Thursday, August 25, 2016

ഗുരുദ്വാരയും ജാറവും - യാത്ര

         പത്തുദിവസത്തെ വടക്കെ ഇന്ത്യൻ യാത്രയിലാണ് ഒരു സിഖുകാരനെ അടുത്തു പരിചയപ്പെടുന്നതും ഒരു പഞ്ചാബി ഹൗസ് സന്ദർശിക്കുന്നതും. ഞങ്ങളുടെ ടെമ്പോ ട്രാവലർ ഓടിച്ചിരുന്ന ബൽബീർ സിംഗ് തികഞ്ഞ മത ഭക്തനായിരുന്നു. രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്താൽ പിന്നെ രണ്ട് മണിക്കൂറിലധികം നീളുന്ന പ്രാർത്ഥനാഗീതം, ആദ്യമൊക്കെ അരോചകമായി തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി മാറി. ആ പ്രാർത്ഥനയിൽ 'റഹ്മാനും കരീമും സർവ്വേശ്വരനും ജഗദീശ്വരനും' ഒക്കെ ഉണ്ടായിരുന്നു. ആദ്യ ദിവസം ക്ഷമ കെട്ട് പാട്ട് ഇടാൻ പറഞ്ഞപ്പോൾ അതാ വരുന്നു പഞ്ചാബി ഖവാലി. അതോടെ ആ പറച്ചിൽ ഞങ്ങൾ നിർത്തി പ്രാർത്ഥനയിൽ ലയിച്ചിരുന്നു. 

          പിന്നീടുള്ള ദിവസങ്ങളിൽ ബൽബീർ, ഗുരുനാനാക്കിനെ പറ്റിയും അദ്ദേഹം മക്കയിൽ പോയതടക്കമുള്ള കഥകളും, സുവർണ ക്ഷേത്രത്തിലെ പുണ്യതീർത്ഥം കുടിച്ചു സുഖമായവരുടെ അപസർപ്പ കഥകളും, സിഖുകാർ മുഗളന്മാരുമായി നടത്തിയ വീര പോരാട്ടങ്ങളുടെ കഥകളും സ്മാരകങ്ങളും മുമ്പിൽ നിരത്തി ഞങ്ങളിൽ പ്രബോധനം നടത്തിക്കൊണ്ടിരുന്നു. പിന്നീട് ആനന്ദപൂർ സാഹിബിലെ ഗുരുദ്വാരയിലേക്ക് ഞങ്ങളെയും കൊണ്ട് ഒരു സന്ദർശനം. ഗുരുദ്വാരയിലേക്ക് പോകുന്നവർ നിർബന്ധമായും പ്രാർത്ഥിക്കേണ്ട ഒരു മുസ്ലിം ദർഗ സന്ദശനം (വാവരെ പള്ളി പോലെ). ഇതൊന്നും പോരാഞ്ഞ് സ്വന്തം വീട്ടിലേക്ക് ഞങ്ങളെ അതിഥികളായി കൊണ്ടുപോയിക്കളഞ്ഞു ബൽബീർ .
 
         ദിനേന മാറുന്ന പല വർണ്ണങ്ങളിലുള്ള തലപ്പാവ് കുളിക്കുവാൻ വേണ്ടി അഴിച്ചു വെച്ചത് മക്കൾ കയ്യോടെ പിടികൂടി. സിഖുകാർ ഒരിക്കലും പ്രദർശിപ്പിക്കാത്ത നീണ്ട കാർകൂന്തൽ അടക്കം ഫോട്ടോയെടുക്കാൻ മക്കളെ സമ്മതിച്ചതിലൂടെ സർദാർജി വീണ്ടും ഞങ്ങളെ വിസ്മയിപ്പിച്ചു.
സഹയാത്രികർ : പ്രശസ്ത ബ്ലോഗർ അക്ബർ വാഴക്കാടും കുടുംബവും.

മുക്രിപ്പണി.

2 August at 12:42  ·
      പള്ളിയിയിലെ ഇമാം എന്തോ കാരണത്താൽ രാജി വെച്ച് പോയി. ഏതാനും ദിവസങ്ങൾക്കകം തന്നെ അഞ്ച് നേരത്തെ ബാങ്ക്‌വിളി പള്ളിക്കമ്മറ്റിക്കാർക്ക് ഒരു ഭാരമായി തുടങ്ങി.

       മുട്ടുശാന്തികളായി തങ്ങളുടെ കൗമാരപ്പടയെ നിയമിച്ചാലോ എന്നായി അവരുടെ ഗൂഡാലോചന. പക്ഷെ താക്കോൽ സ്ഥാനം ബാപ്പയുടെ സ്വന്തം മകനാണ് കിട്ടിയത്. കലാലയ ജീവിതം കഴിഞ്ഞു പാരലൽ കോളേജിലും മദ്രസയിലും പരിലസിക്കുന്ന കാലത്താണ് ഈ ഗ്രാൻഡ് മുഫ്തി നിയമനം. അനുജൻ അടക്കം നാലഞ്ച് അസിസ്റ്റന്റ് മുഫ്‌തിമാരും. സുഹൃത്തുക്കൾ ഗ്രാൻഡ് മുഫ്തിക്ക് പെരുമാറ്റ ചട്ടം ഉണ്ടാക്കി.

*പള്ളിയുടെ അന്തസ്സ് കളയുന്ന ഒരു പണിക്കും പോവരുത്.
*ഫിലിം റിലീസ് ആവുന്ന മുറക്ക് കോഴിക്കോട് പോയി അവർ കാണുമ്പോൾ ഞാൻ സിനിമ കാണുന്നത് തന്നെ നിർത്തിവെക്കണം.
*കേരളോത്സവം, ഗ്രാമീണ വേലകൾ, ഉത്സവങ്ങൾ, ഗാനമേളകൾ എന്നിവക്ക് പോവുന്നതിൽ വിരോധമില്ല. പക്ഷെ സമയത്തിന് ബാങ്ക് കൊടുക്കാൻ പള്ളിയിലെത്തണം.

        അതോടെ എ൯റെ കൗമാര ചക്രവാളങ്ങൾ ചുരുങ്ങി ലോകം കുടുസ്സായ പോലെയായി. അസിസ്റ്റന്റ് മുഫ്തിമാർക്ക് എന്തുമാവാം, നമുക്ക് മാത്രം ഒന്നും പറ്റില്ല. എന്റെ മുമ്പിൽ വെച്ച് അവർ കണ്ട സിനിമാ കഥകൾ പറഞ്ഞെന്നെ മോഹിപ്പിച്ചു. കളികൾക്കും കാര്യങ്ങൾക്കുമിടയിലെ രസച്ചരട് പൊട്ടിച്ചു കൊണ്ട് ബാങ്ക് വിളിയുടെ സമയം എപ്പോഴും എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ആറുമാസം ഒരു യോഗിയെപ്പോലെ ഞാൻ കഴിച്ചു കൂട്ടി.

        സത്യം പറയണമല്ലോ, അത്രേം നല്ലൊരു ആധ്യാത്മിക ജീവിതം പിന്നെയൊരിക്കലും എനിക്ക് കിട്ടിയിട്ടില്ല. ആറുമാസത്തെ മൊല്ലാക്കപ്പട്ടം പുതിയ മൊല്ലാക്കയുടെ തലയിലണിയിക്കുമ്പോൾ ജയിൽ ജീവിതം കഴിഞ്ഞു പുറത്തിറങ്ങിയ പ്രതീതിയായിരുന്നു.
അങ്ങിനെ ഒരു പള്ളിക്കാലം ഓര്മിപ്പിച്ചതിന് നന്ദി പിള്ളേച്ചാ...
 

കൊലയാളി മുക്ക് (മിനിക്കഥ).

 
          കൊലയാളി മുക്കിൽ ദിവസവും രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറി കൊണ്ടിരുന്നു. സർവ്വകക്ഷി യോഗവും സമാധാന യാത്രയും സമാധാന സമ്മേളനവും നടത്തി നേതാക്കൾ മാതൃകയായി. പക്ഷെ ഒരുപാട് രക്തപ്പുഴകൾ അവിടെ വീണ്ടുമൊഴുകി.

          പരസ്പരം കൊണ്ടും കൊടുത്തും മരിച്ചു വീഴുന്നവർക്ക് രക്തസാക്ഷി മണ്ഡപങ്ങൾ പണിത് കൊണ്ട് നേതാക്കന്മാർ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. അതോടെ രക്തസാക്ഷികളാവാൻ യുവാക്കൾ മത്സരിച്ചു. തിരിച്ചുവരാത്ത അന്നദാതാവിനെ ഓർത്തു പാർട്ടിയില്ലാത്ത ഒരു പാട് വയറുകൾ കണ്ണീർവാർത്തു. നേതാക്കന്മാർ അനാഥ കുട്ടികളെ മാറോട് ചേർത്ത് ആശ്ലേഷിച്ചു മത്സരിച്ചു. 

           അവസാനം ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. അവർ കക്ഷിയേതര രഹസ്യയോഗം സംഘടിപ്പിച്ചു. പല വഴികൾ ആലോചിച്ചു. അങ്ങനെ ഐക്യ കൊലയാളിമുക്ക് ഗുണ്ടാസംഘം രൂപീകൃതമായി. അവർ രായ്ക്കുരാമാനം രക്തസാക്ഷി മണ്ഡപങ്ങൾ അടിച്ചു തകർത്തു.

          പിറ്റേന്ന് പ്രഭാതം പൊട്ടിവിടർന്നതു സമുന്നത നേതാക്കന്മാരുടെ ഞെട്ടിപ്പിക്കുന്ന കൊലപാതക വാർത്തകളോട് കൂടിയായിരുന്നു. ഓരോ ദിവസവും ഓരോ പാർട്ടിയുടെ നേതാക്കന്മാർ വധിക്കപ്പെട്ടു കൊണ്ടിരുന്നു. മരണഭയം മൂലം നേതാക്കന്മാർ പുറത്തിറങ്ങാതായി. പലരും ഒളിവിൽ പോയി. രക്തസാക്ഷികളാവാൻ കല്പനകിട്ടാതെ പ്രതിശ്രുത രക്തസാക്ഷികൾ വിറങ്ങലിച്ചു നിന്നു.

         നേതാക്കൾ ഇല്ലാതായതോടെ സമാധാന കമ്മിറ്റികൾ കൂടിയില്ല. സമാധാന യാത്രയും സമാധാന സമ്മേളനവും സംഘടിപ്പിക്കപ്പെട്ടില്ല. ഒരു അനുയായി പോലും കൊല്ലപ്പെട്ടുമില്ല. ഒരു രക്തസാക്ഷിമണ്ഡപവും പിന്നീട് ഉയർന്നു വന്നില്ല. പിന്നെയൊരു നേതാവും കൂലി കൊടുക്കാ൯ പറഞ്ഞില്ല.