Monday, February 28, 2011

ആഗോള താപനവും ബ്ലോഗ്‌ മീറ്റുകളും

             ആഗോള താപനം സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനം കൊണ്ടാണോ എന്നറിയില്ല, ബ്ലോഗ്‌ മീറ്റുകള്‍ക്ക് പറ്റിയ സമശീതോഷ്ണ കാലാവസ്ഥയാണ് ലോകമൊട്ടുക്കും അനുഭവപ്പെടുന്നത്. ഫെബ്രുവരി മാസത്തില്‍ പെയ്ത ബ്ലോഗ്‌ മീറ്റുകളുടെ ഫലമായി ജിദ്ദയില്‍ ബ്ലോഗുകള്‍ തഴച്ചുവളരുന്നതായും പുതു ബ്ലോഗ്‌ മുകുളങ്ങള്‍ തളിരിടുന്നതായും, സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍ ആഴ്ചവട്ടങ്ങളില്‍ കഫേകളില്‍ ഇരുന്നു  ബ്ലോഗ്‌ എഴുതുന്ന ത്യാഗത്തിനു  വരെ തയ്യാര്‍  ആയതായും അറിയാന്‍ കഴിഞ്ഞു. ചക്ക വേരിലും കായ്ക്കുന്ന നല്ല വിളവു കാലം. ഗള്ഫിലും നാട്ടിലും തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന ബ്ലോഗര്മാരുടെ സംഗമങ്ങള്‍ ഒരു വീട്ടില്‍ ഒരു ബ്ലോഗ്‌ എന്ന വിപ്ലവത്തിലേക്ക് നയിക്കപ്പെടാനുള്ള എല്ലാ സൂചനകളും നല്‍കുന്നതാണ്. മലയാളം ബ്ലോഗേര്സ് ഗ്രൂപ്പിന്റെ ഒന്നും രണ്ടും ചെറിയ മീറ്റുകളും മൂന്നാമത്തെ മെഗാ മീറ്റും നടത്തിയപ്പോള്‍ എന്റെ അറിവിന്റെ തീരത്തേക്ക് ഇത്തരം ഒരു പാട് ബ്ലോഗ്‌ ഇല്മുകള്‍ വന്നു കൊണ്ടിരിക്കുന്നു.


                  ഒന്നിന്‍റെ ജീര്‍ണത മറ്റൊന്നിനു വളമായതാണ് എന്‍റെ അനുഭവം. തിരക്കിനിടയില്‍ ബ്ലോഗെഴുത്തും  ബ്ലോഗുകള്‍ തെണ്ടലും നടന്നില്ല എന്നത് മറക്കുന്നില്ല.  അതുമൂലം പല സുഹൃത്തുക്കളും പരിഭവത്തിലാണ് എന്നറിഞ്ഞു. സ്പെയിന്‍ യാത്ര പാതി വഴിയില്‍ കിടക്കുന്നു. നെറ്റ് സൗകര്യം ഓഫീസില്‍ വളരെ പരിമിതപ്പെടുത്തിയതും എന്നെ ബാധിച്ച ഈ ചുഴലി രോഗത്തിന് കാരണമാണ്. 
             

Sunday, February 6, 2011

അരുതാത്ത കാഴ്ചകള്‍- 7

           സമൂഹത്തിന്റെ അംഗീകാരത്തോടു കൂടിയ വിവാഹേതര ലൈംഗികത യൂറോപ്പിന്റെ മുഖ മുദ്രയാണ്. കുട്ടിക്കാലം മുതല്‍ സ്കൂളുകളില്‍ നിന്നും തുടങ്ങുന്നതാണ് ക്രമപ്രവൃദ്ധമായി വളര്ത്തിയെടുക്കുന്ന  ബോയ്ഫ്രണ്ട് സംസ്കാരം. ബോയ്‌ ഫ്രണ്ടിനു കാമുകന്‍ എന്നര്ത്ഥം കൊടുക്കാന്‍ കഴിയില്ല, കാരണം അത് ഈ സംസ്കാരത്തിന്റെ ശരിയായ നിര്‍വചനമല്ല. ഒരു ‘താത്കാലിക തോഴന്‍’ എന്ന് വിളിക്കാമെന്ന് തോന്നുന്നു. യൂറോപ്പിന്‍റെ മുക്കിലും മൂലയിലും നിറഞ്ഞു നില്ക്കുന്ന ഈ ‘നഗ്ന’യാഥാര്ത്യത്തെ കണ്ടില്ലെന്നു നടിച്ചു ഒരു യാത്രയുമായി മുന്നോട്ടു പോകുവാന്‍ ആര്ക്കും കഴിയില്ല. നിങ്ങളൊരിക്കലും കാഴ്ചകള്ക്ക് പിറകെ പോവേണ്ടതില്ല; അത് നിങ്ങളുടെ കണ്ണുകളെ തേടി ഇങ്ങോട്ട് വരും. ആരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്തുകയോ അതുമല്ലെങ്കില്‍ ഇക്കിളിപ്പെടുത്തുകയോ എന്റെ ലക്ഷ്യമല്ല. മറിച്ച്, നാം പൊതുവേ സ്വീകരിച്ചു വരുന്ന സനാതന ധാര്മിക കാഴ്ചപ്പാടുകളില്‍ ഊന്നി നിന്ന് കൊണ്ട് ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ പങ്കു വെക്കുക എന്ന ഒരു യാത്ര വിവരണ ധര്മം നിറവേറ്റുക മാത്രമാണ് ഉദ്ദേശിക്കുന്നത്.
 

            ലൈംഗിക അരാജകത്വമാണ് ഇന്ത്യയുടെ ശാപമെങ്കില്‍ അതിനു നിയമസാധുത നല്കിയതാണ് യൂറോപ്പ്‌ അഭിമുഖീകരിക്കുന്ന പ്രശ്നം. ജീവിതം കേവല ആസ്വാദനങ്ങളുടെ ആകത്തുക മാത്രമായപ്പോള്‍ മനുഷ്യത്വവും മൃഗീയതയും വേര്പിരിയുന്ന ലജ്ജയുടെ ഭിത്തികള്‍ നേര്‍ത്ത് വരികയും ശോഷിച്ചു ഇല്ലാതാവുകയും ചെയ്തു കൊണ്ടിരിക്കുന്ന നേര്‍ കാഴ്ചകളാണ് ഒരു ചെന്സന്‍ വിസയോ, യുകെ വിസയോ, ആസ്ത്രേലിയന്‍ വിസയോ, അമേരിക്കന്‍ വിസയോ നിങ്ങള്ക്ക് സമ്മാനിക്കുക. സ്ത്രീയും പുരുഷനും തമ്മില്‍ പ്രകൃതി ഒരുക്കിയ ആകര്ഷണീയതയും, പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുള്ള പ്രകൃതി വിരുദ്ധ ആകര്ഷണീയതയും ഒരേ പോലെ  വികൃതമാക്കപ്പെട്ട കാഴ്ചകളാണ് യൂറോപ്പ് എനിക്ക് സമ്മാനിച്ചത്.