Thursday, January 28, 2016

സരിതാമ്മയുടെ മുഖ്യമന്ത്രി പദം

 ഇത്രയേറെ വിശ്വസ്തതയും സ്വാധീനവും സൗന്ദര്യവും ചിരിയും ഒത്തിണങ്ങിയ സരിതയെ പിടിച്ചു തമിഴകത്തെ 'അമ്മ'യുടെ മാതൃകയിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കുന്നതിനെ പറ്റി എല്ലാവരും ഗൗരവമായി ചിന്തിക്കണം.
തനിക്ക് ചുറ്റും ഒരു മന്ത്രിസഭയെ ഭ്രമണം ചെയ്യിച്ച അനുഭവ സമ്പത്ത്. ആഗോള താപന കാലത്ത് കേരളത്തെ ഇരുട്ടിൽ നിന്നും രക്ഷിക്കാനുള്ള സൌരോര്ജ്ജ തന്ത്രം.
തമിഴമ്മയോട് ഡാമിന് വേണ്ടി ഏറ്റു മുട്ടാൻ നമുക്കും അതെ ഹിസ്റ്ററി ഉള്ള അമ്മ വരട്ടെ.
പോലീസിനെ കോയമ്പത്തൂർ വരെ ഓടിച്ച ബിജൂന്ന് അഭ്യന്തര വകുപ്പ് തന്നെ കൊടുക്കാം. മാണിയുമായി ധനകാര്യ ബന്ധമുള്ള മറ്റേ ബിജൂനെ പിടിച്ചു ധനമന്ത്രിയും എക്സൈസും കൊടുക്കാം.
നാലാം മുന്നണി സിന്ദാബാദ്‌.
മദ്യ കേരളം
മദാലസ കേരളം

Monday, January 4, 2016

വെജിറ്റബിൾ ബിരിയാണി

ഒരു അടുപ്പിൽ ചോറ്. മറ്റേതിൽ പച്ചക്കറി. 
യുദ്ധക്കളം പോലെ കത്തികളും കൈലുകളും പച്ചക്കറി അവശിഷ്ടങ്ങളും അടുക്കളയിൽ ചത്തു കിടക്കുന്നു.
ക്രോണിക് ബാച്ചിയായ സുഹൃത്ത് കുക്കിംഗ്‌ മഹാമഹത്തിലാണ്.
കറിയിൽ വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട് എന്നറിയിപ്പ് കട്ടിയുള്ള പുകയായി പുറത്തുവന്നു. അവൻ ചോറ്റി൯ പാത്രം മൂടി കൊണ്ട് അടച്ചു തുണിക്കഷ്ണം കൂട്ടി മെല്ലെ ഉയർത്തുന്നു. ശ്രദ്ധയോടെ അതിലെ കഞ്ഞിവെള്ളം കറിയിലേക്ക് ഒഴിച്ചു കൊണ്ടിരിക്കുന്നു.
ഈ പരജാതി പരാഗണം പകരലിന്റെ പരിസമാപ്തിയിലാണ് എന്റെ രംഗപ്രവേശനം.
അവന്റെ അവിഹിതം ഞാൻ കണ്ട ജാള്യത ഒരു ചിരിയിലൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണത് സംഭവിച്ചത്.
പാത്രത്തിന്റെ അടപ്പ് അടിഭാഗം തുറന്നു ചോറ് കുറെ കറിയിലേക്ക് പതിച്ചു.
നിമിഷാർദ്ധം കൊണ്ട് കാസ്പറോവിനെ വെല്ലുന്ന വിദഗ്ധമായ ഒരു മൂവ് നടത്തി അവൻ, പണ്ട് ഗാന്ധിജി സൌത്ത് ആഫ്രിക്കയിൽ വെച്ച് ചെയ്തതുപോലെ ബാക്കി ചോറ് കൂടി കറിയിലേക്കിട്ടു നന്നായി ഇളക്കി ഒരു സങ്കര ജീവിയെ വറ്റിച്ചെടുത്തു.
മുതുകാട് പോലും നടത്താത്ത പ്രകടനം കണ്ടു പകച്ചു പോയ എന്നോട് "വെജിറ്റബിൾ ബിരിയാണി റെഡി...വെജിറ്റബിൾ ബിരിയാണി റെഡി" എന്ന് പറഞ്ഞത് കേട്ടാണ് ഞാൻ ഞെട്ടലിൽ നിന്നും ഉണര്ന്നത്.
വയറു നിറയെ ബിരിയാണി തിന്നു വരികയാണെന്ന് പറഞ്ഞു രക്ഷപ്പെട്ടത് ഭാഗ്യം. അല്ലേല് അവന്റെ വെജിറ്റബിൾ ബിരിയാണിയുടെ ആദ്യത്തെ ഇര ഞാനാകേണ്ടി വന്നേനെ.
ഈ റെസിപി ഇന്നും അവന്റെ പേറ്റന്റ്‌ ആണ്, ആരും കോപ്പി ചെയ്യരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായവർ കമ്മന്റ് കോളത്തിൽ പേറ്റന്റിനു അപേക്ഷിക്കേണ്ടതാണ്.


ലിംഗ സമത്വം മഹാശ്ചര്യം, നമുക്കും കിട്ടണം ഫേസ് ബുക്ക്‌ ഇല്ലാത്തൊരു ഭാര്യയെ.

        വിവാഹിതരായ സ്ത്രീകൾ ഭർത്താവിൽ നിന്നോ ഭർതൃ വീട്ടുകാരിൽ നിന്നോ ഏറെ അനീതിക്കിരയാവുന്ന ഒരു രംഗമാണ് കലാസാഹിത്യ പൊതു ഇടങ്ങളിലെ ഇടപെടലുകൾ. പുരോഗമനം പ്രസംഗിക്കുന്നവരും ഇക്കാര്യത്തിൽ പിന്നാക്കം നിൽക്കുന്നതാണ് ഇതിലെ ട്രാജഡി.

          ഏറ്റവും മികച്ച ഉദാഹരണം സമൂഹം ഇച്ചിക്കുന്നതിലേറെ സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന സിനിമയാണ്. കല്യാണത്തിന് മുമ്പ് കാമുകിയായും കുടുംബിനിയായും തന്നോടൊപ്പം തകർത്തഭിനയിച്ച സഹനടിയെ കല്യാണം കഴിക്കുന്നതോടെ അഭിനയം നിര്ത്തിക്കുന്ന നടന്മാർ, പക്ഷെ ലിംഗ സമത്വം സമ്മതിച്ചു സ്വന്തം അഭിനയം അവസാനിപ്പിക്കുന്നില്ല. അവർ മറ്റു സ്ത്രീകളുടെ കൂടെ അഭിനയം തുടരുമ്പോൾ നടി ഇഷ്ടമില്ലാതെ കാലിലെ ചിലങ്കകൾ അഴിച്ചു വെക്കുന്നു. അല്ലെങ്കിൽ വേർപിരിയേണ്ടി വരുന്നു.

സിനിമക്കാരുടെ അതേ അവസ്ഥയാണ്‌ ഫേസ് ബുക്കിലും.

         കല്യാണത്തിന് മുമ്പ് സജീവമായിരുന്ന ഒരു പെണ്‍ സുഹൃത്തിനെ കല്യാണം കഴിച്ച ശേഷം അമേരിക്കയിലേക്ക് കൊണ്ടുപോയി. ഇപ്പോളവളുടെ പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ. മെസഞ്ചർ വഴി പരിചയപ്പെട്ട ബന്ധം വിവാഹമായി വളർന്നപ്പോൾ അവളെ അതിനനുവദിക്കാത്ത മറ്റൊരു ഭര്ത്താവ് ഇപ്പോഴും നെറ്റിൽ സജീവമാണ്. തന്റെ പേരുമായി യാതൊരു സാദൃശ്യവുമില്ലാത്ത തൂലികാ നാമം തിരഞ്ഞെടുത്ത ഒരു പെണ്‍പുലി സ്വകാര്യമായി പറഞ്ഞത് ഇതൊന്നും പുള്ളിക്കാരന് ഇഷ്ടമില്ലെന്നാണ്. തന്നെ സ്നേഹിക്കുന്ന ഭര്ത്താവ് ഇതറിഞ്ഞാൽ എന്തും സംഭവിക്കാം.

          ഉദ്യോഗസ്ഥകളായ സ്ത്രീകള് പോലും ഭർത്താവുദ്യോഗസ്ഥകന്റെ സദാചാര പോലീസിങ്ങിനു വിധേയരാണ്. അവർക്കും ഫേസ് ബുക്ക് എന്നാൽ ഭര്ത്താവ് കൂടെയില്ലാത്ത വേളയിൽ മറ്റൊരു പേരില് തുറക്കാവുന്ന വിലക്കപ്പെട്ട ഒരു കനിയാണ്. 500-1000 വരെ ലൈക്‌ വാരിക്കൂട്ടി സ്വന്തം ഐഡി വെച്ച് എഴുതുന്ന ഗൾഫിൽ ജോലിയുള്ള ഒരു ഉദ്യോഗസ്ഥ പറഞ്ഞത് ഇതുവരെ അദ്ദേഹത്തിന്റെ ഒരു ലൈക്‌ പോലും കിട്ടിയിട്ടില്ലെന്നാണ്. പരമാവധി നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. മലയാളിക്കിതെന്തു പറ്റി ?

            ഒരു പാട് എഴുതാനുണ്ട്. കൂടുതൽ എഴുതി പോസ്റ്റ്‌ നീട്ടുന്നില്ല. ഫേസ് ബുക്ക് ഒരു നനല്ലയിടമാണെന്നോ നിബന്ധമാണെന്നോ കരുതാതെ മാറി നില്ക്കുന്ന ഒരു പാട് സ്ത്രീകളുണ്ട്. അവരെ കുറിച്ചല്ല എന്റെ പ്രതിവാദ്യം. അതവരുടെ ഇഷ്ടപ്രകാരമാണ്.
സ്വന്തം ഭാര്യയുടെ ഫേസ് ബുക്ക് അടച്ചുപൂട്ടി സദാചാര പെട്രോളിംഗ് നടത്തി ലിംഗ സമത്വം പ്രസംഗിക്കുന്ന മലയാളി ആണ്മഹിമയുടെ നിജസ്ഥിതി അറിയിച്ചതാണ്...

ലിംഗ സമത്വം മഹാശ്ചര്യം,
നമുക്കും കിട്ടണം ഫേസ് ബുക്ക്‌ ഇല്ലാത്തൊരു ഭാര്യയെ.

മീസാൻ കല്ല്‌

അമ്മ അവന് ജന്മം നൽകി

കാമുകി അവന് ജീവിതം നൽകി.

ഭാര്യ അവന് കുട്ടികളെ നൽകി.

ഏജന്റ് അവന് വിസ നൽകി.

കഫീൽ അവന് പണി നൽകി.

പ്രാരാബ്ദങ്ങൾ അവന് ജീവപര്യന്തം പ്രവാസം നൽകി.

മീസാൻ കല്ല്‌ മാത്രം അവന് വിശ്രമം നൽകി.


സ്വയം ചികിത്സ

പുകവലി കുറയ്ക്കാനാണ് ഡോക്ടറുടെ ഉപദേശ പ്രകാരം അയാൾ ഫേസ് ബുക്ക്‌ തുടങ്ങിയത്.

ഫേസ് ബുക്കിൽ നാലും അഞ്ചും പൊസ്റ്റികളിട്ടു സജീവമായതോടെ അയാൾക്ക് പുകവലിക്കാൻ നേരം കിട്ടാതായി.

എന്നാൽ അധികം വൈകാതെ ഇത് മറ്റൊരു ലഹരിയാണെന്ന് മനസ്സിലായപ്പോൾ അയാൾ ഡോക്ടറുടെ ഉപദേശ പ്രകാരം ഫേസ് ബുക്കിൽ നിന്നും സൈൻ ഔട്ട്‌ ചെയ്ത് വാട്സപ്പിൽ സജീവമായി.

അതോടെ പുകവലിയും ഫേസ് ബുക്കും നിശ്ചലമായി.

ഒരാഴ്ച കൊണ്ട് തന്നെ വാട്സപ്പ് തന്റെ ഉള്ള സമാധാനവും ആരോഗ്യവും കവർന്നെടുക്കുമെന്നായപ്പോൾ ഇത്തവണ അയാൾ ഡോക്ടറുടെ അടുത്ത് പോയില്ല. ചികിത്സ അയാൾക്ക് തന്നെ അറിയാമായിരുന്നു.

അയാൾ വീണ്ടും പുകവലി തുടങ്ങി.
-----------------------------------------------------------------------------------------
നിയമപരമായ മുന്നറിയിപ്പ് : രോഗമെന്തായാലും സ്വയം ചികിത്സ അരുത്.