Monday, February 28, 2011

ആഗോള താപനവും ബ്ലോഗ്‌ മീറ്റുകളും

             ആഗോള താപനം സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനം കൊണ്ടാണോ എന്നറിയില്ല, ബ്ലോഗ്‌ മീറ്റുകള്‍ക്ക് പറ്റിയ സമശീതോഷ്ണ കാലാവസ്ഥയാണ് ലോകമൊട്ടുക്കും അനുഭവപ്പെടുന്നത്. ഫെബ്രുവരി മാസത്തില്‍ പെയ്ത ബ്ലോഗ്‌ മീറ്റുകളുടെ ഫലമായി ജിദ്ദയില്‍ ബ്ലോഗുകള്‍ തഴച്ചുവളരുന്നതായും പുതു ബ്ലോഗ്‌ മുകുളങ്ങള്‍ തളിരിടുന്നതായും, സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍ ആഴ്ചവട്ടങ്ങളില്‍ കഫേകളില്‍ ഇരുന്നു  ബ്ലോഗ്‌ എഴുതുന്ന ത്യാഗത്തിനു  വരെ തയ്യാര്‍  ആയതായും അറിയാന്‍ കഴിഞ്ഞു. ചക്ക വേരിലും കായ്ക്കുന്ന നല്ല വിളവു കാലം. ഗള്ഫിലും നാട്ടിലും തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന ബ്ലോഗര്മാരുടെ സംഗമങ്ങള്‍ ഒരു വീട്ടില്‍ ഒരു ബ്ലോഗ്‌ എന്ന വിപ്ലവത്തിലേക്ക് നയിക്കപ്പെടാനുള്ള എല്ലാ സൂചനകളും നല്‍കുന്നതാണ്. മലയാളം ബ്ലോഗേര്സ് ഗ്രൂപ്പിന്റെ ഒന്നും രണ്ടും ചെറിയ മീറ്റുകളും മൂന്നാമത്തെ മെഗാ മീറ്റും നടത്തിയപ്പോള്‍ എന്റെ അറിവിന്റെ തീരത്തേക്ക് ഇത്തരം ഒരു പാട് ബ്ലോഗ്‌ ഇല്മുകള്‍ വന്നു കൊണ്ടിരിക്കുന്നു.


                  ഒന്നിന്‍റെ ജീര്‍ണത മറ്റൊന്നിനു വളമായതാണ് എന്‍റെ അനുഭവം. തിരക്കിനിടയില്‍ ബ്ലോഗെഴുത്തും  ബ്ലോഗുകള്‍ തെണ്ടലും നടന്നില്ല എന്നത് മറക്കുന്നില്ല.  അതുമൂലം പല സുഹൃത്തുക്കളും പരിഭവത്തിലാണ് എന്നറിഞ്ഞു. സ്പെയിന്‍ യാത്ര പാതി വഴിയില്‍ കിടക്കുന്നു. നെറ്റ് സൗകര്യം ഓഫീസില്‍ വളരെ പരിമിതപ്പെടുത്തിയതും എന്നെ ബാധിച്ച ഈ ചുഴലി രോഗത്തിന് കാരണമാണ്. 
             
                അതൊക്കെ പോട്ടെ, മീറ്റിലേക്ക് തിരിച്ചു വരാം.  ജിദ്ദക്കാരുടെ ബ്ലോഗ്‌ സംഘടനയുടെ നാള്‍ വഴികള്‍ ആവേശം ഉണര്‍ത്തുന്നതാണ്. കേവലം രണ്ടാഴ്ച കൊണ്ട് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മൂന്നു ശ്രദ്ധേയമായ പ്രോഗ്രാമുകള്‍ നടത്തി. പത്തില്‍ തുടങ്ങി നൂറുപേരെ പങ്കെടുപ്പിച്ച കൊട്ടിക്കലാശം. ജിദ്ദയിലെ മുഴുവന്‍ ബ്ലോഗര്‍മാരെയും ബ്ലോഗിണികളെയും ഒരുമിപ്പിക്കുന്ന ഒരു സൂപ്പര്‍ മെഗാ ബ്ലോഗ്‌ മീറ്റ് ആണ് അടുത്ത സ്വപ്നം.  അത് കഴിഞ്ഞു ഒരു സൗദി ബ്ലോഗ്‌ മീറ്റും ശേഷം ഇന്ത്യയില്‍ വെച്ചുള്ള ഒരു അന്താരാഷ്ട്ര മലയാളം ബ്ലോഗേര്‍സ് മീറ്റും. ഇപ്പോള്‍ ഇത്ര സ്വപ്നം ഒക്കെ മതിയേ...!   
 പത്തു പേര്‍ പങ്കെടുത്ത ഒന്നാം മീറ്റ്‌ - ഫെബ്രുവരി 3 , 2011
പതിനെട്ടു പേര്‍ (ഒരു ബ്ലോഗിണിയും) പങ്കെടുത്ത രണ്ടാം മീറ്റ്‌ - ഫെബ്രുവരി 12 , 2011


മെഗാ മീറ്റിലെ ജനക്കൂട്ടം- ഫെബ്രുവരി 24 നു വ്യാഴായ്ച്ച
ഇരുപതോളം സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ പങ്കെടുത്തു.

          മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌ ഫെബ്രുവരി  24 നു   സംഘടിപ്പിച്ച മെഗാ  ബ്ലോഗ്‌ മീറ്റിനെ കുറിച്ച് വളരെ വിശദമായ ഒരു വിവരണം എന്റെ സുഹൃത്ത് മുഹമദ് കുഞ്ഞി എഴുതിയിട്ടുണ്ട്. അവിടെ ഒരു ഈച്ച അനങ്ങിയത് വരെ കുഞ്ഞി എഴുതിയതിനാല്‍ ഞാന്‍ വീണ്ടും മുതിരുന്നില്ല. മനോഹരമായ ഫോട്ടോകള്‍ നൌഷാദ് അകമ്പാടവും നല്‍കിയിട്ടുണ്ട്.
ബാനറും വള്ളിക്കുന്നിനുള്ള മൊമെന്റോയും : യോഗത്തിനു തൊട്ടു മുമ്പ്   എടുത്ത ഫോട്ടോ 

ബ്ലോഗെഴുത്തിനു മുഖ്യധാരയുടെ പിന്തുണ :
കാസിം ഇരിക്കൂറിന്റെ  (ഗള്‍ഫ് മാധ്യമം) ഉത്ഘാടന പ്രസംഗം
രണ്ടും സമാന്തരമായി പോവട്ടെ : സി.ഒ.ടി. അസീസ്‌ (മലയാളം ന്യൂസ്‌)
മുഖ്യ പ്രസംഗം നടത്തുന്നു.

               ബ്ലോഗര്മാര്‍ പരസ്പരം ആശയവിനിമയം നടത്തുകയും സമാന്തര മീഡിയകളുടെ സാദ്ധ്യതകള്‍ ആരായുകയും ചെയ്യുന്നത് സാഹിത്യ ചര്ച്ചകളുടെ ഭാഗം തന്നെയാണ് എന്ന് സാമ്പ്രദായിക മാധ്യമ പ്രവര്ത്തകരെ ബോധ്യപ്പെടുത്താന്‍ ഒരു ബ്ലോഗ്‌ മീറ്റിനു സാധിച്ചു എന്നതാണ് ജിദ്ദാ മീറ്റിനെ ശ്രദ്ധേയമാക്കിയത്.  മാത്രമല്ല ഏതൊരു സാഹിത്യ ചര്ച്ചയുടെയും മുഖമുദ്രയായ ഒഴിഞ്ഞ കസേരകള്‍ ബ്ലോഗ്‌ മീറ്റില്‍ നിറഞ്ഞു കവിയുന്നത് സാഹിത്യകാരന്മാരും പത്രക്കാരും തിങ്ങി നിറഞ്ഞ സദസ്സിനെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. കുറ്റങ്ങളും കുറവുകളും ഇല്ലന്നല്ല, പക്ഷെ ഇതൊരു തുടക്കം എന്ന നിലക്ക് ശ്രദ്ധേയമാക്കാന്‍ സാധിച്ചു എന്നതാണ്. വല്ലതുമൊക്കെ ചെയ്യുന്നവന്റെ അരികില്‍ പലതും ചികഞ്ഞു കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കുമല്ലോ.

വാക്കുകളുടെ വിസ്മയം : ഉസ്മാന്‍ ഇരിങ്ങാട്ടിരി
             
പക്വതയാര്‍ന്ന നേതൃത്വം : സമദ് കാരാടന്‍


 
ബ്ലോഗിങ്ങിനെ കുറിച്ചുള്ള ആധികാരിക ശബ്ദം : സൂപ്പര്‍ ബ്ലോഗരുടെ സൂപ്പര്‍ പ്രസംഗം


മാതൃകാ പ്രവര്‍ത്തകന്‍ : മുഹമദ് കുഞ്ഞി


 
                   വായിച്ചു തീര്‍ത്ത അക്ഷരങ്ങളിലൂടെ മനസ്സില്‍ രൂപപ്പെടുത്തിയവരെ അക്ഷരാര്ത്ഥത്തില് കണ്ടപ്പോള്‍ ഉണ്ടായ ആനന്ദം അടക്കാനാവുമായിരുന്നില്ല. മരുഭൂമിയില്‍ വെച്ച് നഷ്ടപ്പെട്ട ഒട്ടകത്തെ കണ്ടുമുട്ടിയത് പോലെയാണത്. ദൈഘ്യം ഭയന്ന് ജിദ്ദക്ക് പുറത്തു നിന്ന് വന്നവരുമായുള്ള കണ്ടുമുട്ടലുകള്‍ മത്രമേ ഞാനിവിടെ പരാമര്ശിക്കുന്നുള്ളൂ.
                  മദീനയില്‍ നിന്നും കേന്ദ്ര പ്രതിനിധികളായി നൌഷാദ് അകമ്പാടവും നൌഷാദ് കൂടരഞ്ഞിയും വന്നപ്പോള്‍ ഞാനാണ് സ്വീകരിക്കാന്‍ പോയത്. ഫേസ് ബുക്കിലൂടെ കണ്ട രൂപങ്ങളെ  തിരഞ്ഞെന്കിലും കാണാന്‍ പറ്റിയില്ല. പക്ഷെ എന്നെ അവര്ക്ക് മനസ്സിലായത് കൊണ്ട് രക്ഷപ്പെട്ടു. കാറില്‍ നിന്നും തന്റെ മുട്ടന്‍ കാമറയുമായി ചാടിയിറങ്ങിയ ആള്‍ അകമ്പാടം തന്നെയെന്ന് ഉറപ്പിച്ചു. സ്നേഹത്തിന്റെ ഊഷ്മളത തൊട്ടറിഞ്ഞ പെട്ടെന്നുള്ള ഒരു കെട്ടിപ്പിടുത്തമായിരുന്നു പിന്നീട് നടന്നത്. തലയെ വിദഗ്ദമായി മറക്കുന്ന കാപ്പും ഇട്ടു മുഖത്തൊരു കുസൃതി  ചിരിയുമായി  വന്ന ആ വരവൊന്നു കാണേണ്ടതായിരുന്നു. അടുത്ത നിമിഷം തന്നെ ഓടി നടന്നു എല്ലാവരെയും പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്ത അകംബാടന്‍  ആരെയും നിമിഷങ്ങള്‍ക്കകം  തന്റെ  സുഹൃത്താക്കി മാറ്റാന്‍ വിരുതാനന്തര വിരുതന്‍.  താന്‍ ഒപ്പിയെടുത്ത മദീനയുടെ മനോഹരമായ്‌ ഫോട്ടോ സിഡി വിതരണം നടത്തിയ ശേഷമാണ് കക്ഷി നാട്ടിലേക്ക് മടങ്ങിയത്.

അകമ്പാടം....ഊര്‍ജ്ജസ്വലതയുടെ  മദീന പതിപ്പ്

            
      നേരെ മറിച്ചായിരുന്നു നൌഷാദ് കൂടരഞ്ഞി. ഫേസ്ബുക്കില്‍ കണ്ട വയസ്സന്‍ കോലമല്ല, സുന്ദരനായ ആ  കഷണ്ടിക്കാരന്‍ യുവാവ് ജുബ്ബയുമിട്ട് (ഒരു രാഹുല്‍ ഗാന്ധി ലുക്ക്‌) കടന്നു വന്നപ്പോള്‍ മൂപ്പര്‍ തന്നെയാണ് മദീനത്തെ സ്റ്റാര്‍ എന്ന് ഞാന്‍ ഉറപ്പിച്ചു. ഊഷ്മളമായ ഒരു ആലിംഗനം, വിശേഷം ചോദിയ്ക്കല്‍, എഴുത്തിലെന്ന പോലെ എല്ലാത്തിനും ഒരു കൂടരഞ്ഞി ടച്ച്‌ ഉണ്ട്. കൂടെ സുഹൃത്ത് മുഹമ്മദ്‌ റിപ്പനും ഉണ്ടായിരുന്നു. അപ്പോഴേക്കും ഇഷാ സലാക്ക് മുന്‍വാതില്‍ അടച്ചതിനാല്‍ ഹോട്ടലിന്റെ പിന്‍  വാതിലിലൂടെ ഞാന്‍ മൂന്നിനേയും ഒരു വിധം അകത്താക്കി  എന്ന് പറഞ്ഞാല്‍ മതിയല്ലോ.

മദീനയുടെ വശ്യത : നൌഷാദ് കൂടരഞ്ഞി

        ജിദ്ദയില്‍ നിന്നും  ഉല്‍ക്കകളായി    പറന്നു പോയി യാമ്പുവില്‍   ഉലക്കകളായി ചെന്നിറങ്ങിയ എം.ടി.മനാഫ്‌ മാഷും ചാലിയാര്‍ അക്ബര്‍ അലിയും ആയിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ച ദൂരെ  നിന്നുമുള്ള  മറ്റു  പ്രതിനിധികള്‍. അവരെ രാത്രി എട്ടരക്കും കാണാതെ വിളിച്ചു നോക്കിയപ്പോള്‍ മനാഫ് മാഷ് വിചാരിച്ചത് മീറ്റിനു വേറെയാരും എത്താത്തത് കൊണ്ട് വിളിച്ചതാണെന്നാണ്.  അമ്മാതിരി സാധനമാണ്.  നീണ്ട താടിയും  കഷണ്ടിത്തലയും   സുന്ദരമായ  വദനത്തിനു  ചേരുമെങ്കിലും ആ മുഖത്ത് കാണുന്നത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത മാത്രം. അമ്മാതിരി പ്രസംഗമല്ലേ കാഴ്ച വെച്ചു കളഞ്ഞത്. ഒരു തൂണിന്റെ അടുത്തു നിന്ന് കണ്ടവന്‍ പറഞ്ഞ "താങ്കള്‍ എത്ര ചെറുപ്പം" എന്ന് മധുര മൊഴിയില്‍ മതിമറന്ന മൂപ്പരെ അടുത്ത തൂനിനരികിലെ ആരാധകന്‍ "താങ്കള്‍ക്ക് ബ്ലോഗില്‍ കാണുന്നതിനെക്കാള്‍ വയസ്സ് തോന്നിക്കുന്നു" എന്ന് പറഞ്ഞു യാതാര്‍ത്യ  ബോധത്തിലേക്ക്‌ തിരിച്ചു കൊണ്ട് വന്നതു ചില്ലുജാലകക്കാരന്‍   വിവരിച്ചത് എല്ലാവരും ആസ്വദിച്ചു.

മനാഫ്‌ മാസ്റ്റര്‍ തമാശയുടെ അമിട്ടുകള്‍ പൊട്ടിക്കുന്നു...ടെ.ടോ.ട്ടോ....ചാലിയാറിന്റെ സ്വന്തം ബ്ലോഗര്‍: അക്ബര്‍ അലി
       

നിശബ്ദം  ഈ  ശബ്ദ  നിയന്ത്രണം  : ജൈസല്‍  ഫറോക്ക്  
       
              അക്ബര്‍ അലി ചാലിയാര്‍ പോലെ ശാന്തമായി ഒഴുകുന്ന ഒരു പ്രകൃതി സ്നേഹിയെ തോന്നിച്ചു. ഒന്ന് കെട്ടിപ്പിടിക്കാന്‍ പോലും മുഴുവന്‍ ശ്രമവും എന്റെ ഭാഗത്തു നിന്ന് വേണ്ടി വന്നു. അപ്പോള്‍ പോലും ആ കൈകളില്‍ നിന്നും ഒരു ഇളം തെന്നല്‍ എന്റെ മേല്‍ തഴുകിയോ. എനിക്ക് കക്ഷിയെ ഇഷ്ട്ടപെടാന്‍ മറ്റൊരു കാരണവുമുണ്ട്. ആള്‍ സത്യം മാത്രമേ പറയൂ. എന്നോട് പറയുകയാണ്‌ സലിം, നീ ഇത്ര ചെറുപ്പമായിരിക്കുമെന്നു ഞാന്‍ കരുതിയിരുന്നില്ല എന്ന്. അദ്ദേഹത്തിന്‍റെ പക മുഴുവന്‍ ഒരു ദുഷ്ടനോട് മാത്രം. തനിക്ക് പോസ്റ്റിടാന്‍ ഒന്നും തലയില്‍ വരാതിരിക്കുമ്പോള്‍ ബ്ലോഗിലേക്ക് തള്ളിയിട്ട ബഷീര്‍ വള്ളിക്കുന്നിനെ മാസത്തില്‍ ഒരിക്കലെങ്കിലും ദുഷ്ട്ന്‍ എന്ന് വിളിക്കുന്നത് മാത്രമാണ് കാര്യമായ ഹോബിയത്രെ. വലിയ എഴുത്തുകാരനാണ് എന്ന ഭാവമില്ല. ഈയിടെ അദ്ദേഹത്തിന്റെ ഒരു കഥ പുസ്തകത്തില്‍ ഉള്‍പെടുത്താന്‍ ഏതോ പ്രസാധകര്‍ സമീപിച്ചു എന്നാണ് കേട്ടത്.                     ചെയര്മാന്‍ സമദ്‌ കാരാടനും  പ്രസിഡന്റ് ഉസ്മാന്‍ ഇരിങ്ങാട്ടിരിയും ട്രഷറര്‍ ബഷീര്‍ വള്ളിക്കുന്നും നേതൃത്വം നല്കാന്‍ ഉണ്ടാവുമ്പോള്‍ ഞങ്ങള്‍ കുഞ്ഞാടുകള്‍ എന്തിനു ബേജാരാകണം. സാങ്കേതിക സഹായം നല്കിയ  ജൈസലും പ്രിന്സാദും മുഹമദ് അലി മുത്തന്നൂരും പാറ പോലെ ഉറച്ചു നിന്നപ്പോള്‍ ഒരു മീറ്റ് വിജയിക്കാനുള്ള എല്ലാ ചേരുവകളും ഒത്തു വന്നിരുന്നു. കൊമ്പന്‍ മൂസയും കുഞ്ഞിയും അബ്ദുള്ള സര്‍ദാരും   ഒക്കെ എന്തിനും  സന്നദ്ധരായി ഓടി  നടക്കുന്നു.  അന്‍വറും   അഷ്‌റഫ്‌ ഉണ്ണീനും  റസാക്ക് എടവനക്കാടും  ഒക്കെ എവിടെയും നിറഞ്ഞു നിന്നു.

കൊമ്പനും  വമ്പനും : ജിദ്ദയുടെ താരപ്പൊലിമ  
               
       ബ്ലോഗ്‌ എന്ന് കേട്ടാല്‍ നട്ടപ്പിരാന്ത് കയറുന്ന ജനറല്‍ സെക്രട്ടറിയുടെ ഭാര്യയും  മക്കളും അവിടെ തുടക്കം മുതല്‍ ഉണ്ടായിരുന്നു. ആറു  മാസക്കാരി ഭാവി ബ്ലോഗിണി വരെ മീറ്റ് ആസ്വദിച്ചു എന്ന് വേണം കരുതാന്‍. മീറ്റിനു ശേഷം നടന്ന ഈറ്റ് കഴിയുന്നത്‌ വരെ എല്ലാവരും പോകാതെ നിന്നത് പതിവ് കൊഴിഞ്ഞു പോക്ക് പ്രതീക്ഷിച്ച സംഘാടകരെ പോലും അതിശയിപ്പിച്ചു.


എല്ലാവര്‍ക്കും  സ്വാഗതം


മീറ്റിനിടയില്‍ അകമ്പാടന്‍ എടുത്ത ഫോട്ടോ


(പൂര്‍ണമായ ഒരു മീറ്റ് വിവരണം അല്ല ഇവിടെ ഉദ്ദേശിച്ചത്. അത് മേലെപറഞ്ഞ ബ്ലോഗുകളില്‍ ലഭിക്കും. എല്ലാവര്ക്കും നന്ദി)

34 comments:

 1. കുറെ ദിവസങ്ങള്‍ക്കു ശേഷം ഞാനും ഒരു പോസ്റ്റിട്ടു ...അല്ലാ പിന്നെ..!

  ReplyDelete
 2. വളരെ നന്നായി കുറച്ചു കൂടി ഫോട്ടോസ് ഉള്‍ പെട്ത്താമായിരുന്നു

  ReplyDelete
 3. കൊള്ളാലോ കോയാ..
  ങ്ങളെ മീറ്റ്..
  ഈറ്റു കണ്ടില്ലാ..

  ReplyDelete
 4. ഇനി മീറ്റ് വിശേഷങ്ങള്‍ എന്നോട് വായിക്കാന്‍ വയ്യ സലീംക്ക.
  എല്ലാരും എഴുതി കൊതിപ്പിച്ചു ഈ സംഘമത്തെ.
  അതിലൊന്ന് കൂടാന്‍ പറ്റാത്ത വിഷമമാ പറഞ്ഞത് ട്ടോ.
  ഇനി സ്പെയിന്‍ വിശേഷങ്ങളുമായി പെട്ടൊന്ന് വാ.

  ReplyDelete
 5. ഇതാണോ സലീമ്ക്ക ഈ മുസ്ലിം വര്‍ഗീയ ജമാഅത്-മാധ്യമ-മുജാഹിദ്-മാപ്പിള-സുന്നി-സിറാജ്-ലീഗ്-ജിദ്ദ-മലയാളം ന്യൂസ്‌ -മലയാളം ബ്ലോഗ്‌ മീറ്റ്‌ ....?

  കോഴി ബിരിയാണി ആയിരുന്നോ ഈറ്റ് ....അല്ല അതാണല്ലോ അതിന്റെ ഒരു 'അത്'..?

  എന്നാലും അക്ബര്‍ ബായി നിങ്ങളെ കുറിച്ച് അങ്ങിനെ പറഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല ..അല്ലെങ്കിലും അക്ബര്‍ baayi ഇപ്പൊ കുറച്ചു കാലമായി പൊക്കലിന്റെ' ഉസ്താദ്‌ ആയിട്ടുണ്ട്‌ ...ഹിഹിഹി ....!

  കന്ഗ്രജുലെഷന്‍സ് ...ഗംഭീരമായിട്ടുണ്ട് ........!

  ReplyDelete
 6. ഈ മീറ്റ് നമ്മുടെയെല്ലാവരുടേയും ബ്ലോഗിനുകിട്ടിയ അവാര്‍ഡാണ് ,

  ReplyDelete
 7. ബ്ലോഗ്‌ മീറ്റിന്റെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വളരെ ആവേശം തോന്നുന്നു ..പങ്കെടുക്കുവാനാവതത്തിന്റെ നഷ്ട ബോധവും ... ഈ തുടക്കം ബ്ലോഗ്‌ ലോകത്ത് ചെറു ചലനങ്ങള്‍ മാത്രമല്ല വിദൂര ഭാവിയില്‍ വ്യത്യസ്ത ആശയഗതിക്കാര്‍ക്കിടയില്‍ മാന്യതയുടെ , സംയമനത്തിന്റെ , പക്വതയുടെ ഒക്കെ ഒരു മാറ്റം ഒന്ന് കൂടി ഉണ്ടാകുവാന്‍ സഹായകമാകും എന്നാ പ്രതീക്ഷയുണ്ട് ..നന്ദി ജിദ്ദ ചാപ്റ്റര്‍ ജനറല്‍ സെക്രടോരി യുടെ ഈ ലഖു വിവരണത്തിന് ...:)

  ReplyDelete
 8. കണ്ടൊ കണ്ടോ സലീം ഭായീ
  ഇതാ വള്ളിക്കുന്നിന്റെ പ്രസംഗം ശരിക്ക്
  കേള്‍ക്കാത്തതു കൊണ്ട് വന്ന പൊല്ലാപ്പാ..

  (കള്ളന്‍ വന്നു പോയിട്ട് കുരക്കുന്ന പട്ടിയെ .......)
  അത് മനസ്സില്‍ വെച്ചതുകൊണ്ടാ ക്ഷീണം നോക്കാതെ ഞാനെന്റെ പോസ്റ്റ് രായ്ക്കുരാമാനം കേറ്റിയത്..

  ആ കുഞ്ഞി ഒരിഞ്ച് പോലും വിഷയം മാറ്റിവെക്കാതെ എല്ലാം എഴുതിക്കളഞ്ഞില്ലേ...!!!!

  എന്നാലും സലീം ഭായി ആംഗിള്‍ ഒന്നു മാറ്റിപ്പിടിച്ചത് വിശേഷായി..
  നല്ല വായന..
  മീറ്റിന്റെ മധുരസ്മരണകള്‍ ഒരിക്കല്‍ കൂടി അയവിറക്കാനായി..

  നന്ദി.....!

  ReplyDelete
 9. ഏതോ ഒരുത്തൻ പറഞ്ഞതു കേട്ടു, ബ്ലോഗ് നശിച്ചുകൊണ്ടിരിക്കുന്നു’ എന്ന്. ഇതൊന്ന് തുറന്ന് ആ അവൻ വായിക്കില്ലല്ലൊ,
  വളരട്ടെ, വളരട്ടെ, ബ്ലോഗും മീറ്റും വളരട്ടെ....

  ReplyDelete
 10. എല്ലാവരുടെയും നല്ല സഹകരണം മീറ്റും ..ഈറ്റും ..പിന്നെ ചാറ്റും ..എല്ലാം ഉഷാര്‍ ആക്കി എന്നാണു കരുതുന്നത്...ഓരോരുത്തര്‍ വിവരിക്കുമ്പോഴും അവര്‍ അവരുടെ ഭാഷയില്‍ ആകുമ്പോള്‍ എല്ലാം ആസ്വദിക്കുന്നു വിരസത തോന്നുന്നില്ലാ..നന്നായി ഭാവുകങ്ങള്‍..

  ReplyDelete
 11. >>ആള്‍ എന്നോട് പറയുകയാണ്‌ “സലിം, നീ ഇത്ര ചെറുപ്പമായിരിക്കുമെന്നു ഞാന്‍ കരുതിയിരുന്നില്ല’ എന്ന്.<< അതു മാത്രം സത്യം. ബാക്കി എന്നെപ്പറ്റി പറഞ്ഞതെല്ലാം ചുമ്മാ പുളു

  ReplyDelete
 12. മുഹമ്മദ്‌ കുഞ്ഞിയും സലീമും സ്വന്തം കാഴ്ചപ്പാടോടെ മീറ്റിനെ വിലയിരുത്തിയത് ഉഷാറായി. താങ്ക്സ്.

  ReplyDelete
 13. മറക്കാനാവാത്ത രാവ്, ആത്മാര്‍ത്ഥതയുടെ സാക്ഷാത്ക്കാരം.
  സലിംജിയും ഇരിങ്ങാട്ടിരിയും കാരാടന്‍ജിയും മുഹമദ് കുഞ്ഞിയും
  മൂസയും പ്രിന്സാദ് പോലെയുള്ളവരുള്ളപ്പോള്‍ അന്താരാഷ്ട്ര മീറ്റും സ്വപ്നമല്ല. മുന്നോട്ട്.

  ReplyDelete
 14. ഞാനും ആഗ്രഹിച്ചു പങ്കെടുക്കാൻ.., പക്ഷെ അന്ന് വേറെ പ്രോഗ്രാം ഉണ്ടായിരുന്നു.
  മീറ്റിൽ ഉശാറാകാൻ കഴിയില്ലെങ്കിലും തീറ്റിലെങ്കിലും ഉശാറാക്കാമായിരുന്നു.

  ReplyDelete
 15. നന്നായിട്ടുണ്ട് ആശംസകള്‍

  ReplyDelete
 16. ഇതിപ്പോ, നമ്മള്‍ മീറ്റ്‌ പോവതിരുന്നപ്പോള്‍
  കാണുന്നയിടതൊക്കെ മീറ്റ്‌ വിശേഷം.

  മീറ്റിനു പോവാത്തവര്‍ എല്ലാം ഒന്ന് മീറ്റിയാലോ ?

  ReplyDelete
 17. ജിദ്ദാ മീറ്റ്‌ വിശേഷം പല സ്ഥലത്തും വായിച്ചു. സന്തോഷം. ആശംസകള്‍.

  ReplyDelete
 18. ജിദ്ദമീറ്റ് വിശേഷങ്ങൾ മറ്റു ബ്ലോഗുകളിൽ നിന്നും വായിച്ചിരുന്നു.
  ആശംസകൾ

  ReplyDelete
 19. @ayyopavam : കൊമ്പന്‍ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട്. നന്ദി!

  @മുഖ്‌താര്‍¦udarampoyil¦«: കോയാ, മീറ്റിയാല്‍ ഊട്ടുമെന്നു ഉറപ്പല്ലേ..ഫോട്ടോ തരൂല, ഫോട്ടോ കണ്ട് വെള്ളമിറക്കണ്ട...!

  @ചെറുവാടി : അതെ, ബ്ലോഗ്‌ മീറ്റ്‌ ശരിക്കും പറഞ്ഞാ ഒരു സംഭവം ആയിരുന്നു, കേട്ടാലും കൊതി തോന്നും...അത് കഴിഞ്ഞു, ഞമ്മക്കിനി സ്പെയിനിലേക്ക് തന്നെ പോകാ..അല്ലേ കോയാ ..

  @@faisu madeena : കോഴിക്കറിയും അനവധി നിരവധി വിഭവങ്ങളും ഉണ്ടായിരുന്നു മോനെ...നീ വെള്ളമിറക്കിക്കോ.... അക്ബര്‍ ഭായ് എന്നെ പോലെ നല്ലൊരു മനുഷ്യനായതോണ്ട് സത്യം പറഞ്ഞു...പൊക്കാന്‍ വേറെയും പറഞ്ഞിട്ടുണ്ട്..അത് ഞാന്‍ എഴുതാതിരുന്നതാണ്...ഹീ ഹീ ഹീ...നന്ദി!

  @ഷാജു അത്താണിക്കല്‍, ഈ മീറ്റിനു വേണ്ടിയല്ലേ ഷാജു നമ്മള്‍ ഒന്നിച്ചതും യോജിച്ചതും...അതെഴുതിയാല്‍ തീരില്ലല്ലോ അല്ലെ....?

  @@Noushad Vadakkel : അഡ്മിന്മാരുടെ ഒരു കുറവ് ഒഴിച്ചാല്‍ എല്ലാം ഭംഗിയായി തീര്ന്നു എന്റെ നൌശൂ...കഴിയുന്നത് വരെ ടെന്ഷറന്‍ ആയിരുന്നു എന്നതാണ് നേര്... ഇനി അടുത്തത്‌ എവിടെയാണ്..തീരുമാനിക്കൂന്നെ..നന്ദി!

  ReplyDelete
 20. തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിയുന്ന തൂലിക സലീമിന്റെ കയ്യില്‍ ഉണ്ട് എന്നത് ഈ കുറിപ്പും തെളിയിച്ചു.
  നല്ല വരികള്കും ഫോടോകള്‍കും നന്ദി.

  ReplyDelete
 21. സലിംക്ക: മീറ്റ് വിശേഷം വിശദമായി (പ്രസംഗ ഭാഗങ്ങള്‍ ഉള്‍പ്പെടെ) നന്നായി അവതരിപ്പിച്ചു. ആശംസകള്‍..

  ReplyDelete
 22. @നൗഷാദ് അകമ്പാടം, എല്ലാവരും ഒന്നിച്ചു കുരക്കണ്ടാന്നു വിചാരിച്ചാ ഞാന്‍ കുര അല്പം താമസിപ്പിച്ചത്....സ്വന്തമായി കുരക്കാന്‍ കഴിവുന്ന നമ്മക്ക് എന്തിനാ മോനെ തല.....ഹാ ഹാ ഹാ....
  താങ്കളുടെ കമന്റ് കണ്ടപ്പോള്‍ എന്റെ ഓര്മ്മ കള്‍ ആ മധുരമൂറുന്ന കൂടിക്കാഴ്ചയിലേക്ക് വീണ്ടും ഊളിയിട്ടു...ഇനിയും കാണണം..ദൈവം തുണക്കട്ടെ...!

  @mini//മിനി, അതെ, എന്‍.എസ്. മാധവനും സന്തോഷ്‌ ഏച്ചിക്കാനവും അങ്ങിനെ എഴുതിയിരുന്നു. അവരുണ്ടോ ഇതൊക്കെ വായിക്കുന്നു അല്ലെ ടീച്ചറെ...നന്ദി!

  @ആചാര്യന്‍, അഡ്മിന്മാരുടെ ഒരു കുറവ് ഒഴിച്ചാല്‍ എല്ലാം ഭംഗിയായി തീര്ന്നു...എല്ലാ നിലക്കുള്ള പിന്തുണക്കും നന്ദി ഇംതി..!

  @Akbar,പുളുവടിക്കുന്നത് ആരാന്നു എല്ലാര്ക്കും അറിയാം...ഹാ ഹാ ഹാ...

  @Samad Karadan, ഇനി സമദ്‌കയുടെ പോറ്റിന്റെ കുറവ് കൂടിയുണ്ട്.

  @razakedavanakad, മറക്കാനാവാത്ത രാവ്, ആത്മാര്‍ത്ഥതയുടെ സാക്ഷാത്ക്കാരം.
  ഒരാളെ കൂടി ചേര്ക്കാനുണ്ട്...റസാക്ക്‌ ഭായ് !

  @ബെഞ്ചാലി, പങ്കെടുത്തോന്നാ എനിക്ക് സംശയം...:)
  ഭക്ഷണപ്രിയനാണെന്ന് ആ മുഖത്ത് എഴുതിവെച്ചിട്ടുണ്ടല്ലോ...?

  @ismail chemmad, നന്ദി ഇസ്മായീല്‍ ഭായ്...!

  @കുന്നെക്കാടന്, നമുക്കു വീണ്ടും മീറ്റിയാല്‍ പോരെ കോയാ.....

  @Shukoor, വായനക്ക് നന്ദി കേട്ടോ..!

  @moideen angadimugar, ആശംസകള്ക്ക് നന്ദി !

  @Abdul Lathief, തൊട്ടതെല്ലാം പൊന്നാക്കുന്ന തൂലികയോ, എവിടെയാ...ഒന്ന് എനിക്കും താ ലതീഫ്‌ ഭായ്..ഹാ ഹാ ഹാ...നന്ദി!

  @elayoden, താങ്കളുടെയും കുടുംബത്തിന്റെതയും സജീവ സാന്നിധ്യത്തിനു നന്ദി...വീണ്ടും കാണാം!

  ReplyDelete
 23. ആത്മ ബന്ധങ്ങളുടെ ചങ്ങല ഇനിയും കണ്ണി കൊര്‍ക്കപെടട്ടെ...!

  ആശംസകള്‍....

  ReplyDelete
 24. ബ്ലോഗ്‌ മീറ്റിനെക്കുറിച്ച് പലരും തങ്ങളുടെ ശൈലിയില്‍ വിലയിരുത്തുന്നത് വായിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം വിവരണാതീതമാണ്. എത്ര സ്നേഹത്തോടെയാണ് എല്ലാവരും, എല്ലാവരെയും നോക്കിക്കണ്ടിരിക്കുന്നത്; ഈഗോയുടെ ചെകുത്താനും, വലിപ്പ-ചെറുപ്പത്തിന്റെ പ്രേതങ്ങളും ഇല്ലാത്ത ഏതൊരു സംരംഭവും തേന്‍ പുരണ്ട ഓര്‍മ്മകളായി അവശേഷിക്കും. അകംപാടംജിയും, കുഞ്ഞിയും മനോഹരമായി വിലയിരുത്തിയ മീറ്റിനെ തന്‍റെ തനതു ശൈലിയില്‍, വ്യത്യസ്തമായൊരു ആങ്കിളില്‍ വിലയിരുത്തുവാനുള്ള സാധ്യത സലീം സാബ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. കൂടെ നല്‍കിയിരിക്കുന്ന ചിത്രങ്ങളുടെ ക്രമം ബ്ലോഗ്‌ മീറ്റിന്റെ നാള്വഴിയായി... വിഭവസമൃദ്ധമായൊരു ഭക്ഷണം പോലെയാണ് സലീം സാബിന്‍റെ വാക്കുകള്‍, എപ്പോഴും...

  ReplyDelete
 25. കൂടിയാടിയതിന്റെ സന്തോഷം പങ്കുവക്കുന്നു.

  ReplyDelete
 26. ബ്ലോഗ്‌ മീറ്റ് വിശേഷം അസ്സലായി.
  ആശംസകള്‍.

  ReplyDelete
 27. ഒരു മീറ്റില്‍ പങ്കെടുത്ത് എല്ലാവരേയും ഒന്ന് ജീവനോടെ കാണാന്‍ വല്ലാത്ത ആഗ്രഹമുണ്ട്.
  ആശംസകള്‍.

  ReplyDelete
 28. @ഷമീര്‍,അതെ, നമുക്ക് ബന്ധങ്ങള്‍ വിളക്കി ചേര്ക്കാം ..നന്ദി!

  @നൗഷാദ് ഭായിയുടെ കമ്മന്റ് ഏതൊരു പോസ്റ്റിനും ഒരു അലങ്കാരമാണ്. ഞങ്ങള്‍ താങ്കളെയും കാണാന്‍ ആഗ്രഹിച്ചിരുന്നു. ബ്ലോഗ്‌ മീറ്റ് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. അതിന്റെറ സംഘാടകരില്‍ ഒരുവന്‍ എന്ന നിലക്ക് വലിയ സന്തോഷം...നന്ദി !

  @താങ്കളെയും മകളെയും മാത്രമല്ല ഓഡിറ്റൊരിയം നിറഞ്ഞു നിന്ന മകനും ഹൃദ്യമായ ഓര്മ്മകള്‍ സമ്മാനിക്കുന്നു. നന്ദി!

  @~ex-pravasini*, ബ്ലോഗ്‌ മീറ്റ്‌ അസ്സലായി കഴിഞ്ഞു കേട്ടോ. പെട്ടെന്ന് സംഘടിപ്പിച്ചതാണ്. അതിനാല്‍ പത്രപരസ്യവും ഫേസ് ബുക്ക്‌ പരസ്യവും മാത്രമേ നടന്നുള്ളൂ...നന്ദി!

  @ഷബീര്‍ (തിരിച്ചിലാന്‍), നാട്ടില്‍ വന്നാല്‍ നമുക്കും മീറ്റാമായിരുന്നു അല്ലെ...എല്ലാം ഒത്തു വരാന്‍ ബുദ്ധിമുട്ടാണ്. ഇവിടെ ഞങ്ങള്‍ ഏതായാലും ഒന്ന് മീറ്റി...നന്ദി!

  ReplyDelete
 29. ഈ മീറ്റിന്റെ ഭാകമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം ......

  ReplyDelete
 30. കൊള്ളാം. നല്ല പോസ്റ്റ്.

  പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ!

  ReplyDelete
 31. നല്ല വിവരണം. നല്ല പോസ്റ്റ്‌. സമസാരിക്കുന്ന pics

  ReplyDelete
 32. മക്കളുടെ ഫോട്ടോ ഇങ്ങനെയെങ്കിലും കാണാന്‍ പറ്റിയല്ലോ...നൌഷാദിന് നന്ദി...മീറ്റും,ഈറ്റും,വിവരണവും നന്നായി...(അങ്ങോട്ട്‌ വന്നതിനു സ്പെഷ്യല്‍ നന്ദി.)

  ReplyDelete
 33. @Naushu, നൌഷുവിനെ പോലുള്ളവരുടെ നിര്ലോപമായ സഹകരണങ്ങള്‍ ഈ മീറ്റിന് അസൂയാര്ഹമായ വിജയം സമ്മാനിച്ചു.

  @കെ.പി.അഞ്ചരക്കണ്ടി, സാറിന്റെ വരവിനു നന്ദി...ഞങ്ങള്ക്ക് വേണ്ട ഉപദേശ നിര്ദേശങ്ങള്‍ നിര്‍ലോഭം തരുമല്ലോ...!

  @jayanEvoor, ഡോ. ഇത് ഞങ്ങളുടെ പ്രഥമ സംരംഭം ആയിരുന്നു. കൂടുതല്‍ ആളുകളെ കണ്ടുപിടിച്ചു അടുത്ത മീറ്റില്‍ പങ്കെടുപ്പിക്കണം എന്ന് കരുതുന്നു...നന്ദി!

  @Salam, എന്റെ സന്തോഷം കൂടി പങ്കു വെക്കുക എന്നെ ഉദ്ദേശിച്ചുള്ളൂ...അഭിപ്രായത്തിന് നന്ദി.

  @Ummu Jazmi, മൂത്ത ഒരാള് കൂടിയുണ്ട്, പക്ഷെ അകമ്പാടം കിട്ടിയവരെ വെച്ചു ‘ഫോട്ടി’യതാണ്.... മീറ്റും ഈറ്റും ചാറ്റും ഒക്കെ നന്നായിരുന്നു...നിങ്ങള് ദുബായിക്കാര് മീറ്റിണില്ലേ..ഇവിടെ സബിയും ശഹാനയും ഒക്കെ സജീവമായി ഉണ്ടായിരുന്നു കേട്ടോ...നന്ദി!

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!