Tuesday, March 17, 2015

നന്മയുടെ തുരുത്തുകള്‍

                 തൊണ്ണൂറുകൾ, ഗൾഫ് പ്രവാസത്തിന്റെ പ്രയാസങ്ങളുടെ കാലഘട്ടമായിരുന്നു. തൊഴിലില്ലായ്മ, കുറഞ്ഞ ശമ്പളം, തൊഴിൽ പരിശോധന തുടങ്ങിയ പ്രതികൂല കാലാവസ്ഥകളുടെ ദുരിതപർവ്വം തീർത്ത നാളുകൾ. പണം ഇല്ലെങ്കിൽ പിണം ആണെന്നും പ്രവാസികൾക്കിടയിലെ ജാതി തിരിവ് പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അനുഭവിച്ചറിഞ്ഞത് ഇവിടെ വെച്ചാണ്‌. അവിചാരിതവും അപരിചിതരിൽ നിന്നുമായിരുന്നു സഹായങ്ങൾ ഏറെയും. അപരിചിത മുഖങ്ങളിലൂടെ പല നിസ്വാർത്ഥരെയും നന്മയുടെ വാഹകരെയുംകണ്ടു. അതിലെ മായാത്ത ഓർമ്മയുടെ മധുര സ്മരണയാണ് അബ്ദുൽ ഹക്കീം എന്ന മിസ്രി...

                 ഫ്രീവിസക്കാര്‍ക്ക് ആറു മാസം പണിയില്ലാത്ത കാലവും ബാക്കി ഒന്നരക്കൊല്ലം കടം വീട്ടാനുള്ള സമയവുമായി കണക്കാക്കി പോന്നു. ഉണ്ടായിരുന്ന ജോലി പോയി വെറുതെ നിൽക്കുന്ന ഒരു അത്യുഷ്ണവേനൽ കാലം.

                 ഞാൻ ജോലി വിട്ട സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആയിരുന്നു അയാള്‍. കുറഞ്ഞ മാസങ്ങളേ ഞങ്ങൾ കൂടെ ജോലി ചെയ്തിട്ടുള്ളൂ. ഹുസ്നി മുബാറക്കിന്റെ കാലത്ത് താടി വെക്കാൻ അനുമതിയുള്ള മിസ്രികളിൽ ഒരുവൻ എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നു. മിസ്രികൾ അധികപേരും ക്ലീൻ ഷേവ് ആവാൻ നിയമപരമായ കാരണമുണ്ട്. താടിയില്ലേൽ കസ്റ്റംസ് തടയാതെ പരിശോധന എളുപ്പമാക്കാം. വെളുത്ത മുഖത്തെ കറുത്ത നീണ്ട താടി അയാൾക്ക് ഒരു മിസ്റ്റിക്ക് ലുക്ക് കൊടുത്തു. മിസ്രികളുടെ മുഖമുദ്രകളൊന്നും അയാളിൽ ദൃശ്യമായിരുന്നില്ല. 'ജ' അക്ഷരം 'ഗ' ആക്കി പറയില്ലായിരുന്നു ഇദ്ദേഹം. അറബി ആക്സ൯ഡ് പരമാവധി സൗദികളെ പോലെയാക്കാ൯ ശ്രദ്ധിച്ചിരുന്നു . സൌദികളുടെ വസ്ത്രമായ തോപ്പ് മാത്രം ധരിച്ചെത്തുന്ന ഹക്കീം വേഷത്തിലും വൈവിധ്യം പുലർത്തി.

                   മൊബൈൽ ഫോണും ഇമെയിലും കുന്തവും കൊടച്ചക്രവും ഇല്ലാത്ത കാലമായിരുന്നു അത്. ലാന്‍ഡ്‌ഫോണ്‍ പോലും ദുര്‍ലഭം. അങ്ങിനെ ഞാൻ ഒരു ദിവസം ശറഫിയ്യയിലെ സുലൈമാൻ പള്ളിക്കരികെ നില്ക്കുകയായിരുന്നു. അത്ഭുതം, അതാ വരുന്നു നമ്മുടെ മിസ്രി. അന്തിച്ചു നില്‍ക്കുന്ന എന്നെ വാരിപ്പുണരുന്നു. എനിക്ക് വേണ്ടി നല്ല ശമ്പളമുള്ള ഒരു ജോലിയുമായി വന്നതാണ്. ഞാൻ ശറഫിയ്യയിൽ ആണെന്ന് മാത്രമേ അദ്ദേഹത്തിന് അറിയാമായിരുന്നുള്ളൂ. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ശരഫിയ്യയില്‍ എന്റെ അടുത്ത് കൃത്യമായി അദ്ദേഹത്തെ എത്തിച്ചത് പടച്ചവൻ തന്നെ. ഞാൻ ഇന്റർവ്യൂയിൽ പങ്കെടുത്തു. ആ ജോലി എനിക്ക് യോജിച്ചതായിരുന്നില്ല. ഞാൻ അറബി കൂടുതൽ പഠിച്ച വേറെയൊരു മലയാളിക്ക് ആ പണി ഏല്പിച്ചു കൊടുത്തു. അതിനുശേഷം എന്റെ മടികാരണം ആ ബന്ധം മെല്ലെ അറ്റുപോയി. അതിന്ന് പതിറ്റാണ്ടിന്റെ അനന്ത ചക്രവാളത്തിൽ ശോണിമയാര്ന്ന ഓര്മ മാത്രമായി വിലയം പ്രാപിച്ചിരിക്കുന്നു.
ഇന്ന് കൂടെയുള്ള മിസ്രികൾ പാരകൾ പണിയുമ്പോൾ ഞാനീ നിസ്വാർത്ഥ സുഹൃത്തിനെ ഓര്ത്തുപോവും. ഒന്ന് കണ്ടിരുന്നേൽ എനിക്കന്ന് തന്ന ആ മുത്തം തിരിച്ചു കൊടുക്കാമായിരുന്നു... heart emoticon

8 comments:

 1. അവസരം ഒരിക്കൽ മാത്രമേ വരൂ.പിന്നെ അതേക്കുറിച്ചോർത്തു ദുഃഖിക്കാം.അത്ര തന്നെ.

  ReplyDelete
  Replies
  1. അതെ സുധി, നല്ല ബന്ധങ്ങൾ സൃഷ്ടിക്കുക, കാത്തു സൂക്ഷിക്കുക, അവയെ വളർത്തിയെടുക്കുക... <3

   Delete
 2. കഴിഞ്ഞു പോയ കുറേ ഏറെ വർഷങ്ങൾ കൊണ്ട്‌ നഷ്ടമായത്‌ പലതും ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ!!!!!!!

  ReplyDelete
  Replies
  1. അതെ സുധി, പ്രവാസം മൂലം നാട്ടിൽ സംഭവിച്ച ബന്ധങ്ങളുടെ കുറവ് പ്രവാസലോകത്തെ പുതിയ ബന്ധങ്ങളിലൂടെ നാം നികത്തിയെടുത്താൽ പ്രവാസം പോലും സാർത്ഥകമായി തീരും... (y)

   Delete
 3. നന്മയുടെ സൌരഭ്യമുള്ള ഓർമ !!

  ReplyDelete
  Replies
  1. പ്രവാസത്തിന്റെ നന്മകളാണ് സർവ ദേശീയമായ ഇത്തരം ബന്ധങ്ങൾ.
   ഗൾഫ് പ്രവാസിക്ക് കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ബന്ധങ്ങൾ കാണും.

   Delete
 4. മിസ്രികളിൽ അങ്ങനെയൊരുത്തനോ...?!!
  ആയിരത്തിലൊരുവൻ......!

  ReplyDelete
  Replies
  1. മിസ്രികളിൽ മലയാളിയേക്കാൾ ആയിരം മടങ്ങ്‌ നല്ലയൊരാൽ എന്നും പറയാം... (y)

   Delete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!