Monday, March 30, 2015

മറ്റൊരു യെമൻ യുദ്ധ ഓർമ്മകൾ

           യുദ്ധം കൊടുമ്പിരിക്കൊണ്ട യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചു വരവിനു അവസരം ലഭിച്ചിരിക്കയാണ്. നാഥന് സ്തുതി. അവരുടെയും കുടുംബങ്ങളുടെയും അവസ്ഥ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്. 1986 ൽ ഇതേ രാജ്യത്ത് നടന്ന ഭീകരമായ അഭ്യന്തര യുദ്ധ വേളയിൽ എന്റെ കുടുംബവും ഇതുപോലെ നൊമ്പരപ്പെട്ടതാണ്.
മുൻ പ്രസിഡന്റ്‌ അബ്ദുൽ ഫതഹ് 

പ്രസിഡന്റ്‌ അലി നാസർ        1990ലെ ലയനത്തിന് മുമ്പ് വടക്കും തെക്കുമായി രണ്ടു യെമനുകൽ നിലനിന്നിരുന്ന കാലം. ഏദൻ ആസ്ഥാനമായ വടക്കൻ യെമനിൽ റഷ്യയെ പിന്തുണയ്ക്കുന്ന യമനി സോഷ്യലിസ്റ്റ്‌ പാർട്ടിയായിരുന്നു ഭരിച്ചിരുന്നത്. ഒരു അറബ് മുസ്ലിംരാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണമോ എന്നത് എന്നിലെ സ്കൂൾ വിദ്യാർത്ഥിയെ അന്ന് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തലമുതിര്ന്ന നേതാക്കളായ മുൻ പ്രസിഡന്റ്‌ അബ്ദുൽ ഫതഹ് ഇസ്മായിലിന്റെയും പ്രസിഡന്റ്‌ അലി നാസർ മുഹമ്മദിന്റെയും അനുയായികൾ തമ്മിലായിരുന്നു പോരാട്ടം. കടുത്ത കമ്മ്യൂണിസ്റ്റ് വാദിയായിരുന്നു അബ്ദുൽ ഫതഹിന് അലി നാസറിന്റെ ലിബറലിസവും ഇസ്ലാമിക രാജ്യങ്ങളും അമേരിക്കയുമായുള്ള ബാന്ധവവും ഇഷ്ടപ്പെട്ടിരുന്നില്ല. ഫതാഹിന്റെ ഭരണത്തിൽ ഭൂരിപക്ഷ മതമായ ഇസ്ലാമിനെയും പള്ളികളെയും കൂച്ചുവിലങ്ങിട്ടിരുന്നു. തെരുവകൾ തോറും കമ്മ്യൂണിസ്റ്റ് ആപ്തവാക്യങ്ങളും ലെനിന്റെയും മാക്സിന്റെയും പ്രതിമകകളും സ്ഥാപിച്ചിരുന്നു. കമ്മ്യൂണിസത്തിനെതിരെയുള്ള യുദ്ധത്തിൽ എല്ലാവരും അണിചേർന്നു. രണ്ടാഴ്ച നീണ്ടുനിന്ന യുദ്ധത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. അലി ഫതാഹും പോളിറ്റ് ബ്യൂറോ അംഗങ്ങൾ അടക്കം പ്രമുഖ സഖാക്കൾ വധിക്കപ്പെട്ടു. ഏറെ താമസിയാതെ അലി നാസർ പുറത്താക്കപ്പെടുകയും അദ്ദേഹവും അനുയായികളും സൻ ആയിൽ അഭയം തേടുകയും ചെയ്തു.ചരിത്രം അവസാനിക്കുന്നില്ല....


         അന്നൊക്കെ കത്തുകൾ മാത്രമായിരുന്നു ആശയവിനിമയത്തിനുള്ള ഏക ഉപാധി. പെങ്ങളുടെ പ്രധാനജോലി തന്നെ കത്തെഴുത്തായിരുന്നു. ഫുട്ബാൾ മത്സരം റേഡിയോവിൽ കേട്ടിരുന്ന ആ കാലത്ത് വാർത്തകൾ അറിയാൻ പത്രങ്ങളും റേഡിയോയും മാത്രമായിരുന്നു അവലംബം. യുദ്ധം തുടങ്ങിയതോടെ കത്തുകൾ നിലച്ചു. ഒരു മാസമായി ഒരു വിവരവുമില്ല. എല്ലാവരും റേഡിയോവിനും പത്രത്തിനും കാത്തിരുന്നു. ഇന്ത്യക്കാരെ സ്നേഹിച്ചിരുന്നവരുടെ നാട്ടിൽ ചുരുക്കം ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ഓരോദിവസവും അളിയന്റെ പേര് ഉണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ പത്രം വായിച്ചു, റേഡിയോ ശ്രവിച്ചു. മരണം ഏതാണ്ട് ഉറപ്പിച്ചിരുന്ന ഉപബോധ മനസ്സ് രാത്രികളിൽ ഭീകര സ്വപ്നങ്ങളിലൂടെ ഭയത്തെ മനസ്സിൽ സജീവമായി നിലനിര്ത്തി. കരച്ചിലും പിഴിച്ചിലും ഒക്കെയായ കുറെ കറുത്ത ദിനങ്ങൾ. കല്യാണം കഴിഞ്ഞു കൂടുതൽ ആയിട്ടില്ലായിരുന്നതിനാൽ പെങ്ങളെ ആ നിലക്ക് ഉപ്പ ഉപദേശിച്ചു കൊണ്ടിരുന്നത് അവളുടെ ദുഃഖം വര്ദ്ധിപ്പിച്ചതേയുള്ളൂ. ഒരു ദിവസം രാത്രിയുടെ അന്ത്യ യാമത്തിൽ വീട്ടില് കൂട്ട നിലവിളി ഉയരുന്നത് കേട്ട് ഞെട്ടിയുണർന്നു. ഞാൻ മരണം ഉറപ്പിച്ചു എണീറ്റ് നോക്കിയപ്പോൾ കണ്ടത്, ഉപ്പ രാത്രി നമസ്കാരത്തിൽ പൊട്ടി കരയുന്നതും ഉപ്പയെ കെട്ടിപ്പിടിച്ചു പെങ്ങൾ കരയുന്നതുമാണ്. കുടുംബത്തിലെ പ്രമുഖർ എംബസിയുമായി ബന്ധപ്പെട്ട് മരണപ്പെട്ട ഇന്ത്യക്കാരുടെ ലിസ്റ്റ് വരുത്തി. അതിലൊന്നും അളിയന്റെ പേര് ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ അവര്ക്ക് കണ്ടെത്താനുമായില്ല.

       യുദ്ധം തുടങ്ങിയ പാടെ സർക്കാർ സാധാരണക്കാരെയും വിദേശികളെയും ടണലുകളിലും മറ്റു ഭൂമിക്കടിയിലെ ഭാഗങ്ങളിലും പാർപ്പിച്ചിരുന്നു. അവരിലൊരാളായി അളിയനും. പതിനായിരങ്ങൾ ഭൂമിക്കടിയിൽ സര്ക്കാര് കൊടുക്കുന്ന ഭക്ഷണം കഴിച്ചു ഭീതിയോടെ കഴിച്ചു കൂട്ടുമ്പോൾ അവരുടെ തലക്ക് മുകളിൽ വെടിയൊച്ച കേട്ട ദിനങ്ങൾ. അടിത്തട്ടിലേക്ക് ഒന്ന് രണ്ടു തവണ ബുള്ളറ്റുകൾ വന്നു വീണു. മരണത്തെ മുഖാമുഖം കണ്ടു. ടണലുകളിലും സുരക്ഷിത സ്ഥാനങ്ങളിലും എത്തിപ്പെടാൻ സാധിക്കാത്തവർ ആയിരുന്നു മരമടഞ്ഞ നിർഭാഗ്യവാന്മാർ.

     യുദ്ധം കഴിഞ്ഞ് അളിയന്റെ ആദ്യ കത്ത് വന്നിട്ടും പെങ്ങൾ ആ കത്ത് അളിയൻ എഴുതിയതാണെന്ന് വിശ്വസിച്ചില്ല. അത്രയും ഗാഡമായി മരണഭയം അവളെ ഗ്രസിച്ചിരുന്നു. യുദ്ധം അവസാനിച്ചെങ്കിലും യമൻ ലയനത്തോടെ വിദേശികളുടെ നിലനില്പ് അവതാളത്തിലാവുകയും അളിയൻ നാട്ടിൽ വരികയും ചെയ്തു. എപ്പോഴും ഈ രണ്ടു സഖാക്കളുടെ നാമങ്ങൾ അളിയന്റെ ചുണ്ടിൽ തത്തിക്കളിച്ചിരുന്നത് ഓര്ക്കുന്നു. ലയനം മൂലമുണ്ടായ പ്രാദേശിക അവഗണനകൾ അവരുടെ സമൃദ്ധിയുടെ സുവർണകാലം തട്ടിയെടുത്തു എന്ന് തോന്നുന്നു.

3 comments:

 1. എന്തിനാണ് യുദ്ധങ്ങള്‍!
  സമാധാനം ആഗ്രഹിക്കാത്തതെന്താണിവര്‍?

  ReplyDelete
  Replies
  1. സമീപ രാജ്യമായ സൗദിക്ക് വരെ ഭീഷണിയായ ഹൂത് ഭീകരരെ തുരത്താൻ ആണത്രേ യുദ്ധം. എന്നാലും യുദ്ധത്തിന്റെ മുഖം എപ്പോഴും ഭീകരമാണ്.

   Delete
 2. രണ്ടു പേര് തമ്മില്‍ സംസാരിച്ചാല്‍ ആ പ്രശ്നം തീരുവോ ?

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!