Sunday, February 22, 2015

ചെരുപ്പ് കുത്തിയുടെ മകൾ

          ഞാൻ സ്ഥിരമായി ഷൂ പോളിഷ് ചെയ്യിക്കുന്ന ഒരു അഫ്ഘാനി ഉണ്ട്. നീണ്ട താടി. അമ്പത് വയസ് തോന്നിക്കും. അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിന് അരികിലായോ പള്ളിയുടെ മുന്നിലോ കക്ഷി ഇടക്ക് പ്രത്യക്ഷപ്പെടും. കഴിഞ്ഞ ദിവസം കടയിലേക്ക് പോയപ്പോൾ കക്ഷിയെ കണ്ടു മുട്ടി. ഞാൻ ഉടനെ എന്റെ ഷൂ അവിടെയിട്ട് കൊടുത്തു കൊണ്ട് താത്കാലിക ചെരുപ്പണിഞ്ഞു സാധനങ്ങൾ വാങ്ങിക്കാൻ കടയിലേക്ക് പോയി. കൂടെ മക്കളും ഉണ്ടായിരുന്നു.

        ഞങ്ങൾ സാധനങ്ങളും മിഠായിയും വാങ്ങി തിരിച്ചു വന്നപ്പോൾ അയാൾ പോളിഷ്ചെയ്യാൻ തുടങ്ങിയതേയുള്ളൂ. ഞങ്ങളുടെ ആഗമനം അറിഞ്ഞപ്പോൾ തലയുയുയര്ത്തി നോക്കുന്നു. മക്കളെ രണ്ടു പേരെയും നോക്കി ഉർദുവിൽ എന്തോക്കെയോ ചോദിക്കുന്നു (അവര്ക്കുണ്ടോ ഉർദു അറിയുന്നു?). എന്റെ നാല് വയസുകാരി മകൾ ഹുദയെ (നുമ്മ കവിയത്രി തന്നെ) അയാൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. അവളെ അരുമയോടെ നോക്കുന്നുണ്ട്.

         പെട്ടെന്ന് അയാള് പോളിഷ് ചെയ്യുന്നത് നിർത്തി, കൈ വൃത്തിയാക്കി, തന്റെ കീശയിൽ നിന്നും കുറെ ഒറ്റ റിയാലുകൾ എടുക്കുന്നു.അതിൽ നിന്നും ഒരു റിയാൽ എടുത്ത് മോള്ക്ക് നീട്ടുന്നു. അവളുടെ കയ്യിൽ മിഠായി ഉണ്ടെന്നും പണം വേണ്ടാ എന്നും പറഞ്ഞു നോക്കി. പക്ഷെ അയാള് വഴങ്ങുന്നില്ല. തന്റെ കയ്യിലെ റിയാൽ നീട്ടിപ്പിടിച്ചു തന്നെ നില്ക്കുകയാണ്. മോള് എന്റെ നേരെ നോക്കി. ഇനിയും അവഗണിക്കുന്നത് അയാളെ വേദനിപ്പിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ എന്റെ സമ്മതപ്രകാരം അവൾ വലത് കൈ കൊണ്ട് ആ റിയാൽ വാങ്ങിച്ചു. അപ്പോൾ അയാളുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

         അയാളുടെ കുടുംബത്തെ കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞു.എട്ടു മാസം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയത്. എന്റെ മകളുടെ പ്രായമുള്ള ഒരു മോളുണ്ടത്രേ. പൊന്നുവിനെ കണ്ടപ്പോൾ അവളെ ഓര്മ വന്നത്രെ. 

          പോളിഷ് ചെയ്താൽ ഇത്ര കാശ് എന്ന് പറയാതെ കൊടുക്കാറാണ് പതിവ്. ഞാൻ അയാൾക്ക് സാധാരണ കൊടുക്കുന്നതിനേക്കാൾ കൂടുതൽ കൊടുത്തു പോകാനൊരുങ്ങി. അയാൾ എന്നെ തടഞ്ഞു, സാധാരണ എടുക്കുന്നതിനെക്കാൾ ഒരു റിയാൽ കുറച്ചു എടുത്ത് കൊണ്ട് ബാക്കി തന്നു. മകള്ക്ക് കൊടുത്ത പണം അയാളുടെ സ്വന്തം പണം തന്നെ ആയിരിക്കണം എന്നയാൾക്ക് നിർബന്ധമുണ്ടായിരുന്നു.

           ആ പണം കൊണ്ട് മോള് മിഠായി വാങ്ങിയില്ല. വണ്ടിയിലിരിക്കുന്ന അവളുടെ ഉമ്മാക്ക്കൊണ്ട് കൊടുത്തു. സംഭവം അറിഞ്ഞ അവളും വളരെ സന്തോഷത്തോടെ ആ റിയാൽ വാങ്ങി മോളുടെ പെര്സിലെക്ക് വെച്ചു കൊടുത്തു. ആ ചെരുപ്പ് കുത്തിയുടെ മകളോടുള്ള സ്നേഹത്തിന്റെ ഓര്മക്കായി അവള്ക്കിഷ്ടമുള്ള ഒരു മിഠായി വാങ്ങിക്കുന്നത് വരെ അതവിടെ കിടക്കട്ടെ അല്ലെ.

heart emoticon
— feeling lovedചെരുപ്പ് കുത്തിയുടെ മകൾ.

പാത്തുമ്മാന്റെ ചൂട്

             മലപ്പുറത്തെ പാത്തുമ്മയും ഫാമിലി വിസയിൽ ഗൾഫിലെത്തിയിട്ടു കുറച്ചു മാസങ്ങളായി. പകലുറക്കവും രാത്രികറക്കവും ഒക്കെയായി തടിയൊക്കെ നന്നായി നല്ല കൊശിയായി മുന്നോട്ട് പോവുന്നതിനിടയിലാണ് ഒരുദിവസം സുഖക്കേടായി ആശുപത്രിയിൽ പോകേണ്ടി വന്നത്.

ഭര്ത്താവ് രാവിലെ പതിനൊന്ന് മണിക്ക് തന്നെ അപ്പോയ്മെന്റ് വാങ്ങി പാത്തുമ്മാനേം കൊണ്ട് ആശുപത്രിയിലേക്ക് പോവാൻ പുറത്തിറങ്ങി. എന്നാൽ കഠിനമായ ചൂടും തീഷ്ണമായ സൂര്യപ്രകാശവും കാരണം പാത്തുമ്മാക്ക് കണ്ണ് തുറക്കാൻ പോലും പറ്റുന്നില്ല.ആദ്യമായി, പുറത്തെ ചൂടില്‍ എസിയില്ലാതെ അവള്‍ നിന്ന് വിയര്‍ത്തു കുളിച്ചു. അത് കണ്ടു അന്തിച്ചു നിന്ന പുതിയാപ്പളയോട് ഓള് ചോയ്ച്ചത്രേ.

" അല്ല മനുഷ്യാ ഇത്രേം ദോസം ആയിട്ടും ഇബടെ ഇമ്മാതിരി ഒരു സൂര്യനുള്ള വിവരം ഇങ്ങക്ക് ഞമ്മളോട് പറഞ്ഞൂടായിരുന്നോ. ഞാൻ വിചാരിച്ചത് ഇബടെ ആ സാധനേ ഇല്ല്യാന്നാ. നിക്കിത് സഹിച്ചൂടാട്ടോ, ഞമ്മക്ക് അറേബ്യള് സൂക്കിൽ പോണ മാരി രാത്രീല് പോകാം ആശുപത്രീല്, ഇച്ചാവൂലാ ഈ ചൂട് കൊള്ളാൻ, ഞാമ്പോവാ... "
അവൾ റൂമിലേക്ക് തിരിഞ്ഞു നടക്കുന്നത് കണ്ട് ഭര്ത്താവ് പ്ലിംഗ്.
..........................................
ഫ്ലാഷ്ബാക്ക് :
ലോകത്തേറ്റവും അധികം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് സൗദിയും മറ്റു ഗൾഫുരാജ്യങ്ങളും. പറഞ്ഞിട്ടെന്ത് കാര്യം, ലോകത്ത് ഏറ്റവും കുറവ് സൂര്യപ്രകാശം ഉപയോഗപ്പെടുത്തുകയും അനുഭവിക്കുകയും ചെയ്യുന്നവരും ഇവിടെങ്ങളിലാണ്. സൂര്യപ്രകാശം എൽക്കാത്ത രീതിയിലാണ് ബിൽഡിംഗ്‌ പണിയുന്നത്. ഏതു പകലും കൂരാകൂരിരുട്ടാക്കാൻ പറ്റിയ വിധത്തിലാണ് റൂമുകൾ സംവിധാനിക്കുന്നത്. അതിന്റെ കുറവ് മൂലം പല രോഗങ്ങളും ഇവിടെയുണ്ട്.
മുഖ്യ വിനോദങ്ങളായ ഫുട്ബാളും ഷോപ്പിങ്ങും മുതൽ കല്യാണം വരെ നടത്തുന്നത് രാത്രിയിലെ വൈദ്യുത പ്രകാശത്തിലാണ്. ഇവിടുത്തെ മങ്കമാര്‍ പകൽ മുഴുവൻ ഉറക്കവും രാത്രി മുഴുവൻ കറക്കവും ആണ്. രാവിലെ പണിക്ക് പോവുന്ന ഭര്ത്താവ് തിരിച്ചു വരുന്നത് വരെ കരാഗൃഹത്തിൽ തന്നെ അവർ. കുട്ടികൾ അതിനിടക്ക് വീട്ടുമുറ്റത്ത്‌ നിന്ന് സ്കൂൾ മുറ്റത്തേക്ക് വണ്ടി കയറുന്നുവെന്ന് മാത്രം.

മറവി

ടൗണിലെ പേര് കേട്ട പ്രസാധക കമ്പനിയിലാണ് അയാളുടെ ജോലി. പറഞ്ഞിട്ടെന്താ കാര്യം, താൻ ഒരു പുസ്തകം വാങ്ങിച്ചു കൊണ്ട് വരാൻ പറഞ്ഞിട്ട് നാളെത്രയായി ?
"ഇന്നെങ്കിലും ആ പുസ്തകം കൊണ്ടുവരണേ..." രാവിലെ അയാളുടെ വീടിനു മുമ്പിലൂടെ കടന്നു പോവുമ്പോൾ ഒന്നൂടെ ഒര്മ്മപ്പെടുത്താൻ മറന്നില്ല...
"കൊണ്ട് വരാം" പതിവ് മറുപടി.
"ഇന്നും മറന്നൂല്ലേ" വൈകീട്ട് എന്റെ പതിവ് ചോദ്യം.
"അതെ, തിരക്കിനിടയിൽ മറന്നു പോയി, നാളെ നോക്കാം" കൂസലില്ലാത്ത മറുപടി.
ഇത്ര മറവിയോ ഈ മനുഷ്യന്. അതോ തന്നെ കബളിപ്പിക്കുകയാണോ?
ഇതേതായാലും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
"സുഹൃത്തേ, ദയവു ചെയ്ത് നാളെയെങ്കിലും പുസ്തകം കൊണ്ടുവരാൻ മറക്കരുത്, ഇതാ അതിന്റെ വില"
അയാൾ പെട്ടെന്ന് പണം വാങ്ങി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഇനി മറക്കൂലാ"
പറഞ്ഞത് പോലെ പിറ്റേന്ന് പുസ്തകം വീട്ടിലെത്തി.
ഗുണപാഠം: മറവി പലപ്പോഴും നമ്മുടെ ഭാഗത്തായിരിക്കും.
-----------------------
സലീം ഐക്കരപ്പടി
— feeling മറവി(ചെറുകഥ).