Saturday, January 22, 2011

അല്പം ഭൂമിശാസ്ത്രം-6

             യൂറോപ്പില്‍ പോകുന്നതിനു മുമ്പ് ഞാന്‍  കണ്ട ഏറ്റവും സുന്ദരമായ നാട് നമ്മുടെ കേരളം ആയിരുന്നു. എന്‍റെ യൂറോ‍പ്യന്‍ യാത്രകള്‍ക്ക് ശേഷവും ആ ധാരണയില്‍ മാറ്റമൊന്നുമുണ്ടായില്ല എന്നത് എന്നെ അഭിമാന പുളകിതനാക്കുന്നു. ഒരു നാട് മുഴുക്കെ ഇടതൂര്‍ന്നു നില്‍ക്കുന്ന കൃഷിഭൂമികളും,   തെങ്ങുകളും മരങ്ങളും കാടുകളും, അവയ്ക്കിടയിലൂടെ ശാന്തമായൊഴുകുന്ന അരുവികളും നല്‍കുന്ന  കാനനകാന്തി  "ദൈവത്തിന്റെ സ്വന്തം നാടിനു" മാത്രം സ്വന്തം.  ഫലദായകങ്ങളോ, മറ്റേതെങ്കിലും  നിലക്ക്  ഉപകാരപ്രദമോ ആയ ഹരിത സമ്പത്ത് മാത്രമേ നമുക്കുള്ളൂ എന്നത് ഈ നാടിന്‍റെ മാത്രം പ്രത്യേകതയാണ് എന്ന് തോന്നുന്നു.  അറബികളോട് കേരളം "ഖൈറുള്ള" ആണെന്ന് അഭിമാനപൂര്‍വ്വം നാം പരിചയപ്പെടുത്താറുള്ളത് എത്ര മാത്രം ശരിയാണ്. എങ്കിലും ഞാനൊരു "ഇബ്നു ബത്തൂത്ത" അല്ലാത്തത് കൊണ്ട് ആഫ്രിക്കയിലോ ഏഷ്യയിലോ ഞാന്‍ കാണാത്ത ഇത്രത്തോളം ഹരിതാഭമായ വല്ല നാടും ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ വായനക്കാര്‍ എന്നെ അറിയിക്കണേ...    

Monday, January 10, 2011

വികസിത രാജ്യം - 5

     ലോകരാജ്യങ്ങളെ വികസിതം, വികസ്വരം, അവികസിതം എന്നിങ്ങനെ  സവര്‍ണ്ണനും, അവര്‍ണ്ണനും  ആക്കുന്ന സ്കൂളിലെ ചരിത്ര ക്ലാസുകള്‍   കേട്ട് എന്നിലെ കുഞ്ഞു ദേശാഭിമാനി കലഹിച്ചത് ഓര്‍ക്കുകയാണ്. ഭാരതം ദരിദ്ര രാജ്യമാണെന്ന് ഉള്‍ക്കൊള്ളാനുള്ള വിശാലതയൊന്നും കണിശമായ ദേശഭക്തി മൂലം അന്നുണ്ടായിരുന്നില്ല. സ്പെയിന്‍, ഫ്രാന്സ്,  ഇറ്റലി   അടക്കമുള്ള പടിഞ്ഞാറന്‍ യൂറോപ്പ്  വികസിതമാണെന്നും,   റുമേനിയ, പോളണ്ട്, സെര്‍ബിയ തുടങ്ങിയ  കിഴക്കന്‍ യൂറോപ്പ് വികസ്വര രാജ്യങ്ങള്‍ ആണെന്നും വലുതായപ്പോള്‍ പഠിച്ചുവെങ്കിലും, അതൊക്കെ സ്വയം അനുഭവഭേദ്യമാവാനുള്ള ഒരവസരം ഇപ്പോള്‍ ഒത്തു വന്നിരിക്കയാണ്. ഏതൊരു സംരംഭവും വിജയകരമായി നടത്താന്‍ ആരുടെയും പിന്നിലല്ലാത്ത നാം, അഴകൊഴമ്പന്‍ വികസന രീതികളും അഴിമതിയും മൂലമാണ് പരാജയത്തിന്റെ കുണ്ടുകളില്‍ ചാടിക്കൊണ്ടിരിക്കുന്നത് എന്നത് ഒന്ന് കൂടി ബോധ്യമായി. വളരെ പരിമിതമായ വിഭവങ്ങളുമായി ബിസിനസ്‌ തുടങ്ങാന്‍ മിടുക്കരാണ് നാം എന്നത് ഒരു ഗള്‍ഫ്‌ യൂറോപ്യന്‍ അത്ഭുത പ്രതിഭാസമാണ്. ഇന്ത്യക്കാര്‍ കാലുകുത്തി മൂന്നാം  മാസം അഥവാ തൊണ്ണൂറു കഴിഞ്ഞാല്‍ ഒരു കുറി വെച്ചു പണം സ്വരൂപിച്ചു മുറുക്കാന്‍ കടയെങ്കിലും തുടങ്ങിയിരിക്കും എന്നതാണ് നമ്മെ പറ്റിയുള്ള യൂറോപ്യന്‍ ധാരണ.   നമ്മുടെ ഈ ബിസിനസ്‌ മനോഭാവത്തെ  കളിയാക്കുന്ന ഒരു തമാശ യുറോപ്പില്‍ പ്രചാരത്തിലുണ്ട്. ഫുട്ബോള്‍ ഗ്രൌണ്ടിലെ കോര്‍ണര്‍ കണ്ടാല്‍ അവിടെ വല്ല തട്ടുകടക്കും ചാന്‍സ് ഉണ്ടോന്നു നോക്കി നിന്ന് കളി മറന്നുപോവുന്നതാണ് ഇന്ത്യക്കാര്‍ ഫുട്ബാളില്‍ തോല്‍ക്കാന്‍ കാരണമത്രേ. ഇന്ത്യന്‍ ഭാഷകള്‍ ഒന്നും സംസാരിക്കാന്‍ അവസരം ലഭിക്കാതെ മാര്ബിയ ബീച്ചില്‍ ഇരിക്കുമ്പോള്‍ ഇന്ത്യക്കാരെന്ന് തോന്നിക്കുന്ന മൂന്നു പേരെ കണ്ടു ഞാന്‍ ഓടിപ്പോയി പരിചയപ്പെട്ടു. അവര്‍ ബംഗ്ലൂര്‍ക്കാര്‍,  മര്ബിയയില്‍  റസ്റ്റോറന്റ് നടത്തുന്നു.  കാര്യമായ ബിസിനസ്‌ ഒന്നുമില്ലാത്ത ഈ ടൂറിസ്റ്റ്‌ കേന്ദ്രത്തില്‍ നമ്മുടെ നാട്ടുകാരായി കണ്ടത് അവരെ മാത്രം. തലസ്ഥാനമായ മാഡ്രിഡിലും, വലിയ പട്ടണമായ ബാര്‍സിലോണയിലും മലയാളികള്‍ ഓരോ മുക്കിലും മൂലയിലും ഉണ്ടത്രേ. ഇവിടത്തെ പ്രവാസികള്‍ (ഫ്രാന്‍സിലെയും) പൊതുവേ അയല്‍നാട്ടുകാരായ മൊറോക്കോ, ടുണീഷ്യ തുടങ്ങിയ അറബ് ആഫ്രിക്കന്‍ രാജ്യക്കാരായ സുന്ദരന്മാരും സുന്ദരികളുമാണ്. അറബികളും ബ്രിട്ടീഷ്‌കാരും ആയിരിക്കണം ടൂറിസ്റ്റുകളില്‍ അധികപേരും. വേനല്‍കാല ടൂറിസ്റ്റ്‌ സമയങ്ങളില്‍ മാര്ബിയ ടൂറിസ്റ്റുകളെ കൊണ്ട് നിറയും. ഞാന്‍ എത്തിയ ഈ തണുപ്പുകാലത്ത് കൂടുതല്‍ ടൂറിസ്റ്റുകള്‍ ആരുമില്ല. കുറച്ചു പേരെ കണ്ടത് പോര്‍ട്ടോ ബനുസ്‌ എന്ന ആഡംബര ബോട്ടുകളുടെ നഗരിയിലാണ്. അവിടെ ഒരു ഹോട്ടലിനോളം വലിപ്പമുള്ള ബോട്ടുകള്‍ കണ്ടു മുതലാളി വായില്‍ വെള്ളമിറക്കി.