Saturday, March 19, 2011

ഇല്ലാത്ത പണിക്ക് കിട്ടാത്ത ശമ്പളം

          തൊഴിലില്ലായ്മ പ്രകൃതി ക്ഷോഭം പോലെ ബഹുതലസ്പര്‍ശിയും പുനരധിവാസം ആവശ്യപ്പെടുന്നതുമായ ദുരന്തമാണ്. അത് സമൂഹത്തിലേക്ക് കുഴപ്പങ്ങളുടെയും പിടിച്ചു പറിയുടെയും ലാവയും ചാരവും വര്‍ഷിക്കാന്‍  പോന്നതാണ്. അനുഭവിച്ചവര്‍ക്കേ അതിന്‍റെ കാഠിന്യം അറിയൂ. ജോലിയിലുള്ള ബുദ്ധിമുട്ടുകള്‍ പാടെ മറന്ന് താന്‍ വെറുത്തിരുന്ന ജോലിക്ക് വേണ്ടി പോലും ആഗ്രഹിച്ചു  പോകുന്ന പതിതാവസ്ഥയുടെ ആഴക്കടല്‍. കഠിന ഹൃദയര്‍ പോലും കാരുണ്യത്തിനായി കേഴുന്ന പാതാള കാഴ്ചകള്‍. തൊഴിലിനായി കടല്‍ കടന്നെത്തിയവര്‍ തൊഴില്‍ രഹിതരായാലോ; അയാള്‍ക്കവിടെ ഭാര്യയും സ്കൂളില്‍ പഠിക്കുന്ന കുട്ടികളും ഉണ്ടെങ്കിലോ....ദുര്‍ബല മനസ്കര്‍ പലതും ചിന്തിച്ചു പോവുന്ന അവസ്ഥ തന്നെ!തൊഴിലില്ലായ്മയുടെ ആകെത്തുക : പണത്തിന്‍റെ ഞെരുക്കം


               ജിദ്ദയില്‍ എന്റെ താമസസ്ഥലത്തിന് അടുത്തു ഒരു പള്ളിയുണ്ട്. അവിടെ വെച്ചു സ്ഥിരമായി കാണാറുള്ള പേരറിയാത്ത, നാടറിയാത്ത ഒരു പാട് പരിചയക്കാര്‍. കണ്ടാല്‍ അഭിവാദ്യം ചെയ്യും, ചിരിക്കും, അത്രക്കുള്ള ബന്ധം മാത്രം. ആ പാകിസ്ഥാനിയും അയാളുടെ മൂന്നു ആണ്‍കുട്ടികളും ആ ഗണത്തില്‍ പെടുന്നവരാണ്. മധ്യവസ്കനും പതിനഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പിതാവും. പ്രാര്‍ഥനാ വേളകളില്‍ മക്കളുമായി ഒന്നിച്ചു വന്നു ഒന്നിച്ചു തിരിച്ചു പോവാറുള്ള, സാധാരണ പാകിസ്ഥാനികളില്‍ നിന്നും ചില്ലറ വ്യത്യസ്ഥത പുലര്‍ത്തുന്നവര്‍. കഴിഞ്ഞ ദിവസം വൈകീട്ട് ഞാന്‍ തിരക്ക് പിടിച്ചു ജോലിക്ക് പോവുന്ന നേരം. ആ പാകിസ്താനി എന്‍റെ വഴിയില്‍ നില്‍ക്കുന്നു. സൌദിയിലെ പ്രമുഖ പാലുല്‍പ്പന്ന കമ്പനിയില്‍, റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലായി കഴിഞ്ഞ മുപ്പതു വര്‍ഷമായി ഡ്രൈവര്‍ മുതല്‍ ഫാക്ടറി ജോലി വരെ ചെയ്തുകൊണ്ടിരുന്ന അയാളെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടത്രേ. അമ്പത്തഞ്ച് വയസ്സായ ആ കുടുംബ നാഥന്‍ ഒരു ജോലിയും ഇല്ലാതെ എന്റെ മുന്നില്‍ വിഷണ്ണനായി നില്‍ക്കുകയാണ്. സമാനമായ ജോലിക്ക് വയസ്സ് ഒരു തടസ്സമായി നില്‍ക്കുന്നു. മക്കളുടെ പഠനം, വീട്ടു വാടക, ഭക്ഷണം ഒക്കെ അയാളുടെ മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളായി നില്‍ക്കുന്നുണ്ടാവണം. നാട്ടില്‍ വീടും കുറച്ചു സ്ഥലവും ഉണ്ടെങ്കിലും കുടുംബം പൊറ്റാന്‍ ജോലി തന്നെ വേണമല്ലോ. തൊഴില്ലായ്മയുടെ ആഴം പള്ളിയില്‍ ഇരുന്നു ദീര്‍ഘ നേരം പ്രാര്‍ഥനാനിരതനായി ഇരിക്കുന്ന അയാളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു.  ഇനിയൊരു അങ്കത്തിനു ബാല്യമില്ലാത്ത വിധം വൃദ്ധന്മാരായ മലയാളികള്‍ ശരഫിയ്യയിലൂടെ ലക്ഷ്യമില്ലാതെ നടന്നു പോവുന്നത് കണ്ടിട്ടുണ്ട്. നാട്ടില്‍ പോവാന്‍ പോലും ആശയില്ലാത്തവര്‍!


               ജീവിതയാത്രയില്‍ എപ്പോഴെങ്കിലും തൊഴില്ലായ്മയുടെ ഒരവസരം ഉണ്ടാകാതെ വഴിയില്ല. നാട്ടില്‍ നിന്നു പഠനവും കഴിഞ്ഞു ഒരു ജോലിയും അറിയാതെ ഗള്‍ഫില്‍ തൊഴില്‍ തേടി എത്തിയ 90കള്‍ തൊഴിലില്ലായ്മയുടെ കാലം കൂടിയായിരുന്നു. “ഗള്‍ഫില്‍ എത്താനാണ് പണി, എത്തിയാല്‍ പണിയില്ല” എന്ന് ഞങ്ങള്‍ ഈ അവസ്ഥക്ക് പേരിട്ടിരുന്നു. ജോലി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് മാത്രമല്ല സ്പോന്സരുടെ കീഴിലല്ലാതെ ജോലി ചെയ്തു പിടിക്കപ്പെട്ടാല്‍ നാട്ടിലേക്കു ടിക്കെറ്റ്‌ എടുക്കാതെ തിരിച്ചെത്തുന്ന അവസ്ഥയും ഉണ്ടായിരുന്നു. ശരഫിയയിലെ “ഐക്കരപ്പടി ഹൗസ്‌” എന്ന ബാച്ച്ലര്‍ താമസസ്ഥലത്ത്, നാലഞ്ചു മുറികളിലായി, ഗവണ്മെന്റ്‌ ആശുപത്രികളെ പോലെ, കട്ടിലിലും അതിനടിയിലും ഇടയിലും തലങ്ങും വിലങ്ങും കിടക്കുന്ന ഒരു പാട് ജന്മങ്ങള്‍. മൂട്ടകളുടെ തോഴന്മാരായി, ഉടുത്തത് പുതച്ചു, തലയണയെ മാറോടണച്ചു, എസിയെ സഹിച്ചു കിടന്നുറങ്ങുന്നവരില്‍ പകുതി പേര്‍ എന്നും തൊഴില്‍ രഹിതരായി “ശുഗൂല്‍ മാഫീ”കളായി റൂമില്‍ ഉണ്ടാവും. ഒരു ബാച്ച് പണിയില്‍ കയറുമ്പോള്‍ അടുത്ത ബാച്ച് ഇറങ്ങിയിരിക്കും എന്ന രീതിയില്‍ അവരുടെ അനുപാതം ഏറെക്കുറെ സ്ഥായിയായി നിലനിന്നു. ‘മിണ്ടിപ്പറയാന്‍’ ആളുകള്‍ ഇഷ്ടം  പോലെയുണ്ടാവുമെന്നതിനാല്‍ വീട്ടിലെ കത്ത് വരുന്നത് വരെ കാര്യമായ ടെന്‍ഷന്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ ജോലിയില്ലാതെ കുറെ ദിവസം റൂമില്‍ നിന്നാല്‍ പിന്നെ ജോലി കിട്ടിയാലും പോവാന്‍ മടിക്കുന്ന ഒരു അറ്റാച്മന്റ്റ്‌  റൂമുമായി ഉണ്ടായിട്ടുണ്ടാവും.

കിടക്കയില്ലെങ്കിലും കിടക്കാം...

             വട്ട് തിരിക്കുന്ന പണി മാത്രമറിയുന്ന നാട്ടുകാരില്‍ കൂടി എനിക്ക് പറ്റിയ ഒരു ജോലി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ബൂഫിയ, ബകാല എന്നിവയില്‍ ജോലി ചെയ്യുന്നതിനുള്ള ‘കര്‍ത്തസായ’ എന്ന ആരോഗ്യവകുപ്പ് കാര്‍ഡ്‌ ഉണ്ടാക്കാന്‍ വരെ തയ്യാറായി. ഞാന്‍ എത്തിയതു
ജൂലൈയിലെ  ഒരു   കടുത്ത വേനലിലായിരുന്നു. രണ്ടു റിയാലിന്റെ ബസ്‌ യാത്രക്ക് പോലും മിനക്കെടാതെ കിലോമീറ്ററുകള്‍ നടന്നു ജോലി അന്വേഷിക്കുവാന്‍ രാവിലെ പുറപ്പെടും. റൂമില്‍ വെള്ളം ഒരു കിട്ടാകനിയായിരുന്ന കാലത്ത് ദൂരെയുള്ള പൈപ്പില്‍ നിന്നും ബക്കറ്റില്‍ വെള്ളം പിടിച്ചു കൊണ്ട് വന്നു കുളിച്ചു വേണം തെണ്ടാന്‍ ഇറങ്ങാന്‍. അകത്തേക്ക് പ്രവേശനമുള്ള എല്ലാ ഓഫീസുകളിലും‍ കയറിയിറങ്ങി ബ്ലോഗ്‌ കമ്മന്റ്സ് പോലെ സ്ഥിരം പല്ലവികളായ “ജോലിയില്ല”, “അടുത്ത പ്രാവശ്യം പരിഗണിക്കാം”, “ഉണ്ടെങ്കില്‍ വിളിക്കാം’ തുടങ്ങിയ വാക്കുകള്‍ കേട്ട് മടുത്തു മനസ്സ് ചത്തിരിക്കും. ഇങ്ങോട്ട് പറഞ്ഞു വിട്ടവരെ പ്രാകും. ജോലിയന്വേഷിച്ചു ദിവസവും പോവാതിരുന്നാല്‍ അതിലേറെ പ്രശ്നമാണ്. വിവരം ഉടനെ വീട്ടിലെത്തും. ഫോണ്‍ സൗകര്യം ഉണ്ടായിരുന്നില്ലെങ്കിലും ആഴ്ചയില്‍ ഒരാള്‍ വീതം നാട്ടിലേക്ക് പോവാന്‍ മാത്രം സംഖ്യാബലം ഐക്കരപ്പടിക്കാര്‍ക്ക് ഉണ്ടായിരുന്നു. കീശയില്‍ ഒരു റിയാല്‍ പോലും ഇല്ലാതെ, അഭിമാനിയായി ആരോടും കടം ചോദിക്കാതെ ജോലി അന്വേഷിച്ചു പോവാന്‍ കഴിയാത്ത ദിവസങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ റൂം ആയിരുന്നതിനാല്‍ ഭക്ഷണം മൂന്നു നേരം ഇടതടവില്ലാതെ കിട്ടികൊണ്ടിരുന്നു. മാസാവസാനം എവിടെ നിന്നെങ്കിലും കടം വാങ്ങി റൂമും ഭക്ഷണവും കടമാക്കാതെ നോക്കെണ്ടിയിരുന്നുവെങ്കിലും. ഇത്തരത്തില്‍ മാസങ്ങളും വര്ഷം മുഴുവനും പണിയില്ലാതെ നിന്നിരുന്ന  ഭാഗ്യ ദോഷികള്‍ ഞങ്ങളില്‍ ഉണ്ടായിരുന്നു. അതില്‍ പെട്ട ഒരു മാഷ് ഗള്‍ഫിനോട് സ്വയം വിരമിച്ചു, കടങ്ങള്‍ എല്ലാം ടീച്ചര്‍ ഭാര്യയുടെ സഹാത്തോടെ കൊടുത്ത് തീര്‍ത്തത് ഓര്‍ക്കുകയാണ്.  ഇന്ന് അവര്‍ സന്തോഷത്തിലാണ്, കൃത്യ സമയത്ത് നാട് പിടിച്ചതിനാല്‍...ഞാനും രണ്ടോ മൂന്നോ മാസം തൊഴിലില്ലാതെ 'റസ്റ്റ്‌'(തുരുമ്പ്) എടുത്തിട്ടുണ്ട്.    


               പണിയില്ലാതെ നില്‍ക്കുന്നവര്‍ക്ക് പണിയുള്ളവരുടെ വകയായി ‘പണി’ കിട്ടാറുണ്ട്. വല്ല പണിക്കും പോയി നോക്കി ശരിയാവാതെ വന്നാല്‍ പണികിട്ടിയിട്ടും പോവാതെ നില്‍ക്കുന്നവര്‍ എന്നൊക്കെ പറഞ്ഞുപരത്തും. എന്‍റെ നാട്ടുകാരുടെ നിലവാരത്തില്‍ അവര്‍ ചിന്തിച്ചപ്പോള്‍ ഞാന്‍ ബല്യ ശമ്പളം വാങ്ങാന്‍ വന്ന ആപ്പീസര്‍ ആയി പരിഹസിക്കപ്പെട്ടത്‌ ഓര്‍ക്കുകയാണ്. പിന്നീട് അത്തരക്കാരുടെ വായടക്കാന്‍ അപ്പീസരുടെ ട്ടയ്യും കെട്ടി അവരുടെ മുന്നില്‍ ഒരു ദിവസം നില്‍ക്കേണ്ടി വന്നു . ജോലിയൊക്കെയായി മറ്റൊരു റൂമില്‍ കൂടിയപ്പോഴാണ് ഒരുആപ്ത വാക്യം മെനഞ്ഞെടുത്തത്. നാട്ടില്‍ നിന്നും പെണ്ണും കെട്ടരുത്, നാട്ടുകാരുടെ കൂടെ നില്‍ക്കുകയുമരുത്. നമ്മെ അറിയാത്തവരുടെ റൂമില്‍ ഒരു പരസ്പരബഹുമാനവും അകല്‍ച്ചയും ഉണ്ടാവും. അതാണ്‌ എനിക്ക് സുഖം തോന്നിയത്. എങ്കിലും പണിയില്ലാത്ത കാലം സഹിച്ച നാട്ടുകാരെ നാം മറക്കുന്നില്ല കേട്ടോ.

               ഗള്‍ഫില്‍ ജോലി സാദ്ധ്യതകള്‍ പിന്നീട് കൂടിയെങ്കിലും പണി കിട്ടാനുള്ള സാഹചര്യം ഇന്നും മാറിയിട്ടില്ല എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. വലിയ കമ്പനികളില്‍ ജോലി കിട്ടാനുള്ള മുഖ്യ യോഗ്യത അവിടെ നമ്മുടെ ഒരാള്‍ ഉണ്ടായിരിക്കുക എന്നതാണ്. പത്താം ക്ലാസ്സും ഗുസ്തിയും ഉള്ളവന്‍ ഒരു പക്ഷെ ഡിഗ്രിയും കംപ്യൂട്ടരും ഉള്ളവനെക്കാള്‍ നല്ല ശമ്പളവും ജോലിയും നേടി വരുന്നത് ഒരു ഗള്‍ഫ്‌ പ്രതിഭാസമാണ്. പ്രീ-ഡിഗ്രിക്കപ്പുറം ഡിഗ്രി കണ്ടിട്ടില്ലാത്തവന്‍ എന്റെ ഇരട്ടി ശമ്പളം വാങ്ങുന്നത് എനിക്കറിയാം. പണി അറിഞ്ഞിട്ടും കാണാന് ഒത്തിരി തണ്ടും തടിയും ഇല്ലെങ്കിലും ഇവിടെ ക്ഷീണം ചെയ്യും. നമുക്കൊന്നും ആരും ശുപാര്‍ശക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചതാണ്. മാത്രമല്ല പല വലിയ കമ്പനികളിലും ജോലി ഒരു പ്രത്യേക ഭാഷക്കര്‍ക്കോ നാട്ടുകാര്‍ക്കോ എന്തിനു മതക്കാര്‍ക്കോ പോലും ‘സംവരണം’ ചെയ്യപ്പെട്ടിരുന്നു. അവിടെയുള്ള ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഭരിക്കും. മലയാളികള്‍ ധാരാളം ജോലി ചെയ്യുന്ന ‘അല്മറയി’ മില്കില്‍ മിസ്രിക്ക് പ്രവേശനമില്ല. ഹൈദരാബാദിയെ മാത്രം ജോലിക്ക് എടുക്കുന്നവര്‍, മലയാളികള്‍ക്കിടയില്‍ തന്നെ മലബാരുകാരെ, തിരുവിതാംകൂരുകാരെ മാത്രമെടുക്കുന്നവര്‍, പാര്‍ട്ടി നോക്കി ജോലിക്ക് എടുക്കുന്നവര്‍ ഒക്കെ ഉണ്ട്, ആദ്യകാലത്ത് ഒരു പര്ട്ടിയുമായും ബന്ധമില്ലാതെ ഇതെല്ലാം നേരിട്ട് അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചതിനാല്‍ നല്ല ജോലികള്‍ കിട്ടാതെ പോന്നു. കിട്ടിയ ചില്ലറ ജോലികള്‍ ആവട്ടെ അപ്രതീക്ഷിതമായി ഇവിടെ നിന്നും പരിചയപ്പെട്ട സുമനസ്സുകളുടെ കാരുണ്യത്തില്‍ കരഗതമായതും. കുറച്ചു കാലം കൂടെ ജോലിയെടുക്കുകയും പിന്നീട് പണിയില്ലാതെ നടക്കുകയും ചെയ്തപ്പോള്‍, എനിക്ക് വേണ്ടി ഒരു ജോലി ശരിയാക്കി ഷറഫിയ്യയില്‍ വന്നു എന്നെ അന്വേഷിച്ചു കണ്ടു പിടിച്ച നല്ലവനായ ആ മിസ്രിയെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് അത്ഭുതമാണ്.              ഇതൊക്കെ വെറുതെ ഓര്‍ത്തതല്ല. വിദേശനാണ്യം  കായ്ക്കുന്ന  മരങ്ങള്‍  ഒന്നിച്ച് ഉണങ്ങാന്‍ പോന്ന ചുടു കാറ്റടിക്കുന്നു.  എവിടെയും സ്വദേശി വല്കരണത്തിനുള്ള മുറവിളിയാണ്. മുറവിളിക്ക് മറുവിളിയായി ആനുകൂല്യങ്ങളും സൗജന്യങ്ങളും സ്വദേശികളെ പരിരംഭണം ചെയ്യുമ്പോള്‍  വിദേശിയുടെ സ്വപ്‌നങ്ങള്‍ക്ക് തീയിടാന്‍ എവിടെയും മത്സരമാണ്. കഴിഞ്ഞ ദിവസം മസ്കറ്റില്‍ നിന്ന്നും സുഹൃത്ത്‌ വിളിച്ചു അവരുടെ ഗ്രൂപ്പ്‌ നടത്തുന്ന ആശുപത്രി സമരക്കാര്‍ അടപ്പിച്ചത് പറഞ്ഞു. ബഹ്റൈനിലും ഇവരുടെ ഒരു ആശുപത്രി അടക്കേണ്ടി വന്നുവത്രേ. ഇവിടെ നടക്കുന്ന സമരങ്ങള്‍ ശമിപ്പിക്കാന്‍ വിദേശിയെ പറഞ്ഞു വിടാന്‍ ഭരണാധികാരികള്‍ ചിന്തിന്ച്ചു തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോള്‍ അവര്‍ അതിനു തയ്യാറുമാണ്. അതിനാല്‍ ഭാണ്ടപ്പെട്ടികള്‍ കെട്ടിവെക്കാന്‍ സമയമായി. തിരിച്ചു പോക്കിനെ കുറിച്ച് ഓര്‍ക്കുക, നാട്ടില്‍ തൊഴില്‍ രഹിതനായി കഴിയാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക. നാട്ടുകാരുടെ കണ്ണീര്‍ തുടയ്ക്കുന്ന പ്രാദേശിക കൂട്ടയ്മകളിലൂടെ കൂട്ട് സംരംഭങ്ങള്‍ വഴി നാട്ടിലെ നിക്ഷേപ സാധ്യതകള്‍ ആരായട്ടെ. ഇവിടെയോ ജീവിതം ഇല്ല, തിരിച്ചു ചെന്ന് നാട്ടിലും പണിയില്ലാതെ നടക്കേണ്ടി വരാതിരിക്കാന്‍ ജാഗ്രതൈ..!
പെട്ടി റെഡിയാക്കി വെച്ചോളൂ...

42 comments:

 1. വിദേശനാണ്യം കായ്ക്കുന്ന മരങ്ങള്‍ ഒന്നിച്ച് ഉണങ്ങാന്‍ പോന്ന ചുടു കാറ്റടിക്കുന്നു. എവിടെയും സ്വദേശി വല്കരണത്തിനുള്ള മുറവിളിയാണ്. അതിനാല്‍ ഭാണ്ടപ്പെട്ടികള്‍ കെട്ടിവെക്കാന്‍ സമയമായി.

  ReplyDelete
 2. നിരാശനാവരുത്‌ സ്നേഹിതാ ...ഓരോ അരിമണിയുടെ പുറത്തും അത് അവകാശപ്പെട്ടയാളുടെ പേര് നിന്‍റെ നാഥന്‍ എഴുതിയിരിക്കും...
  മനസ്സില്‍ നന്മയും കരുണയും നിറക്കുക..

  ReplyDelete
 3. വാർത്തകൾ അറിയുമ്പോൾ ചങ്കിടിപ്പു കൂടുന്നു എന്നതു സത്യം.. എന്റെ നാടിന്നു എന്നെ ആവശ്യമാണെന്നതു കൊണ്ടു എനിക്കു പോകാതിരിക്കാനാവില്ല എന്നു വിശ്വസിച്ചു ഞനൊരു പോക്കു പോകും. ഒന്നുമില്ലെങ്കിലും സ്വപ്നം കാണുന്ന നാടുണ്ടല്ലൊ. കൂടെ ജോലി ചെയ്യുന്ന ഖാൻ സാഹിബിനോ.. തിരികെ ചെല്ലാൻ വീടില്ല. അപ്പോൽ ഞാൻ ഭാഗ്യവാനാണെന്നു സ്വയം സമാധാനിക്കണ്ടേ.. സലീംക്ക അവസാന ഭാഗം ഉഷാറായി അതിനു മുമ്പുള്ള ഖണ്ഡികകൾ പോലെ തന്നെ. ( ഇങ്ങനെയൊന്നും പേടിപ്പിക്കല്ലേ :) )

  ReplyDelete
 4. ദേവൂട്ടി ഐക്കരപ്പടിയില്‍ ബസ്സിറങ്ങി ......

  പ്രവാസികളുടെ പ്രയാസങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ച്
  മനസ്സില്‍ പ്രയാസം ഉണ്ടാക്കി..

  തൊഴിലില്ലായ്മ - തൊഴില്‍ വേട്ട - അതിന്റെ അനുഭവങ്ങള്‍
  ഇനി എന്ത് എന്ന ആശങ്ക ....

  എല്ലാം മനസ്സിനെ സ്പര്‍ശിച്ചു ....
  പ്രത്യാശ കൈവിടണ്ട ....

  ആശംസകള്‍ ....

  ReplyDelete
 5. Excellent attempt... congrts....

  ReplyDelete
 6. ജോലികിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്നൊക്കെ പലരിൽ നിന്നും കേട്ടിട്ടുണ്ട്.

  സ്ഥാപനം അറബിയുടേതായാലും വിദേശകമ്പനി ആയാലും മതവും ജാതിയും നോക്കി ജോലിയും ബിസിനസുമെല്ലാം നൽകുന്നവർ ഇഷ്ടം പോലെയാണ്. കമ്പനിക്ക് അങ്ങിനെ പോളിസി ഇല്ലെങ്കിലും ജോലി ചെയ്യുന്നവരിൽ അത് കൂടുതലാണ്.

  ഒരിക്കൽ ഒരു സൌദി കമ്പനിയിൽ കൊട്ടേഷൻ കൊടുത്തത് അംഗീകരിക്കുകയും പർചേസ് ഓർഡറിനായി കമ്പനിയിൽ എത്താൻ ആവശ്യപെട്ടത് പ്രകാരം അവിടെ എത്തി ‘സലാം’ പറഞ്ഞതോട് കൂടി ഓർഡറ് നൽകാൻ വിളിച്ചവൻ ചോദിക്കാണ്, താൻ അച്ചായനല്ല്യേയോ? തന്റെ പേര് കേട്ടപ്പോ അങ്ങിനെ തോന്നി… സോറി, ഞാൻ ഞങ്ങളുടെ ആളുകൾക്ക് മാത്രമേ ബിസിനസ് നൽകൂ എന്ന് പറഞ്ഞു തിരിച്ചയച്ചു എന്നെന്റെ സുഹൃത്ത് ഷാജി പറഞ്ഞപ്പോ ഓർത്തുപോയി, സൌദിയാണ് രാജ്യം, ശരീഅത്താണ് നിയമം…!!

  ReplyDelete
 7. ഇതിലും വലിയ പ്രതിസന്ധികള്‍ മുമ്പും നേരിട്ടതാണ്. എങ്കിലും ഒരു കരുതല്‍ നല്ലതാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു. എല്ലാം തരണം ചെയ്തു സധൈര്യം മുന്നോട്ടു പോകാന്‍ കഴിയട്ടെ.

  ReplyDelete
 8. തിരിച്ചു പോക്കിനെ കുറിച്ച് ഓര്‍ക്കുക, നാട്ടില്‍ തൊഴില്‍ രഹിതനായി കഴിയാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക. എല്ലാം മനസ്സിനെ സ്പര്‍ശിച്ചു ....ആശംസകള്‍ ....

  ReplyDelete
 9. സലിം സാബ്‌ .... പേടി പെടുത്തുകയാണല്ലോ... ഹൂം ... മുന്‍കരുതല്‍ എടുക്കാന്‍ ശ്രമിക്കാമല്ലോ അല്ലെ ... എല്ലാവിധ ആശംഷകളും

  ReplyDelete
 10. നമ്മുടെ മുമ്പിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ എല്ലാം പ്രയാസ രഹിതമാക്കാം. ഇപ്പോൾ ലഭിക്കുന്ന സൌകര്യങ്ങളിൽ മതിമറന്ന് ഭാവിയെ വിസ്മരിച്ചാൽ തീർച്ചയായും പ്രയാസങ്ങൾ നമ്മെ തേടിയെത്തും. ഇപ്പോൾ പ്രവാസികളായ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നവും ഇതാണ്. പ്രവാസിയായിരിക്കുമ്പോൾ നമ്മുടെ കുടുമ്പത്തിന്റെ ജീവിത രീതിയിലും ആവാസ വ്യവസ്ഥിതിയിലും കാര്യമായ മാറ്റങ്ങളുണ്ടാകുകയും ജീവിത നിലവാരം മെച്ചപ്പെടുകയും ചൈതു എന്ന് അധികമാളുകൾക്കും പറയാമെങ്കിലും, ഏതെങ്കിലും കാരണംകൊണ്ട് പ്രവാസം ഉപേക്ഷിക്കേണ്ടിവന്നാൽ നമ്മുടെ കുടുംബത്തിന് ഇന്നുള്ള ജീവിത നിലവാരത്തിൽതന്നെ തുടരാൻ കഴിയുന്നവർ എത്രപേരുണ്ടെന്ന് ചോദിച്ചാലറിയാം പ്രവാസികളുടെ വ്യക്തിപരമായ സമ്പാദ്യങ്ങളുടെ കണക്ക്. വ്യക്തമായ പ്ലാനും പദ്ധതിയും ഇല്ലാതെ പോകുന്നതാണ് പ്രവാസികളുടെ ഈ രീതിയിലുള്ള അവസ്ഥക്ക് കാരണം. മാത്രമല്ല നമ്മുടെ സാമൂഹ്യ മനോഭാവത്തിലും കാര്യമായ മാറ്റങ്ങളുണ്ടാവേണ്ടതുണ്ട്. ഗൾഫുകാരനായത്കൊണ്ട് മാത്രം സമൂഹം (സ്വന്തം കുടുംബം അടക്കമുള്ള) അയാളുടെ മേലിൽ അധിക ഭാരം വെച്ച് കെട്ടുന്നു. ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിൽ സ്വന്തം ജീവിതം പോലും നഷ്ടപ്പെടുത്തിയുള്ള കഠിനാധ്വാനത്തിനൊടുവിൽ സമ്പാദ്യമൊന്നുമില്ലാതെ മടങേണ്ടിവരുന്നു. എല്ലാ പ്രവാസികളും ജീവിതത്തെ വളരെ പ്രാധാന്യത്തോടെ കാണുകയും, ജീവിതം പാഴായിപോകാതെ നോക്കുകയും വേണം

  ReplyDelete
 11. pravasam.ee vakkinte soundaraythilanu ente nottma
  pra vasam. vasam videsathu akumpol nam oru pidayunna meenine orkkunnu. oru samadhanm mathrm krachu nimishangal(nalukal-varshmgal) kazhiyumpol ellam marum

  ReplyDelete
 12. ഞാനും കെട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഒന്നാം തരം ഒരു ഭാണ്ടപ്പെട്ടി. അങ്ങനെയെങ്കിലും ഒന്ന് സ്വദേശത്ത്‌ ജീവിക്കാന്‍ പറ്റിയാലോ.

  ReplyDelete
 13. സലിം ബായി .. നമ്മള്‍ ചര്‍ച്ച ചെയ്ത പോലെ കൂടി ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു .

  ReplyDelete
 14. നല്ലൊരു ലേഖനം വായിച്ച സംതൃപ്തി ഉണ്ട് ട്ടോ സലിം ഭായ്.
  പ്രവാസത്തിലെ മിക്ക ആള്‍ക്കാരുടെയും വിഷമ കാലങ്ങളെ കുറിച്ച് നല്ലൊരു വിവരണമാണ് നല്‍കിയത്.
  ജോലി അന്യോഷിച്ചു നടക്കുന്ന ഒരുപാട് പേരെ സഹായിക്കുന്നവര്‍ ധാരാളമുണ്ട്.
  ഒപ്പം ഒരു വെറുപ്പോടെ അവരെ നോക്കികാണുന്നവരും .
  ആശ്രയം തേടി കടല്‍ കടക്കുന്ന എല്ലാവരുടെയും ജീവിതം സുന്ദരമാകട്ടെ .
  പ്രാര്‍ഥിക്കുന്നു

  ReplyDelete
 15. ഗള്‍ഫില്‍ എത്തിയിട്ട് പത്തു വര്ഷം കഴിഞ്ഞു. വന്നു ഇറങ്ങിയ ഒന്നാം തീയ്യതി കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ 'സൌദി വത്ക്കരണം.' അത് കേട്ട് കേട്ട് ഇപ്പൊ സൗദി വത്ക്കരണം എന്ന് കേള്‍ക്കുമ്പോഴേ ഞാനത് ഇങ്ങനെ ലഘൂകരിക്കും. സാദാ വത്ക്കരണം ! പണ്ടത്തെ 'പുലി വരുന്നേ' എന്ന കഥ പോലെ യഥാര്‍ത്ഥ പുലി എന്നാണാവോ ഇറങ്ങുന്നത്? പറമ്പില്‍ എത്തും മുമ്പേ എന്തിനാണിങ്ങനെ കിളച്ചു തുടങ്ങുന്നത്? പ്രശ്നങ്ങള്‍ വരുമ്പോള്‍ അവിടെ വെച്ച് കാണാം. അല്ലാതെ പ്രശ്നം വരുന്നേ എന്ന് പറഞ്ഞു ഇപ്പോഴേ ടെന്‍ഷന്‍ അടിക്കാനൊന്നും ഞാനില്ല. അല്ലെങ്കില്‍ തന്നെ എടുക്കാനും പുതക്കാനും ടെന്‍ഷന്‍ ഉണ്ട്...
  പായലെ വിട
  പൂപ്പലെ വിട
  ടെന്ഷനെ വിട ..
  വണ്ടി വിടേണ്ടി വന്നാല്‍ നമുക്ക് വിടാം .. അല്ല പിന്നെ

  ReplyDelete
 16. വാ കീറിയ ദൈവം പിണ്ണാക്കും തരും എന്ന ശുഭാപ്തി വിശ്വാസം കൈമുതലാക്കി ഒരു പോക്കങ്ങു പോകുന്നു ...!അതില്ലായിരുന്നു എങ്കില്‍ ഞാനെന്നേ എന്‍റെ തൊട്ടടുത്ത ഫ്ലാറ്റിലേക്ക്‌ സ്ഥിരതാമസമായെനെ.. (ജിദ്ദ ബാബ് മക്ക ഖബര്‍സ്ഥാന്‍ എന്‍റെ ചുമരിനപ്പുറമാണ്..!)

  ReplyDelete
 17. @Sundar Raj, നിരാശയൊന്നുമില്ല മാഷെ, ഇനിയെങ്കിലും നാടുപിടിക്കാന്‍ ഇവന്മാര്‍ ഒരു കാരണം തരുമല്ലോ എന്ന സന്തോഷമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഇവിടെ നിന്നും തൃപ്തിയോടെ ആരും പിരിഞ്ഞു പോവില്ല...അതാണ്‌ ഈ മണ്ണിന്റെ പ്രത്യേകത...!

  @Jefu, പറഞ്ഞ പോലെ ഒരു പോക്കങ്ങു പോവാം..എങ്കിലും ഒന്നൊരുങ്ങി പോവുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസം നേടുവാന്‍ ശ്രമിക്കുകയും വേണം കേട്ടോ...നന്ദി!

  @റാണിപ്രിയ, ഇതൊക്കെ എഴുതി വല്ലവരെയും ഒന്ന് അറിയിക്കണമെന്നുണ്ടായിരുന്നു... അത്രയും ആശ്വാസം...ഇന്ന് പല സുഹൃത്തുക്കളെയും കണ്ടു...എല്ലാവരും വായിച്ചിരിക്കുന്നു ഞാനെഴുതിയ അവരുടെ കഥ..
  അല്ല അതാരാ നമ്മുടെ ദേവുട്ടിയല്ലേ ബസ്സിറങ്ങി വരണത്...!

  @Habeeb, thanks for your kind words....!

  @Maip പറഞ്ഞത് തന്നെയാണ് ഞാന്‍ പറഞ്ഞത്...നമ്മള്‍ മലയാളികള്‍ തന്നെയാണ് ഇവിടെ വിഭാഗീയതയും വര്ഗീസയതയും കാണിക്കുന്നത്... അറബികള്ക്ക് അത്തരം ചിന്തകള്‍ ഒന്നും ഇത് വരെ കണ്ടില്ല...അറബികള്‍ ഇന്ത്യക്കാരെ ജാതിയും മതവും നോക്കാതെ സ്നേഹിക്കുന്നതായാണ് എന്റെ അനുഭവം...!

  @Akbar, പ്രതിസന്ധികളില്‍ പതറണമെന്നല്ല ഞാന്‍ പറയുന്നത്. എന്തിനും ഒരു മുകരുതല്‍ വേണ്ടേ...കൂടാതെ ചുമക്കപ്പെടാതെ നാട്ടിലേക്ക് പോയി കുറച്ചു കാലം എല്ലാം മറന്നു ജീവിക്കാന്‍ ഒരു “മോഹം” നമുക്കില്ലേ...

  ReplyDelete
 18. പ്രവാസത്തിന്റെ മേല്‍ കരിനിഴല്‍ വീണുതുടങ്ങിയിട്ടു കുറച്ചുകാലമായെങ്കിലും ആ നിഴലിനു കനം കൂടിവരുന്നതു നാം തിരിച്ചറിഞ്ഞേ മതിയാവൂ...!

  ReplyDelete
 19. വെറും രണ്ടേ രണ്ടു വർഷം കാശുണ്ടാക്കാൻ വന്നവർ… ചിലർ അഞ്ചു വർഷം ചിലർ നിശ്ചിത സമയം വെച്ചിട്ടില്ല, കഴിയുന്നത്ര. എന്നാൽ വന്നവരാരും വരുമ്പോ വിളമ്പിയ വാക്ക് ഇടക്കിടക്ക് പുളിപിച്ചു വീണ്ടും വിളമ്പുക എന്നല്ലാതെ സൌദിസേഷനല്ല, ഓന്റെ മൂത്താപ്പ വന്നാലും ഇവിടെ നിന്ന് പോകില്ല.

  ReplyDelete
 20. ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് എഴുതിയിരിക്കുന്നതെങ്കിലും ഇരിങ്ങാട്ടിരി മാഷ്‌ പറഞ്ഞപോലെ വന്ന അന്ന് മുതല്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്.

  ചിലപ്പോഴൊക്കെ എല്ലാവരെയും ഇവിടുന്നു പറഞ്ഞയച്ചിരുന്നെങ്കില്‍ നാട്ടില്‍ പോയിനില്‍ക്കാമായിരുന്നു എന്ന ഒരു വികല ചിന്ത ഉണ്ടാകാറുണ്ട്!

  എവിടെയായാലും നല്ല രീതിയില്‍ ജീവിക്കാനിടവരട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.

  സലിം സാബ് എഴുത്ത് നന്നായി.

  ReplyDelete
 21. പ്രവാസിയുടെ തുടക്കം ഏവര്‍ക്കും ഏകദേശം ഒരുപോലെ തന്നെയാണല്ലേ..
  പ്രവാസിയെ ചിന്തിപ്പിക്കാനുതകുന്ന ലേഖനം... വളരെ നന്നായിരിക്കുന്നു സലീം ഭായ്...

  ReplyDelete
 22. ഒരു ആദി മനസ്സിലുണ്ട് എങ്കിലും വാകീരിയ ദൈവം വഴിയും കാണിച്ചു തരും എന്ന് സമാധാനിക്കാം

  ReplyDelete
 23. വായിച്ചു.ഗള്‍ഫിന്റെ അവസ്ഥ നന്നായെഴുതി.
  ഭാവിയിലേക്ക് ഒന്നും കരുതി വെക്കാത്തവരാണ് ഗള്‍ഫുകാര്‍.കീശയിലെ അവസാനത്തെ റിയാലും ചിലവാക്കിയായിരിക്കും അടുത്ത ശമ്പളം കൈപറ്റുന്നത്.പേടിക്കേണ്ടത് തന്നെ ഈ മാറ്റം.

  ഈയിടെയായി പോസ്റ്റുകള്‍ കാണാന്‍ വൈകുന്നു.
  കുറെ ആളുകളെ ഫോളോ ചെയ്ത കാരണമാകാം ഡാഷ്ബോര്‍ഡില്‍ പോസ്റ്റുകള്‍ വന്നു നിറയുന്നു,
  വായിക്കാന്‍ സമയം നന്നേ കുറവും.
  ഈ പോസ്റ്റും പറഞ്ഞപ്പോഴാണ് കണ്ടത്‌.വായിക്കാന്‍ ഇനിയും ഒരുപാട് കിടക്കുന്നു.

  ReplyDelete
 24. @SAJAD അതെ, തിരിച്ചു പോക്ക് സമാധാനത്തോടെ നേരത്തെയാവാന്‍ ആസൂത്രിതമായി ശ്രമിക്കുക. വായനക്ക് നന്ദി!

  @moidu , അതെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...ഇവിടെത്തന്നെ കൂടാമെന്ന് ആരും ധരിച്ചുവശാവരുത്...അല്ലാതെ പേടിക്കാനോന്നുമില്ലാന്നെ ...നന്ദി!

  @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ യുടെ അര്‍ത്ഥവത്തായ വരികള്‍ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ. തലമറന്ന് എണ്ണ തെക്കാതിരിക്കാന്‍ ശ്രമിക്കുക. ഗള്‍ഫ് ജീവിതം ലക്ഷ്യബോധത്തോടെ കൊണ്ടുപോവുക. നന്ദി!

  @ pozhiyooran അതെ പ്രവാസം പിടയുന്ന മല്സ്യത്തെപോലെ വീര്‍പ്പുമുട്ടിക്കുന്നു. എന്നിട്ടും പിടിച്ചു നില്കുന്നത് എന്തിനു എന്ന ചോദ്യത്തിനുള്ള ഉത്തരം അവരവര്‍ കണ്ടെത്തുക. താന്‍ പ്രവാസത്തിന്റെ മേലങ്കി അണിഞ്ഞത് എന്തിനു വേണ്ടിയാണ്, ആ ലക്ഷ്യത്തിലേക്ക് എത്താന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുക.

  @ Shukoor , പെട്ടിയില്‍ നിറക്കാന്‍ എന്തുണ്ട് കയ്യില്‍, കരിഞ്ഞ സ്വപ്നങ്ങളും വേവലാതികളും ഇവിടെ തന്നെ നിക്ഷേപിച്ചു ഒരു പുതു ജീവിതം കരുപ്പിടിപ്പിക്കാനുള്ള പുതുസ്വപ്നങ്ങള്‍ നിറക്കുക...ആശംസകള്‍!

  @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ അതെ പ്രവാസവും ജീവിതവും ഏതു നിമിഷവും സ്തംബിക്കുമെന്ന ചിന്തയോടെ മുന്നേറാം അല്ലെ...ഫേസ് ബുക്ക്‌ ചര്‍ച്ചകള്‍ മുന്നേറട്ടെ...

  @ ചെറുവാടി അതെ, നാട്ടിലുള്ളവര്‍ വിചാരിക്കുന്ന പോലെ അത്ര സുന്ദരമല്ല പ്രവാസിയുടെ വഴിത്താരകള്‍ എന്ന് എത്രപേര്‍ക്കറിയാം. ഏതു മുതലാളിയും പാവപ്പെട്ടവാനും ഇവിടെ എത്തിയാല്‍ ഒരേ പോലെ നിസ്സഹായര്‍. പിന്നിട്ട വഴികള്‍ ഓര്‍ത്തു നോക്കിയാല്‍ നമ്മളും അതുപോലെ ബുദ്ധിമുട്ടിയ കാലം ഒര്മവരില്ലേ...നമ്മുടെ സഹായഹസ്തങ്ങള്‍ നീളേണ്ടതുണ്ട് ..

  @ ഉസ്മാന്‍ ഇരിങ്ങാട്ടിരി അതെ, സൗദി വല്കരണവും പുലി വരുന്ന കഥയും തമ്മില്‍ ഒരു കാര്യത്തില്‍ യോജിക്കുന്നു. അവസാനം പുലി വന്നപ്പോള്‍ ഇടയനെ സഹായിക്കാന്‍ ആരുമുണ്ടായില്ല...അതുപോലെ സൗദി വല്കരണം സംഭവിച്ചാല്‍‍ നമുക്കാരുണ്ട്, ദൈവമല്ലാതെ...

  @ ashraf മേലെവീടില്‍ വാ കീറിയ ദൈവം പിണ്ണാക്ക് അല്ല നല്ല ഭക്ഷണം തന്നെ തരും..തീര്‍ച്ച...ഈ ശുഭാപ്തി വിശ്വാസവും കുറച്ചു ആസൂത്രണവും ഉണ്ടെങ്കില്‍ ഏതു മലയും ആശ്രഫിന്റെ മുന്നില്‍ നിസ്സരമാവും...നന്ദി!

  ReplyDelete
 25. വരുമ്പോള്‍ വരട്ടെ ..പുതിയ വഴികള്‍ തെളിയും

  ReplyDelete
 26. സാമ്പത്തിക അരാജകത്വം പേറുന്ന ഒരു പ്രവാസിയാണ് ഞാന്‍... 14 വര്‍ഷത്തെ പ്രവാസത്തില്‍ ഒന്നും നേടാന്‍ കഴിയാത്തവന്‍.... ഞാന്‍ ശരിക്കും ഭയപ്പെടുന്നു... പക്ഷേ ഈ ഭയം 14 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ എന്നു ആലോചിച്ചു നെടുവീ‍ര്‍പ്പിടുക... അല്ലതെ ഒന്നും ചെയ്യാനില്ല.....

  ReplyDelete
 27. ഒരുപാട് പച്ചപ്പരമാര്‍ത്ഥങ്ങള്‍ നിറഞ്ഞ പോസ്റ്റ്‌.
  ഇത് വായിച്ചപ്പോള്‍ പരിചയമുള്ളവര്‍ പറഞ്ഞ പല സംഭവകഥകളും മനസ്സിലോടിയെത്തി.
  മാറുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈഫ് സ്റ്റൈല്‍ മാറ്റാന്‍ പ്രവാസിയും അവന്റെ കുടുംബവും തയ്യാറാകണം.

  “ഗള്‍ഫില്‍ എത്താനാണ് പണി, എത്തിയാല്‍ പണിയില്ല”
  ഈ ഗള്‍ഫ്‌ ചൊല്ല് കലക്കി..

  ReplyDelete
 28. പ്രവാസിയായി ഒരു വ്യാഴവട്ടം ഞാനും തികച്ചു.നല്ലത് മാത്രം പ്രതീക്ഷിക്കാം...സസ്നേഹം

  ReplyDelete
 29. ..@ഷമീര്‍ തളിക്കുളം,അതെ സ്വദേശി വല്കരണത്തിന്റെ കരിനിഴല്‍ നമ്മെ മൂടുന്നു. ബാണ്ടങ്ങള്‍ കെട്ടിവെക്കാന്‍ സമയമായി, പക്ഷെ എന്തുണ്ട് കയ്യില്‍..?

  @ ബെഞ്ചാലി, ഞാനും ഒരു പഞ്ചവല്‍സര പദ്ധതിയുമായി വന്നവനാണ്. ശേഷം നാട്ടില്‍ ജോലിയില്‍ കയറാന്‍ പാകത്തില്‍. ഇന്നത്‌ അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു നാലാം പഞ്ചവല്‍സര പദ്ധതിയിലേക്ക് മുന്നേറുന്നു....നമ്മള്‍ പോകില്ല എന്നവര്‍ക്കറിയാം...അതിനാല്‍ പോവാനുള്ള കളികള്‍ വരും നാളുകളില്‍ ദര്‍ശിക്കാം, പരുക്കന്‍ നിയമങ്ങളിലൂടെ...

  @ തെച്ചിക്കോടന്‍, ജീവിക്കാന്‍ തീരുമാനിച്ചാല്‍ നാട്ടിലുള്ള ബില്യന്‍ ജനങ്ങളുടെ കൂടെ ജീവിച്ചു പോവും. അല്ലാതെന്താ... ഒരു ചുക്കും സംഭവിക്കില്ല, എങ്കിലും വല്ലതുമൊക്കെ കൊണ്ട് പോയാന്‍ പറിച്ചു നടല്‍ എളുപ്പമാക്കിയേക്കും...നന്ദി!

  @ ഷബീര്‍ (തിരിച്ചിലാന്‍), ഒടുക്കവും ഏകദേശം ഒരു പോലെയാവുമെന്നാ തോന്നണത്...:)
  നല്ല വാക്കുകള്‍ക്ക് നന്ദി!

  @ ayyopavam,എതുജോലിയും ചെയ്യാന്‍ തയ്യാറായാല്‍ ഒരു ആധിയും വേണ്ട...നാട് പഴയ പറവയെ മാടി വിളിക്കുന്നു...:)

  @ ~ex-pravasini*,പ്രവാസിയുടെ ഭാര്യക്ക്‌ അറിയാലോ ഞങ്ങളുടെ ഒക്കെ കാര്യം. അടുത്ത മാസത്തെ ശമ്പളം കൂടി കടമായി വാങ്ങി നാട്ടിലേക്കു വിടുന്നവര്‍. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

  പിന്നെ, ബല്യ എഴുത്തുകാരിയായപ്പം ആരാധകരെ കൊണ്ട് പൊരുതി മുട്ടി അല്ലെ...എനിക്ക് വയ്യേ...ഏതായാലും നമ്മുടെ സൗഹൃദം മറക്കല്ലേ..

  ReplyDelete
 30. വരുന്നിടത്തു വെച്ച് കാണാം....

  ReplyDelete
 31. iനമ്മള്‍ വിരുന്നുകാരായി വന്നവരാണ്. വീടുകാര്ക് നമ്മെ വേണ്ടെങ്കില്‍ ഏതു സമയവും നാം തിരിച്ചു പോകേണ്ടതുണ്ട് . പേടിച്ചിട്ടു കാര്യമില്ല. ഇത്രയ്ക്കു സുഭിക്ഷമായി കഴിയാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. പലതും നാം മാറ്റേണ്ടി വരും. കൂടാതെ കഴിയില്ല.

  ReplyDelete
 32. വെറും രണ്ട് വര്‍ഷം ആയിട്ടൊള്ളൂ, പ്രവാസതിന്റെ ഒരു പ്രശനങ്ങളും ഉണ്ടായിടില്ല, വന്നപ്പോഴു ഹാപ്പി ഇപ്പോഴും ഹാപ്പി
  കാരണമുണ്ട്.......
  എന്റെ എല്ലാവരും ഇവിടെ ഉണ്ട് , ജോലിയും എനിക്ക് ഉറപ്പ്, അപ്പൊ എന്റെ മുന്‍ ഗാമികള്‍ പറഞ്ഞത് കേള്‍ക്കുക എന്നു മത്രം
  ഞാന്‍ കരുതുന്നു നാട്ടില്‍ പോയാല്‍ അവിടേയും പതിയെ സെറ്റിലാകും, ആത്യമൊക്കെ പ്രശനങ്ങള്‍ ഉണ്ടാകും പിന്നീട് ശെരിയാവും
  എല്ലാം ദൈവതിന്റെ കയ്യില്‍ , അവന്‍ രക്ഷികട്ടെ എന്ന് പ്രാര്‍തികാം

  ReplyDelete
 33. @ രമേശ്‌ അരൂര്‍ , സ്വയം തെളിയുന്ന അലാവുദ്ദീന്റെ അത്ഭുത വിളിക്കാണോ വഴികള്‍......അതിനാല്‍ നമ്മുടെ പരിശ്രമം കൊണ്ട് വഴികള്‍ വെട്ടി തെളിയിക്കാം ..!

  @ നീര്‍വിളാകന്‍ , തൊണ്ണൂറു ശതമാനവും താങ്കളെ പോലെ തന്നെ....അതിനാല്‍ നമുക്കൊന്നിച്ച്‌ നെടുവീര്‍പ്പിടാം.. ജീവിതം ഒന്ന് കൂടി ചിട്ടയാക്കാന്‍ ശ്രമിക്കാം.. !

  @ mayflowers , ജീവിതം വഴിമുട്ടിയാലും ജീവിത ശൈലി മാറ്റില്ല എന്ന പിടിവാശി നാട്ടിലുള്ളവര്‍ ഉപേക്ഷിക്കേണ്ടി വരും...ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും...ഇത്തയുടെ നല്ല അഭിപ്രായത്തിന് നന്ദി!

  @ഒരു യാത്രികന്‍, പ്രവാസികള്‍ ഒരിക്കല്‍ വന്നുപെട്ടാല്‍ തിരിച്ചു പോക്ക് അസാധ്യം...ജീവിതം അകെ മാറിപ്പോയില്ലേ...നന്ദി!

  @Naushu , അപ്പോള്‍ എന്തിനും റെഡിയാണല്ലേ ...ഗൊള്ളാം....ധൈര്യവാന്‍...

  @Rasheed പെങ്ങട്ടിരി..ഇപ്പോള്‍ കേട്ടത്, സൌദിയില്‍ എല്ലാ കമ്പനികളും പകുതി ജോലികള്‍ സൌദികള്‍ക്ക് കൊടുക്കണമത്രേ...അപ്പോള്‍ കാലൊച്ച കേട്ട് തുടങ്ങി...

  @ഷാജു അത്താണിക്കല്‍, നീയൊക്കെ ചെറുപ്പമായതോന്ടാ ഇങ്ങനെ പറയാന്‍കഴിയുന്നത്‌ ...ഇപ്പോള്‍ തിരിച്ചു പോയാലും ജോലിക്കും പ്രയാസമുണ്ടാവില്ല, athu പോലെയാണോ പത്തും ഇരുപതും വര്ഷം പിന്നിട്ടവര്‍...ഭാഗ്യവാന്‍...!

  ReplyDelete
 34. ഇക്കാ.ഫൈസുക്കാടെ അവിടെ ഞെക്കി ഇങ്ങോട്ടെത്തിയതാ..വായിച്ചു ട്ടോ.

  ReplyDelete
 35. സലിം ഭായ്, ഇവിടെ ബഹ്റൈനിലെ പ്രശ്നങ്ങള്‍ കാണുമ്പോള്‍ ഒരു മടക്കം അകലെയല്ല എന്നൊരു തോന്നല്‍ ....

  ReplyDelete
 36. പോസ്റ്റ്‌ ചെയ്ത ഉടനെ വായിച്ചിരുന്നു ..പിന്നെ നിങ്ങളെക്കാള്‍ ഒക്കെ അനുഭവിക്കുക ഞാനായിരിക്കും ...എനിക്ക് നാട്ടില്‍ എന്ത് ജോലിക്ക് പോകും എന്ന് തന്നെ അറിയില്ല ....പിന്നെ എല്ലാം റബ്ബിന്റെ കയ്യില്‍ ...

  പോസ്റ്റ്‌ നന്നായിട്ടുണ്ട് ...ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ നല്ലതാണ്.!

  ReplyDelete
 37. എന്‍റെ വാചകങ്ങള്‍ തെറ്റി വായിച്ചെന്നു തോന്നുന്നു.
  ഞാന്‍ ഫോളോ ചെയ്തവരുടെ പോസ്റ്റുകള്‍ എന്നാണു ഉദേശിച്ചത്‌.ആദ്യമൊക്കെ എന്‍റെ പോസ്റ്റില്‍ കമന്റിട്ടവരുടെ പേരില്‍ ക്ലിക്കിയാണ് പോസ്റ്റിലെത്തിയിരുന്നത്..പിന്നെ പിന്നെ കുറച്ചു വിവരം വെച്ചപ്പോള്‍ ഫോളോ ചെയ്യാനൊക്കെ തുടങ്ങി.ഡാഷ്ബോര്‍ഡില്‍ നിന്നും പോസ്റ്റ് ക്ലിക്കി വായിക്കാനൊക്കെ പഠിച്ചു.ഞാന്‍ നിങ്ങലെപ്പോലെയല്ല,,എനിക്കിതൊക്കെ വല്യ പടിപ്പു തന്നെയാ ഭായ്‌..
  ബല്ല്യ എഴുത്തുകാരിയാവാനോ..എബടെ..?
  ഈ തൊടിയും കുളവും വിട്ട് എങ്ങോട്ടും പോകാത്ത ഈ ഞാനോ..?!!

  ReplyDelete
 38. @നേന സിദ്ധീഖ്, മോള്‍ ഇടക്കൊക്കെ ഇതേപോലെ ഇങ്ങോട്ട് വാ...എഴുത്തുകള്‍ തുടരുക...നന്ദി!

  @കിരണ്, ആ തോന്നല്‍ നിലനിര്ത്തി്യാല്‍ രക്ഷപ്പെട്ടു...നന്ദി!

  @faisu madeena, സ്ഥിരം കാണുന്നവരെ കാണാതെ ഫൈസുവിനെ തെരഞ്ഞു അവിടെ വന്നിരുന്നു. വായിച്ചില്ലെന്നു കരുതി...വരവിനു നന്ദി!

  @~ex-pravasini, തൊടിയിലും കുളത്തിലും വീഴുന്നവരുടെ എണ്ണത്തില്‍ വര്ധന വന്നു എന്ന് തമാശയായി സൂചിപ്പിച്ചതാണ്. ഡാഷ് ബോര്ഡിലൂടെ കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്തത്ര ഞാനും ഫോളോ ചെയ്യുന്നുണ്ട്...രണ്ടാം വരവിനു രണ്ടു നന്ദി തരാം...:)

  ReplyDelete
 39. ഈ പോസ്റ്റിൾ ആദ്യമായി കമ്മന്റ് എഴുതിയ രാജ് മാഷ് (സുന്ദർ രാജ്)ഇന്നലെ നമ്മെ വിട്ടു പിരിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. അധ്യാപകനായിരുന്നു....ആദരാഞജലികൾ !

  ReplyDelete
 40. അവിടെ പെയ്ത മഴക്ക് ഇവിടെ നിന്ന് കുറെ മുണ്ട് പോക്കിയതാ ഒഎബി.
  അതങ്ങ പണ്ട്. ഒന്നുമുണ്ടായില്ല എന്ന് മാത്രമല്ല ഇനിയുമുണ്ടാവില്ല.
  ഇവിടത്തെ കാലാവസ്ഥ പോലെ തന്നെ നിയമവും.

  പേടിപ്പിക്കല്ലേ ഐക്കരെ....:)
  പെട്ടി കെട്ടാനോന്നുമില്ല. ഉട്ടുട്ത്ത തുണീം കുപ്പായത്തിമ്മല്‍ പ്ലൈറ്റില്‍
  കേറാന്‍ ഞമ്മളൊരുക്കാ

  ReplyDelete
 41. @OAB/ഒഎബി, അപ്പോൽ ഒരു അപ്പ്ലിക്കെശൻ കൂടി കൊടുത്താളി...സഊദി ആവാൻ...കൊല്ലം എത്ര ആയീന്നു വല്ല നിശ്ചയൊണ്ടോ..

  ReplyDelete
 42. ഞാന്‍ കഷ്ട്ടപ്പെട്ടു ടൈപ്പ് ചെയ്ത് ഇവിടെ പ്രതിഷ്ടിച്ച എന്‍റെ കമെന്റ് എവിടെ പോയി??

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!