Thursday, June 2, 2011

ആഡിയോസ് എസ്പാനിയാ - 10

എന്‍റെ പ്രഥമ സ്പെയിന്‍ യാത്രയുടെ നാളുകള്‍ ‍എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. മുപ്പത്‌ നാളത്തെ ഷെന്‍സെന്‍വിസയായിരുന്നു എനിക്ക് ലഭിച്ചിരുന്നതെങ്കിലും അത്രയും ദിവസം അവിടെ നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം, ഞങ്ങളുടെ യാത്രയുടെ ലക്ഷ്യങ്ങള്‍ ‍ഒന്നോ രണ്ടോ യാത്രകള്‍കൊണ്ട് പൂര്‍ത്തിയാകുന്നതായിരുന്നില്ല; കോടതിയിലുള്ള കേസുകള്‍ വിധിയാവാന്‍ വര്‍ഷങ്ങള്‍ ‍തന്നെയെടുക്കും. അത് പോലെ, ഞങ്ങളുടെ വില്ലകള്‍ പുതുക്കിപ്പണിയുന്നതിനുള്ള ചുവപ്പുനാടുകളും അഴിയാന്‍ സമയമെടുക്കും. ഫുട്ബോളില് കാണിക്കുന്ന വേഗതയൊന്നും സര്‍ക്കാര്‍, കോടതി കാര്യങ്ങള്‍ക്ക് ഇവിടെ പ്രതീക്ഷിക്കരുത്. മാത്രമല്ല, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ ഇവരുടെ കാര്യമായ പണി തന്നെ ആഘോഷമാണ്. തമ്മില് ‍ഭേദം സൗദി തന്നെ !

മുതലാളിയുടെ കൂടെയായതിനാല് ‍ഒന്നിനും നേരിട്ട് തലവെക്കാതെ, കാര്യമായ വെല്ലുവിളികള്‍ ‍ഏറ്റെടുക്കാതെ, തമാശകള്‍ ‍നിറച്ച സന്തോഷ പേടകത്തിലേറി പറന്നു നടന്ന കുറെ സുന്ദര ദിനങ്ങള്‍. സ്വപ്നസമാനമായ അനുഭവങ്ങള്‍. ജോലിയും ജോളിയും ഏതെന്നു തിരിച്ചറിയാനാവാതെ ഇഴ പിരിഞ്ഞു കിടക്കുന്ന ഈ വിസ്മയ ലോകത്ത് നിന്ന് വിട്ടു പോരാന്‍ ‍ആര്‍ക്കാണ് മനസ്സ് വരിക? കുടുംബം സൌദിയില്‍ ‍ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഞാനും ഒരു മുങ്ങാംകുഴിയിട്ടേനെ!

Sunday, April 17, 2011

ഭാഷയുടെ സ്പാനിഷ് വ്യാഖ്യാനം -9

               രണ്ടു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ ഫലമായി സായിപ്പന്മാര്‍ എല്ലാവരും ഇംഗ്ലീഷ്‌  സംസാരിക്കുന്നവരാണ് എന്ന ധാരണയാണ് നമുക്കൊക്കെ പൊതുവേയുള്ളത്. എന്നാല്‍ നമ്മെ അപേക്ഷിച്ചു ഇംഗ്ലീഷ്‌ ഭാഷയെ ഏറെ അവഗണിക്കുന്നവരാണ് യൂറോപ്യരെന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. യൂറോപ്പില്‍ ഇംഗ്ലീഷ് മറ്റു യൂറോപ്യന്‍ ഭാഷകളെ പോലെയുള്ള ഒരു പ്രാദേശിക ഭാഷ മാത്രം. പല ഇംഗ്ലീഷ്‌കാരും സ്പാനിഷ് പോലുള്ള മറ്റൊരു ഭാഷ കൂടി സംസാരിക്കുന്നവരാണ്. ഇംഗ്ലീഷു പോലെ തന്നെ മിക്ക യൂറോപ്യന്‍ ഭാഷകള്‍ക്കും സമീപമായ ഒരു ഭൂതകാല സാമ്രാജ്യത്വ ചരിത്രമുണ്ടല്ലോ. ആ സുവര്‍ണ കാലത്തിന്റെ ബാക്കിപത്രം എന്ന നിലക്ക് ലോകത്ത് പലയിടത്തും യൂറോപ്യന്‍ ഭാഷകള്‍ ഇന്നും സംസാരിക്കപ്പെടുന്നുണ്ട്. ലോകത്തെ സാമ്പത്തികമായും സൈനികമായും നിയന്ത്രിക്കുന്ന രണ്ടു വന്‍ശക്തികളുടെ ഭാഷ എന്ന നിലക്കുള്ള ഇംഗ്ലീഷിന്റെ അപ്രമാദിത്വം യൂറോപ്പില്‍  കാണാന്‍ സാധിച്ചില്ല. സ്വന്തം ഭാഷയും സംസ്കാരവും സംരക്ഷിക്കപ്പെടുന്ന  രീതിയില്‍  വിദ്യാഭ്യാസരീതികളെ പരിവര്‍ത്തിച്ചു കൊണ്ട് അവര്‍ പ്രാദേശിക ഭാഷകളെ സ്വയംപര്യപ്തമാക്കിയിരിക്കുന്നു. ഇംഗ്ലീഷ് അല്ലെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ ഭാഷകള്‍ പഠിക്കേണ്ടവര്‍ പ്രൈവറ്റ് ആയി എടുത്തു പഠിക്കുന്ന രീതിയാണ് അവിടങ്ങളില്‍ കണ്ടു വരുന്നത്. കേരളത്തിലെയും സൗദിയിലെയും പതിവ് കഴ്ചകള്‍ക്ക് വിരുദ്ധമായി അതാത് പ്രാദേശിക ഭാഷയില്‍ അല്ലാത്ത ഒരു ബോര്‍ഡ്‌ പോലും എവിടെയും തൂക്കി കണ്ടില്ല. ടൂറിസ്റ്റ്‌ കേന്ദ്രങ്ങളും എയര്‍പോര്‍ട്ടുകളും ഒഴിച്ച് നിര്‍ത്തിയാല്‍ വിദേശികളുടെ ആശയസംവേദനക്ഷമത കാലാവസ്ഥ പോലെ മൈനസില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ ഏതൊരു വിദേശിയും പെട്ടെന്ന് ആ ഭാഷ പഠിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഇനി അന്യ ഭാഷ സംസാരിക്കുന്നുവെന്നിരിക്കട്ടെ, അപ്പോള്‍ പോലും സ്വന്തം ഭാഷ ആവശ്യത്തിലധികം സന്നിവേശിപ്പിച്ചുള്ള അവരുടെ സംസാര രീതി ലാറ്റിന്‍ അക്ഷരങ്ങളില്‍ ലിപികള്‍ പങ്കിടുന്ന അന്യ രാജ്യക്കാരനോടുള്ള ഒരു വെല്ലുവിളിയായി എനിക്ക് തോന്നി. 

Wednesday, April 6, 2011

പോലീസ് സ്റ്റോറി

        പട്ടാളകഥകള്‍ പലരും എഴുതാറുണ്ട്. എന്നാല്‍ പോലീസ് കഥകള്‍  തുലോം കുറവാണ്. സാഹിത്യബോധം കുറഞ്ഞവരാണ് പോലീസുകാര്‍ എന്ന ആക്ഷേപത്തിന് അത് കാരണമായിട്ടുണ്ട്. അതിനാല്‍ ആ സാഹിത്യ ശാഖയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഞാന്‍ ഒരു പോലീസ് സ്റ്റോറി എഴുതുകയാണ്. കാരണമുണ്ട്, പറഞ്ഞു വന്നാല്ഞാനുമൊരു KP ആയിപ്പോവും.


        ആദ്യമായാണ് രു പിഎസ്സി പരീക്ഷക്ക് അപേക്ഷിക്കുന്നത്; അതാകട്ടെ പോലീസിലേക്കും. മിനിമം യോഗ്യത പത്താം തരം ആയതിനാല്‍  പതിനായിരക്കണക്കിന് ചെറുപ്പക്കാന്‍ എഴുതുന്ന, ഒരു പാട് കാലത്തിന് ശേഷമുള്ള പോലീസ് ടെസ്റ്റ്‌ ആണ്. ഐക്കരപ്പടിയില്‍ നിന്നും പലരും എഴുതുന്നുണ്ട്. ഏതൊരു വിജയത്തിന്  പിന്നിലും ഒരു പോലീസുകാരന് ഉണ്ടാവുമല്ലോ (പെണ്ണ് പണ്ട്). നാട്ടിലെ സുഹൃത്തും പോലിസുകാരനുമായ ആളില്നിന്നും ഞങ്ങള്‍ക്ക് അത് ലഭിക്കുകയും ചെയ്തു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും രണ്ട് ഉറ്റ സുഹൃത്തുക്കളും; മുഹമ്മദും  അബ്ദുവും. അവര്രണ്ടുപേരും ടിടിസി കഴിഞ്ഞു അധ്യാപകയോഗ്യത നേടിയവര്‍. ഞാനോ അല്ലലും അലട്ടലുമില്ലാതെ  ഡിഗ്രിക്ക് പഠിക്കുന്ന പയ്യന്‍. അബ്ദുവിന്റെ അമ്മാവനാണ് പോലീസുകാരന്‍. പിഎസ്സി ഗൈഡുകള്വാങ്ങി രാവും പകലും പഠനത്തോട് പഠനവും തീറ്റയോട് തീറ്റയും (നെഞ്ചളവ് കൂടാനാണ്) മാത്രമായി ഞങ്ങളുടെ കൌമാരജീവിതം ഗതി മാറിയൊഴുകി. ഒരു പോലീസ് ആവാന്ഇത്രയൊക്കെ മുന്നൊരുക്കം വേണോ എന്നാവും. അതേയ്, അക്കാലത്ത്‌ ഞങ്ങള്ഒരു കാര്യത്തിനിറങ്ങിയാല്‍ അതിന്റെ അറ്റം കണ്ടിട്ടേ മടങ്ങുമായിരുന്നുള്ളൂ. ഒരു മാസത്തിനകം പബ്ലിക്ര്‍വിസ് കമ്മീഷനെ ഏതു പരീക്ഷയിലും തോല്പിക്കാനുള്ള മനക്കരുത്തും മെയ്വഴക്കവും നേടിയത് വെറുതെയല്ല. ഊണിലും ഉറക്കിലും പോലീസു‍ ആയതിന് ശേഷമുള്ള രംഗങ്ങള്‍ മനസ്സില്‍ മിന്നിമറഞ്ഞു സൌര്യം കെടുത്തിയപ്പോള്‍ പൈങ്കിളികള്‍ പാറിയകന്നു അവിടെ ഒരുവേള ബലിക്കാക്കകള്‍ സ്ഥാനം പിടിച്ചു. ശവത്തിനു കാവല്നില്ക്കുന്ന പണി അങ്ങനെ ഞങ്ങള്ക്ക് ഡ്രീം ജോബ്‌ ആയി മാറി.  അക്കാലത്തെ ഹിറ്റ് ആയ ജാക്കിയുടെ പോലിസ് സ്റ്റോറി ഒന്നു തൊട്ടു എല്ലാം ഭാഗവും കണ്ടു, കിട്ടാവുന്ന പൊലീസ് സ്റ്റോറികള്‍ എല്ലാം താല്പര്യപൂര്‍വം വായിച്ചു. അതൊക്കെ ഏതു പോലീസ്കാരനും കഴിയും’ എന്ന സ്ഥിരം പഴഞ്ചൊല്ലു പറയുന്നത് പോയിട്ട് കേള്‍ക്കുന്നത് പോലും അരോചകമായി മാറി.

Saturday, March 19, 2011

ഇല്ലാത്ത പണിക്ക് കിട്ടാത്ത ശമ്പളം

          തൊഴിലില്ലായ്മ പ്രകൃതി ക്ഷോഭം പോലെ ബഹുതലസ്പര്‍ശിയും പുനരധിവാസം ആവശ്യപ്പെടുന്നതുമായ ദുരന്തമാണ്. അത് സമൂഹത്തിലേക്ക് കുഴപ്പങ്ങളുടെയും പിടിച്ചു പറിയുടെയും ലാവയും ചാരവും വര്‍ഷിക്കാന്‍  പോന്നതാണ്. അനുഭവിച്ചവര്‍ക്കേ അതിന്‍റെ കാഠിന്യം അറിയൂ. ജോലിയിലുള്ള ബുദ്ധിമുട്ടുകള്‍ പാടെ മറന്ന് താന്‍ വെറുത്തിരുന്ന ജോലിക്ക് വേണ്ടി പോലും ആഗ്രഹിച്ചു  പോകുന്ന പതിതാവസ്ഥയുടെ ആഴക്കടല്‍. കഠിന ഹൃദയര്‍ പോലും കാരുണ്യത്തിനായി കേഴുന്ന പാതാള കാഴ്ചകള്‍. തൊഴിലിനായി കടല്‍ കടന്നെത്തിയവര്‍ തൊഴില്‍ രഹിതരായാലോ; അയാള്‍ക്കവിടെ ഭാര്യയും സ്കൂളില്‍ പഠിക്കുന്ന കുട്ടികളും ഉണ്ടെങ്കിലോ....ദുര്‍ബല മനസ്കര്‍ പലതും ചിന്തിച്ചു പോവുന്ന അവസ്ഥ തന്നെ!Wednesday, March 9, 2011

മാന്ദ്യവും വിലക്കയറ്റവും-എട്ട്

               1930കള്‍ക്ക്  ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ പിടയുന്ന യുറോപ്പിനെയാണ് എനിക്ക് ദര്‍ശിക്കാന്‍ സാധിച്ചത്. എവിടെയും തകരുന്ന ബാങ്കുകളുടെയും പപ്പരാകുന്ന സംരംഭങ്ങളുടെയും തലക്കെട്ടുകളോട് കൂടിയ വാര്‍ത്തകള്‍. ടൂറിസ്റ്റുകളുടെ കുറവ് മൂലമുണ്ടായ വേവലാതി ചോര  വാര്‍ന്ന  വെളുത്ത മുഖങ്ങളില്‍ നിന്നും ഞങ്ങള്‍ വായിച്ചെടുത്തു. അടഞ്ഞു കിടക്കുന്ന ഒരു പാട് കടകളും സ്ഥാപനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായ മര്ബിയയിലും പോര്ടോ ബനൂസിലും പുട്ടില്‍ തേങ്ങയിട്ട പോലെ ഇടയ്ക്കിടെ കാണപ്പെട്ടു. കഴിഞ്ഞ വര്ഷം മുതലാളി വന്നപ്പോള്‍ തുറന്നു പ്രവര്ത്തി്ച്ചിരുന്ന സ്ഥാപനങ്ങള്‍ പലതും പൂട്ടിയിരിക്കുന്നു. സൌദിയിലും നാട്ടിലുമൊക്കെ ഇത്രയും കണ്ണായ സ്ഥലത്ത് ഒരു തട്ടുകടക്കു വേണ്ടി ആളുകള്‍ പരക്കം പായുമ്പോള്‍ ഇവിടെ ‘Se Vende’ എന്നോ ‘se Aquila’ എന്നോ പരസ്യം ഇട്ടിരിക്കുന്നു. ‘Se Vende’ എന്നാല്‍ 'വില്‍പനക്ക്' എന്നും ‘Se Aquila’ എന്നാല്‍ 'വാടകക്ക്' എന്നുമാണ് അര്ഥം. (അറിയാവുന്ന സ്പാനിഷ്‌ വാക്കുകള്‍ നിങ്ങള്ക്ക് മുന്നില്‍ വിളംബാതിരിക്കണോ..?). ഒരു പരസ്യവും കൂടാതെ പൂട്ടിപ്പോയവരും നിരവധി. യൂറോപ്പില്‍ സാധാരണയായി തിരക്ക് കാണപ്പെടുന്ന ബാറുകളിലും റെസ്റ്റോറന്റ്കളിലും ഹോട്ടലുകളിലും പഞ്ഞ കാലത്തെ ഓര്മി്പ്പിച്ചു കൊണ്ട് ഹാജര്‍ നില വളരെ മോശം. റോഡിലൂടെ പോവുന്നവരെ ആകര്‍ഷിക്കാന്‍ സുന്ദരികളെ നിര്ത്തി വല വീശിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ പോലും കാണാനിടയായി. പണിയില്ലാതെ വടക്ക് നോക്കികളായി നടക്കുന്നവരെ കൊണ്ട് റോഡുകളും പാര്‍ക്കുകളും നിറഞ്ഞ അവസ്ഥ. മാന്ദ്യം സ്പെയിനിനെ നന്നായി തളര്ത്തിയിരിക്കുന്നു. കാരണം ഇറ്റലിയില്‍ ഇതേ കാലയളവില്‍ പോയപ്പോള്‍ കണ്ട ഹോട്ടലുകളും അങ്ങാടികളും നല്‍കിയ തിരക്ക് പിടിച്ച കാഴ്ചകള്‍ അല്ല ഇവിടെയുള്ളത്. അതിനു കാരണം എന്റെ ഇറ്റാലിയന്‍ സുഹൃത്ത് ഫാബിയോ പഗനോണി പറഞ്ഞത്‌, ഇറ്റലിക്കാര്‍ സ്പെയിന്കാരെ അപേക്ഷിച്ചു സമ്പാദ്യ ശീലം കൂടുതല്‍ ഉള്ളവരാണെന്നാണ്. പിശുക്കന്മാര്‍ എന്നും അര്‍ഥം വെക്കാം.

Monday, February 28, 2011

ആഗോള താപനവും ബ്ലോഗ്‌ മീറ്റുകളും

             ആഗോള താപനം സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനം കൊണ്ടാണോ എന്നറിയില്ല, ബ്ലോഗ്‌ മീറ്റുകള്‍ക്ക് പറ്റിയ സമശീതോഷ്ണ കാലാവസ്ഥയാണ് ലോകമൊട്ടുക്കും അനുഭവപ്പെടുന്നത്. ഫെബ്രുവരി മാസത്തില്‍ പെയ്ത ബ്ലോഗ്‌ മീറ്റുകളുടെ ഫലമായി ജിദ്ദയില്‍ ബ്ലോഗുകള്‍ തഴച്ചുവളരുന്നതായും പുതു ബ്ലോഗ്‌ മുകുളങ്ങള്‍ തളിരിടുന്നതായും, സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍ ആഴ്ചവട്ടങ്ങളില്‍ കഫേകളില്‍ ഇരുന്നു  ബ്ലോഗ്‌ എഴുതുന്ന ത്യാഗത്തിനു  വരെ തയ്യാര്‍  ആയതായും അറിയാന്‍ കഴിഞ്ഞു. ചക്ക വേരിലും കായ്ക്കുന്ന നല്ല വിളവു കാലം. ഗള്ഫിലും നാട്ടിലും തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന ബ്ലോഗര്മാരുടെ സംഗമങ്ങള്‍ ഒരു വീട്ടില്‍ ഒരു ബ്ലോഗ്‌ എന്ന വിപ്ലവത്തിലേക്ക് നയിക്കപ്പെടാനുള്ള എല്ലാ സൂചനകളും നല്‍കുന്നതാണ്. മലയാളം ബ്ലോഗേര്സ് ഗ്രൂപ്പിന്റെ ഒന്നും രണ്ടും ചെറിയ മീറ്റുകളും മൂന്നാമത്തെ മെഗാ മീറ്റും നടത്തിയപ്പോള്‍ എന്റെ അറിവിന്റെ തീരത്തേക്ക് ഇത്തരം ഒരു പാട് ബ്ലോഗ്‌ ഇല്മുകള്‍ വന്നു കൊണ്ടിരിക്കുന്നു.


                  ഒന്നിന്‍റെ ജീര്‍ണത മറ്റൊന്നിനു വളമായതാണ് എന്‍റെ അനുഭവം. തിരക്കിനിടയില്‍ ബ്ലോഗെഴുത്തും  ബ്ലോഗുകള്‍ തെണ്ടലും നടന്നില്ല എന്നത് മറക്കുന്നില്ല.  അതുമൂലം പല സുഹൃത്തുക്കളും പരിഭവത്തിലാണ് എന്നറിഞ്ഞു. സ്പെയിന്‍ യാത്ര പാതി വഴിയില്‍ കിടക്കുന്നു. നെറ്റ് സൗകര്യം ഓഫീസില്‍ വളരെ പരിമിതപ്പെടുത്തിയതും എന്നെ ബാധിച്ച ഈ ചുഴലി രോഗത്തിന് കാരണമാണ്. 
             

Sunday, February 6, 2011

അരുതാത്ത കാഴ്ചകള്‍- 7

           സമൂഹത്തിന്റെ അംഗീകാരത്തോടു കൂടിയ വിവാഹേതര ലൈംഗികത യൂറോപ്പിന്റെ മുഖ മുദ്രയാണ്. കുട്ടിക്കാലം മുതല്‍ സ്കൂളുകളില്‍ നിന്നും തുടങ്ങുന്നതാണ് ക്രമപ്രവൃദ്ധമായി വളര്ത്തിയെടുക്കുന്ന  ബോയ്ഫ്രണ്ട് സംസ്കാരം. ബോയ്‌ ഫ്രണ്ടിനു കാമുകന്‍ എന്നര്ത്ഥം കൊടുക്കാന്‍ കഴിയില്ല, കാരണം അത് ഈ സംസ്കാരത്തിന്റെ ശരിയായ നിര്‍വചനമല്ല. ഒരു ‘താത്കാലിക തോഴന്‍’ എന്ന് വിളിക്കാമെന്ന് തോന്നുന്നു. യൂറോപ്പിന്‍റെ മുക്കിലും മൂലയിലും നിറഞ്ഞു നില്ക്കുന്ന ഈ ‘നഗ്ന’യാഥാര്ത്യത്തെ കണ്ടില്ലെന്നു നടിച്ചു ഒരു യാത്രയുമായി മുന്നോട്ടു പോകുവാന്‍ ആര്ക്കും കഴിയില്ല. നിങ്ങളൊരിക്കലും കാഴ്ചകള്ക്ക് പിറകെ പോവേണ്ടതില്ല; അത് നിങ്ങളുടെ കണ്ണുകളെ തേടി ഇങ്ങോട്ട് വരും. ആരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്തുകയോ അതുമല്ലെങ്കില്‍ ഇക്കിളിപ്പെടുത്തുകയോ എന്റെ ലക്ഷ്യമല്ല. മറിച്ച്, നാം പൊതുവേ സ്വീകരിച്ചു വരുന്ന സനാതന ധാര്മിക കാഴ്ചപ്പാടുകളില്‍ ഊന്നി നിന്ന് കൊണ്ട് ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ പങ്കു വെക്കുക എന്ന ഒരു യാത്ര വിവരണ ധര്മം നിറവേറ്റുക മാത്രമാണ് ഉദ്ദേശിക്കുന്നത്.
 

            ലൈംഗിക അരാജകത്വമാണ് ഇന്ത്യയുടെ ശാപമെങ്കില്‍ അതിനു നിയമസാധുത നല്കിയതാണ് യൂറോപ്പ്‌ അഭിമുഖീകരിക്കുന്ന പ്രശ്നം. ജീവിതം കേവല ആസ്വാദനങ്ങളുടെ ആകത്തുക മാത്രമായപ്പോള്‍ മനുഷ്യത്വവും മൃഗീയതയും വേര്പിരിയുന്ന ലജ്ജയുടെ ഭിത്തികള്‍ നേര്‍ത്ത് വരികയും ശോഷിച്ചു ഇല്ലാതാവുകയും ചെയ്തു കൊണ്ടിരിക്കുന്ന നേര്‍ കാഴ്ചകളാണ് ഒരു ചെന്സന്‍ വിസയോ, യുകെ വിസയോ, ആസ്ത്രേലിയന്‍ വിസയോ, അമേരിക്കന്‍ വിസയോ നിങ്ങള്ക്ക് സമ്മാനിക്കുക. സ്ത്രീയും പുരുഷനും തമ്മില്‍ പ്രകൃതി ഒരുക്കിയ ആകര്ഷണീയതയും, പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുള്ള പ്രകൃതി വിരുദ്ധ ആകര്ഷണീയതയും ഒരേ പോലെ  വികൃതമാക്കപ്പെട്ട കാഴ്ചകളാണ് യൂറോപ്പ് എനിക്ക് സമ്മാനിച്ചത്.

Saturday, January 22, 2011

അല്പം ഭൂമിശാസ്ത്രം-6

             യൂറോപ്പില്‍ പോകുന്നതിനു മുമ്പ് ഞാന്‍  കണ്ട ഏറ്റവും സുന്ദരമായ നാട് നമ്മുടെ കേരളം ആയിരുന്നു. എന്‍റെ യൂറോ‍പ്യന്‍ യാത്രകള്‍ക്ക് ശേഷവും ആ ധാരണയില്‍ മാറ്റമൊന്നുമുണ്ടായില്ല എന്നത് എന്നെ അഭിമാന പുളകിതനാക്കുന്നു. ഒരു നാട് മുഴുക്കെ ഇടതൂര്‍ന്നു നില്‍ക്കുന്ന കൃഷിഭൂമികളും,   തെങ്ങുകളും മരങ്ങളും കാടുകളും, അവയ്ക്കിടയിലൂടെ ശാന്തമായൊഴുകുന്ന അരുവികളും നല്‍കുന്ന  കാനനകാന്തി  "ദൈവത്തിന്റെ സ്വന്തം നാടിനു" മാത്രം സ്വന്തം.  ഫലദായകങ്ങളോ, മറ്റേതെങ്കിലും  നിലക്ക്  ഉപകാരപ്രദമോ ആയ ഹരിത സമ്പത്ത് മാത്രമേ നമുക്കുള്ളൂ എന്നത് ഈ നാടിന്‍റെ മാത്രം പ്രത്യേകതയാണ് എന്ന് തോന്നുന്നു.  അറബികളോട് കേരളം "ഖൈറുള്ള" ആണെന്ന് അഭിമാനപൂര്‍വ്വം നാം പരിചയപ്പെടുത്താറുള്ളത് എത്ര മാത്രം ശരിയാണ്. എങ്കിലും ഞാനൊരു "ഇബ്നു ബത്തൂത്ത" അല്ലാത്തത് കൊണ്ട് ആഫ്രിക്കയിലോ ഏഷ്യയിലോ ഞാന്‍ കാണാത്ത ഇത്രത്തോളം ഹരിതാഭമായ വല്ല നാടും ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ വായനക്കാര്‍ എന്നെ അറിയിക്കണേ...    

Monday, January 10, 2011

വികസിത രാജ്യം - 5

     ലോകരാജ്യങ്ങളെ വികസിതം, വികസ്വരം, അവികസിതം എന്നിങ്ങനെ  സവര്‍ണ്ണനും, അവര്‍ണ്ണനും  ആക്കുന്ന സ്കൂളിലെ ചരിത്ര ക്ലാസുകള്‍   കേട്ട് എന്നിലെ കുഞ്ഞു ദേശാഭിമാനി കലഹിച്ചത് ഓര്‍ക്കുകയാണ്. ഭാരതം ദരിദ്ര രാജ്യമാണെന്ന് ഉള്‍ക്കൊള്ളാനുള്ള വിശാലതയൊന്നും കണിശമായ ദേശഭക്തി മൂലം അന്നുണ്ടായിരുന്നില്ല. സ്പെയിന്‍, ഫ്രാന്സ്,  ഇറ്റലി   അടക്കമുള്ള പടിഞ്ഞാറന്‍ യൂറോപ്പ്  വികസിതമാണെന്നും,   റുമേനിയ, പോളണ്ട്, സെര്‍ബിയ തുടങ്ങിയ  കിഴക്കന്‍ യൂറോപ്പ് വികസ്വര രാജ്യങ്ങള്‍ ആണെന്നും വലുതായപ്പോള്‍ പഠിച്ചുവെങ്കിലും, അതൊക്കെ സ്വയം അനുഭവഭേദ്യമാവാനുള്ള ഒരവസരം ഇപ്പോള്‍ ഒത്തു വന്നിരിക്കയാണ്. ഏതൊരു സംരംഭവും വിജയകരമായി നടത്താന്‍ ആരുടെയും പിന്നിലല്ലാത്ത നാം, അഴകൊഴമ്പന്‍ വികസന രീതികളും അഴിമതിയും മൂലമാണ് പരാജയത്തിന്റെ കുണ്ടുകളില്‍ ചാടിക്കൊണ്ടിരിക്കുന്നത് എന്നത് ഒന്ന് കൂടി ബോധ്യമായി. വളരെ പരിമിതമായ വിഭവങ്ങളുമായി ബിസിനസ്‌ തുടങ്ങാന്‍ മിടുക്കരാണ് നാം എന്നത് ഒരു ഗള്‍ഫ്‌ യൂറോപ്യന്‍ അത്ഭുത പ്രതിഭാസമാണ്. ഇന്ത്യക്കാര്‍ കാലുകുത്തി മൂന്നാം  മാസം അഥവാ തൊണ്ണൂറു കഴിഞ്ഞാല്‍ ഒരു കുറി വെച്ചു പണം സ്വരൂപിച്ചു മുറുക്കാന്‍ കടയെങ്കിലും തുടങ്ങിയിരിക്കും എന്നതാണ് നമ്മെ പറ്റിയുള്ള യൂറോപ്യന്‍ ധാരണ.   നമ്മുടെ ഈ ബിസിനസ്‌ മനോഭാവത്തെ  കളിയാക്കുന്ന ഒരു തമാശ യുറോപ്പില്‍ പ്രചാരത്തിലുണ്ട്. ഫുട്ബോള്‍ ഗ്രൌണ്ടിലെ കോര്‍ണര്‍ കണ്ടാല്‍ അവിടെ വല്ല തട്ടുകടക്കും ചാന്‍സ് ഉണ്ടോന്നു നോക്കി നിന്ന് കളി മറന്നുപോവുന്നതാണ് ഇന്ത്യക്കാര്‍ ഫുട്ബാളില്‍ തോല്‍ക്കാന്‍ കാരണമത്രേ. ഇന്ത്യന്‍ ഭാഷകള്‍ ഒന്നും സംസാരിക്കാന്‍ അവസരം ലഭിക്കാതെ മാര്ബിയ ബീച്ചില്‍ ഇരിക്കുമ്പോള്‍ ഇന്ത്യക്കാരെന്ന് തോന്നിക്കുന്ന മൂന്നു പേരെ കണ്ടു ഞാന്‍ ഓടിപ്പോയി പരിചയപ്പെട്ടു. അവര്‍ ബംഗ്ലൂര്‍ക്കാര്‍,  മര്ബിയയില്‍  റസ്റ്റോറന്റ് നടത്തുന്നു.  കാര്യമായ ബിസിനസ്‌ ഒന്നുമില്ലാത്ത ഈ ടൂറിസ്റ്റ്‌ കേന്ദ്രത്തില്‍ നമ്മുടെ നാട്ടുകാരായി കണ്ടത് അവരെ മാത്രം. തലസ്ഥാനമായ മാഡ്രിഡിലും, വലിയ പട്ടണമായ ബാര്‍സിലോണയിലും മലയാളികള്‍ ഓരോ മുക്കിലും മൂലയിലും ഉണ്ടത്രേ. ഇവിടത്തെ പ്രവാസികള്‍ (ഫ്രാന്‍സിലെയും) പൊതുവേ അയല്‍നാട്ടുകാരായ മൊറോക്കോ, ടുണീഷ്യ തുടങ്ങിയ അറബ് ആഫ്രിക്കന്‍ രാജ്യക്കാരായ സുന്ദരന്മാരും സുന്ദരികളുമാണ്. അറബികളും ബ്രിട്ടീഷ്‌കാരും ആയിരിക്കണം ടൂറിസ്റ്റുകളില്‍ അധികപേരും. വേനല്‍കാല ടൂറിസ്റ്റ്‌ സമയങ്ങളില്‍ മാര്ബിയ ടൂറിസ്റ്റുകളെ കൊണ്ട് നിറയും. ഞാന്‍ എത്തിയ ഈ തണുപ്പുകാലത്ത് കൂടുതല്‍ ടൂറിസ്റ്റുകള്‍ ആരുമില്ല. കുറച്ചു പേരെ കണ്ടത് പോര്‍ട്ടോ ബനുസ്‌ എന്ന ആഡംബര ബോട്ടുകളുടെ നഗരിയിലാണ്. അവിടെ ഒരു ഹോട്ടലിനോളം വലിപ്പമുള്ള ബോട്ടുകള്‍ കണ്ടു മുതലാളി വായില്‍ വെള്ളമിറക്കി.