Tuesday, December 28, 2010

സ്പെയിനിലെ ആദ്യ രാത്രി-4

            അനുഭവങ്ങളെ  ഗുരുവാക്കി, ഫ്ലാറ്റില്‍ കയറിയ ഉടനെ തന്നെ   എന്‍റെ  മുറി ഏതെന്നു ഉറപ്പു വരുത്തി സാധനങ്ങള്‍ അവിടെ കൊണ്ട് വെച്ചു അത് എല്ലാ നിലക്കും എന്റേതാക്കി മാറ്റി.  മുതലാളിയുടെയും    അബ്ദുള്ളയുടെയും ഇടയ്ക്കുള്ള  മുറിയാണ് എന്നതിനാല്‍ അറ്റാക്ക് എവിടെ നിന്നും പ്രതീക്ഷിക്കാമല്ലോ. ഫ്ലാറ്റിലേക്ക് കടന്നാല്‍   വിശാലമായ്  ഹാള്‍,പിന്നെ അടുക്കള. ഇടതു ഭാഗത്തേക്ക് ഇടനാഴി; ഇടനാഴിയില്‍ നിന്നും മൂന്നു റൂമുകളും  അത്രയും  ബാത്റൂമുകളും. കടലിലേക്ക്‌ ഉന്തിനില്‍ക്കുന്ന ബാല്‍ക്കണിക്കു തുറക്കാന്‍  സൗകര്യമുള്ള ഗ്ലാസ്‌   ചുവരുകള്‍.  മുകളില്‍ വിശാലമായ ടെറസ്സും.  പെണ്ണും  പെരിച്ചായികളും കൂട്ടിനില്ലാത്ത‍   ഞങ്ങള്‍ ത്രീ  ക്രോണിക്  ബാച്ലെര്സിന്     ഇതൊക്കെ ധാരാളം. പാണ്ടുവിന്റെ  സുഹൃത്ത്‌ ലൂയിസിന്‍റെ ഭാര്യയും  ബില്‍ഡിങ്ങിലെ  അടിച്ചു തളിക്കാരിയുമായ ഫീന എല്ലാം വൃത്തിയാക്കി വെച്ചിരുന്നു. തണുത്ത വെള്ളവും ചുടു വെള്ളവും മിക്സ് ചെയ്ത  നീരാട്ട് കുളി കഴിഞ്ഞപ്പോള്‍    ഞാന്‍ ഒരൊന്നൊന്നര ഫ്രഷ്‌ ആയി.

 ഏഴാം നിലയിലെ ആറാം നമ്പര്‍ ഫ്ലാറ്റ്.


            പ്രവാസത്തിന്റെ മേല്‍ പ്രവാസവുമായി  പുതിയൊരു ജീവിതം തുടങ്ങിയില്ല, അപ്പോഴേക്കും ഇവിടത്തെ ഉയര്‍ന്ന ജീവിത ചിലവിന്റെ   ചൂട് എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. എനിക്ക് വേണ്ടി പുതുതായി വാങ്ങിച്ച  സിംഗിള്‍ ബെഡിന്‍റെ  വില 300യൂറോ (18,000രൂപ) മാത്രം.  ലപ്ട്ടോപിന് വേണ്ടി വാങ്ങിയ  ത്രീ പിന്‍ സോക്കറ്റിന് വില ആറ് യൂറോ (360 രൂപ).   സമ്പാദ്യത്തിന്  സൗദി തന്നെ നല്ലത് എന്ന് മുതലാളി എപ്പോഴും പറയാന്‍ ഇത് കാരണമായി. സൗദിയില്‍ എത്തിയ ശേഷവും പലരുടെയും മുന്നില്‍ വെച്ചു എന്നോട് അത് പറയിച്ചിട്ടുമുണ്ട്.   വേനലവധിക്ക് കൂടെ കൊണ്ട് പോവുന്ന  ഫിലിപ്പിനകളും   ഇന്തോനേഷ്യക്കാരുമായ     "ഖദ്ദാമകളെ"  (പരിചാരികമാര്‍) ഓടിപ്പോകാതെ  പിടിച്ചു നിര്‍ത്താനും ഈ ഉയര്‍ന്ന ജീവിത ഗ്രാഫ് മൂപ്പിലാന്‍ ഉപയോഗപ്പെടുത്താറുണ്ട്. അതൊന്നും വകവെക്കാതെ മൂന്നെണ്ണം ഇക്കൊല്ലവും മുമ്പ് ഒരെണ്ണവും ഓടിപ്പോയത് വേറെ കാര്യം. പണം ചിലവഴിക്കാന്‍ വേറെയും ധാരാളം മാര്‍ഗങ്ങളുമുണ്ടല്ലോ. അത് പറഞ്ഞാല്‍ തീരില്ല.  ക്യാമറ ഇങ്ങോട്ട് തന്നെ തിരിക്കാം. മറ്റു രണ്ടു ബാച്ലേര്‍സും  ഇടയ്ക്കിടയ്ക്ക് വരവുള്ളത് കൊണ്ട് ചായപൊടിയും  പഞ്ചസാരയും ഉണ്ടായിരുന്നു. ഗള്‍ഫിലെപ്പോലയല്ല, ഇവിടെ  പൈപ്പ് വെള്ളം  പാനയോഗ്യമാണ്.  അബ്ദുള്ളയുടെ കട്ടന്‍ ചായ കാച്ചല്‍ കര്‍മ്മത്തോടെ  അടുക്കള അതിന്‍റെ പണി തുടങ്ങി.    അമേരിക്കയില്‍ നിന്നും ഇറങ്ങുന്ന ബെസ്റ്റ് സെല്ലര്‍ "10,001 പാചകവിദ്യകള്‍" മനപാഠമാക്കിയ  മുതലാളി  ഞങ്ങളുടെ ചീഫ് ചെഫ്‌ പട്ടത്തേക്ക്   യാതൊരു മത്സരവും കൂടാതെ ജയിച്ചു കയറി.   ചായയും നുടില്സും  മാത്രം ഉണ്ടാക്കാനും, ബാക്കിയെല്ലാം തിന്നാനും അറിയാവുന്ന ബ്രിട്ടിഷുകാരനെ  മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി, ഞാന്‍  ഇന്ത്യക്കു ഒരു വെള്ളി മെഡല്‍ സമ്മാനിച്ചു.   മുതലാളിയും   അബ്ദുള്ളയും പാചകക്കാരായി  മാറിയപ്പോള്‍, ഞാന്‍ പലപ്പോഴും ബിസിനസ്‌ ഇമൈലുകള്‍ ചെക്ക് ചെയ്യാന്‍ ലാപടോപിനു മുന്നില്‍ ഇരുന്നു, അല്ലെങ്കില്‍ മുതലാളി എന്നെ  ഇരുത്തി.  അവരുടെ ഭക്ഷണത്തെ  ബ്ലോഗു കമ്മന്റികളെ  പോലെ "കലക്കന്‍" "കിടിലന്‍"  എന്നൊക്കെ പറഞ്ഞ് ഞാന്‍ നിര്‍ലോഭം പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. (അന്ന് ബ്ലോഗ്‌ എന്‍റെ തലയില്‍ കയറാത്തത്‌  അവരുടെ ഭാഗ്യം). ബിസിനസ്സിനേക്കാള്‍   മൂപ്പിലാനു പറ്റിയ പണി  കൂക്കിംഗ്  ആണെന്നു  വിളിച്ചു പറയാഞ്ഞതിനാല്‍ ഇന്നും ഞാന്‍ ഇവിടെ തന്നെ ജോലി ചെയ്യുന്നു. ഇടയ്ക്കു എന്‍റെ എരിവുള്ള  കോഴിക്കറി കൂട്ടി സന്തോഷാധിക്യത്താല്‍  എന്നെ കാണിക്കാതെ അവര്‍ കണ്ണുകള്‍ നിറച്ചു. 
                   
ചീഫ് ചെഫ്‌ സവാളയില എരിയുമ്പോള്‍ അസിസ്റ്റന്റ്‌ കൂക്ക് ചോറ് ഇളക്കുന്നു.


          അങ്ങനെ ചെറിയ ഒരു വിശ്രമത്തിന് ശേഷം രാത്രിയില്‍ ഞങ്ങള്‍ വണ്ടിയെടുത്തു supersol  സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. ഇവിടെ വിശാലമായ പാര്‍ക്കിംഗ് ഉണ്ട്.  ഉന്ത് വണ്ടികളെ   (trolley) ഭ്രാന്തമാരെ പോലെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്നു. ഒരു യൂറോ നാണയം ഇട്ടാല്‍ വണ്ടി സ്വതന്ത്രമാകും. പിന്നീട് തിരിച്ചു ചങ്ങലയില്‍ ബന്ധിച്ചാല്‍ നാണയം തിരിച്ചു കിട്ടും. അപ്പോള്‍ ഇതിനേക്കാള്‍ മെച്ചം സൗദി തന്നെ. സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതോടെ ആദ്യം കണ്ടത്, നാലടി മൂന്നിഞ്ച് വലിപ്പമുള്ള ഫ്രഞ്ച് ബ്രഡും കേക്കുകളും ഉണ്ടാക്കി വെച്ചിരിക്കുന്ന ബേക്കറിയാണ്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ നാലിലൊന്ന് ഭാഗം പന്നിയിറച്ചി നിരനിരയായി റബ്ബര്‍ ഷീറ്റ് പോലെ തൂക്കിയിട്ടിരിക്കുന്നു. യൂറോപ്പില്‍ എല്ലാം പന്നിമയം. സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചാല്‍ പ്രാതലായി ലഭിക്കുന്ന സണ്ട്വിച്ചില്‍ പോലും പന്നിയിറങ്ങിയിരിക്കും. ആയിരക്കണക്കിനു  പന്നി ഫാമുകളാണ്   സ്പെയിനില്‍ ഉള്ളത്.  ആട് മാടുകളെക്കാള്‍   അനേകം മടങ്ങ്‌ വരും അത്. പന്നിപ്പനിയുടെ ഭയം ഇന്നും മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കിലും പോര്‍ക്ക്‌ അവര്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത വിഭവമാണ്. ഇവിടെ "മദ്യഷാപ്പുകള്‍" ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടാവും. പക്ഷെ അതാണ്‌ വസ്തുത. ആരും മറന്നു പോവേണ്ട എന്ന് കരുതിയാവും, സൂപ്പര്‍ മാര്‍ക്കറ്റിന്റെ ആഗമന സ്ഥാനത്ത് തന്നെ ലോകോത്തര ലിക്കര്‍ ബ്രാണ്ടുകള്‍ നിരനിരയായി വെച്ചിരിക്കുന്നു. പെപ്സിയുടെയും കോലകളുടെയും   കൂടെ ബിയറും വൈനുകളും  യാതൊരു നിയന്ത്രണവുമില്ലാതെ ചറ പറാ കിടക്കുന്നു. മറ്റൊരു കഠോര   കാഴ്ച ഇറച്ചികോഴികളുടെ വലിപ്പമാണ്. ഈയിടെ ഈമെയിലോക്കെ കണ്ടപോലെയുള്ള  ഏതോ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കപെട്ട ഒബിസിട്ടി ബാധിച്ച പോലുള്ള കോഴികളെ കണ്ടിട്ട് കോഴിയാശാനായ എനിക്ക് പോലും വിമ്മിട്ടം   അനുഭവപ്പെട്ടു. എന്നെ സമാധാനിപ്പിച്ചു നിര്‍ത്തി, ഒരു മൂന്നു കിലോ വരുന്ന കോഴിയെ  മുതലാളി വാങ്ങി. എന്നാല്‍ ടൂണകള്‍, പച്ചകറികള്‍, പഴങ്ങള്, പച്ചിലകള്‍ എല്ലാം ഒന്നിനൊന്നു മെച്ചം. ബസുമതി അരിയും വാങ്ങി. ഞാന്‍ കുറെ ചോക്ലേറ്റുകളും ജൂസുകളും ചീസും ജാമും ബ്രഡും ഒക്കെ വാങ്ങി നാസ്ത അനാസ്ഥയകാതിരിക്കാനുള്ള വകയൊപ്പിച്ചു. നല്ലൊരു വെപ്പുകാരന്റെ മിടുക്കോടെ മുതലാളി മസാല പൊടികള്‍ വാങ്ങുന്നത് ഞാന്‍ സകൂതം വീക്ഷിച്ചു. പെപ്സി ഇല്ലാതെ ഒരു സൌദിയുടെ പര്ചൈസിംഗ് പൂര്‍‍ണമാവാത്തതിനാല്‍ അതും വാങ്ങി. ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊണ്ട് ബില്ലടച്ച്‌ പോരാന്‍ നേരം ഭീമന്‍ ഫ്രഞ്ച് ബ്രെഡും വാങ്ങി. ഒരു വണ്ടി നിറയെ സാധനങ്ങള്‍. അപ്പോള്‍ അടിച്ച് പൊളിക്കാന്‍ തന്നെയുള്ള തീരുമാനമാണ്. വീണ്ടും സാധനങ്ങളുമായി റൂമിലേക്ക്‌.

പോര്‍ക്ക് വേണോ പോര്‍ക്ക്..
        ആദ്യ രാത്രിയിലെ ഒരു മണവാട്ടിയുടെ   ആകാംക്ഷയിലായിരുന്നു   ഞാനിപ്പോഴും.   മുതലാളിയുടെ  വകയായി എനിക്കുള്ള  പാര്‍ട്ടിയാണ്  അടുത്തത്‌. രാത്രിയുടെ കുളിരില്‍ മാര്ബിയ ബീച്ച് റോഡിലൂടെ, പുതിയ പുതിയ അനുഭവങ്ങള്‍ കണ്ടും കേട്ടും  നടക്കാന്‍ നല്ല രസം. അബ്ദുല്ലക്കിട്ടു പാര പണിയുന്നതില്‍ ഇതിനകം ഞാന്‍ മുതലാളിയുടെ വലം കയ്യായി  മാറിയിരുന്നു. മുതലാളിക്കു പരിചയമുള്ള ഭേദപ്പെട്ട ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റ്റില്‍ ‍ ഞങ്ങള്‍ കയറി. സീസണ്‍ അല്ലാത്തതിനാല്‍ കടയില്‍ കുറച്ചു പേര്‍ മാത്രം. ഇവിടെയും കുപ്പികള്‍ പ്രാസം ഒപ്പിച്ചു അലങ്കരിച്ചു വെച്ചിരിക്കുന്നു. നമ്മുടെ നാട്ടിലെ പോലെയല്ല, ചോറും റൊട്ടിയും അണ്ണാക്കിലൂടെ ഇറങ്ങണമെങ്കില്‍ ഇവന്മാര്‍ക്ക് വൈന്‍ (വിനോ) വേണമെന്ന് തോന്നുന്നു. എന്നെപോലത്തെ പോഴത്തക്കാര്‍ക്ക് ജുസുകളും  ലഭ്യമാണ് കെട്ടോ.  യൂറോപ്പില്‍ മത്സ്യ ഭക്ഷണം ആയിരിക്കും നല്ലത് എന്ന് തോന്നുന്നു. ഞങ്ങള്‍ സീ ഫുഡ്‌ ഓര്‍ഡര്‍   ചെയ്തു കടക്കു വെളിയിലുള്ള സീറ്റുകളില്‍‍ ഇരുന്നു.  ഇരുന്ന പാടെ അവിടത്തെ സ്പെഷല്‍ മീന്‍ സൂപ്പ് എത്തി.  നിരാഹാരം കിടക്കുന്നവനെ  നാരങ്ങാനീര് കുടിപ്പിക്കുന്ന പോലെ, മുതലാളി എന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം സൂപ്പ് കുടിപ്പിച്ചു. അടുത്ത റാഗിങ്ങ് ആണോന്നു ഞാന്‍ സംശയിച്ചു.  ടൂണമീനിന്റെ  സുഗന്ധമൊന്നും  ശ്രദ്ധിക്കാന്‍ പറ്റിയ സമയമായിരുന്നില്ല. പക്ഷെ അതില്‍ കുത്തി ബ്രഡ് തിന്നാന്‍ നല്ല രസം. ഇതാണോ ഇയാള്‍ വല്യ പോരിശയായി പറഞ്ഞ സീ ഫുഡ്‌... മറ്റൊന്നും ഉണ്ടാവില്ലന്ന ധാരണയില്‍ ഞാന്‍ അതു വയറു നിറയെ കഴിച്ചു ഏമ്പക്കമിട്ടു, ജ്യൂസ്‌ കുടിച്ചു. എന്‍റെ കൂട്ടുകാര്‍ (അതേ, ഇപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരായി) രണ്ടുപേരും  മറ്റെന്തൊ കഴിക്കുന്നു.   അപ്പോഴതാ വരുന്നു പ്രധാന വിഭവം. കഡുക്കയും എരുന്തുമിട്ടു  വേവിച്ച ബിരിയാണി പോലുള്ള മഞ്ഞ ചോറ്. ചോറ് വേണ്ടാന്നു പറഞ്ഞെങ്കിലും മുതലാളി നിര്‍ബന്ധിച്ചത് കൊണ്ട് ഒരു വറ്റുപോലും ബാക്കിയാക്കാതെ തട്ടി എന്ന് മാത്രമല്ല, അദ്ദേഹം നിര്‍ലോഭം ഇട്ടു തന്ന കടുക്കയും എരുന്തും ഞാന്‍ തിന്നു കൊടുത്തു സഹായിക്കുകയും ചെയ്തു. വയര്‍ ഒരു പൂര്‍ണ ചന്ദ്രനെപോലെ വികാസം പ്രാപിച്ചു.  ജീവിതത്തില്‍ ഇതുവരെ കഴിക്കാത്ത ഈ ഭക്ഷണം നല്ല രുചി തോന്നി. ഞങ്ങള്‍ മൂന്നാളുടെ ബില്‍ 125യൂറോ (7,500/-രൂപ). ഇതൊക്കെ കിട്ടുമ്പോള്‍   തട്ടിയില്ലേല്‍ ജീവിതത്തിലൊരിക്കലും നമ്മെ തേടി വരില്ലല്ലോ. വേറൊരു കാര്യം കൂടി ഇന്നത്തോടെ മനസ്സിലായി, മുതലാളിയും ഇവിടത്തുകാരും ഒക്കെ രാത്രിയിലാണ് മുഖ്യ‍ ഭക്ഷണം കഴിക്കുന്നത്‌. നാസ്തയുടെ കാര്യം വലിയ അനാസ്ഥയാണ്. ഉച്ച ഭക്ഷണവും ഉറച്ച ഭക്ഷണമല്ല. അത്തരം  ഉച്ചപ്പട്ടിണികള്‍ക്ക്   ഞാന്‍ സ്പെയിനിലും ഇറ്റലിയിലും  പിന്നീട്  ഇരയായിട്ടുമുണ്ട്. ഭക്ഷണ മഹാമഹത്തിന് ശേഷം തിരിച്ചു വീട്ടിലേക്കു നടന്നത് മാര്ബിയ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പര്‍ക്കിലൂടെയായിരുന്നു. അതിന്‍റെ വിവരണം അടുത്ത ഭാഗത്തായി നല്‍കാം.
വര്‍ഷങ്ങളായി ഒരു കക്ഷി ബീച്ചില്‍ ഇത്തരം മണല്‍ സൗധം ഉണ്ടാക്കുന്നു...
എല്ലാവരും നാണയത്തുട്ടുകള്‍ ഇട്ടു കൊടുക്കുന്നു.ഞാനും ഇട്ടു കൊടുത്തു


മാര്ബിയയിലെ ഒരു പ്രധാന ഇന്ത്യന്‍ റെസ്റ്റോരണ്ട്ട്‌ 

             അന്ന് രാത്രി ക്ഷീണം കാരണം എല്ലാവരും നേരത്തെ ഉറങ്ങി. പാതി രാത്രി ഞെട്ടിയുണര്‍ന്നപ്പോള്‍ ഞാന്‍ സിമന്റ് മിക്സര്‍ കണക്കെ കിടന്നു വിറക്കുന്നു. വാതിലടച്ചു സാക്ഷയിട്ടു ഫാന്‍ പോലും ഇടാതെ സ്വറ്റരും കമ്പിളി പുതപ്പും ഇട്ട് പുതച്ചിട്ടും തണുപ്പിറങ്ങി  പോവാതെ ശാഠ്യം പിടിച്ചു നിന്നു. അവസാനം വിറച്ചു കൊണ്ട് കിടക്കയില്‍ നിന്നും എണീറ്റു അടുക്കളയില്‍ പോയി ചായ ഉണ്ടാക്കി കുടിച്ചു തടി ചൂടാക്കി. അപ്പോഴെല്ലാം എന്‍റെ കൂട്ടുകാര്‍ ഇരു കൈകളെയും സുരക്ഷിത സ്ഥാനങ്ങളില്‍ നിക്ഷേപിച്ചു കൊണ്ട് കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ജാക്കറ്റ് കൂടി എടുത്തിട്ട് തണുപ്പുമായി അടുത്ത മല്‍പിടുത്തം നടത്താന്‍ എന്നെ കിടക്കയിലേക്ക്  തള്ളിയിട്ടു. സൗദിയില്‍ കേട്ട് ശീലിച്ച എയര്‍ കോണ്ടിഷന്റെ അഭാവം ശ്രുഷ്ടിച്ച ഭയാനകമായ നിശബ്ദതയില്‍  ആയത്തുല്‍ കുര്‍സി ഓതി കിടന്നു. 
 
(തുടരും)

49 comments:

 1. ഇതൊക്കെ വള്ളി പുള്ളി വിടാതെ ഒര്തിരിക്കുന്നതെങ്ങനെ എന്ന് മനസ്സിലാകുന്നില്ല .....
  (അല്ല ഇതിങ്ങനെ നീണ്ടു പോയാല്‍ സ്പെയിനില്‍ തന്നെ കുറ്റിയടിക്കേണ്ടി വരുമല്ലോ ?)
  തണുപ്പടിച്ച് തണുപ്പടിച്ച് മടുത്ത ഒരാളാണോ താങ്കള്‍ ...തണുപ്പില്ലാതൊരു പോസ്ടില്ല ...അത് കൊണ്ട് ചോദിച്ചതാ

  ReplyDelete
 2. സലിം ഭായ്,ഒരു മനോഹരമായ കഥ വായിക്കുന്നത് പോലെ വായിച്ചു.ഇനിയിപ്പം സ്പയിനില്‍ സ്ഥിര താമസം ആക്കിയാലും യാതൊരു കുഴപ്പവും ഇല്ല..ഞങ്ങള്‍ക്ക് നല്ല പോസ്റ്റുകള്‍ വായിക്കാമല്ലോ...തുടരുക...ധീരം...

  ReplyDelete
 3. സലീമ്ക്കാ ...അടുത്ത കാലത്തൊന്നും അവിടുന്ന് പോരല്ലേ പ്ലീസ് ...തണുപ്പും സഹിച്ചു അവിടെ തന്നെ നിന്നാല്‍ മതി ..

  ഇടയ്ക്കു ബ്ലോഗേര്മാര്‍ക്കിട്ടു കൊട്ടിയത് വളരെ കലക്കന്‍ ആയി ...

  ReplyDelete
 4. കലക്കി ..... ആശംസകള്‍

  ReplyDelete
 5. കലക്കന്‍...കിടിലന്‍...
  എന്റമ്മോ...നിങ്ങള്‍ കുറച്ചു എങ്ങിലും പറഞ്ഞല്ലോ..ഇനിയും പോരട്ടെ അനുഭവങ്ങള്‍..ഈ വിദേശത്തു പോകാതെ പോകുന്ന അനുഭവം അതുണ്ട് കേട്ടാ..ആ ചിക്കന്‍ തൂങ്ങി നില്‍കുന്നത് കാണുമ്പോള്‍ എന്റെ അള്ളോ വായീന്നു വെള്ളം വന്നു ..അപ്പൊ പിന്നെ ..

  ReplyDelete
 6. ഹോളണ്ടിനെ തോല്‍പ്പിച്ച സ്പയിനിനോടുള്ള ദേഷ്യം എനിക്കിത്തിരി കുറഞ്ഞത്‌ ഇത് വായിച്ചപ്പോഴാണ്. ചുരുങ്ങിയ പക്ഷം നിങ്ങളെ ആ തണുപ്പിലിട്ട് ഒന്ന് വിറപ്പിച്ചില്ലേ.
  ഏതായാലും ഈ യാത്ര കഴിയുമ്പോഴേക്കും സ്പെയിന്‍ എനിക്കും ഇഷ്ടപ്പെടും. കാരണം വിവരണത്തോട് നിങ്ങള്‍ നീതി പുലര്‍ത്തുന്നുണ്ട്.

  ReplyDelete
 7. (അവരുടെ ഭക്ഷണത്തെ ബ്ലോഗു കമ്മന്റികളെ പോലെ "കലക്കന്‍" "കിടിലന്‍" എന്നൊക്കെ പറഞ്ഞ് ഞാന്‍ നിര്‍ലോഭം പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു).

  സ്പൈനിലെ ആദ്യ രാത്രിയും കലക്കി. ഓരോ വരികളിലും നര്‍മ്മത്തിന്റെ മധുരം വിതറി അനുവാചകര്‍ക്കു വായനായാത്രയെ ഉല്ലാസയാത്രയാക്കാനുള്ള കഴിവിനെ സമ്മതിക്കുന്നു. മുതലാളിയും ബ്രിട്ടീഷുകാരനായ യമനിയും ഇല്ലായിരുന്നെങ്കില്‍ ഈ യാത്ര എത്ര വിരസം എന്ന് തോന്നിപ്പിക്കും വിധം സഹായാത്രികരെക്കൂടെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടവരാക്കി അവതരിപ്പിച്ചു. പ്രവാസത്തിന്റെ പൊരുള്‍ തേടി "പ്ര - പ്രവാസി" ആയവന്‍റെ വിപ്രവാസ വിഭ്രാന്തികള്‍ ഇല്ലാത്ത ഭ്രമിപ്പിക്കുന്ന ഏഴുത്തിനു അഭിനന്ദനങ്ങള്‍.

  ReplyDelete
 8. ഇത് വായിക്കുമ്പോള്‍ സ്പയിനിലെ തണുപ്പും ഇവിടത്തെ തണുപ്പും ചേര്‍ന്ന് ഡബിള്‍ തണുപ്പ് ആവുന്നു. എന്നാലും ആ കഡുക്കയും എരുന്തുമിട്ടു വേവിച്ച ബിരിയാണി കഴിച്ചപ്പോള്‍ തണുപ്പിന് സുഖം കൈവന്നു. പന്നിയിറച്ചിപ്രിയത്തിന്റെ വ്യാപ്തി ഇത് വായിച്ചപ്പോള്‍ ആണ് ശരിക്കും അറിയുന്നത്. അവിടെ പന്നിയറച്ചി തൂക്കിയിടുന്ന പോലെ ചൈനയില്‍ പാമ്പിനെ തൂക്കിയിടുമോ എന്നാണു ഞാന്‍ ആലോചിക്കുന്നത്.

  ReplyDelete
 9. കൊഴിയാശാനുപോലും വിമ്മിഷ്ടം അനുഭവപ്പെട്ടു എന്ന് പറയുമ്പോള്‍ എന്ത് പറയാനാ?
  വിവരണങ്ങള്‍ കൂടുതല്‍ നന്നാവുന്നുണ്ട്.
  പുതുവത്സരാശംസകള്‍.

  ReplyDelete
 10. എനിക്ക് കടുക്ക ബിരിയാണി വേണം ..................

  ReplyDelete
 11. സലീംക്കാ...
  മനോഹരമായ അവതരണം....
  ഓരോ വരിയിലും നിറഞ്ഞ് നില്‍ക്കുന്ന
  നര്‍മ്മം വായനക്ക് നല്ല സുഖം തരുന്നു....
  ആദ്യരാത്രി കഴിഞ്ഞു...
  ബാക്കി കഥകള്‍ക്കായി കാത്തിരിക്കുന്നു...

  എന്നാ പിന്നെ ഞാനങ്ങോട്ട്....ഏത്....?

  ReplyDelete
 12. സലീംക്ക, വായിക്കുമ്പോള്‍ ഇതൊരു യാത്രാ വിവരണമോന്നുമല്ല എന്നാ തോന്നുക.. വായനക്കാരെ മടുപ്പിക്കാത്ത എഴുത്ത്. സ്പയിനിലെ ആദ്യ രാത്രി - നാല്, എന്നെ വീണ്ടും വീണ്ടും ചിരിപ്പിച്ച ഭാഗമാ ഇത്. ഏതു മുക്കിലായാലും ഏതു തണുപ്പത്തും പാര പണി മലയാളി മുറുകെ പിടിക്കും.
  അല്ല സലീംക്ക, ഒരു സംശയം നിങ്ങള്‍ സത്യത്തില്‍ ജ്യൂസ്‌ തന്നെയാണോ കഴിച്ചത്..ഹി ഹി.. പുതുവത്സരാശംസകളോടെ..

  "അബ്ദുല്ലക്കിട്ടു പാര പണിയുന്നതില്‍ ഇതിനകം ഞാന്‍ മുതലാളിയുടെ വലം കയ്യായി മാറിയിരുന്നു. മുതലാളിക്കു പരിചയമുള്ള ഭേദപ്പെട്ട ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റ്റില്‍ ‍ ഞങ്ങള്‍ കയറി. സീസണ്‍ അല്ലാത്തതിനാല്‍ കടയില്‍ കുറച്ചു പേര്‍ മാത്രം. ഇവിടെയും കുപ്പികള്‍ പ്രാസം ഒപ്പിച്ചു അലങ്കരിച്ചു വെച്ചിരിക്കുന്നു. നമ്മുടെ നാട്ടിലെ പോലെയല്ല, ചോറും റൊട്ടിയും അണ്ണാക്കിലൂടെ ഇറങ്ങണമെങ്കില്‍ ഇവന്മാര്‍ക്ക് വൈന്‍ (വിനോ) വേണമെന്ന് തോന്നുന്നു. എന്നെപോലത്തെ പോഴത്തക്കാര്‍ക്ക് ജുസുകളും ലഭ്യമാണ് കെട്ടോ."

  ReplyDelete
 13. ആ കടുക്കാ ബിരിയാണി...

  ReplyDelete
 14. വിവരണം വളരെ രസകരമായിട്ടുണ്ട്.തുടരുക.

  ReplyDelete
 15. @NOUSHU,തണുപ്പ് ആഗ്രഹിച്ചിട്ടല്ല, വിളിക്കാതെ വരുന്ന അതിഥിയാണ്..അല്പം തണുപ്പൊക്കെ കൊള്ളുന്നത്‌ നല്ലതാ, തൊടുപുഴയില്‍ ഇപ്പൊ തണുപ്പില്ലേ...ഉത്ഘാടനത്തിനു നന്ദി.


  @UMMU JASMIN, നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് ഇത് നീട്ടികൊണ്ട് പോവുന്നത്..നന്ദി.


  @ഫൈസൂ, അവിടെ കൂടാന്‍ തീരെ താല്പര്യമില്ല...നമുക്കവിടെ ശരിയാവത്തില്ല, അതിനാല്‍ എത്രയും പെട്ടെന്ന് തടിയെടുക്കാം..

  @സുജിത് കയ്യൂര്‍,റാണിപ്രിയ, ജുവൈരിയ സലാം, kARNOr(കാര്‍ന്നോര്): വായനക്കും അഭിപ്രായത്തിന് നന്ദി...ഇനിയും വരുമല്ലോ..

  @ആചാര്യ, ചിക്കന്‍ തൂങ്ങി മരിച്ചതല്ല, കൊലപാതകമായിരുന്നു..:)

  @ചെറുവാടി, സ്പെയിനിനെ നിങ്ങള്‍ ഇഷ്ടപെടും, കൂട്ടത്തില്‍ നമ്മളെയും...:)

  ReplyDelete
 16. @Akbar:"പ്ര - പ്രവാസി" ആയവന്‍റെ വിപ്രവാസ വിഭ്രാന്തികള്‍ ഇല്ലാത്ത ഭ്രമിപ്പിക്കുന്ന ഏഴുത്തിനു അഭിനന്ദനങ്ങള്‍.
  2010ലെ കലക്കന്‍"കിടിലൻ കമ്മന്റിനുള്ള അവാര്‍ഡ്‌ അക്ബര്‍ജിക്ക് തന്നിരിക്കുന്നു..!

  @Anonymous: Thank you.

  @salam pottengal,കഡുക്കയും എരുന്തുമിട്ടു വേവിച്ച ബിരിയാണി റിസിപ്പീ ഉണ്ടാക്കാന്‍ ഉമ്മു ജസ്മിയെ എല്പിച്ചാലോ.....ടബിള്‍ ണുപ്പിനു നമ്മുടെ സ്വെറ്റര്‍ കൊടുത്ത് വിടാം..:)

  @പട്ടേപ്പാടം റാംജി. അതെ, ഞാന്‍ താന്‍ കൊഴിയാശാന്‍, താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍ !

  ReplyDelete
 17. സലിം ബായ്
  കൊതിപ്പിക്കല്ലേ ...കൊതിപ്പിക്കല്ലേ

  ReplyDelete
 18. @M.T Manaf: ശോ, ആദ്യരാത്രിന്നു പറഞ്ഞപ്പോഴേക്കു ഓരോ കാക്കമാര്‍ക്ക് കൊതി വന്നു...അതോ കടുക്ക ബിരിയാണിയോ..?

  @yaachupattam, നന്ദി. വീണ്ടും വരിക..

  @ഹൈന,മോള് ഒന്നുണ്ടാക്കി നോക്ക്, നന്നായെങ്കില്‍ ബ്ലോഗിലും ഇടാലോ...:)

  @elayoden,ആദ്യരാത്രി എന്നത് കൊമേര്‍ഷ്യല്‍ പരസ്യമാ..ഷാനുവിനെ പോലുള്ളവര്‍ അതല്ലേ പെട്ടെന്ന് വന്നത്...ഹീ ഹീ ഹീ..
  ജ്യൂസ്‌ കുടിച്ചത് മൂന്നു തരം..

  ReplyDelete
 19. യാത്രാ വിവരണം നന്നാവുന്നുണ്ട്.

  ഞാന്‍ കരുതി ജൂസ്‌ കുടിച്ചു വയര് നിറഞ്ഞത് കൊണ്ട് മറ്റു ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല എന്നാണു എഴുതുന്നത്‌ എന്നായിരുന്നു! പക്ഷെ നിങ്ങളെന്നെ തോല്‍പ്പിച്ചു കളഞ്ഞു സലിം ഭായ്‌! ഭക്ഷണത്തോട് അതിക്ക്രമം പാടില്ല എന്നറിയില്ലേ?!
  :)

  ReplyDelete
 20. രസകരമായിട്ടുണ്ട്.
  :-)

  ReplyDelete
 21. ഇനിപ്പോ ഞാനെന്തെഴുതും!!
  ഏതായാലും സ്പെയിനിലെത്തിയിട്ടും ആയത്തുല്‍ കുര്‍സി മറന്നില്ലല്ലോ..

  പിന്നെ റൊട്ടിമുക്കിത്തിന്ന് ഏമ്പക്കം വിട്ടു പിന്നൊരു വക തിന്നു കാണില്ലാന്നാ കരുതിയത്.
  ഇങ്ങള് ആളു തരക്കേടില്ലല്ലോ..സലിം ഭായ്‌..

  പോസ്റ്റ്‌ കിടിലനാ ട്ടോ..

  ReplyDelete
 22. സ്പൈനിലെ അനുഭവങ്ങള്‍ പങ്കുവെച്ചതില്‍ സന്തോഷിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 23. ഐക്യരപടീ… രാപ്പനിയുള്ളോരും പനിയുള്ളോരുംമൂപ്പരുടെ ബ്ളോഗിൽ കേറരുത്… ബല്ലാത്തൊരൂ തണ്പ്പാ.. ഒരു കട്ടങ്കാപ്പിയും കുടിച്ച് ഞമ്മൾ കേറ്യോക്കി..
  പക്ഷെ മൂപ്പര് ചിലതൊക്കെ ഒഴുവാക്കിയാ വാർത്താനങ്ങളോക്കെ വിളമ്പീക്ക്ണത്. മൂപ്പർ സ്പൈനി പോയപ്പോ അടുങ്ങാത്ത ആഗ്രഹം.. ബുൾഫൈറ്റ് കാണാനും ബുൾറണ്ണിൽ പങ്കെടുക്കാനും.. ഓഹ്! ആ രംഗമൊന്ന് കാണേണ്ടതായിരുന്നു.. മറ്റുള്ളോര് സ്മോളടിച്ചല്ലെ പരിപാടില് ഹരം കൂട്ടാൻ പങ്കെടുക്കുന്നത്, എന്നാ ഐകരപ്പടിയിൽ ഫോട്ടൊ ഇടാനാണ് ഞാമ്മളെ ആശാൻ പങ്കെടുത്തത്…പക്ഷെ ആവേശവും ആശങ്കയുമൊക്കെ കാളകൂറ്റന്മാരെ കണ്ടപ്പോ തന്നെ മാറി.. ജീവനും കൊണ്ട് സ്കൈലാബ് വിട്ടമാതിരി മൂപ്പര് ഓടി, ഒരു പോകറ്റ് റോട്ട്ക്കേരി ഓടിവന്ന് ചാടീത് പിന്നേം ഈ വഴീലേക്ക്… വല്ലാത്തൊരൂ സ്കേലാബ്.. കാളകൂറ്റനതാ പൊറകീല്… ന്റമ്മോ… ഒരൊറ്റ കുത്ത് ചന്തിക്ക്…. പൊന്നീച്ചപാറീന്ന് പറഞ്ഞാപൊരാ…ആ കുത്തിന്റെ ഊക്കില് അടുത്തുള്ള മതിലിമെ കൊത്തിപിടിച്ചില്ലായിരുന്നെങ്കിൽ പൊറം പഞ്ചായത്ത് റോഡായേനെ… കാളകൂറ്റന്മാരും പിരാന്തന്മാരും ചൌട്ടിയാൽ ടൊമൻ ജെറിയിൽ നലത്ത് പറ്റിയ ചിത്രോകൂടി ഒർത്തോക്കി.. ങ്ങൾക്ക് ബിസ്വാസം വരുന്ന്ല്ലെങ്കിൽ സലീംബായിന്റെ ചന്തിമ്മെ ഒന്ന് തടവി നോക്കീ.. ഇപ്പളം കാണും കുത്ത് കിട്ട്യ അട്യാളം. ബാക്കിഞമ്മള് പറീണില്ല്യ…

  ReplyDelete
 24. നാലാം ഭാഗവും വായിച്ചു.നന്നായിട്ടുണ്ട്.

  തുടരുക .

  നവവല്‍സരാശംസകള്‍

  ReplyDelete
 25. ആദ്യ കമന്റിൽ ചോദിച്ചത് പോലെ ഇതൊക്കെ ഓർത്തിരിക്കുന്നതെങ്ങനെ? ഹൊ സമ്മതിക്കണം. ക്രോണിക്ക് ബാച്ചിലേഴ്സിന്റെ ഈ ഭാഗവും വായിച്ചു. ചിലപ്രയോഗങ്ങളൊക്കെ നല്ല രസം. പിന്നെ ഒരു സജ്ജഷൻ ഉള്ളത് ഇക്കാ, കൂടുതൽ പടങ്ങൾ ചേർത്താൽ നന്നായിരിക്കും, ഞങ്ങൾക്കൊക്കെ കാണാം. അപ്പൊ ഇനിയും വരട്ടെ. ഞങ്ങളുടെ പുതുവത്സരാശംസകൾ

  ReplyDelete
 26. @തെച്ചിക്കോടന്,ഭക്ഷണം കിട്ടിയാല്‍ നന്നായി കഴിക്കും, കിട്ടിയില്ലേല്‍ ഉള്ളത് കഴിക്കും, ഇതാണ് നമ്മുടെ പോളിസി.....മൂപ്പിലാന്‍ ഇടയ്ക്കു ഫലസ്തീനിലെ "രാജധാനി" യില്‍ കൊണ്ട് പോവാറുണ്ട്...അപ്പോഴും ഞാന്‍ തെച്ചികോടന്‍ പറഞ്ഞ പരാക്രമം കാണിക്കാറുണ്ട്

  @ലിഡിയ: വായനക്ക് നന്ദി..!

  @~ex-pravasini*, നമ്മളൊരു പച്ചപ്പാവമാനെ താത്ത...പക്ഷെ ഉറങ്ങണം എന്ന് മാത്രം..:)

  @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, ആദ്യ വരവിനു നന്ദി...വീണ്ടും വരുമല്ലോ..

  @ബെഞ്ചാലി,കാളക്കൂറ്റാ ...എന്തൊക്കെ പരാക്രമങ്ങളാണ് കാണിച്ചത്‌...മതിലില്‍ ചേര്‍ത്ത് കുത്തിയതും പോരാഞ്ഞ്, അവസാനം ചന്തി തടവി നോക്കണം പോലും....അതും ഇത്ര ആള്‍ക്കാരെ മുന്നില്‍ വെച്ച് ലൈവ് ആയി... ആശ കൊള്ളാം....

  എടാ ഭയങ്കരാ, ഇമ്മാതിരി വിറ്റടിച്ചു എന്നെ ഫ്ലാറ്റ് ആക്കല്ലേ...അടിപൊളി കമ്മന്ട്ടിനുള്ള അവാര്‍ഡ്‌ വാങ്ങാന്‍ റെഡിയായിക്കോ ....

  @അസീസ്, വായനക്ക് നന്ദി...സ്നേഹാശംസകള്‍..!

  @ഹാപ്പി ബാച്ചിലേഴ്സ്,ക്രോണിക് ബാച്ചുലേര്സു അവിടെ ഹാപ്പി ബാച്ചുലെര്സു ആയിരുന്നു...കൂടുതല്‍ ഫോട്ടോ വിട്ടാല്‍ പോസ്റ്റിന്റെ തടീം വണ്ണോം കൂടില്ലേ, എങ്കിലും മക്കള് പറഞ്ഞതു പരിഗണിക്കാം..രണ്ടു സ്വാമിമാര്‍ക്കും പുതുവത്സരാശംസകൾ (പിന്നെ കൊന്ട്രോള്‍ വിടാതെ നോക്കണേ...:)

  ReplyDelete
 27. ഇപ്പൊ കാര്യമായി കൃഷിയുമായി മുന്നോട്ട് പോവുന്നതിന്റെ ആത്മവിശ്വാസം കൊണ്ട് നല്ല കണ്ട്രോളാ.. തടീം വണ്ണോം കൂടിക്കോട്ടെ നൊ പ്രോബ്ലം. അത് കാര്യമാക്കില്ല എന്ന് തന്നെയാ‍ണ് വിശ്വാസം.പുതുവത്സാരാശംസകൾ

  ReplyDelete
 28. നല്ല എഴുത്ത്. ഞാനിവിടെ വന്നില്ലായിരുന്നുവെന്ന് തോന്നുന്നു.
  വൈകിയതില്‍ ക്ഷമിക്ക.

  ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.


  (ഈ അനുഭവങ്ങള്‍ക്ക് കഥാഖ്യാനം കൊടുത്താല്‍ രസകരമായിരിക്കും അതുപോലെ തന്നെ വേറിട്ട വായനയും സംമാനിക്കും. കാരണം ഏറെ എളുപ്പത്തിലും ഒട്ടൊക്കെപ്പേര്‍ക്കും എഴുതാന്‍ കഴിയുന്നതാണ് യാത്രാനുഭവങ്ങള്‍. കഥയായ് പുനര്‍ജ്ജിവിപ്പിക്കാന്‍ നോക്കു. ജയിംസ് സണ്ണി പാറ്റൂര്‍ ഇത്തരം (ആണെന്ന് തോന്നുന്നു) മനോഹരമായ് കഥാരൂപത്തില്‍ എഴുതിയിട്ടുണ്ട്..)

  ReplyDelete
 29. ആദ്യ രാത്രി ഇഷ്ടപ്പെട്ടു..
  തുടരും എന്ന് കാണുന്നു..
  ആയിരത്തൊന്നു രാവു പോലെ നീണ്ടു പോകുമോ?

  വിവരണം വീണ്ടും
  വരണമെന്ന് വാശി പിടിപ്പിക്കുന്നു

  ReplyDelete
 30. സ്പെയിനിലെ തണുപ്പ് കമ്പ്യൂട്ടറില്‍ കൂടി അരിച്ചിറങ്ങുന്നു..
  നല്ല വിവരണം. തുടരുക.

  ReplyDelete
 31. നവവത്സര ആശംസകള്‍

  ReplyDelete
 32. @ഹാപ്പി ബാച്ചിലേഴ്സ്:എന്റെമ്മോ, കൃഷിയും തുടങ്ങിയോ... കാട്ടാനകളെ ശ്രദ്ധിക്കണേ...:)
  @നിശാസുരഭിയുടെ ഗൗരവതരമായ വായനക്കും വിശകലനത്തിനും നന്ദി കേട്ടോ..
  യാഥാര്‍ത്യത്തിന്റെ അംശം ചോര്‍ന്നുപോവാതെ യാത്രയെ കഥയായി പരിവര്ത്തിപ്പിക്കുക, നല്ല ഐഡിയ തന്നെ. നേരെത്തെ വന്നിരുന്നെങ്കില്‍ ഈ അഭിപ്രായം ഒന്ന് കൂടി ഗൗരവമായി എടുക്കാമായിരുന്നു. ഇനിയുള്ളതില്‍ ഇതെത്രമാത്രം പ്രാവര്‍ത്തികമാക്കാം എന്ന് നോക്കട്ടെ...

  @ഉസ്മാന്‍ ഇരിങ്ങാട്ടിരി:വായനക്ക് നന്ദി ഉസ്മാന്‍ സാബ്‌, ഇരിങ്ങാട്ടിത്തരങ്ങളുമായി വീണ്ടും വരണേ...

  @സിബു നൂറനാട്:നന്ദി സിബു; വന്നതിനും കൂട്ടുകൂടിയത്തിനും..!

  @അനീസക്ക് തിരിച്ചും നവവത്സര ആശംസകള്‍ നേരുന്നു !

  ReplyDelete
 33. പോസ്റ്റ് മുഴുവന്‍ വായിച്ചാല്‍ കമന്‍റടിക്കാന്‍ മുകളിലേക്ക് തന്നെ വരണം അല്ലെ... ഞാന്‍ അറിയാതെ മൂന്നാം ഭാഗത്തില്‍ പോയി ക്ലിക്കി....

  ഇടയ്ക്കു എന്‍റെ എരിവുള്ള കോഴിക്കറി കൂട്ടി സന്തോഷാധിക്യത്താല്‍ എന്നെ കാണിക്കാതെ അവര്‍ കണ്ണുകള്‍ നിറച്ചു.
  എന്‍റെ ബോസ് എരിവുള്ള കറികള്‍ എല്ലാം വാരി വലിച്ചു തിന്നുന്നത് കാണാം .. നാട്ടില്‍ നിന്നും വരുമ്പോള്‍ അവന് നമ്മുടെ നാടന്‍ അച്ചാര്‍ കൊണ്ട് വന്നില്ലാ എങ്കില്‍ അവന്‍ പിണങ്ങും...

  പുതുവത്സരാശംസകള്‍

  ReplyDelete
 34. ആ വഴി കാണാത്തത് കൊണ്ട് ഇവിടെ വന്നു നോക്കിയതാ അപ്പോ ഇവിടെ എല്ലാരും സ്പെയിനിലാണല്ലെ..ഏതായാലും നല്ലൊരു കുക്കാകാനും നല്ലൊരു എഴുത്തുകാരനാകാനും സാധ്യതയുണ്ട്.. യാതൊരു മടുപ്പും അനുഭവപ്പെടാത്ത നല്ലൊരു എഴുത്ത്..അപ്പോ അടിച്ച് കയറ്റുയാണല്ലെ ... ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരും ഉണ്ടല്ലെ!!!!!!! പോസ്റ്റിടുമ്പോൾ മൈയിൽ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു അടുത്ത ഭാഗത്തിനായി പ്രതീ‍ക്ഷയോടെ...

  ReplyDelete
 35. ഒരു സ്പയ്നിന്റെ (ദേശത്തിന്റെ) കഥ. പുതിയ കാലത്തിന്റെ പൊറ്റെക്കാടിന് അഭിനന്ദനങ്ങള്‍
  യ്ത്രകളും വിവരണങ്ങളും തുടരട്ടെ.

  2011 തുടങ്ങിയത് ഈ ബ്ലോഗ്‌ പോസ്റ്റിലാണ്.
  ഇപ്പോള്‍ തന്നെ സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011 ക്ക് മറ്റൊരു എന്‍ട്രി കൂടി ഉണ്ടാകും എന്ന് ഉറപ്പായി

  ReplyDelete
 36. @ഹംസ സാഹിബ്, ഓതി ഓതി ഒത്താനായോ..എനിക്ക് സംശയം ന്യൂ ഇയര്‍ പാര്‍ട്ടിക്ക് വല്ലതും പോയോന്നാ...അത്യാവശ്യം എരിവോക്കെ നമ്മടെ ബോസും കൂട്ടും. പക്ഷെ അബ്ദുള്ളക്ക് പറ്റില്ല. നന്ദി.

  @ഉമ്മുഅമ്മാർ:ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരും ഉണ്ടല്ലെ!!!!!!!
  നമ്മള് രണ്ടും രണ്ടാമെത്തതില്‍ പെടുമെന്ന് മനസ്സിലായി. അന്വേഷിച്ചു വന്നതിനു നന്ദി. ഞാന്‍ അവിടെയും പോയിരുന്നു.

  @Abdul Lathief: ലത്തിഫ്, എന്നെ പോക്കിയതാനെങ്കിലും അത് കൊണ്ടത്‌ കോഴിക്കോടന്‍ തെരുവിന്‍റെ കഥ പറഞ്ഞ പോറ്റക്കാടിനാണ്. ഏതായാലും സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ്‌ തരപ്പെട്ടില്ലെങ്കിലും ഒരു സാധാരണ അവാര്‍ഡ്‌ എങ്കിലും എനിക്ക് കിട്ടാന്‍ ഒരു ശുപാര്‍ശ ചെയ്യു...നന്ദി...!

  ReplyDelete
 37. ഇതെല്ലാം എനിക്ക് പുതുമയാണ്.
  ഇൻഡ്യക്കു പുറത്ത് പൊയിട്ടേ ഇല്ല!
  നല്ല രസികൻ വിവരണം.

  ReplyDelete
 38. താങ്ക്സ്, :)

  http://agnijwala.blogspot.com/2010/12/5.html
  ഇവിടെ ഒന്നു നോക്കു, (ഞാന്‍ പറഞ്ഞ ബ്ലോഗ്.)
  അന്ന് ലിങ്ക് തരാന്‍ മറന്നു.

  ReplyDelete
 39. പലരുടെയും യാത്രാ വിവരണത്തില്‍
  അതിഭാവുകത്വവും തന്‍ പ്രമാണിത്തവും
  തലയുയര്‍ത്തിപ്പിടിച്ചു നില്ക്കന്നത് അനുഭവപ്പെ
  ട്ടിട്ടുണ്ട്.നേരിട്ടെത്തിയ പ്രതീതി വായനക്കാരി
  ലുണര്‍ത്തുന്നു താങ്കളുടെ യാത്രാ വിവരണം.
  ഒപ്പം ചരിത്രത്തിന്റെ സത്യസന്ധമായ വിശകല
  നവും.ഇത്തരം മികച്ച എഴുത്തുകള്‍ ബൂലോക
  ത്തെ ഏറെ ധന്യമാക്കും.
  പിന്നെ നിശാസുരഭിയോടുള്ള
  കടപ്പാടു കൂടി ഇവിടെ കുറിച്ചോട്ടെ.എന്റെ നോവല്‍
  സാങ്കല്പികമാണു്. അതിനായി വളരെയധികം ഗൃഹ
  പാഠം ചെയ്തു.തല പുകച്ചു. അതു പൂര്‍ണ്ണതയിലെത്തി
  യതായി താങ്കളുടെയും നിശാസുരഭിയുടെയും കമന്റ് എന്നെ
  ബോദ്ധ്യപ്പെടുത്തുന്നു.ഒപ്പം എന്റെ ഉത്തരവാദിത്വം കൂട്ടുന്നു.

  ReplyDelete
 40. @jayanEvoor:ഡോക്ടര്‍, മലയാളം ബ്ലോഗ്‌ റൂമില്‍ വെച്ച് പരിചയപ്പെട്ടതിനു നന്ദി. ഇടക്കൊക്കെ വന്നു വേണ്ട നിര്‍ദേശങ്ങള്‍ തരുമല്ലോ...നന്ദി നമസ്കാരം..!

  @നിശാസുരഭി:വളരെ നന്ദി. പോയി വായിച്ചു, പറഞ്ഞ പോലെ തന്നെ...ആളിവിടെയെത്തുകയും ചെയ്തു.

  @ജയിംസ് സണ്ണി പാറ്റൂര്‍, വായനക്കും നല്ല അഭിപ്രായത്തിനും നന്ദി. താങ്കളുടെ തുടര്‍ വായനക്ക് ഞാനും നിശാസുരഭിയും അവിടെ എത്തും...ഇമെയില്‍ ചെയ്‌താല്‍ മതി...നന്ദി..

  ReplyDelete
 41. നല്ല പോസ്റ്റ്,കുറെ അറിവുകൾ ഈ പോസ്റ്റിൽ നിന്നും ലഭ്യമായി.
  ആശംസകൾ
  www.moideenangadimugar.blogspot.com

  ReplyDelete
 42. moideen angadimugar:THANKS FOR YOUR COMMMENTS AND FOLLOWING !

  ReplyDelete
 43. ഏതായാലും അങ്ങനെ അവസാനം ഇവിടെ കയറിപ്പറ്റി. യാത്രാ വിവരണം വളരെ തന്മയത്വമുള്ളത് പോലെ തോന്നി. അടുത്തതിനു കാത്തിരിക്കുന്നു.

  ReplyDelete
 44. @Shukoor, താങ്കള്‍ക്ക് ഇവിടെ കയറിപ്പറ്റാന്‍ പറ്റിയല്ലോ, ഇനി യാത്ര ഒരുമിച്ചു ...നന്ദി.

  ReplyDelete
 45. :) നല്ല എഴുത്ത്, ട്ടാ.

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!