നു മൊതലാളി പറഞ്ഞത് പാരയായിട്ടാണെന്നു തോന്നുന്നില്ല. കണ്ണാടീല്‍ ഒന്ന് നോക്കിക്കേ.. (അതോ ഞാന്‍ കണ്ണാടി വയ്ക്കാറായോ ?)

  ReplyDelete
 14. ദൈര്‍ഘ്യം കുറക്കാന്‍ ശ്രമിച്ചുണ്ട്. മറ്റു ഭാഗങ്ങളെ പോലെ സരസമാക്കാന്‍ കഴിഞ്ഞിട്ടില്ല.  ദൈര്‍ഘ്യംകുറഞ്ഞത്‌ സത്യം ...സരസം അതാവശ്യത്തില്‍ കൂടുതല്‍ ഉള്ള ഒരു 'മൊതലാളി ' ആണല്ലോ സലിം ഭായ് താങ്കള്‍ ...ഞാന്‍ ഒരു അര മണിക്കൂര്‍ ലീവ് എടുത്തിട്ടാണ് വായിക്കാനിരുന്നത് ..ചുമ്മാ ഓടിച്ചു നോക്കി പോകാവുന്ന ഒന്നല്ലല്ലോ ഈ പോസ്റ്റ്‌ ...ഐസ് ക്രീം കഴിക്കുന്ന പോലെ (ഓരോ സിപ്പും ആസ്വദിച്ചു ) വായിക്കേണ്ട ഒന്നാണ് എനിക്ക് ഈ യാത്രാ വിവരണം ..അത് കൊണ്ടാണ് കമന്റ്‌ ഇന്നത്തേക്ക് വൈകിയത് .....

  >>>ശൂന്യമായ മുറി നോക്കി ബാഗും തൂക്കിയുള്ള ആ നില്പ്പും ഭാവവും സങ്കല്പ്പിക്കുമ്പോള്‍ തന്നെ ചിരി വരുന്നു..ആ സീനില്‍ ഒരു ഒന്നൊന്നര കാര്‍ട്ടൂണിനു വകുപ്പ് കാണുന്നുണ്ട്!! <<<

  അകമ്പാടം സാര്‍ പറഞ്ഞത് കേട്ടല്ലോ ....? ഇനി എന്തും ഏത് നിമിഷവും സംഭവിക്കാം ...കരുതി ഇരുന്നാല്‍ ....???

  ഞങ്ങള്‍ക്ക് ബാക്കി പോസ്റ്റ്‌ കൂടി വായിക്കാന്‍ ഈ ബ്ലോഗ്‌ ഇവിടെ കാണണേ .....

  ReplyDelete
 15. അങ്ങനെ സ്പെയിനില്‍ എത്തി അല്ലെ . പാരകളും തുടങ്ങി.
  പതിവുപോലെ രസകരമായി തന്നെ എഴുതി.
  ചിത്രങ്ങളും നന്നായിട്ടുണ്ട്.

  ReplyDelete
 16. അവസാനം അതും സംഭവിച്ചു.. സലീംബായ്ടെ ബടായി കേൾക്കാൻ ബ്രോസറ് തന്നെ മാറ്റി… സാധാ ബടായി അല്ലിത്.. ഒന്നൊന്നര..

  യൂറോപ്യൻ കുളിരിന്റെ പോസ്റ്റുകളൊക്കെ വായിച്ച് കഴിഞ്ഞപ്പോഴേക്ക് എനിക്കും കുളിര് വന്നു.. പനി കാരണം നല്ല കുളിരിലാ ഞാനിപ്പോ..

  യാത്രാ വിവരണങ്ങൾക്ക് നന്ദി :)

  ReplyDelete
 17. ഇത്തവണ ചിത്രങ്ങള്‍ കൂടുതല്‍ നന്നായി തോന്നി. വിവരണങ്ങളും വായനക്ക് പ്രയാസമൊന്നും ഉണ്ടാക്കിയിട്ടില്ല. വിവരണം തുരട്ടെ.

  ReplyDelete
 18. "സ്ഫുടമായ ബ്രിട്ടീഷ്‌ ആക്സന്റ്റില്‍ 'ആര്‍ യു സലീം" എന്ന് ചോദിച്ചു. ഞാന്‍ സൗദി ആക്സന്റ്റില്‍ 'ഐവ' എന്ന് മറുപടി പറഞ്ഞു."

  കേരള അക്സന്റില്‍ KELTRON എന്ന് പറഞ്ഞിരുന്നെങ്കില്‍?

  നന്നായി സലിം, സരളമായ വിവരണം. അബ്ദുള്ളയെ കുറിച്ച് കൂടുതല്‍ പറയുമോ? ആളു കൊള്ളാം.

  ReplyDelete
 19. നന്നായിരിക്കുന്നു സലിം ഭായ്.
  എന്നെ യുറോപ്പിലേക്ക് വിടാന്‍ ബോസ്സിന് എപ്പോഴാണാവോ തോന്നുക..

  ReplyDelete
 20. very good post,
  suuuuuuuuuuper  sheeba

  ReplyDelete
 21. ഹും...ഓരോരുത്തരും ഇറങ്ങിക്കോളും...കുറെ ബഡായികളുമായി....
  ഇങ്ങള്‍ക്ക് ഇതൊന്നും പോര ഭായ്....ഇതിലും വലിയ പാരകള്‍ കിട്ടണം...
  ആ ബോസ്സിന്റെ നമ്പര്‍ ഒന്നു താ....കുറച്ച് കൂടി വലിയ പാര നിങ്ങള്‍ക്ക് തരാന്‍ പറയാനാ...എന്ത്...? എനിക്ക് അസൂയയാണെന്നോ...?ഇല്ല..അസൂയയൊന്നുമില്ല
  എന്നാലും ഒരു....ഇത്...ഏത്....?
  ഇക്കാ..നന്നായിട്ടുണ്ട്...ഇപ്രാവശ്യം നര്‍മ്മപ്പൊടി കുറച്ച് കുറഞ്ഞു പോയോന്നൊരു സംശയം..എങ്കിലും അഡ്ജസ്റ്റ് ചെയ്യാം...ബാക്കി പാരകള്‍ അല്ല ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു........

  ReplyDelete
 22. പരീസിലൊന്നു വരണം എന്നിട്ടുവേണം ഈ പാരക്കാരെ ഒന്ന് അഭിനന്ദിക്കാന്‍ ..

  ReplyDelete
 23. @നൗഷാദ് അകമ്പാടം,ആദ്യമേ വന്നതിനു നന്ദി..പിന്നെയൊരു കാര്യം, എന്‍റെ കാര്‍ട്ടൂണ്‍ എങ്ങാനും വരച്ചു കൊളമാക്കിയാല്‍ ഈ ബൂലോകത്ത് ഞാന്‍ ജീവനോടെയിരിക്കില്ല..മലയാളം ബ്ലോഗ്ഗെര്സിലെ ആചാര്യന്റെ ഓഫീസിനു മുന്നില്‍ എന്‍റെ ബ്ലോഗിന്റെ ശവം നിങ്ങള്ക്ക് കാണേണ്ടി വരും...!

  @~ex-pravasini*, അതേ കോമഡി കുറച്ചു കാര്യം പറച്ചില്‍ കൂട്ടിയതാ..എല്ലാം ഇത്തിരി വേണ്ടേ..
  അപ്പൊ, ജിദ്ദ വാര്‍ത്തകള്‍ ശരിക്ക് അറിയുന്നുന്ടല്ലേ, അവന്‍ താന്‍ ഇവന്‍..!

  @ഹംസ,അതുതന്നെയാ ഹംസ ഭായ് എനിക്കും തിരിയാത്തത്. ഇവിടെയും അങ്ങനെ പെരുമാറിയാല്‍ എന്താ. ഏതായാലും ആ ഒരുമിച്ചുള്ള പോക്കിന് ശേഷം ആരും ഇല്ലാത്തപ്പോള്‍ അത്തരം തമാശകള്‍ പറഞ്ഞു ഞങ്ങള്‍ ചിരിക്കാറുണ്ട്. ബോസിനറിയാം ഞാനതൊന്നും ദുരുപയോഗം ചെയ്യില്ലാന്ന്. അത് അദ്ദേഹം എന്നോട് ഒരിക്കല്‍ തുറന്നു പറഞ്ഞു, എല്ലാവരും എന്നെ ചൂഷണം ചെയ്യാന്‍ ശ്രമിക്കാരാന് പതിവ്, സലിം ഒഴിച്ച്. അത് പോരെ നമുക്ക്..
  പിന്നെ, ചോദ്യത്തിലെ ആക്കല്‍ മനസ്സിലായി. അവിടത്തെ കടലിലും 'വെള്ളം' തന്നെ, കടലില്‍ മാത്രമാല്‍ കടയിലും..ഹാ ഹാ ഹാ..


  @mini//മിനി, ടീച്ചറുടെ കോമഡി ഇഷ്ട്ടമായി, എല്ലാ കാശും ബാങ്കിലിടും, അതാണോ പാവം കള്ളന്മാര്‍ കഷ്ട്ടപ്പെട്ടു ബാങ്കുകളെ കേന്ദ്രികരിച്ചിരിക്കുന്നത്.

  @ente lokam, അഭിപ്രായത്തിനും കൂട്ട് കൂടിയത്തിനും നന്ദി..അങ്ങനെയൊരു ബോസ് താങ്കള്‍ക്കുണ്ടാവാന്‍ ആശംസിക്കുന്നു (പിന്നെ വേണ്ടാന് പറയരുത്)..!

  ReplyDelete
 24. സലീംബായ് ഞാന്‍ തോല്‍വി സമ്മതിച്ചു എന്‍റെ ആ ചോദ്യം തങ്കള്‍ക്ക് എന്നല്ല ഒരൊറ്റ കുട്ടിക്ക് മനസ്സിലാവില്ല എന്നു കരുതിയ ഞാന്‍ വിഡ്ഡി. താങ്കളെ ഞാന്‍ സമ്മതിച്ചു .
  എന്‍റെ ബോസ് സൌദിക്ക് പുറത്ത് എവിടെ പോയാലും പിന്നെ ഫോണ്‍ ചെയ്യുമ്പോള്‍ സംസാരം അഴകൊഴാ എന്നാവും ഹിഹിഹി....

  ReplyDelete
 25. @ബഷീര്‍ Vallikkunnu, വായിച്ച ശേഷം കമ്മന്റുന്നതാ അതിന്റെയൊരു ഭംഗി..അപ്പോഴാണ്‌ കമ്മന്റ് കമ്മന്റാവുന്നത് .ഹീ..ഹീ..

  @അഭി, നന്ദി..ക്രിസ്തുമസ് പുതുവത്സരാശംസകള്‍ തിരിച്ചും നേരുന്നു..

  @ചെറുവാടി,"മൊത്തത്തില്‍ ഒരു ഐക്കരപടി ടച്ച് ഉണ്ട്."
  അതെനിക്കിഷ്ടമായി..നന്ദി..

  @ഞാന്‍:ഗന്ധര്‍വന്‍, ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.. c u again.

  @jazmikkutty, കൊച്ചു കള്ളീ, അത് കണ്ടു പിടിചൂല്ലേ, ഞാനത് ബോധപൂര്‍വം വിട്ടതാ..മൂപ്പിലാന്റെ വയര്‍ 'ഒരു പൂര്‍ണ ബ്ലോഗിനിയുടെ'(കടപ്പാട്: അകംബാടം) അത്ര വരും..ഹാ ഹാ..

  @kARNOr(കാര്‍ന്നോര്): എടാ കിളവാ, എന്‍റെ ഫോട്ടോ കണ്ടിട്ട് രജനി കാന്തിന്‍റെ മാതിരിയാന്നു സാക്ഷാല്‍ വള്ളിക്കുന്ന് കഴിഞ്ഞ പോസ്റ്റില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്...കണ്ണട പോരാ, തിമിര ശസ്ത്രക്രിയ വേണം..ഹാ ഹാ..

  @Noushad Vadakkel:ഐസ് കരീം പോലെ നുണയാന്‍ മാത്രം ചേരുവകള്‍ ഇതിലില്ല, പഞ്ചാര തീര്‍ന്നു പോയതാ...അടുത്തതില്‍ നോക്കാം...അകമ്പടത്തിനു ഞാന്‍ ഭീഷണി കത്ത് അയച്ചത് വായിച്ചില്ലേ..

  ReplyDelete
 26. @അസീസ്‌,അതെ, സ്പെയിനില്‍ എന്‍റെ ഉത്ഘാടനം പാരവെപ്പിലൂടെ ആയിരുന്നു....എന്‍റെ തലവര..വന്നതിനു നന്ദി..!

  @മൈപ്:ഭാഗ്യം, എന്‍റെ ബ്ലോഗ്‌ വായിച്ചിട്ട് ഒരാള്‍ക്കെങ്കിലും പനി പിടിച്ചല്ലോ...ഞാന്‍ കൃതാര്‍ഥനായി..ഹാ ഹാ..ബ്രൌസര്‍ മാറ്റി കഷ്ട്ടപെട്ടുവല്ലേ..നന്ദി..!

  @പട്ടേപ്പാടം റാംജി:അതെ, എന്‍റെ വാക്ക് പാലിക്കാന്‍ ചിത്രങ്ങള്‍ കൂടുതല്‍ ഇറക്കി വിവരണം കുറച്ചു. ഒരേ രീതിയില്‍ പോവണ്ടാന്നു വെച്ചു.
  നന്ദി.

  @salam pottengal:അതെ സലാം സാബ്‌, മലയാളത്തില്‍ അങ്ങനെ പറയാം...:)
  അബ്ദുല്ലയെ കുറിച്ച് സെന്‍സര്‍ ചെയ്ത ചില വിവരങ്ങള്‍ ഞാന്‍ പതിയെ നല്‍കാം...പുള്ളിക്കാരനെ ഞങ്ങള്‍ മാസത്തിലൊരിക്കല്‍ സ്പെയിനിലേക്ക് വിടാറുണ്ട്. ഈയിടെ സൌദിയില്‍ വന്നിരുന്നു.

  @കിരണ്‍, കിരണിനെ യൂറോപ്പിലേക്ക് വിട്ടാല്‍ തിരിച്ചു വരില്ല, അതോണ്ട് വിടാന്‍ സാധ്യത കൊറവാ..ഹാ ഹാ..

  ReplyDelete
 27. സരസമായിത്തന്നെ എഴുതി അതുകൊണ്ട് തന്നെ വായന ഒട്ടും വിരസമായില്ല. യാത്രകള്‍ എപ്പോഴും മനസ്സിന് സന്തോഷം നല്‍കുന്നതാണ്. അത് പോലെ യാത്രാ വിവരണങ്ങള്‍ ലളിതമാകുമ്പോള്‍ വായനക്ക് സുഖം കൂടുന്നു. വാസ്തവത്തില്‍ താങ്കളെ കണ്ടാല്‍ മുന്‍ ഉഗാണ്ടന്‍ പ്രസിഡണ്ട് ഈദി അമീനിന്റെ ഒരു കട്ടുണ്ടോ...?. അല്ല. ഇപ്പൊ എനിക്കും ഒരു സംശയം. കാരണം ഞാന്‍ രണ്ടാളെയും നേരിട്ട് കണ്ടിട്ടില്ല. പോസ്റ്റ് നന്നായി എഴുതി കെട്ടോ സലിം ഭായി. പണ്ടാരോ എഴുതിയ പോലെ ആ "സഞ്ചാരം" കാരന്റെ മുമ്പില്‍ ചെന്ന് പെടണ്ട.

  ReplyDelete
 28. ഊതിക്കാച്ചിയ പോന്നു പോലെ എഴുത്തിനു നല്ലതിളക്കം . വിജ്ഞാനവും വിനോദവും ഒരുപോലെ പ്രദാനം ചെയ്യുന്ന മനോഹരമായ വിവരണം. വായനാ സുഖം ലഭിച്ച നല്ല പോസ്റ്റ്‌ . ഭാവുകങ്ങള്‍

  ReplyDelete
 29. ആ പടങ്ങള്‍ മനോഹരം ആണ് ഭായി...കൊതിപ്പിക്കുന്നു .നന്നായ്കുന്നു..യാത്ര തുടരട്ടെ..

  ReplyDelete
 30. ഞമ്മളെ കുളത്തിന്‍റെ കഥ കേള്‍ക്കാന്‍ വന്നു കണ്ടില്ല!!!?

  ReplyDelete
 31. @sheeba,thanks.Pls come with your ID.
  @റിയാസ് (മിഴിനീര്‍ത്തുള്ളി),ഇനിയും ഇത്തിരി പാരകള്‍ ഏറ്റുവാങ്ങാന്‍ ചതിയന്‍ ചന്തുവിന്റെ ജീവിതം ബാക്കി... അസൂയ കുശുമ്പ് ഒക്കെ മാറാന്‍ ബ്ലോഗാരിഷ്ട്ടം മൂകിലോടെ ഒഴിച്ച് കുടിച്ചാ മതിയെന്റെ മിഴിനീര്തുള്ളി മോനെ..

  @നേന സിദ്ധീഖ്,നേന മോളെ, ഇത്ര ചെറുപ്പത്തിലെ പാര പണിയാണോ...അമ്പടീ..

  @ഹംസ,ഞമ്മഴു ഈ നാട്ടുകാഴനെ ഴെല്ല...

  @Akbar, ഞമ്മേ ബീടര് പറീനതു മമ്മൂട്ടീ എന്നെപ്പോലെയാന്നാ...വള്ളിക്കുന്ന് പറീനതു രജനീ കാന്തിന്റെ പോലെന്നാ..ആരെ വിസ്വോസിച്ചണം എന്ന് അക്ബര്‍ക്ക അങ്ങട് തീര്മാന്ച്ചോ...പ്രോത്സാഹനത്തിനു നന്ദി..

  @Abdulkader kodungallur,നല്ല വാക്കുകള്‍ക്ക്, പ്രോത്സാഹനത്തിനു ഒക്കെ നന്ദി..!

  @ആചാര്യന്‍,ബ്ലോഗ്‌ മുത്തപ്പാ..അനുഗ്രഹിക്കൂ..

  @~ex-pravasini*,ഞമ്മളും കൊളത്തില് പോയി കാലിട്ട് കളിച്ചു, കമ്മന്റ്റെടുത്തു കൊളത്തില്‍ എറിഞ്ഞ് പോന്നു....അവിടെ ഇപ്പം ആരേം കാണാനില്ല, ഓ ജിദ്ദയിലാനെല്ലോ...
  ജിദ്ദയിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുക, കുറച്ചു വായനക്കാര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടി ബാക്കി വെച്ചേക്കുക...ഇത്താക്ക് എല്ലാ ആയുരാരോഗ്യ സൌഖ്യങ്ങളും നേരുന്നു.

  ReplyDelete
 32. ഫാഗ്യാവാന്‍!!
  ഈ സ്ഥലങ്ങളുടെ കൂടെ വിശ്വവിഖ്യാതമായ കൊട്ടും കാണാന്‍ പറ്റിയത് ഫാഗ്യമായി.
  ഹി ഹി. പോസ്റ്റ്‌ നന്നായി. അടുത്ത ഫാഗം വരട്ടെ... ആശംസകള്‍.
  (കുറച്ചൂടെ പോട്ടംസ് ഇടൂ)

  ReplyDelete
 33. മൂന്നു ഭാഗങ്ങളും വായിച്ചുതീര്‍ന്നിട്ടു കമന്റാമെന്നു വെച്ചു, അതാ വൈകിയത്. രസകരമായി വായിക്കാന്‍ കഴിഞ്ഞു. പിന്നെ..ജാസ്മിക്കുട്ടി സൂചിപ്പിച്ച ആ ഫോട്ടോ എനിക്കും റൊമ്പ പുടിച്ചു :)

  ReplyDelete
 34. കുളത്തില്‍ പോയി അതിനെ ഉണര്‍ത്തിയല്ലേ!!

  മിണ്ടാതെ ഒരാഴ്ചത്തേക്ക് മുങ്ങിയതായിരുന്നു..
  ഉണര്‍ന്നപ്പോള്‍ എന്നെ കാണാഞ്ഞു പിണങ്ങിയോ എന്തോ..കുളം കഥ പറച്ചില്‍ നിറുത്തിയാല്‍ ഞാന്‍ കയിച്ചിലായി..നന്ദിയുണ്ട് സലീം ഭായ്‌...

  ReplyDelete
 35. ഇപ്പോഴാണ് ഐക്കരപ്പടി ഗേറ്റ് ഒന്ന് തുറന്നത്!
  ഫ്രീ ആയി ഒരു spain ട്രിപ്പ്‌ കിട്ടിയത് പോലുണ്ട്.
  മടുപ്പിക്കാത്ത വിവരണം.
  മുതലാളിമാരുമായി നല്ല കൊശി തന്നെ അല്ലെ?

  ReplyDelete
 36. @@
  നല്ല യാത്രാ വിവരണത്തിനുള്ള അവാര്‍ഡ്‌ ദാ, കണ്ണൂരാന്‍ സലിമ്കാക്ക് നല്‍കുന്നു!
  (ആ നിരക്ഷരന്‍ ഇതുവഴി വന്നാല്‍ എന്നെ മയ്യത്താക്കിയേനെ)

  (സലീമ്ക്കാ, ഈ പോസ്റ്റ്‌ മെയിലായി കിട്ടിയതിന്റെ അന്ന് വന്നുവായിച്ചു കമന്റിട്ടിരുന്നെങ്കിലും അന്ന് കമന്റേട്ടന്‍ പണി മുടക്കി. ഇന്നും വല്ല പ്രശ്നോന്ടെന്കില്‍ സിസ്റ്റം തന്നെ വലിച്ചെറിയും, നോക്കിക്കോ)

  **

  ReplyDelete
 37. മനോഹരം, യാത്ര തുടരട്ടെ..

  ReplyDelete
 38. സ്പൈന്‍ യാത്ര നന്നായി രസിച്ചു വയിച്ചു.

  ReplyDelete
 39. ഞാൻ ഉറങ്ങി.നമ്മൾ എവിടെ എത്തി ഇപ്പോൾ.പിന്നെ ഞാൻ കൂടെയുള്ള കാര്യം അരോടും പറഞ്ഞില്ല അല്ലോ...

  ReplyDelete
 40. @ഹൈന :അതെന്തൊരു പണിയാ മോള് കാണിച്ചേ...ഈ എപ്പിസോട് തീരാതെ ഉറങ്ങാന്‍ പാടില്ല, പിന്നെ ജക്കട്ടു കയ്യിലുണ്ടോ, അതോ, ലഗൈജിലോ ..:)

  @ജുവൈരിയ സലാം, നന്ദി, മുഴുവനായും വായിക്കണേ..

  @krishnakumar513:യാത്ര തുടരാം..പിടിച്ചിരുന്നോളൂ..നന്ദി..

  @കണ്ണൂരാന്‍ / K@nnooraan:നിക്കി, നിക്കി, ഫോട്ടോഗ്രാഫര്‍ വരട്ടെ...ആ ഇനി തന്നോളി..(കണ്ണൂരാന്‍ എനിക്ക് അവാര്‍ഡ് നല്‍കുന്നു..ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുന്നു..അഹമദ് ഹാജിയുടെ മകനും കാദര്‍ സാഹിബിന്‍റെ മരുമകനുമായ കണ്ണൂരാന് പകരം ചുറ്റും ഇരുട്ട് മാത്രം...)
  പിന്നെ, സിസ്റ്റം ദയവു ചെയ്തു അടിച്ചു പൊളിച്ചു വലിച്ചെറിയരുത്...എല്ലാം 'കല്ലി വല്ലി' ആണല്ലേ.....നന്ദി കണ്ണൂരാന്‍..

  @mayflowers:ഞാന്‍ കാവല്കരനോട് താത്ത വരുമ്പോള്‍ വേഗം ഗൈറ്റ് തുറന്നു കൊടുക്കാന്‍ പറഞ്ഞിരുന്നു...മുതലാളി എന്ന പേര് ഞാന്‍ ഉപയോഗിക്കുന്നുവെങ്കിലും എന്നെ 'സെക്രട്ടറി എന്ന് പോലും അദ്ദേഹം പരിചയപ്പെടുത്തിയില്ല. കമ്പനിയുടെ ഉന്നത ഓഫീസര്‍ എന്ന് മത്രം പറഞ്ഞു..നമ്മള്‍ പോലും അത്ര കരുതുമോ..?

  ~ex-pravasini*:ഇത്താ..ഞാനിന്നലെ ശറഫിയ ലകി ദര്‍ബാറില്‍ പ്രോഗ്രാമില്‍ ഉണ്ടായിരുന്നു. ഫൈസ് ബുകിലെ രോമാഞ്ചം ഉസ്മാന്‍ ഇരിങ്ങാട്ടിരി പ്രസംഗിക്കാന്‍ വന്നു, ആദ്യമായ് നേരെ ചൊവ്വേ കണ്ടു കമ്പനിയായി. കക്ഷി പുതിയ ബ്ലോഗ്‌ ഉണ്ടാക്കിയിട്ടുണ്ട്..

  എല്ലാ, ഇപ്പം ശരിക്കും എവിടെയാ..ഇവിടെന്നും മുങ്ങിയോ, ഇനി കുളത്തില്‍ പോന്തുമായിരിക്കും..നാട്ടിലെത്തിയിട്ട് ഒരു അടിപൊളി കുളം കലക്കല്‍ കുളി അങ്ങ് പാസ്സാക്കി പിണക്കം തീര്‍ക്കൂ..

  @സ്വപ്നസഖി:എന്‍റെ ദൈവമേ, ഈ പെണ്ണുങ്ങള്‍ക്കെല്ലാം എന്തിന്‍റെ സൂക്കേടാ..എന്‍റെ മുതലാളിയുടെ വയറിനു കണ്ണ് പറ്റുമോ ആവോ...ഹാ ഹാ ഹാ.. ...നന്ദി !

  @വിനോദ്:വായനക്ക് നന്ദി !

  @ഹാപ്പി ബാച്ചിലേഴ്സ്: പാല്‍ പല്ല് ഈയിടെയാണ് കൊഴിഞ്ഞു പോയത് അല്ലെ, അതായിരിക്കും 'ഫ' എന്ന് വല്ലാതെ വരുന്നത്..ഹീ..ഹീ....
  (സ്വകാര്യം)...ഒരു പാട് കിടിലന്‍ ഫോട്ടോകള്‍ വീട്ടിലെ ഹാര്‍ഡ് ഡിസ്കില്‍ ഉണ്ടായിരുന്നു. ഹാര്‍ഡ് ഡിസ്ക് മാറ്റിയപ്പോള്‍ എല്ലാം പോയി...എങ്കിലും ശ്രമിക്കാം...നന്ദി..!

  ReplyDelete
 41. manoharamaya chithrangalum, avatharanavum....... aashamsakal....

  ReplyDelete
 42. @jayarajmurukkumpuzha, thanks for your comment.

  ReplyDelete
 43. kollatto, enikkum thonunnu onnu spainil pokan

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!