Monday, January 10, 2011

വികസിത രാജ്യം - 5

     ലോകരാജ്യങ്ങളെ വികസിതം, വികസ്വരം, അവികസിതം എന്നിങ്ങനെ  സവര്‍ണ്ണനും, അവര്‍ണ്ണനും  ആക്കുന്ന സ്കൂളിലെ ചരിത്ര ക്ലാസുകള്‍   കേട്ട് എന്നിലെ കുഞ്ഞു ദേശാഭിമാനി കലഹിച്ചത് ഓര്‍ക്കുകയാണ്. ഭാരതം ദരിദ്ര രാജ്യമാണെന്ന് ഉള്‍ക്കൊള്ളാനുള്ള വിശാലതയൊന്നും കണിശമായ ദേശഭക്തി മൂലം അന്നുണ്ടായിരുന്നില്ല. സ്പെയിന്‍, ഫ്രാന്സ്,  ഇറ്റലി   അടക്കമുള്ള പടിഞ്ഞാറന്‍ യൂറോപ്പ്  വികസിതമാണെന്നും,   റുമേനിയ, പോളണ്ട്, സെര്‍ബിയ തുടങ്ങിയ  കിഴക്കന്‍ യൂറോപ്പ് വികസ്വര രാജ്യങ്ങള്‍ ആണെന്നും വലുതായപ്പോള്‍ പഠിച്ചുവെങ്കിലും, അതൊക്കെ സ്വയം അനുഭവഭേദ്യമാവാനുള്ള ഒരവസരം ഇപ്പോള്‍ ഒത്തു വന്നിരിക്കയാണ്. ഏതൊരു സംരംഭവും വിജയകരമായി നടത്താന്‍ ആരുടെയും പിന്നിലല്ലാത്ത നാം, അഴകൊഴമ്പന്‍ വികസന രീതികളും അഴിമതിയും മൂലമാണ് പരാജയത്തിന്റെ കുണ്ടുകളില്‍ ചാടിക്കൊണ്ടിരിക്കുന്നത് എന്നത് ഒന്ന് കൂടി ബോധ്യമായി. വളരെ പരിമിതമായ വിഭവങ്ങളുമായി ബിസിനസ്‌ തുടങ്ങാന്‍ മിടുക്കരാണ് നാം എന്നത് ഒരു ഗള്‍ഫ്‌ യൂറോപ്യന്‍ അത്ഭുത പ്രതിഭാസമാണ്. ഇന്ത്യക്കാര്‍ കാലുകുത്തി മൂന്നാം  മാസം അഥവാ തൊണ്ണൂറു കഴിഞ്ഞാല്‍ ഒരു കുറി വെച്ചു പണം സ്വരൂപിച്ചു മുറുക്കാന്‍ കടയെങ്കിലും തുടങ്ങിയിരിക്കും എന്നതാണ് നമ്മെ പറ്റിയുള്ള യൂറോപ്യന്‍ ധാരണ.   നമ്മുടെ ഈ ബിസിനസ്‌ മനോഭാവത്തെ  കളിയാക്കുന്ന ഒരു തമാശ യുറോപ്പില്‍ പ്രചാരത്തിലുണ്ട്. ഫുട്ബോള്‍ ഗ്രൌണ്ടിലെ കോര്‍ണര്‍ കണ്ടാല്‍ അവിടെ വല്ല തട്ടുകടക്കും ചാന്‍സ് ഉണ്ടോന്നു നോക്കി നിന്ന് കളി മറന്നുപോവുന്നതാണ് ഇന്ത്യക്കാര്‍ ഫുട്ബാളില്‍ തോല്‍ക്കാന്‍ കാരണമത്രേ. ഇന്ത്യന്‍ ഭാഷകള്‍ ഒന്നും സംസാരിക്കാന്‍ അവസരം ലഭിക്കാതെ മാര്ബിയ ബീച്ചില്‍ ഇരിക്കുമ്പോള്‍ ഇന്ത്യക്കാരെന്ന് തോന്നിക്കുന്ന മൂന്നു പേരെ കണ്ടു ഞാന്‍ ഓടിപ്പോയി പരിചയപ്പെട്ടു. അവര്‍ ബംഗ്ലൂര്‍ക്കാര്‍,  മര്ബിയയില്‍  റസ്റ്റോറന്റ് നടത്തുന്നു.  കാര്യമായ ബിസിനസ്‌ ഒന്നുമില്ലാത്ത ഈ ടൂറിസ്റ്റ്‌ കേന്ദ്രത്തില്‍ നമ്മുടെ നാട്ടുകാരായി കണ്ടത് അവരെ മാത്രം. തലസ്ഥാനമായ മാഡ്രിഡിലും, വലിയ പട്ടണമായ ബാര്‍സിലോണയിലും മലയാളികള്‍ ഓരോ മുക്കിലും മൂലയിലും ഉണ്ടത്രേ. ഇവിടത്തെ പ്രവാസികള്‍ (ഫ്രാന്‍സിലെയും) പൊതുവേ അയല്‍നാട്ടുകാരായ മൊറോക്കോ, ടുണീഷ്യ തുടങ്ങിയ അറബ് ആഫ്രിക്കന്‍ രാജ്യക്കാരായ സുന്ദരന്മാരും സുന്ദരികളുമാണ്. അറബികളും ബ്രിട്ടീഷ്‌കാരും ആയിരിക്കണം ടൂറിസ്റ്റുകളില്‍ അധികപേരും. വേനല്‍കാല ടൂറിസ്റ്റ്‌ സമയങ്ങളില്‍ മാര്ബിയ ടൂറിസ്റ്റുകളെ കൊണ്ട് നിറയും. ഞാന്‍ എത്തിയ ഈ തണുപ്പുകാലത്ത് കൂടുതല്‍ ടൂറിസ്റ്റുകള്‍ ആരുമില്ല. കുറച്ചു പേരെ കണ്ടത് പോര്‍ട്ടോ ബനുസ്‌ എന്ന ആഡംബര ബോട്ടുകളുടെ നഗരിയിലാണ്. അവിടെ ഒരു ഹോട്ടലിനോളം വലിപ്പമുള്ള ബോട്ടുകള്‍ കണ്ടു മുതലാളി വായില്‍ വെള്ളമിറക്കി.


പണക്കാരന് കടലിലും ഒരു വീട്...

          
മാര്ബിയ ബീച്ചോ അതോ കോഴിക്കോട് കടപ്പുറമോ...? കോസ്റ്റബിയ കടപ്പുറം
                 എന്‍റെ കാല് നനച്ചേ അടങ്ങൂ-മുതലാളിയുടെ ക്രൂര വിനോദങ്ങള്‍ തുടരുന്നു.     
      
             വികസനത്തോടുള്ള നേരും നെറിയുമുള്ള കാഴ്ചപ്പാട് തന്നെയാണ് വികസിത രാജ്യത്തെ വ്യതിരിക്തമാക്കുന്ന മുഖ്യ ഘടകം. എന്തിനും ഒരു പ്ലാനിംഗ് വേണം എന്നതിനേക്കാള്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം എന്നതില്‍ ഒതുങ്ങി   പോവുന്നു നമ്മുടെ വികസന അജണ്ടകള്‍.  റോഡിനു  വേണ്ടി മാത്രമുള്ള സ്ഥലം  ഏറ്റെടുക്കുകയും   ഓവ് ചാലും ഫൂട്ട്പാതും, റോഡ്‌ വികസനവും നടത്താന്‍ കഴിയാതെ, എന്നാല്‍ വര്‍ഷാ വര്‍ഷം പുതിയ വണ്ടികള്‍ നിരത്തില്‍ ഇറക്കി  കുത്തി നിറക്കുകയും ചെയ്യുന്ന അവസ്ഥയും, അത്യന്താപേക്ഷിതമായ  എക്സ്പ്രസ്സ് വേക്കു നേരെ പോലും സമരം നടത്തേണ്ടി വരുന്നതും ഒക്കെ വികലമായ വികസന കാഴ്ച്ചപ്പാടിനുള്ള ശിക്ഷ തന്നെ.  എയര്‍പ്പോര്‍ട്ട് ഉണ്ടാക്കി പതിറ്റാണ്ടുകള്‍‍ക്കു ശേഷം വീണ്ടും മനുഷ്യനെ കുടിയൊഴിപ്പിക്കുന്ന  സങ്കുചിത വികസന കാഴ്ചപ്പാട് ഒന്നും അവിടെ ഇല്ല. ഒരു നൂറ്റാണ്ടിലെക്കുള്ള വികസനം മുന്നില്‍ കണ്ടു കൊണ്ടാണ് അവിടെ കാര്യങ്ങള്‍  പ്ലാന്‍ ചെയ്യുന്നത് എന്ന് മുതലാളി പറഞ്ഞത് ഓര്‍ക്കുകയാണ്.  മാര്ബിയ എന്ന മനോഹര പട്ടണം നിര്‍മിച്ച മേയര്‍,  അതിലെ റോഡുകളും, നടപ്പാതകളും,  ഉദ്യാനവും, കടല്‍ തീരവും, അതിനോട് ചേര്‍ന്ന്  സൗജന്യ  വ്യായാമത്തിനുള്ള  സജ്ജീകരണങ്ങളും  ഒരുക്കിയത് ആ നാടിന്‍റെ മുഴുവന്‍ നാഡിമിടിപ്പും അറിഞ്ഞു കൊണ്ടുള്ള ഒരു മാസ്റര്‍ പ്ലാന്‍ ഉണ്ടാക്കികൊണ്ടായിരിക്കണം. റോഡിന്‍റെ  തുല്യ പ്രാധാന്യത്തോടെ   ഉണ്ടാക്കിയ നടപ്പാതകളും, റോഡിലൂടെ ക്രോസ്  ചെയ്യാനുള്ള സീബ്ര ലൈനില്‍ ട്രാഫിക്‌ ലൈറ്റുകള്‍ സ്ഥാപിച്ചതും അവിടെ കാല്‍നടക്കാരുടെ പറുദീസയാക്കിയിട്ടുണ്ട് . ഞങ്ങളുടെ മാര്ബിയ പട്ടണത്തിലെ എല്ലാ ഔദ്യോഗിക യാത്രകളും കാല്‍വണ്ടിയിലായിരുന്നു.  പ്രണബ് മുഖര്‍ജിയെ പോലെ സദാ പൈപ്പ് വലിച്ചു കൊണ്ടിരിക്കുന്ന മുതലാളി, നാലിലധികം മൊബൈല്‍ ഫോണുകളും അത്രയും എണ്ണം പൈപ്പുകളും സദാസമയം ഒരു പ്ലാസ്റ്റിക്‌ ബാഗില്‍ കൊണ്ട് നടക്കുകയും‍, അബ്ദുള്ള തന്‍റെ രണ്ടു മൊബൈലുകളും സിഗരട്ടുകളും കൊണ്ട് അതിനോട് സാമ്യമുള്ള കീസുമായി കൂടെ കൂടുകയും ചെയ്തപ്പോള്‍ അവര്‍ തമ്മില്‍ ഒരു കന്നാസും കടലാസും തമ്മിലുള്ള സാമ്യത ഞാന്‍ ദര്‍ശിച്ചു. എല്ലാ രേഖകളും പൈസയും  എപ്പോഴും എന്‍റെ കൂടെ ആയിരുന്നു എന്നതിനാല്‍ അവര്‍ എപ്പോഴും യാത്രകള്‍ ആസ്വദിച്ച് നടന്നു...

ഫോട്ടോക്ക് പോസ് ചെയ്യാനൊന്നും സമയമില്ല...മീറ്റിംഗ് തുടങ്ങാറായി!

    മാര്ബിയ എന്ന ടൂറിസ്റ്റു കേന്ദ്രത്തിന്റെ മനോഹാരിതക്കുള്ള അവാര്‍ഡ്‌  അതിനെ സംവിധാനിച്ചവര്‍ക്ക് ചാര്‍ത്തികൊടുക്കണം.  പ്രകൃതിയുടെ കരവിരുതിനെ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനത്തില്‍ പണം ഉണ്ടാക്കാന്‍ ഉള്ള കണ്ടല്‍ പാര്കുകള്‍ക്ക് സ്ഥാനമില്ല. കൃത്യമായി മണല്‍ പരിശോധന നടത്തി പരിചരിക്കപ്പെടുന്ന മനോഹരമായ കടല്‍ തീരം; നഗര ഹൃദയത്തെയും ബീച്ചിനെയും കോര്‍ത്തിണക്കി കൊണ്ട് വിശാലമായി  പരന്നു കിടക്കുന്ന  ഉദ്യാനത്തിനു നടുവിലൂടെ മാര്‍ബിള്‍ പതിച്ച രാജപാത.;   ഓടാനും, നടക്കാനും തോന്നിപ്പോകുന്ന പാതയോരങ്ങള്‍ക്ക് പുറമേ, വ്യായാമങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സൌകര്യങ്ങള്‍. ഇതൊക്കെ ചെയ്തു കൂട്ടിയ മേയര്‍ അഴിമതിയില്‍ പെട്ടപ്പോള്‍ അകത്തായതും ശ്രദ്ധേയമാണ്. ഉദ്യാനത്തിലേക്ക് വെയില് കായാന്‍ വരുന്ന വൃദ്ധ ദമ്പതികള്‍, തനിക്ക് തുണ തന്‍റെ ഇണ  മാത്രം എന്നതിന്റെ സൂചനയുമായി, മക്കള്‍ക്ക്‌ പകരം ഊന്നുവടികളില്‍  പരസ്പരം താങ്ങായി തുണയായി ഒന്നിച്ചു  വരുന്നത് ഒരു പുതിയ അനുഭവമായിരുന്നു. നമ്മുടെ നാട്ടില്‍  വീടിന്‍റെ ഏതെങ്കിലും ഒരു മൂലയില്‍ അവഗണയുടെ മൌന നൊമ്പരം പേറി  വൃദ്ധ  മാതാപിതാക്കള്‍ മരണം കാത്തു കിടക്കുമ്പോള്‍, അവരെക്കാള്‍ പ്രായം വരുന്ന മുത്തശ്ശനും മുത്തശ്ശിയും കീഴടങ്ങാന്‍ തെയ്യാറാവാതെ ജീവിച്ചു നോക്കുവാന്‍ യത്നിക്കുന്നുപാര്‍ക്കിലെ ഫോണ്ടൈനും, അവിടെ ഫോട്ടോ എടുക്കാനും ഇരിക്കാനുമായി വന്നവരും, കുളിരുള്ള  പ്രഭാതത്തിലെ മഞ്ഞണിഞ്ഞ മരങ്ങളും  നല്ല ദൃശ്യ   വിരുന്നൊരുക്കി. (ഫോട്ടോകള്‍  മറ്റു ഭാഗങ്ങളില്‍ നല്‍കിയിട്ടുണ്ട്-പലതും നഷ്ട്ടപെട്ടു)

നഗര മധ്യത്തിലെ ഉദ്യാനം...

            സ്വതവേ അബല, പിന്നെ ഗര്‍ഭിണിയും...മര്ബിയ റോഡിനു നടുവില്‍      

 
മാര്ബിയയിലെ ഈ മുസ്ലിം പള്ളി ഫഹദ് രാജാവ്‌ പണി കഴിച്ചതാണ്


         സൗദിയില്‍ ജനിച്ച എന്‍റെ മകള്‍ ഹാദി പറയാറുണ്ട്‌, ചളിപിളിയായ നാട്ടിലേക്കു അവള്‍   വരുന്നില്ല എന്ന്.  യൂറോപ്പില്‍ കണ്ടനുഭവിച്ച  ശുചിത്വ ബോധത്തേ പറ്റി വല്ലതും  പറയാതെ ഈ യാത്രാവിവരണം പൂര്‍ണമാവില്ല. റോഡുകള്‍, നടപ്പാതകള്‍, പാര്‍ക്കുകള്‍ എല്ലാം ഒരു വീടിനകത്തെന്ന പോലെ  പൊടിയും ചളിയും ഏല്‍ക്കാതെ വൃത്തിയില്‍ഓറഞ്ചു മരങ്ങളുടെയും  ചെടികളുടെയും  ഇടയില്‍ ഫോട്ടോഷോപ്പില്‍  വരച്ച ചിത്രം കണക്കെ മനോഹരമാക്കി നിര്‍ത്തിയിരിക്കുന്നു. ഓറഞ്ചു ചെടികള്‍ കായ്ച്ചു, പഴുത്ത ഒരഞ്ചുകളുടെ ഭാരം താങ്ങാനാവാതെ ശിരസ്സ് കുനിച്ചു നിന്നിട്ടും ആരും അത് കണ്ട ഭാവം പോലും നടിക്കുന്നില്ല. സ്കൂളില്‍ നിന്നും  പഠിപ്പിച്ചു തുടങ്ങുന്ന ശുചിത്വാവബോധം   വഴിയോരങ്ങളില്‍ സ്ഥാപിച്ച ചവറ്റു കോട്ടകളില്‍ മാത്രം ചപ്പു ചവറുകള്‍ നിക്ഷേപിക്കുവാന്‍, തുപ്പാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഇന്ത്യക്കാര് പോലും അവിടെ ഇങ്ങനെയാണ് പെരുമാറുന്നത്.  വാഹന യാത്രയേക്കാള്‍ നടത്തത്തിനു മുന്‍‌തൂക്കം നല്‍കുന്ന അവര്‍, വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കൃത്യമായ നിയമങ്ങള്‍ പാലിക്കുന്നു. ക്യാമറ കണ്ണുകള്‍ ആണ് റോഡുകളില്‍ എവിടെയും. നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കേണ്ടിടത്ത് 120ല്‍  ഓടിച്ചതിനു മുതലാളി രണ്ടു തവണ 100 യൂറോ അവാര്‍ഡിനര്‍ഹനായി. ബസുകള്ക്ക് നിര്‍ത്താന്‍ മെയിന്‍ റോഡില്‍ നിന്നും ഉള്ളിലേക്കായി സംവിധാനം ഉണ്ടാക്കിയിരിക്കുന്നു. മത്സരയോട്ടമില്ല.    ഓവുചാലുകളിള്‍  കൂടി ശുദ്ധജലമെന്നു തോന്നിപ്പിക്കുന്ന മലിനജലം കടലിലേക്ക്‌ തള്ളപ്പെടുന്ന അവസ്ഥയില്‍ നിന്നുംകടല്‍ വെള്ളം  പോലും  വിഷമയമാക്കുന്ന   മലിന ജലത്തിലേക്കുള്ള  ദൂരമാണ് സ്കൂളില്‍ പഠിച്ച വികസ്വരതയും വികസിതവും തമ്മിലുള്ള ദൂരം എന്ന്നു എനിക്ക് മനസ്സിലായി.  ഇവിടെ എന്‍റെ സങ്കല്‍പ്പത്തിലെ മലിന ജലം കാണുന്നേയില്ല. അടുത്തു പോയി കാലിട്ട് നോക്കിയിട്ടും , അഴുക്കു വെള്ളം എന്ന് പറഞ്ഞ് തന്നത് കൊണ്ട് മാത്രം അറിഞ്ഞതാണ്.  ദിവസങ്ങള്‍ക്കു ശേഷം സൗദിയില്‍ എത്തുന്നത് വരെ റോഡില്‍ നിന്നും ഒരു അഴുക്കു പോലും എന്‍റെ ഷൂവില്‍ പുരളാതെ ഞാന്‍ തിരിച്ചെത്തി.   അബ്ദുള്ള നാലു മാസം മുമ്പ് ജിദ്ദയില്‍ വന്നപ്പോള്‍  പറഞ്ഞത്,  ലണ്ടന്‍  തെരുവുകളില്‍   പൊടിപോലും ഉണ്ടാവില്ല കണ്ടുപിടിക്കാന്‍ എന്നാണ്.

കോസ്റ്റബിയ കടപ്പുറത്തെ സഹദേവന്റെ വില്ല- ഒരു മില്യണ്‍ യൂറോ


മാര്ബിയയുടെ ഏതോ ഒരു തെരുവിലൂടെയുള്ള രാത്രി നടത്തം- മുതലാളി മുന്നില്‍  
   
 
      ഇനിയും  എഴുതാന്‍ ഉണ്ടെങ്കിലും,  ഇറ്റലി മുഴുവനായും ബാക്കിയാണെങ്കിലും , തിരക്ക് മൂലം തുടര്‍ച്ചയായി പോസ്റ്റിടാന്‍ കഴിയാത്തതിനാല്‍, വിചാരിച്ച പോലെ എഴുതാന്‍ പറ്റാത്തതിനാല്‍, ഇതിങ്ങനെ  നീട്ടികൊണ്ട് പോവാന്‍ ആഗ്രഹിക്കുന്നില്ല.......നിങ്ങള്‍ക്കും ബോറടിച്ചു തുടങ്ങിയിരിക്കും...എന്താ നിര്‍ത്താമല്ലേ  ...?

56 comments:

 1. സലീമേട്ടോ ...പോസ്റ്റും ചിത്രങ്ങളും കലക്കി...ഇന്ത്യാക്കാരുടെ കച്ചവട മനോഭാവം നോർത്തികളേക്കുറിച്ചാണ് പറയുന്നത്..മിഡിലീസ്റ്റ് വാഴുന്ന സിന്ധിഫാമിലികൾ ഇന്ത്യയൊട്ടാകെ വാങ്ങാനുള്ള പണം കിടയ്ക്കക്കടിയിൽ സൂക്ഷിക്കുന്നവർ,,,സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനിൽ നിന്നും എല്ലാമുപേക്ഷിച്ച് ഓടിവന്നവർ...ഈ ഹീരാ ഗ്രൂപ്പ് ഒക്കെ ഇവരാണ്...

  ReplyDelete
 2. യാത്ര വിവരണങ്ങള്‍ വായിക്കാന്‍ എനിക്ക് ബോറടി തോന്നാറില്ല. അതുകൊണ്ട് തന്നെ തുടരണം എന്ന് ആവിശ്യപ്പെടുകയല്ല. ആജ്ഞാപ്പിക്കുന്നു.
  ഇതും നന്നായി. ആശംസകള്‍

  ReplyDelete
 3. നല്ല മൂഡ്‌ ഉള്ളപ്പോള്‍ എഴുതാന്‍ ഇരുന്നാല്‍ മതി ...ഞാന്‍ ഇന്ന് രാവിലെ ആലോജിചിരുന്ന്നു ..സലീമ്ക്ക എന്താ പുതിയ പോസ്റ്റ്‌ ഒന്നും ഇടാത്തത് എന്ന് ....

  ചെറുവാടി പറഞ്ഞത് അനുസരിക്കുക ..ഇല്ലെങ്കില്‍ ഞങ്ങള്‍ ചെറുവാടി ഫാന്‍സ്‌ ഇടപെടും .പറഞ്ഞില്ലാ എന്ന് വേണ്ടാ ....

  അപ്പൊ അടുത്ത പോസ്റ്റ്‌ ഇന്ന് തന്നെ എഴുതി തുടങ്ങുക ...!!

  ReplyDelete
 4. തള്ളെ കലിപ്പുകള്‍ തന്നെ

  ReplyDelete
 5. നിരുതണ്ട .... തുടര്‍ന്നും എഴുതു

  ReplyDelete
 6. പോസ്റ്റും ചിത്രങ്ങളും കലക്കി . തുടര്‍ന്നോളൂ
  എല്ലാ ആശംസകളും .എഴുത്തിനും യാത്രക്കും

  ReplyDelete
 7. സലിം ഭായി,
  നല്ല വിജ്ഞാന പ്രദമായിരുന്നു ഇപ്പ്രാവശ്യത്തെ പോസ്റ്റ്.ഇനിയും എഴുതണമെന്നു തന്നെയാണ് എന്റെയും അപേക്ഷ.ഒട്ടും ബോറടി തോന്നാതെ വായിക്കാന്‍ കഴിയുന്ന എഴുത്താണ് താങ്കളുടെത്..താഴത്തെ മലയാളം ടൈപ്പ് കമെന്റ് ചെയ്യാന്‍ പറ്റുന്നില്ലല്ലോ...ഇത് 'നൗഷാദ് വടക്കേലില്‍' നിന്നും അടിച്ചു മാറ്റിയ വിദ്യ അല്ലേ..?

  ReplyDelete
 8. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു ...

  ReplyDelete
 9. നന്നായി . ഇനിയും പ്രതീക്ഷിക്കാമല്ലോ

  ReplyDelete
 10. സലീംക്ക..ഇങ്ങളെന്താണീ പറയണത്...?
  എഴുത്ത് നിര്‍ത്തേ...?അടി...ആ...
  ഇത്രയും നല്ല യാത്ര വിവരണം ഞാന്‍ വളരെ അപൂര്‍വ്വമായേ വായിച്ചിട്ടുള്ളൂ...
  അതുകൊണ്ട് തുടര്‍ന്നെഴുതണമെന്നാണെന്റെ അഭിപ്രായം...

  ReplyDelete
 11. എന്താ പോസ്റ്റ്‌ കാണാത്തത് എന്ന് ഓര്‍ക്കുകയായിരുന്നു. ഏതായാലും വന്നല്ലോ.
  ഇത്തവണത്തെ ഫോട്ടോസ് ഏറെ മികച്ചു നില്‍ക്കുന്നു. പോസ്റ്റ്‌ പതിവുപോലെ വായനസുഖവും വിജ്ഞാനവും.
  ഇനിയും തുടരാതിരിക്കുന്നത് വായനക്കരോടുള്ള ചതിയായിരിക്കും. അതിനാല്‍ തുടരുക

  ReplyDelete
 12. നിര്‍ത്തണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല..
  അല്പം വയ്കിയാലും തുടരുന്നതല്ലേ നല്ലത്.
  ഞാനിനി നിര്‍ത്താന്‍ പോകാണ്..
  അടുത്ത പോസ്റ്റില്‍ നിറുത്തണം..
  കടലാസും കന്നാസും മനസ്സിലൂടെ ഒന്നോടിപ്പോയിട്ടോ..

  ReplyDelete
 13. അവിടെ ഒരു ഹോട്ടലിനോളം വലിപ്പമുള്ള ബോട്ടുകള്‍ കണ്ടു മുതലാളി വായില്‍ വെള്ളമിറക്കി.

  അടിപൊളി പ്രയോഗം... വിദേശ രാജ്യത്ത് ഇതുവരെ പോയിട്ടില്ലാത്ത എനിക്ക് ഒത്തിരി കാര്യങ്ങള്‍ അറിയാനും ഒരുപാട് സ്ഥലങ്ങള്‍ കാണാനും താങ്കളുടെ പോസ്റ്റ്‌ ഉപകരിച്ചു. പുതിയ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.

  ReplyDelete
 14. “വികസനത്തോടുള്ള നേരും നെറിയുമുള്ള കാഴ്ചപ്പാട് തന്നെയാണ് വികസിത രാജ്യത്തെ വ്യതിരിക്തമാക്കുന്ന മുഖ്യ ഘടകം. എന്തിനും ഒരു പ്ലാനിംഗ് വേണം എന്നതിനേക്കാള്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം എന്നതില്‍ ഒതുങ്ങി പോവുന്നു നമ്മുടെ വികസന അജണ്ടകള്‍“ You Said It.

  ReplyDelete
 15. നിര്‍ത്തരുതു സര്‍,
  ഒരു പക്ഷെ അടുത്ത വര്‍ഷത്തെ കേരള സാഹിത്യ അക്കഡമി സഞ്ചാര സാഹിത്യ അവാര്‍ഡ് താങ്കളെ തേടി വന്നേക്കാം!

  ReplyDelete
 16. ബോസ്സ് എന്നെ യുറോപ്പിലേക്ക് വിടില്ലെന്ന് സലിം ഭായ് തന്നെ പറഞ്ഞതാ. അപ്പൊ ഞാന്‍ ഐക്കരപ്പടി വഴി യുരോപ്പോക്കെ ഒന്ന് കാണട്ടെന്ന് .. ഇങ്ങളിത്ര ബേഗം നിര്‍ത്തല്ലേപ്പാ

  ReplyDelete
 17. വായനയോടൊപ്പം അറിവുകൂടി പകര്‍ന്നു നല്‍കുന്ന ഇത്തരം പോസ്റ്റുകള്‍ തുടരട്ടെ.. വിവരണവും, ഫോട്ടോസും വീണ്ടും അടിപൊളി തന്നെ..

  ReplyDelete
 18. എന്തിനും ഒരു പ്ലാനിംഗ് വേണം എന്നതിനേക്കാള്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം എന്നതില്‍ ഒതുങ്ങി പോവുന്നു നമ്മുടെ വികസന അജണ്ടകള്‍.....സത്യം!!!

  ReplyDelete
 19. ബോറടി ഒന്നും ഇല്ല സലിം ഭായ്. യാത്രാവിവരണം തുടരുക

  ReplyDelete
 20. യാത്രാ വിവരണം മനോഹരമായി ഇനിയും തുടരുക എല്ലാവിധ ഭാവുകങ്ങളും

  ReplyDelete
 21. ബോറടി ഭയന്ന് നിര്‍ത്താമെന്ന് ആത്മാര്‍ത്ഥമായി പറഞ്ഞിട്ടും എന്നെ സ്നേഹപുരസ്സം തുടരാന്‍ ആജ്ഞാപിക്കുന്ന എന്റെ സുഹൃത്തുക്കളോട് ഞാനെങ്ങനെ എതിര്‍ത്തു പറയും...ഞാന്‍ തുടരുക തന്നെ ചെയ്യും..
  @Pony Boy, ഉല്‍ഘാടനത്തിനു നന്ദി. സിന്ധികള്‍ ഉള്ളത് ശരി തന്നെ; പക്ഷെ എവിടെ ഒരു കോര്‍ണര്‍ കിട്ടിയാലും ബകാലയും ബൂഫിയയും ഇടുന്ന നമ്മുടെ നാട്ടുകാരും ഉണ്ടല്ലോ അല്ലെ...?
  @ചെറുവാടിയുടെ ആഞ്ജ അനുസരിക്കുന്നു. ഇനി നിര്‍ത്തണമെങ്കിലും ആഞ്ജാപിക്കേണ്ടി വരും...!
  @faisu madeena, ഉവ്വ ഉവ്വ ..ഗുണ്ടായിസം ഒന്നും എന്റെടുത്തു നടക്കില്ല മോനെ..ചെറുവാടി നമ്മുടെ കൂടി ആളാ...
  @ഒഴാക്കന്‍, എന്താ തള്ളെ ഇത്..?
  @shajimon, ഇനി നിര്‍ത്തില്ല..!
  @ismail chemmad, വായനക്ക് നന്ദി.
  @ummu jazmine, അടിച്ചു മാറ്റിയത് കൊണ്ടാവും തുറക്കാന്‍ പറ്റാത്തത്. പക്ഷെ നൌഷാദ് ചെക്ക്‌ ചെയ്തപ്പോ ഓക്കേ ആണത്രേ..ബോറടിപ്പിച്ചു എഴുത്തിയിട്ടും ഇങ്ങനെ പറഞ്ഞാല്‍ എന്താ പറയാ..ഈ പ്രോല്സാഹനത്തിനു നന്ദി.
  @Sameer Thikkodi, വായനക്ക് നന്ദി.
  @ka, പ്രതീക്ഷിക്കാം, നന്ദി.
  @റിയാസ് (മിഴിനീര്‍ത്തുള്ളി),എന്നെ ഇങ്ങനെ ഭീഷണി പെടുത്തിയാല്‍ ഞാന്‍ മലയാളം ബ്ലോഗേഴ്സ് പ്രസിഡനടും ഇറാഖ് റസിഡന്റ്മായ ആചാര്യന് പരാതി കൊടുത്തു റിയാസിനെയും ആ മദീനക്കാരനെയും ഗ്രൂപ്പില്‍ നിന്നും പുറത്താക്കിക്കും...
  പിന്നെ,ഈ പ്രോത്സാഹനം തുടര്‍ന്നും തരണെ.. നന്ദി..
  @salam pottengal, you too Brutus..? ബ്രുട്ടസ് എങ്കിലും സീസറുടെ കൂടെ ഉണ്ടാവും എന്ന് നിനച്ചിരുന്നു. ചതിയയിപ്പൊയി..തുടരാം..
  @~ex-pravasini*, അതവിടെ കുളത്തീ പറഞ്ഞാല്‍ മതി. കുളം കഥ നിര്‍ത്തിയാല്‍ ഞാന്‍ ഇതും നിര്‍ത്തും..അമ്ബടീ അത്രക്കായോ..ഫൈസൂ, റിയാസ് എന്നീ ഗുണ്ടകള്‍ എന്റെ കയ്യിലുണ്ട്...അടി..ആ..
  @niyas, മാപ്പിള തെയ്യം എത്തിയോ..ഞാനിനി താത്ത തെയ്യം കൂടി കളിച്ചിട്ടെ നിര്‍ത്തൂ നിയാസ്..നന്ദി..

  ReplyDelete
 22. @Prinsad, നീയും അത് പറഞ്ഞു.
  @ഉസ്മാന്‍ ഇരിങ്ങാട്ടിരി,കേരള സാഹിത്യ അക്കഡമി സഞ്ചാര സാഹിത്യ അവാര്‍ഡ്...അങ്ങനെയൊന്നുണ്ടോ..വെറുതെ മനുഷ്യനെ പറഞ്ഞു പാറ്റിക്കാല്ലേ....നിങ്ങള്‍ തരുന്ന ഈ അവാര്‍ഡ്‌ തന്നെ വലിയ അവാര്‍ഡ്‌..നന്ദി.
  @കിരണ്‍, സ്ത്രീ സീരിയല്‍ പോലെ ഇത് തുടരണം അല്ലെ...എന്നെ നിങ്ങള്‍ എല്ലാവരും കൂടി ഒരു സഞ്ചാര സാഹിത്യകാരന്‍ ആക്കുന്ന മട്ടുണ്ട്...
  @elayoden, അതെ, ഇത്തവണ നര്‍മ്മത്തെക്കള്‍ അറിവിനാണ് ഊന്നല്‍ കൊടുത്തത്...നന്ദി.
  @zephyr zia, അതെ, പ്ലാനിംഗ് തന്നെ പ്രധാനം...നമുക്കില്ലാതെ പോയതും അത് തന്നെ.നന്ദി കേട്ടോ.
  @അസീസ്‌, ബോറടിയൊക്കെ വരാന്‍ പോണേ ഉള്ളൂ..ഹാ ഹാ ഹാ.
  @ചാക്യാര്‍ക്ക് സ്വാഗതം...ഇനിയും വരുമല്ലോ...നന്ദി.

  ReplyDelete
 23. "സൗദിയില്‍ ജനിച്ച എന്‍റെ മകള്‍ ഹാദി പറയാറുണ്ട്‌, ചളിപിളിയായ നാട്ടിലേക്കു അവള്‍ വരുന്നില്ല എന്ന്". സുഹൃത്തെ, താങ്കളുടെ മകളോട് പറയണം അവളുടെ പിതാവ് ജനിച്ച് വളര്‍ന്നത് ആ ചളിപിളിയായ നാട്ടിലാണെന്ന്. ഏതോ ഒരു സുപ്രഭാതത്തില്‍ തലവരയുടെ ഗുണം കൊണ്ട് മറുനാട്ടിലെത്തി അവിടത്തെ വര്‍ണ്ണപകിട്ടില്‍ മതിമറന്ന് ജനിച്ച നാടിനെ തള്ളി പറയുന്ന താങ്കളെപോലുള്ളവരെ എന്താ പറയാ.??!! ഒരു പക്ഷെ താങ്കള്‍ ഒരു ശരാശരിയോ അതില്‍ താഴെയൊ ഉള്ള പ്രവാസിയായിരുന്നു എങ്കില്‍ താങ്കളുടെ മകളെകൊണ്ട് ഇങ്ങിനെ പറയിക്കില്ലായിരുന്നു. ജീവിതത്തിന്റെ എല്ലാ സുഖസൌകര്യങ്ങളും അനുഭവിച്ച് അറമാദിക്കുന്ന താങ്കളെപോലുള്ളവര്‍ "സാധാ" പ്രവാസികളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയാലേ അത്ഭുതമുള്ളൂ.

  ReplyDelete
 24. @ഫിയൊനിക്സ്, വിമര്‍ശകരെ എനിക്കിഷ്ട്ടമാണ്. അതിനാല്‍ 'മുഖത്ത്' നോക്കി കാര്യം പറഞ്ഞ താങ്കളെ അഭിനന്ദിക്കുന്നു. വല്ലപ്പോഴും വരുന്ന വിമര്‍ശകര്‍ എനിക്ക് ശരിയായ ദിശ കാണിച്ചു തരാരുണ്ട്.
  പക്ഷെ, താങ്കളുടെ വാക്കുകളിലെ അസഹിഷ്ണുതക്ക് മാത്രം എന്ത് അപരാധമാണ് ഞാന്‍ പറഞ്ഞത് എന്ന് മനസ്സിലാവുന്നില്ല. വൃത്തിയായിരിക്കുക എന്ന ഒരു നല്ല മാനുഷിക ഗുണം അവതരിപ്പിക്കാന്‍ വേണ്ടി എന്റെ കുഞ്ഞു മകളെ ഉദ്ധരിച്ച് എന്നേയുള്ളൂ...പിറന്ന നാടിനെ സ്നേഹിക്കുന്നത് കൊണ്ടാണ് അവിടത്തെ നന്മയെ വാഴ്ത്തുന്നതും അരുതായ്മകളെ വിമര്ശിക്കുന്നതും. അത് നാടിനോടു ചെയ്യുന്ന അപരാധമായി താങ്കള്‍ ധരിച്ചുവശായിരിക്കുന്നു. ജനിച്ച നാടിനെ തള്ളിപ്പറയുന്ന ആളാണെങ്കില്‍ "ഐക്കരപ്പടി" എന്ന് ബ്ലോഗിന് പെരിടാതെ "ജിദ്ദ" എന്നിടുമായിരുന്നു. പ്രവാസത്തിന്റെ എല്ലാ ഒറ്റപ്പെടലും തീഷ്ണതയും അനുഭവിചു ഇന്നും ഒരു ശരാശരിയില്‍ പോവുന്ന ആളാണ് ഞാന്‍. താങ്കളുടെ എഴുത്തില്‍ മുഴച്ചു നില്‍ക്കുന്ന അസഹിഷ്ണുത എന്തിനാണെന്ന് മനസ്സിലാവുന്നില്ല....

  ReplyDelete
 25. താങ്കളുടെ മകള്‍ നാടിനെ ചളിപിളിയായി കാണാന്‍ കാരണം ആ കുട്ടി ജിദ്ദയില്‍ ജനിച്ചുകൊണ്ടായിരിക്കാം. പിന്നെ നാട്ടിലാണ്‌ ആ കുട്ടി ജനിച്ചിരുന്നത് എങ്കില്‍ ഒരുപക്ഷെ ആ ചളിപിളിയില്‍ കളിച്ച് ആര്‍ത്തുല്ലസിക്കുന്നത് കണ്ട് താങ്കളും സന്തോഷവാനാകുമായിരുന്നു. നമ്മുടെ സ്വന്തം നാടും മണ്ണും കുടുംബവുമെല്ലാം മറന്ന് അവയെ കുറ്റപ്പെടുത്തുന്നു എന്ന് തോന്നിയതുകൊണ്ടാണ്‌ ഞാന്‍ അങ്ങിനെ പറഞ്ഞത്. ഒരു പക്ഷെ ചളിപിളി കൂടുതലുള്ള മഴക്കാലത്ത് ആ കുട്ടിയെ ഏതാനും ദിവസം നാട്ടില്‍ കൊണ്ട്പോയി നോക്ക്, ഒരു പക്ഷെ അവള്‍ പറയും ഇനി ആ മണല്‍ കാട്ടിലേക്ക് ഞാനില്ല ബാപ്പാ എന്ന്. പിന്നെ നാടിനോടുള്ള സ്നേഹം ബ്ലോഗിന്റെ പേരില്‍ പ്രതിഫലിപ്പിക്കുന്നതില്‍ സന്തോഷം. പിന്നെ എന്റെ എഴുത്തിലെ ഭാഷ അസഹിഷ്ണുതയായി ഫീല്‍ ചെയ്തതില്‍ എനിക്കൊന്നും ചെയ്യാനില്ല. താങ്കളുടെ മറുപടി കമന്റിന്റെ യഅം പറഞ്ഞപോലെ "മുഖത്ത് നോക്കി" ഉള്ള കാര്യം പറയുമ്പോള്‍ അത് അസഹിഷ്ണുതയായി തോന്നുക സ്വാഭാവികം.

  ReplyDelete
 26. ഞങ്ങള്‍ കാണാത്ത സ്ഥലങ്ങള്‍ കാനിപ്പിക്കുകയും ..വിവരിച്ചു ഞങ്ങള്‍ക്ക് എഴുതി തരികയും ചെയ്തിട്ട്..ടയര്‍ പഞ്ചര്‍ ആയോ ..എങ്കില്‍ പുതിയ ടയരിട്ടു..യാത്ര തുടരട്ടെ..
  ശെരിയാണ് ..നമ്മുടെ നാട് ഇപ്പോഴും ഉഗാണ്ടയിലെ വളര്‍ച്ചയാണ്...എന്ന് പറഞ്ഞാല്‍ പോരാ ഉഗാന്ടയും വളരുന്നു നമ്മെക്കാള്‍ മുമ്പില്‍ ..എന്താ ചെയ്ക..

  ReplyDelete
 27. വളരെ മനോഘരമായ യാത്ര നുബ്വം ഒപ്പം ദേശ സ്നേഹത്തിന്റെ വിമര്സനവും കൊള്ളം

  ReplyDelete
 28. @iylaserikkaran, ദേശ സ്നേഹം ആരുടെയും കുത്തകയൊന്നുമല്ലല്ലോ കൊമ്പാ...നമ്മളുടെയും ഹൃദയവും നാടിനു വേണ്ടി തുടിക്കുന്നില്ലേ..അത് കൊണ്ടാ അങ്ങിനെ പറഞ്ഞത്..നന്ദി.

  @ആചാര്യന്, ഉഗാണ്ടയെ (പോളണ്ടിനെ) കുറിച്ച് ഇനിയൊരക്ഷരം മിണ്ടിപ്പോവരുത്...ടയര്‍ പന്ചറാ, ഇനി ഒരാഴ്ച കട്ടപ്പുറത്ത് കിടക്കും..

  ReplyDelete
 29. എന്റെ സലീം ഭയ് നമ്മള്‍ പത്ത് കിട്ടിയാല്‍ പത്ത് കൂടി കട്ടെടുത്ത് സിസ് ബാങ്കില്‍ ഇടുകയല്ലെ.
  ഇന്ത്യ യെ മൊത്തമായി വാങ്ങാനുല്ല കാശ് നമ്മുടെ ലെവന്മാരുടേതായി അവിടുങ്ങ് എന്നാണു വാര്‍ത്ത

  യാത്രാ വിവരണം മുഴുവന്‍ എഴുതുമല്ലൊ.

  ReplyDelete
 30. എന്തിനും ഒരു പ്ലാനിംഗ് വേണം എന്നതിനേക്കാള്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം എന്നതില്‍ ഒതുങ്ങി പോവുന്നു നമ്മുടെ വികസന അജണ്ടകൾ... ഹി ഹി!!

  അയ്യൊ!! കഴിഞ്ഞ കമന്റിൽ ഒരാവേശത്തിനു കേറി പറഞ്ഞു എന്ന് കരുതി ദാ കുറേ ഫോട്ടംസ് ഇട്ടിരിക്കുന്നു. മരം ചാരി നിക്കുന്നത്, റോഡ് മുറിച്ച് കടക്കുന്നത്, കോട്ടിട്ട് കടപ്പുറത്ത് അങ്ങനെ അങ്ങനെ.. ഹൊ എന്തൊരക്രമം!! സലീമിക്കാ ചുമ്മാ പറഞ്ഞതാ... :) ഫോട്ടോസിട്ടത് കൊണ്ട് മുക്കുട്ടികളുടെ ഉപ്പച്ചയെ കാണാൻ കഴിഞ്ഞു. ഇനിയും കാണാം.

  ReplyDelete
 31. ഇക്ക കാര്യമായും പറയാന്‍ ശ്രമിച്ച ഒന്ന് ശുചിത്വവും മറ്റൊന്ന് വികസനവുമാണ്.
  നാട്ടിലെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, അത് മറ്റൊരു ഞെളിയമ്പറാമ്പ് ആവരുതെന്നു മാത്രം.
  വികസന വിഷയത്തില്‍ ഏറ്റവും കരണീയമായ ഒന്ന്... സാമൂഹ്യനീതിയിലധിഷ്ടിതമായ സാമഗ്ര വികസനമാവട്ടെ. അത് വഴി ഒരു സമാധാന സമൂഹമാത്തെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.
  അതിനല്പം ഇച്ഛാ ശക്തിയും ആര്‍ജ്ജവവുമുള്ള രാഷ്ട നേതാക്കന്മാര്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നതാണ്‌ ആറ് പതിറ്റാണ്ട് പിന്നിട്ട സ്വതന്ത്ര സുന്ദര ഭാരതം നമ്മോടു പറയുന്നത്.
  നമ്മുടെ ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിന് രാജ്യത്തെ മാനുഷിക വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയും ജനതയുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുകയും വേണം. തീര്‍ച്ചയായും, അവരുടെ ചലനാത്മകതയ്ക്ക് ആക്കം കൂട്ടുക തന്നെ ചെയ്യും. നമ്മുടെ രാജ്യവും അതിലധിവസിക്കുന്ന ജനതയുടെയും എല്ലാ അര്‍ത്ഥത്തിലുമുള്ള വികസനത്തെ ഈയൊരു വഴിയിലൂടെ അല്ലാതെ അനുഭവിക്കാനാവില്ലാ.

  പിന്നെ, മുകളില്‍ കാണുന്ന രണ്ടു അഭിപ്രായങ്ങളില്‍... ഇക്കായുടെ ഉദ്ദ്യേശ ശുദ്ധിയെ ഞാന്‍ അംഗീകരിക്കുന്നു.
  സുഹൃത്തിന്‍റെ അഭിപ്രായത്തോടുമുള്ള എന്‍റെ സമീപനവും വളരെ വ്യക്തമാണ്. അദ്ദേഹത്തിന്‍റെ ധാര്‍മ്മികരോഷത്തെയും അതെ താത്പര്യത്തോടെ തന്നെ ഞാനും വായിക്കുന്നു.

  ഐക്കരപ്പടിയിലേക്ക് പല വട്ടം യാത്ര തിരിച്ചതാണ് ഞാന്‍. പക്ഷെ, വഴി മദ്ധ്യേ ഞാന്‍ കുളത്തൂരും കൊട്ടപ്പുറത്തും ഇറങ്ങുകയാണ് പതിവ്. ഇന്നെന്തായാലും പുളിക്കളും താണ്ടി ഞാനിങ്ങെത്തി..!!
  ഇനി ഇടക്കൊക്കെയും വരാം... ഇവിടെ നല്ല സദ്യയാണ് വിളമ്പുന്നതെന്ന് എനിക്കിന്നല്ലേ മനസ്സിലായത്‌. ഞാനും ഒരു കൊതിയനാണേ....!~!

  ReplyDelete
 32. എത്ര വേഗത്തിലാണ് വായിച്ചു തീര്‍ന്നതെന്നരിയില്ല. കാണാത്ത എതോ നഗരത്തില്‍ ഞാനുമുണ്ടായിരുന്നുനിങ്ങളോടൊപ്പം.അല്ല നിങ്ങളുടെ അക്ഷരത്തോടൊപ്പം

  ReplyDelete
 33. യാത്രാ വിവരണം മനോഹരമായി ഇനിയും തുടരുക.
  ഒന്നുകൂടി നന്നാക്കാന്‍ ശ്രമിക്കുക. വായനക്കാര്ക്ക് അറിവിന്റെ കൂടെ മാനാസിക യാത്ര ചെയ്യാനുള്ള സന്തോഷവും നല്കുക.

  ReplyDelete
 34. ഇത് എവിടെച്ചെന്നു അവസാനിക്കും ന്റെ പടച്ചോനെ..

  ReplyDelete
 35. ഞാന്‍ എത്താന്‍ വൈകി. വികസനം ആണല്ലോ ഇത്തവണത്തെ ആക്രമണം. അപ്പോള്‍ ഈ കമന്റ്‌ കോളം ഇത്ര വികസിച്ചതില്‍ അത്ഭുധമില്ല. നഗരക്കാഴ്കാകള്‍ സ്വതസിദ്ധമായ ശൈലിയില്‍ ഫോട്ടോ സഹിതം എഴുതിയപ്പോള്‍ നേരില്‍ കാണുന്ന പോലെ.
  നമ്മുടെ നാട്ടില്‍ വികസനം ഇല്ലെന്നു ആര് പറഞ്ഞു. മാലിന്യ കൂമ്പാരങ്ങള്‍ ദിനവും വികസിച്ചു കൊണ്ടിരിക്കുകയാണ്.

  "കാറുണ്ടാക്കണ ഫാക്ടറിയല്ല നമുക്കിന്നാവശ്യം,
  പകരം ഓരോ വീടിനും ഓരോ കക്കൂസാണല്ലോ
  നമ്മുടെ പരിഗനനാക്രമം ഇമ്മട്ടായാല്‍
  നാട് വളര്ന്നല്ലോ" ..
  എന്ന സാഹിത്യ പരിഷത്തിനെ പാട്ട് ഓര്‍മ്മ വരുന്നു.

  ReplyDelete
 36. @Akbar, അതെ, പ്രവഞ്ചം തന്നെ വികസിച്ചു കൊണ്ടിരിക്കയല്ലേ.. നാട്ടിലെ വികസനം കീഴ്പോട്ടും മറ്റിടങ്ങളില്‍ മേല്പ്പോട്ടും ആയി എന്ന് മാത്രം...പരിഷത്തിന്റെ കവിതയ്ക്ക് പത്തര മാറ്റ്...എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല...
  @വള്ളിക്കുന്ന്, ബെജരാവണ്ട, ഞാനല്ലേ വിടുന്നത്, ജിദ്ദയില്‍ തിരിച്ചെത്തുന്നത് വരെ ഈ യാത്ര ആര് വിചാരിച്ചാലും നിര്താല്‍ പറ്റൂല..
  പടച്ചോനോട് ചോദിക്കാ നല്ലത്..ഹ ഹ ഹാ..
  @മദീനത്തീ..., ആദ്യമായി സ്വാഗതം ചെയ്യുന്നു. യാത്രയില്‍ എല്ലാവരും കൂടെ തന്നെയുണ്ട്..മുന്‍ ഭാഗങ്ങളിലെ പോലെ മാനസികോല്ലാസം കൊടുത്തിട്ടില്ല..അടുത്തതില്‍ ശ്രമിക്കാം...നന്ദി..ഉപദേശങ്ങള്മായിവീണ്ടും വരുമല്ലോ..
  @C.T.Alavi kutty Mongam, അലവിക്ക, ശരിക്കും പിടിച്ചിരുന്നോ, പിടുത്തം വിട്ട യാത്രയാ...ഹാ ഹാ ഹാ..
  @നാമൂസ്, പരിചയപ്പെട്ടിട്ട് കുറെ ആയെങ്കിലും താങ്കള്‍ ഐ‍ക്കരപ്പടിയില്‍ ഇപ്പോഴാണല്ലോ എത്തിയത്. മൌലികമായി വിഷയത്തെ അപഗ്രധിച്ചത് ഒരു കൈ കൊട്..നന്ദി..ഇനി പുളിക്കല്‍ ഇറങ്ങരുത് കേട്ടോ...!
  @ഹാപ്പി ബാച്ചിലേഴ്സ്, യുവ സ്വമിജികളുടെ സാമീപ്യം നമ്മെ വളരെ സന്തോഷിപ്പിക്കുന്നു. അതാണ്‌ മമ്മുട്ടി നാണിച്ചു പോകുന്ന കാല്‍സറായും കൊട്ടും ഒക്കെ ഇട്ടു നിന്നത്....മറ്റു ഫോട്ടോകള്‍ ഒന്നും കാണുന്നുമില്ല.
  @sherif parapurath, ആദ്യമായി സ്വാഗതം ചെയ്യുന്നു...പിന്നെ, സ്വിസ്സ് ബാങ്കില്‍ അക്കൌണ്ട് ഇല്ലാത്തവര്‍ക്ക് നാട്ടില്‍ തന്നെ ബിനാമി അക്കൌണ്ടും ഉണ്ടല്ലോ...നമുക്കിതൊക്കെ സ്വപ്നം മാത്രം..നന്ദി.
  @ജുവൈരിയ സലാം, തിരിച്ചു സ്മൈലി..:)

  ReplyDelete
 37. പാവം ഞാന്‍ ഇപ്പഴാ ഇവിടെത്തിയത്. എങ്കിലും ഒറ്റ ഇരിപ്പില്‍ എല്ലാം വായിചു തീര്‍തു. വളരെ നന്നായിട്ടുട് വിവരണം.
  എന്നാണാവോ മിതലാലിക്ക് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക് ട്ടൂറടിക്കാന്‍ തോന്നുക.
  അതിന്റൊരു വിവരണം കൂടി താങ്കളില്‍ നിന്നും കേല്‍ക്കാന്‍ കൊതിയാവുന്നു.

  ReplyDelete
 38. Saleem,

  Read it with enthusiasm.

  Your narration got SANTHOSH KULANGARA's Sancharam illustration style. He used to compare and comment when he delivers his illustration on the places he visited.

  Your conception on DEVELOPED / DEVELOPING / UNDER DEVLOPED countries are good.
  Your marks on hygene standards and its root cause are note worthy.
  Pictures are worth seeing though it is not showing much backgrounds.

  My appreciations and feel friendly irrespective of my critic comments (if you felt so).

  Regards
  Nazeer
  nazeerv@yahoo.com

  ReplyDelete
 39. othiri nannayi ee avatharanam, iniyum othiri pratheekshikkunnu. aashamsakal............

  ReplyDelete
 40. ഇങ്ങളെ മോതാലാളിക് ഇനി ആളെ വേണോ ആവൊ? യാത്ര പോകാന്‍ പറ്റിയവരെ . .. ഉഗ്രന്‍ .

  ReplyDelete
 41. സലിം ഈ പോസ്റ്റ്‌ മറ്റുള്ളവയില്‍ നിന്നും മികച്ചു നില്‍ക്കുന്നതായി തോന്നി. എഴുത്ത് തുടരുക, കാണാത്ത കേള്‍ക്കാത്ത കാര്യങ്ങള്‍ അറിയാമല്ലോ.

  വികസനത്തിന്റെ കാര്യത്തില്‍ പറഞ്ഞതിനോട് ഞാന്‍ യോചിക്കുന്നു. എങ്കിലും നമ്മുടെ നാട്ടിലില്ലാത്ത ഒരു സൗകര്യം ഇവിടങ്ങളില്‍ ഉണ്ട്, ധാരാളം ഒഴിഞ്ഞ സ്ഥലം! ഏതുതരം പ്ലാനുകളും നടപ്പാക്കാന്‍ പറ്റുന്ന തരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ വേണ്ടത്രയുണ്ട് ഇവിടങ്ങളില്‍. ഒരു ഉദാഹരണത്തിന്, എന്റെ കമ്പനി ഇപ്പോള്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച്‌ അതിലേക്കു മാറിയിരിക്കയാണ്, എക്സ്പ്രസ്‌ വേക്ക് അപ്പുറം ജിദ്ദയുടെ ഒരതിരില്‍. ഇവിടെ കുറച്ചു വെയര്‍ഹൌസുകള്‍ ഒഴിച്ച് മറ്റൊന്നും കാണാന്‍ പറ്റില്ല. വിജനമായ മരുഭൂമി, മൊട്ടന്‍ കുന്നുകള്‍! പക്ഷെ ഇവിടെല്ലാം റോഡുകള്‍ നിര്‍മ്മിചിട്ടിരിക്കുന്നു! അതും നാലുവരി പാതകള്‍ രണ്ടു വരിപ്പാതകള്‍ തുടങ്ങിയവ, പോക്ക് വരവ് വേര്‍തിരിച്ച്! ഭാവിയിലേക്ക് വേണ്ടി. പക്ഷെ അവര്‍ക്കാരെയും കുടിയോഴിപ്പിക്കേണ്ടി വരുന്നില്ല! ഇങ്ങനെയൊരവസ്ഥയല്ല നാട്ടില്‍, അതുകൊണ്ടുതന്നെ പ്രശ്നങ്ങളും കൂടുന്നു!

  ഇതൊക്കെ ആത്മാര്‍ഥമായ വികസനശ്രമങ്ങള്‍ക്ക്‌ മാത്രം ബാധകം.

  ReplyDelete
 42. ഇനി പോകുമ്പോള്‍ പറയണം. നമ്മളും ഉണ്ട് കൂടെ..
  (ഞങ്ങള്‍ ഫുട്ബാള്‍ ഗ്രൌണ്ടിലും തട്ടുകട തുടങ്ങിയേനെ..പക്ഷെ പന്തുകൊണ്ടുള്ള അടി കിട്ടുമെന്ന് പെടിച്ചല്ലേ!!)
  എഴുത്ത് നിര്‍ത്തണ്ട .ഇവിടെ നിരത്തിയാല്‍ മതി.ഞങ്ങള്‍ സൌകര്യപൂര്‍വ്വം വായിച്ചോളാം..

  ReplyDelete
 43. നിര്‍ത്തി എന്ന് തന്നെ തീരുമാനിച്ചോ? മുഴുവന്‍ എഴുതിയാല്‍ ഇനിയും ആസ്വദിക്കും. ഇത് മടുപ്പായി തോന്നുന്നില്ല. ചിത്രങ്ങള്‍ മനോഹരം. അതിലുള്ള ആ മമ്മൂട്ടി പോലുള്ള ആള്‍ ആരാ?!

  ReplyDelete
 44. മുന്നോട്ട് പോവു
  ങ്ങാന്‍ പിന്നാലെ
  പേടി വേണ്ട മോനെ
  വളരാന്‍ ഇനിയും അവസരം ഉണ്ട്

  1000 മുമ്പിലും 10000 പിന്നിലും

  ReplyDelete
 45. @ARYANTHODIKA: ആദ്യമായി സ്വന്തം ഐഡിയില്‍ വരുകയല്ലേ. സ്വാഗതം ചെയ്യുന്നു. താങ്കളെ പോലുള്ള എഴുത്തിനെ സ്നേഹിക്കുന്നവരുടെ പ്രോത്സാഹനം എന്നെ മുന്നോട്ടു നയിക്കുന്നു. ഇനിയും വരുമല്ലോ.

  @Shukoor, നിര്‍ത്താന്‍ വിചാരിച്ഛതാണ്. നിങ്ങള്‍ വായനക്കാര്ര്‍ക്ക് വായിക്കാന്‍ ബോറില്ലാന്നു അറിഞ്ഞ സ്ഥിതിക്ക് ആ തീരുമാനം മാറ്റി ...മമ്മുട്ടിക്ക് എന്റെത്ര ഗ്ലാമര്‍ ഇല്ലന്നാ എല്ലാരും പറയുന്നത്. എനിക്ക് പക്ഷെ അതിന്റെ അഹങ്കാരമൊന്നുമില്ല.

  @ഇസ്മായില്‍ കുറുമ്പടി, പന്ത് കളി മറന്നാലും തട്ടുകട വരട്ടെ അല്ലെ..അക്ഷരങ്ങള്‍ നിരത്തി വെക്കാം..വരണെ.

  @തെച്ചിക്കോടന്‍, അതെ, ആത്മാര്‍ഥമായ വികസന ശ്രമങ്ങള്‍ ഉണ്ടായാല്‍ നമ്മുടെ കൊച്ചു നാടും രക്ഷപ്പെടും...താങ്കള്‍ പറഞ്ഞതിന് ഒരൊപ്പ്.

  @മുജീബ് റഹ്‌മാന്‍ ചെങ്ങര, ങ്ങളെ ഈയിടെ കാണുന്നില്ലല്ലോ, ബ്ലോഗുമായി മുങ്ങിയോ...ഇനി ഇടയ്ക്കു വാ....നന്ദി.

  @jayarajmurukkumpuzha, ആത്മാര്‍ത്ഥമായ വായനക്ക് നന്ദി.

  @sherif parapurath, പാവം ശരീഫ്‌. തൊട്ടു മേലെ കമ്മന്റിയത് മറന്നു വീണ്ടും കമ്മന്ടിട്ടു..എനിക്കിഷ്ട്ടായി..ഹാ ഹാ.

  ReplyDelete
 46. @Nazeer sb,
  Thanks for your comment.

  A good friend is like a mirror, it can only show you a reflection of what you are. You did a mirror's job as a wellwisher and friend.

  Please don't compare my narration with the famous program of Santhoshji eventhough I am not a regular viewer of it. Mine is with limited resources, photos and information. The fact is that I had no intention of writing a travalogue at that time. Further, when the home computer hard disk was damaged, a good collection of photos were lost. Also, this is blog, some sort of information can not be shared...you know..

  I was thinking about stopping this travalogue as I was afraid that not much people would like to see this travalogue no. 5, but to my suprise, everybody requested me to continue it. It is sort of award that I received this time.

  Keep reading me and help me to develop along with the writings


  Best Regards

  Saleem

  ReplyDelete
 47. ഉള്ളു തുറപ്പിക്കുന്ന കാഴ്ചപ്പാടുകൾ.

  ReplyDelete
 48. ഇങ്ങനെയൊക്കെയല്ലെ ഞങ്ങളും ഇവിടമൊക്കെ കാണുക?... ഒരു യാത്ര പോകുന്നത് എളുപ്പമാകും പക്ഷെ വയനക്കാരെ കൂടി കൂടെ കൊണ്ടു പോകുക എന്നത് വളരെ വിഷമമാണ്.. നല്ലൊരു അവതരണത്തിലൂടെ മാത്രമെ അതിനു കഴിയുകയുള്ളൂ.. അത് താങ്കൾക്ക് സാധിക്കുന്നുണ്ട്.. തുടരട്ടെ.. ഇങ്ങനെയുള്ള പോസ്റ്റുകൾ..നമ്മുടെ നാടും എന്നെങ്കിലും...??????????

  ReplyDelete
 49. മുഴുവനും എഴുതാന്‍ അഭ്യര്‍ഥന ..

  ReplyDelete
 50. @ശുക്രൻ, താങ്കളുടെ ആദ്യ വരവിനു സ്വാഗതം, തുടരാം..നന്ദി.

  @ഉമ്മുഅമ്മാർ, നല്ല വാക്കുകള്‍ക്ക് നന്ദി...എനിക്കറിയാവുന്ന, ഒര്മയുള്ള കാര്യങ്ങള്‍ എഴുതാം..ഇനിയും വരുമല്ലോ

  @കുമാരന്‍, താങ്കളുടെ വരവ് എന്നെ സന്തോഷിപ്പിക്കുന്നു...ഇടക്കൊക്കെ വരുമല്ലോ....

  ReplyDelete
 51. യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നതുപോലെത്തന്നെ യാത്രാവിവരണം വായിക്കാനും ഇഷ്ടപ്പെടുന്നവരാണ് കൂടുതൽപേരും.നല്ല ഒഴുക്കൻ മട്ടിൽ താങ്കൾ ഭംഗിയായി എഴുതിയിട്ടുണ്ട്.
  ഭാവിയിൽ ഇതൊരു പുസ്തകരൂപത്തിലാക്കാൻ ശ്രമിക്കണം.

  ReplyDelete
 52. @vismayam, Thanks

  @moideen angadimugar, പുസ്തകമാക്കാനുള്ള വഹയുണ്ടോ, എനിക്കഭിപ്രായമില്ല...നല്ല വാക്കുകള്‍ക്ക് നന്ദി..

  ReplyDelete
 53. മാഷേ അടിപൊളി യാത്രാവിവരണം,....യൂറോപ്പ് കണ്ട പ്രതീതി ....താങ്കള്‍ ഇനിയും കൂടുതല്‍ നാടുകള്‍ കണ്ടു ഞങ്ങള്‍ക്കായി എഴുതൂ

  ReplyDelete
 54. വായനക്ക് നന്ദി...ഇനിയും പോയാല്‍ ഇനിയും എഴുതും...അല്ലാ പിന്നെ..!

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!