Sunday, November 23, 2014

പക

അനുഭവക്കുറിപ്പ്‌.
തൊട്ടടുത്ത പള്ളിയില്‍ നിന്നും അസര്‍ (വൈകുന്നേരം) നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരു കശപിശ. ഒരു മെലിഞ്ഞ മലയാളി ബാലനെ തടിച്ചു വയറുന്തിയ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു അറബി പയ്യന്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. മലയാളി ബാലനെ അവനില്‍ നിന്നും രക്ഷിക്കാന്‍ അറബികള്‍ സഹായിച്ചു. അവസാനം അലി എന്ന് പേരായ അവനെ പിന്തിരിപ്പിക്കാന്‍ ഒരറബി രണ്ടെണ്ണം പൊട്ടിച്ചു. അതോടെ അവന്‍ വിഷണ്ണനായി വീട്ടിലേക്ക് മടങ്ങി.
ഇതേ അനുഭവം തൊട്ടടുത്ത ദിവസങ്ങളിലുമുണ്ടായി. അലി പള്ളിയില്‍ എത്തുന്നത് തന്നെ മലയാളി കുട്ടിയെ അക്രമിക്കാനാണ് എന്ന് തോന്നുന്നു. കാലിലെ ചെരുപ്പോ ഉരുളന്‍ കല്ലോ വടിയോ ഒക്കെ അവന്‍റെ കയ്യില്‍ സദാ കാണാം. മലയാളി ബാലന്‍ നമസ്കരിക്കുന്ന സ്ഥലം അവന്‍ ഉറപ്പു വരുത്തുന്നതും കാണാം. ആ കുട്ടിയാവട്ടെ ഇവനെ പേടിച്ചു പള്ളിയില്‍ വരാതെ നിന്നതുമില്ല. പരാജയപ്പെട്ട ആദ്യ ശ്രമത്തിനു ശേഷം വയിഴില്‍ കല്ലുമായി റോന്തു ചുറ്റുന്ന അലിയെ ഞാന്‍ പലപ്പോഴും കണ്ടത് അവന്‍റെ മനസ്സിലെ പകയുടെ ആഴം അടയാളപ്പെടുത്തി.
നാവ് വെളിയിലാക്കി ശരിക്ക് സംസാരം പോലുമറിയാത്ത പാവം അലി എന്തിനാണ് സമപ്രായക്കാരനായ മലയാളി പയ്യനെ ആക്രമിക്കുന്നത്. പലരോടും ചോദിച്ചു, എല്ലാവരും കൈമലര്‍ത്തി, ചിലര്‍ ചൂണ്ടുവിരല്‍ തലയില്‍ വട്ടം കറക്കി.
മലയാളി കുട്ടിയോട് ചോദിക്കാനുള്ള ഒരവസരം ഒത്തുവന്നത് കഴിഞ്ഞ ദിവസമാണ്. തൃശ്ശൂര്‍ ജില്ലക്കാരനായ കൊച്ചു മിടുക്കന്‍ കുടുംബസമേതം പള്ളിയോട് ചേര്‍ന്ന ഫ്ലാറ്റില്‍ താമസിക്കുന്നു. കഴിഞ്ഞ ദിവസം അവന്‍റെ ടി ഷര്‍ട്ട്‌ കീറുന്നത് വരെ അലി പിടിവിട്ടില്ലത്രെ. അവന്‍ അലിയെ യാതൊരു ഉപദ്രവവും ചെയ്തിട്ടില്ല. അവന്‍റെ അനുമാനത്തില്‍, അവന്‍റെ രൂപസാദൃശ്യമുള്ള മറ്റാരോ അലിയെ മുമ്പ് ആക്രമിച്ചിട്ടുണ്ട്. തന്‍റെ രൂപസാദൃശ്യം അലിയില്‍ തെറ്റിധാരണ ഉണ്ടാക്കുകയും പകയില്‍ പുകയുന്ന മനസ്സോടെ അലി തന്നെ പിന്തുടരുകയും ചെയ്യുന്നു. അവന്‍ പുഞ്ചിരിയോടെ എന്നോട് പറഞ്ഞു. എനിക്കിഷ്ടായി ആ പയ്യനെ.
അന്ന് അലിയെ വഴിയില്‍ ഒറ്റക്ക് കിട്ടിയപ്പോള്‍ ഞാന്‍ വിളിച്ചു സ്നേഹത്തോടെ 'മാലീസ്' ആക്കാന്‍ പറഞ്ഞു നോക്കി. എന്നെ ദേഷ്യത്തോടെ ഒരു നോട്ടം നോക്കി 'ലാ' (ഇല്ല) എന്ന് പറഞ്ഞു അലി ഒറ്റ പോക്ക്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടി ആയത് കൊണ്ട് അവനുമായുള്ള ആശയവിനിമയം പ്രയാസമായതിനാല്‍ ഇപ്പോള്‍ എന്‍റെ സുഹൃത്തായി മാറിയ തൃശ്ശൂര്‍ പയ്യന് അലിയില്‍ നിന്നുമനുഭവിക്കുന്ന ഭീഷണി തുടരാനാണ് സാധ്യത.
അലിക്ക് അല്ലാഹു നല്ല ബുദ്ധി തോന്നിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
സലീം ഐക്കരപ്പടി.

— feeling confused അനുഭവക്കുറിപ്പ്.
LikeLike ·  · 

2 comments:

  1. ചില പ്രശ്നങ്ങള്‍ വരുന്ന വഴികള്‍!!

    ReplyDelete
    Replies
    1. ഈ വഴികളിലൂടെ വഴിതെറ്റിയെങ്കിലും എത്തിയതിന് നന്ദി കേട്ടോ... <3

      Delete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!