Wednesday, April 29, 2015

ശൈഖിന്റെ കാറും മക്കത്തെ കാറ് കഴുകലും :

ഗൾഫിലേക്ക് പതുവിസക്കാരനായി വരുന്നതിന് മുമ്പ് തിരക്കിട്ട് ഡ്രൈവിംഗ് പഠിച്ചത് അവിടെ ഡ്രൈവർ പണി നോക്കാനായിരുന്നില്ല. മറിച്ച് വല്ല അറബി ഷൈഖുമാരുടെയും സെക്രട്ടറിയോ മാനേജറോ ഒക്കെയാവുമ്പോൾ അവര് ഓസിയായി വണ്ടി തരും. അപ്പോൾ അതോടിക്കാൻ പറ്റാതെ പ്ലിങ്ങിപ്പോവുന്നത് ഒഴിവാക്കാനായിരുന്നു... 
grin emoticon
അങ്ങനെ ഗൾഫിൽ എത്തി ആദ്യത്തെ നിയോഗം പരിശുദ്ധ മക്കയിലെ ഒരു ഫാര്മസിയിൽ അസിസ്റ്റന്റ്‌ ആയിട്ടായിരുന്നു. മിസ്രി വര്ഗത്തോടുള്ള എന്റെ ശത്രുത തുടങ്ങുന്നത് അവിടെ വെച്ചാണ്. ഫാർമസിസ്റ്റ് ദുക്തൂർ മുസ്തഫ ആയിരുന്നു എന്റെ മുദീർ. അവന്റെ ദേഷ്യമാണോ അതല്ല തലവേദനയാണോ ആദ്യം ഉണ്ടായത് എന്നതിലേ എനിക്ക് സംശയം ഉണ്ടായിരുന്നുള്ളൂ. അവന്റെ അനിയന്ത്രിതമായ ദേഷ്യം അവന്റെ തലവേദനയുടെ കൂടെപ്പിറപ്പായിരുന്നു. അവിടെ മൂന്ന് മാസം പിടിച്ചു നിന്നത് ഒരു ജോലിയും അറിയാത്തത് കൊണ്ടും നല്ലൊരു ജോലി ലഭിക്കുന്നത് വരെ വട്ടച്ചിലവിനു പണം വേണമല്ലോ എന്ന് ആലോചിച്ചുമായിരുന്നു.
ഇടക്കൊരു ദിനം അവൻ സ്നേഹത്തോടെ എന്നെ നീട്ടിവിളിച്ചു, സലിം ഭായ്. ഞാൻ 'എസ് ദുക്തൂർ' എന്ന് പറഞ്ഞു ഓടി ചെന്നു. അവൻ തന്റെ കാറിന്റെ ചാവി നീട്ടിപ്പിടിച്ചതാ നില്ക്കുന്നു. പട്ടാപകൽ ആയിട്ടും ഞാൻ എല്ലാവരും ചെയ്യാറുള്ളത് പോലെ എന്റെ കൈകളിൽപിച്ചി നോക്കി സ്വപ്നസാധ്യതകളെ നുള്ളിക്കളഞ്ഞു. അതെ, എത്ര ക്രൂരൻ ആണെങ്കിലും എന്റെ ഡിഗ്രിയും ഡ്രൈവിംഗ് പഠിപ്പും മനസ്സിലിരിപ്പും ഒക്കെ കള്ളൻ മണത്തറിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ സൌദിയിൽ വണ്ടി ഓടിക്കാലോ എന്നൊക്കെ ആലോചിച്ചു പോയി ഞാൻ.
എന്നാൽ അവൻ ചാവി എന്റെ കയ്യിൽ തരാതെ എന്നെ അവന്റെ കാറി൯റെ അടുത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. കാറി൯റെ ഡിക്കി തുറന്നു അതിൽ നിന്നും ഒരു ബക്കറ്റ് പുറത്തെടുത്തു. രൂക്ഷഗന്ധമുള്ള ഒരു ദ്രാവകം അതിൽ ഒഴിച്ചു. പിന്നീട് അതിലേക്ക് അരബക്കറ്റ്‌ വെള്ളം നിറച്ചപ്പോൾ അത് പതഞ്ഞു പൊന്തി കുമിളകൾ തീർത്തു കൊണ്ട് ബക്കറ്റിനെ നിറച്ചു. ഞാൻ ഇതി കര്തവ്യതാ മൂഢനായങ്ങനെ നിൽക്കുമ്പോൾ അവൻ ഒരു സ്പോന്ജ് കഷണം എടുത്തു കയ്യിൽ തന്നു 'ഗസ്സിൽ' എന്ന് പറഞ്ഞു. 'വാട്ട്‌' എന്ന എന്റെ ആംഗലേയ ചോദ്യത്തിന് ഉത്തരമായി അവൻ കാറ് കഴുകുന്നത് അംഗ്യ ഭാഷയിൽ കാണിച്ചു തന്നു കടയിലേക്ക് തന്നെ തിരിച്ചു പോയി.
ഞാൻ ഒന്നേ നോക്കിയുള്ളൂ, നാട്ടുകാരോ പരിചയക്കാരോ ആയ ആരെങ്കിലും മക്കയിലെ ആ ഗല്ലിയിൽ ഉണ്ടോന്ന്. ശേഷം എക്ലിക്യൂട്ടീവ് ലുക്കുള്ള കുപ്പായ കൈകൾ ഭംഗിയായി തെരുത്തു വെച്ച് പരിശുദ്ധ മക്കയിയിൽ വെച്ച് എന്റെ ആദ്യത്തെ കാർ കഴുകൽ കര്മം നിർവഹിച്ചു. കാറ് കഴുകാനല്ല ഓടിക്കാനാണ് എനിക്ക് ഇന്ത്യാ ഗവ. ലൈസൻസ് തന്നത് എന്ന് അവനറിഞ്ഞിരിക്കാൻ സാധ്യതയില്ല എന്ന് ഞാൻ സ്വയം ആശ്വസിച്ചു. കാറ് കഴുകിയതിന് പ്രതിഫലം കിട്ടിയപ്പോൾ അവനോടുള്ള ഈര്ഷ്യ പകുതിയായി കുറഞ്ഞു. ആ ജോലിയിൽ നിന്നും എസ്കേപ് ആവുന്നത് വരെ അത് മുടക്കം കൂടാതെ ചെയ്തു കൊണ്ടിരുന്നു എന്നാണ് ഓര്മ.
കാലചക്രം രണ്ടാവർത്തി തിരിഞ്ഞപ്പോൾ വിചാരിച്ചപോലെ ഷെയ്ഖിന്റെ ഓസി വണ്ടി കിട്ടിയില്ലേലും ഞമ്മന്റെ സ്വന്തം വണ്ടി കഴുകിക്കാൻ ഞാനും ഒരു ബംഗാളിയെ എര്പ്പാടാക്കി.